Saturday, June 10, 2023

നെഞ്ചിന്റെ ഇടതു ഭാഗത്തു ചെറുതായിട്ട് വേദനിക്കുന്നത് പോലെ. ചിലപ്പോൾ ഗ്യാസ് വല്ലതുമാകും. കാര്യമാക്കാതെ വലതു ഭാഗത്തേക്ക് ചരിഞ്ഞു കിടന്നു. ഇല്ല തോന്നലല്ല വേദനയുണ്ട്. പതുക്കെ എണീറ്റ് കട്ടിലിൽ ഇരുന്നു. മൊബൈൽ എടുത്തു ഭാര്യയുടെ ഫോണിലേക്ക് വീഡിയോ കാൾ ചെയ്തു.
ഡീ... നെഞ്ചിലൊരു ഒരു വേദന, ഇടതു ഭാഗത്താ  ..  കാൾ കണക്ട് ആയ ഉടനെ ഞാൻ പറഞ്ഞു. 

നല്ല വേദനയുണ്ടോ ??  അവൾ ചോദിച്ചു . 
നല്ല വേദന ഉണ്ട്. ഞാൻ വീണ്ടും പറഞ്ഞു അത് കൈയിലേക്ക് കൂടുന്നോ എന്ന് തോന്നുന്നു.
ഞാൻ രാവിലെ പറഞ്ഞതല്ലേ ... അപ്പൊ വന്നപ്പഴേ പറഞ്ഞതാ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞതല്ലേ ...
അവളുടെ സ്വരത്തിലെ വേവലാതി ഞാൻ തിരിച്ചറിഞ്ഞു. ഇനിയിപ്പോ എന്താ ചെയ്യാ ....
രാവിലെ ചെറുതായിട്ട് ഇതുപോലെ  വേദനിച്ചിരിന്നു. ഗ്യാസിന്റെ ശല്യമാവുമെന്നു കരുതി അതത്ര കാര്യമാക്കിയില്ല. അപ്പോൾ തന്നെ ഒരു പാന്റോപ് 40 എടുത്തു കഴിച്ചു. അല്ലെങ്കിലും പകൽ ഒരു പ്രതേക ധൈര്യമാണ്. 
കുറച്ചു കഴിഞ്ഞപ്പോൾ വേദന എങ്ങോട്ടോ പോയി. ഇപ്പോൾ വീണ്ടും രാത്രിയിൽ അത് കുറച്ചു കൂടുതലായി തോന്നിയിരിക്കുന്നു. 

ഞാൻ 999 ഇൽ ഒന്ന് വിളിച്ചാലോ. യു  എ ഇ യിലെ എമർജൻസി നമ്പർ ആണ് 999.

പതിനാലു കൊല്ലത്തിനു മേലെയാവുന്നു ഇവിടെ. പക്ഷെ നാളിതുവരെ ആ ഒരു നമ്പറിലേക്കു വിളിച്ചിട്ടില്ല. വിളിക്കേണ്ടി വന്നിട്ടില്ല. 
"എന്നാ വിളിക്കു " പരിഭ്രമത്തോടെ അവൾ പറഞ്ഞു. 
എന്നാ വിളിക്കാമല്ലേ ?? തെല്ലൊരു വേവലാതിയോടെ ഞാൻ തിരിച്ചു ചോദിച്ചു ?

ഞാൻ 999 ഡയൽ ചെയ്തു. 
"അസ്സലാമു അലൈകും വാത് ക്യാൻ ഐ ഡൂ ഫോർ യൂ"  ?  മറുതലക്കൽ യുവത്വം തുളുമ്പുന്ന ഒരു അറബി സ്വരം. 
" വാ അലൈകുമുസ്സലാം ... ഐ ഡോണ്ട് ഫീൽ ബെറ്റർ  ഞാൻ പറഞ്ഞു നിർത്തി 
യു കാൾ 998 ദാറ്റ് ഈസ് മെദി ക്കൽ എമർജൻസി "
കാൾ കട്ട് ചെയ്തു ഞാൻ പെട്ടന്ന് തന്നെ 998 ഇൽ വിളിച്ചു 
ഇത്തവണയും പഴയതു പോലെ തന്നെ മറു വശത്തു ഒരു അറബി യുവാവ് 
ഐ ഡോണ്ട് ഫീൽ ബെറ്റർ  ഞാൻ പറഞ്ഞു 
വാട്ട് ഹാപ്പെൻഡ് ? 
ഐ ഫീൽ പൈൻ ഇൻ ലെഫ്ട്  ചെസ്ററ് . ഐ ലിവ് അലോൺ ഹിയർ .ഞാൻ പറഞ്ഞു നിർത്തി ..
പ്ലീസ് ജസ്റ്റ് കാൾ യുവർ നൈബർ . ദേ ക്യാൻ ഹെല്പ് യു 

ഐ ആം നോട്ട് ഫമിലിയർ ഹിയർ. ഐ ഹാവ് ബീൻ   ഹിയർ ഫോർ  ഒൺലി വൺ വീക്ക് ..
 
ഓക്കേ വെൻ ഇറ്റ് സ്റ്റാർട്ടഡ് ? 
ഐ ഡോണ്ട് നോ എക്‌സാറ്റിലി.  ഐ വാസ് സ്ലീപ്പിങ്.  എബൌട്ട് 20 മിനിറ്റ്സ് .
ഐ ഫീൽ ഇറ്റ് സ്പ്രെഡ്സ് നൗ ഓൺ ലെഫ്ട് ആം ഓൾസോ 
ഡോണ്ട് വറി റഫീഖ് .  ക്യാൻ യു ബ്രേത് വെരി ഈസിലി  ? 
യെസ് 
യു സ്വെറ്റിങ് ? 
നോ 
ഹെവി ഫീലിംഗ് ഇൻ യുവർ ചെസ്ററ്  ? ഓർ ജസ്റ്റ് എ പൈൻ ? 
നോട്ട് ഹെവി ഫീലിംഗ് .. ഇറ്റ് ഈസ് പൈൻ 
ജസ്റ്റ് ഹാൻഡ് അപ്പ് ആൻഡ് ഡൌൺ ? ക്യാൻ യു ഡോ ഇറ്റ് ഈസിലി ? 
യെസ് ഐ ക്യാൻ 
റഫീഖ് യു ഹാവ് നതിങ് .   വെയർ ആർ യു സ്റ്റേയിങ് ? 
ഐ ആം അറ്റ് റോള നിയർ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്.  
ഡോണ്ട് വറി റഫീഖ് വീ  ആർ വെരി നിയർ . ജസ്റ്റ് ടേക്ക് എ ഡീപ് ബ്രീത്.  യു ഫീൽ ബെറ്റർ  നൗ ? 
സത്യത്തിൽ വേദന കുറഞ്ഞു തുടങ്ങിയിരുന്നു. അതൊരു ഗ്യാസ്ട്രിക് പ്രശ്നമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു . 

നോട്ട് മച് . ഞാൻ പറഞ്ഞു 
അൽഹംദുലില്ലാഹ് . യു ആർ ഹെൽത്തി .   യു ഹാവ് നത്തിങ്. ഇഫ് യു ഫീൽ ബാഡ് , കാൾ എഗൈൻ 
 താങ്ക് യു ഞാൻ ഫോൺ കട്ട് ചെയ്തു 
കട്ട് ചെയ്ത ഉടനെ ഭാര്യയുടെ കാൾ. 
വിളിച്ചോ ? ഇപ്പൊ എങ്ങനെയുണ്ട് ?? അവൾ വേപഥുവോടെ ചോദിച്ചു . 
കുഴപ്പമൊന്നുമില്ലെടീ .. അത് ഗ്യാസിൻറെ ആയിരുന്നു. ഞാൻ പറഞ്ഞു 
ഓ സമാധാനമായി .. അവളുടെ സ്വരത്തിലെ ആശ്വാസം ഞാൻ തിരിച്ചറിഞ്ഞു .
ഓക്കേ ഡീ കട്ട് ചെയ്തു ഉറങ്ങിക്കോ ... നാളെ ഡ്യൂട്ടി ഉള്ളതല്ലേ ? ഞാൻ പറഞ്ഞു 
എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് കേട്ടാ .. അവൾ ഫോൺ വെച്ചു 

ഞാൻ കിടക്കയിൽ നിന്ന് എണീറ്റ് ബാൽക്കണിയുടെ ഡോറിന് അടുത്തേക്ക് വന്നു കർട്ടൻ മാറ്റി  ഗ്ലാസ് ഡോറിലൂടെ പുറത്തേക്കു നോക്കി . താഴെ രണ്ടു മൂന്നു പഠാണികൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് നടന്നു പോവുന്നു. പടച്ചവനെ ഇവന്മാർക്കൊന്നും ഈ കൊറോണായെ ഒട്ടും പേടിയില്ലേ ??  ഇറ്റലിയിലൊക്കെ എത്ര പേരാ ദിവസവും മരിക്കുന്നതു ??? ഞാൻ മനസിൽ ചിന്തിച്ചു . 

കടകളൊക്കെ അടച്ചു കഴിഞ്ഞിരുന്നു. അല്ലെങ്കിൽ തന്നെ ഒരുപാട് കടകൾ ഇപ്പോൾ തുറക്കുന്നില്ല. തൊട്ടു എതിർവശത്തുള്ള ഒരു ഗ്രോസറി ദിവസും തുറക്കുന്നുണ്ട്. മൊബൈൽ എടുത്ത് ഞാൻ സമയം നോക്കി. പന്ത്രണ്ടാവാൻ കുറച്ചു മിനിറ്റുകൾ ബാക്കി. 
കുറച്ചു കഴിഞ്ഞപ്പോൾ " നാഷണൽ സ്റ്റെർലൈസേഷന്റെ ഭാഗമായി " കൊറോണ വൈറസിനെ പൊതുവഴികളിൽ നിന്ന് നീക്കം ചെയ്യാനായി റോഡിൻറെ ഇരുവശത്തേക്കും അണുനാശിനി  സ്പ്രേ ചെയ്തുകൊണ്ട് വണ്ടി പതിയെ കടന്നു പോയി . 
ഇരുവശത്തുമുള്ള കർട്ടൻ ചേർത്തടച്ചുകൊണ്ടു  ഞാൻ ബെഡിൽ വന്നിരുന്നു . നിദ്ര മാത്രം കടാക്ഷിക്കുന്നില്ല. അല്ലെങ്കിൽ തന്നെ നേരെത്തെ ഉറങ്ങി നേരെത്തെ എണീക്കണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ജോലി നഷ്ടപ്പെട്ടിട്ട് മാസങ്ങൾ പിന്നീടിന്നു. മറ്റൊരു ജോലിക്ക് ശ്രമിക്കാമെന്നു വിചാരിച്ചു ഇരിക്കുമ്പോഴാണ്,  തയ്ബ ഫുഡ്സ്റ്റഫ് ഓണർ വിളിക്കുന്നു. മോശമല്ലാത്ത ഒരു ഓഫർ വെക്കുന്നു. പ്രായമായ അയാളുടെ ജേഷ്ഠന്റെ ഒരു സ്ഥാപനം നോക്കി നടത്തണം. ലാഭത്തിന്റെ പകുതി .  സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹത്തിന്റെ യാഥാർഥ്യമാണതെന്ന് എനിക്ക് തോന്നി. അപ്പോൾ തന്നെ അത് സ്വീകരിച്ചു. താമസ സൗകര്യവും അവിടെ തന്നെയുണ്ട്. 

ബർ ദുബൈയിലെ ഒരു പഴയ മീറ്റ് ഷോപ്പായിരുന്നു അതു. അതോടപ്പം തന്നെ ഫ്രോസൻ ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരവുമുണ്ടായിരുന്നു. ഇത് രണ്ടും നോക്കി നടത്തുകയായിരുന്നു എന്റെ ദൗത്യം.

വളരെക്കാലം മുമ്പേയുള്ള ആഗ്രഹമാണ് സ്വന്തമായി ഒരു സ്ഥാപനം. അതിപ്പോൾ യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷം മനസിലുണ്ടായിരുന്നു. 
പക്ഷെ അവിടെ എത്തിയെപ്പോഴാണ് കാര്യങ്ങൾ വിചാരിച്ചത് പോലെയല്ലെന്നു മനസിലായത്. 
അയാളുടെ അനുജന്റെ മകനാണ് കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്. സ്റ്റാഫുകൾ ആരും കമ്പനി ഉടമ എന്ന നിലയിൽ അയാളെ വകവെക്കുന്നതെ ഇല്ല. 
കൃത്യമായ കണക്കുകൾ ഒന്നും തന്നെ ഇല്ല. സപ്ലയേഴ്‌സിന് കൊടുക്കാനുള്ള തുക ഒരുപാട് കൂടിയിരിക്കുന്നു. 

ആകെ കുത്തഴിഞ്ഞ പുസ്തകം പോലെ. തന്നിഷ്ടകാരനായ, അനുഭവപരിചയം കുറവുള്ള അനുജന്റെ മകൻ തന്റെ വാക്കുകളിലെ കാര്യങ്ങൾ ഉൾകൊള്ളാത്തിന്റെ പ്രശ്നങ്ങൾ വേറെ.

പൂർണമായും തന്റെ സ്വാതന്ത്ര്യത്തിന് വിട്ടു തന്നാൽ മാത്രമേ തനിക്കവിടെ നിൽക്കാൻ പറ്റുവെന്നു നേരെത്തെ പറഞ്ഞിരുന്നതാണ്. 
 അവസാനം  ഞങ്ങൾ ഒരു ധാരണയിൽ എത്തി ചേർന്നു. 
മീറ്റ് ഷോപ് അനുജന്റെ മകൻ നോക്കി നടത്തട്ടെ. ഫ്രോസൻ ഹോൾസെയിൽ ഞാനും. പക്ഷെ സപ്ലയേഴ്‌സിന് കൊടുക്കാനുള്ള ക്യാഷ് അതു ഏറ്റെടുക്കുന്നതിൽ തടസ്സമായി നിന്നു. 

അവസാനം നാട്ടിലുള്ള റബ്ബർ എസ്റ്റേറ്റ് വിറ്റ് കടങ്ങൾ വീട്ടമെന്ന ധാരണയിൽ കമ്പനി ഉടമ നാട്ടിലേക്ക് ഫ്ലൈറ്റ് കയറി. കാര്യങ്ങൾ ശരിയാകുന്നത് വരെ അയാളുടെ ഫ്ലാറ്റിൽ താമസിക്കുവാൻ പറഞ്ഞു. 

ദുബൈയിൽ ശൈത്യം പതിയെ കുറഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ കൊറോണ വൈറസ് കൂടികൊണ്ടിരിക്കുന്നു. ദേര ദുബൈയിൽ കൊറോണയുടെ ആധിക്യം കൂടുതലായി അനുഭവപ്പെട്ടത്. സ്റ്റുഡിയോ ഫ്ലാറ്റുകളിൽ അട്ടിയിട്ട പോലെ കിടക്കുന്ന താഴ്ന്ന ജോലിക്കാരായ പ്രവാസികളെ അതു കൂടുതൽ ബാധിച്ചു. പക്ഷെ ഗവണ്മെന്റിന്റെ ശക്തമായ ഇടപെടൽ അതിന്റെ ഭീകരത കുറച്ചു. 
ആദ്യമായി വിസിറ്റിൽ വന്ന ആന്റിയുടെ മകൻ ദേരദുബായിൽ ആണ് താമസം. ഫ്ളാറ്റിലെ രണ്ടു മുറികൾ വാടകക്ക് കൊടുത്തിരിക്കുകയാണ് കമ്പനിയുടെ മുതലാളി, ഓരോ ഫാമിലിക്ക്. ഇപ്പോൾ ആ തുകയിലാണ് അയാളുടെ കാര്യങ്ങൾ നടന്നുപോകുന്നത്. നടത്തിപ്പകാരനായ അനുജന്റെ മകൻപോലും സ്റ്റാഫ്‌കളുടെ ഒപ്പമാണ് താമസം. ആയൊരു അവസ്‌ഥയിൽ ആന്റിയുടെ മകനെ കൂടെ താമസിപ്പിക്കാൻ പറ്റുമായിരുന്നില്ല. ഇടക്കിടെയുള്ള അവന്റെ ഫോൺ വിളികളിൽ അവന്റെ സ്വരത്തിലെ നിരാശയും വിഷമവും ഞാൻ തിരിച്ചറിഞ്ഞു. 

ഇക്കാ .. നമ്മടെ ഫ്ളാറ്റിലെ നേരെയുള്ള മൂന്നാമത്തെ ഫ്ലാറ്റില്ലേ... അതിൽ മൂന്നപേരെ ആംബുലൻസിൽ കൊണ്ടുപോയി. പോസിറ്റീവ് എന്നാ കേട്ടത്. മീറ്റ് ഷോപ്പിൽ ഡെലിവറി ചെയ്യുന്ന പയ്യനാണ്. 

ഉം... ഡാ ഡെലിവറിക്ക് പോകുമ്പോ കുറച്ചു മാറി നിന്നേ സാധനങ്ങൾ കൊടുക്കാവൂ. കൊടുത്തു കഴിഞ്ഞാ അപ്പോഴേ കൈകൾ സാനിറ്റൈസ്ർ ഇടണം കേട്ടാ.. വേണമെങ്കിൽ മാസ്കും ഇട്ടോ.. 
ഞാൻ അവനു നിർദേശം കൊടുത്തോ. WHO അപ്പോഴെന്നും രോഗമില്ലാത്തവർ മാസ്‌ക് ഇടണമെന്നു നിർദേശം നൽകിയിരുന്നില്ല. 
പതിയെ പതിയെ കൊറോണ ദുബായിയെ പിടി മുറുക്കാൻ തുടങ്ങി. നാട്ടിലോട്ടുള്ള ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടു, അവിടെന്നിങ്ങോട്ടും. മനസിൽ ഒരു നൊമ്പരം മുളപൊട്ടി. പ്രിയപ്പെട്ടവരെല്ലാം കടലിനക്കരെ. 
ഇനി എപ്പോഴാണ് ഇതെല്ലാം ഒന്നു ശരിയാവുക.. 
റബ്ബർ എസ്റ്റേറ്റ് വിൽക്കാൻ പോയ ഉടമ എന്നു തിരിച്ചുവരുമെന്ന് ഒരു നിശ്ചയവും ഇല്ലാതായി. 
പ്രതേകിച്ചു ജോലിയൊന്നും ചെയ്യാനില്ലാത്ത ഞാൻ ഉറക്കമുണർന്ന ഉടനെ കോവിഡിന്റെ കണക്കെടുപ്പ് തുടങ്ങി. ഇറ്റലിയിൽ കോവിഡ്‌ മരണ താണ്ഡവമാടിതുടങ്ങിയിരിക്കുന്നു അപ്പോഴേക്കും.  ഭയത്തിന്റെ നീർചാലുകൾ എന്റെ മനസിലേക്കും പതിയെ മുള പൊട്ടിയിരുന്നു. 
ആർക്കും ഒന്നും പറയാനാവാത്ത അസ്ഥിരത.  ഗവണ്മെന്റ് നിയമങ്ങൾ കർശനമായി. റെസ്റ്റോറന്റ്കളിൽ ഒരു ടേബിളിൽ ഒന്നിലധികം ആളുകൾ കൂടരുതെന്നായി. മുന്നിൽ കാണുന്നവരുടെ മുഖങ്ങളിൽ നിരാശയുടെയും ഭയത്തിന്റെയും ആവരണം ഞാൻ കണ്ടുതുടങ്ങി.
"പടച്ചവനെ... എത്രയും പെട്ടന്ന് ലോകം പഴയതു പോലാക്കൂ... ഉള്ളുരുകി പ്രാർത്ഥിച്ചു. 

നയനങ്ങൾക്ക് ദർശനമല്ലാത്ത "കോവിഡ്‌" വൈറസ് അഹങ്കാരിയായ മനുഷ്യനെ പിടിച്ചുകെട്ടിയിരിക്കുന്നു. ലോകാശക്തിയായ അമേരിക്കയിലും ആളുകൾ പിടഞ്ഞു വീഴാൻ തുടങ്ങി .

ആയിടക്കാണ് ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ ചില പ്രശ്നങ്ങൾ ഉണ്ടായത്.  ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിക്കാൻ വേണ്ടി അനുജന്റെ മകനും വേറെ ഒന്നു രണ്ടുപേരും ഞാൻ കിടക്കുന്ന മുറിയിൽ വരുക പതിവായിരുന്നു. അവർ വരുന്നത് കൊണ്ട് എനിക്ക് പ്രതേകിച്ചു പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ ശബ്ദകോലാഹലങ്ങൾ പക്ഷെ മറ്റു രണ്ടു മുറികളിൽ താമസിച്ചിരുന്ന ഫാമിലിക്ക് അരോചകമായി. ഇവരുടെ ഇടക്കിടെയുള്ള കിച്ചൻ ഉപയോഗം അവിടെയുള്ള സ്ത്രീകൾക്ക് അസൗകര്യമായി. 

ഇത് ചോദ്യം ചെയ്ത അടുത്ത മുറിയിലെ ഒരാളോട് " ഇത് ന്റെ കുഞ്ഞിപ്പാന്റെ ഫ്ലാറ്റ്. ഞങ്ങൾക്ക് ഇഷ്ടം പോലെ ചെയ്യും "  എന്ന മറുപടി പ്രശ്നങ്ങൾ രൂക്ഷമാകാൻ സഹായിച്ചു. 
അടുത്ത മുറിയിലെ അയാൾ എന്നോട് പറഞ്ഞു. "നിങ്ങൾ ഇവിടെ താമസിക്കുന്നത് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷെ ഇത്രയും ബാച്ചിലേഴ്‌സ് ഇവിടെ കയറിയിറങ്ങിയാൽ എങ്ങനെയാ ശരിയാവുക. " നിങ്ങൾക്കു ഒന്നു പറഞ്ഞു കൊടുത്തൂടെ ? അവർ എന്നോട് ചോദിച്ചു

ശരിക്കും ഞാൻ നിസഹായനായിരുന്നു. ആ ഫ്ലാറ്റുമായിട്ടു എനിക്ക് ആകയുള്ള ബന്ധം ഉടമ തിരിച്ചു വരുന്നവരെ അവിടെ താമസിക്കാൻ പറഞ്ഞതു മാത്രമായിരുന്നു. 
 
ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് അവർ ഇവിടെ വന്നു ഭക്ഷണം കഴിക്കുന്നത് എനിക്കിഷ്ടമില്ലാത്തത് കൊണ്ടാണെന്നു തോന്നും. ഞാൻ പറഞ്ഞു 

അല്ലെങ്കിൽ തന്നെ ഞാൻ അവിടെ ഒറ്റക്ക് താമസിക്കുന്നതിൽ അവർക്കുള്ള ചൊരുക്ക് ഞാൻ തിരിച്ചറിഞ്ഞിരുന്നു. 

ഒരു വെള്ളിയാഴ്ച .. സംസാരം കൂടുതൽ വഷളായി. അവസാനം ഞാൻ ഉൾപ്പെടയുള്ള ബാച്ചിലേഴ്‌സ് അവിടുന്ന് മാറാൻ തീരുമാനിച്ചു. അപ്പോഴും മറ്റുമുറികളിലെ ആളുകൾ പറയുന്നുണ്ടായിരുന്നു. 
"നിങ്ങൾ മാത്രമാണെങ്കിൽ ഞങ്ങക്ക് യാതൊരു കുഴപ്പവുമില്ല കേട്ട. 
അല്ലങ്കിൽ തന്നെ തന്നിഷ്ടകാരനായ അനുജന്റെ മകനുമായി പൊരുത്തപ്പെട്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നുവെന്നു എനിക്ക് മനസിലായി തുടങ്ങിയിരുന്നു. 

കൈയിൽ ഭാര്യസഹോദരനും കുടുംബവും നാട്ടിൽ പോയപ്പോൾ, അവരുടെ ഷാർജയിൽ ഉള്ള ഫ്ലാറ്റിന്റെ കീ ഞാൻ വാങ്ങി വെച്ചിരുന്നു. 

ഫ്ലൈറ്റുകൾ ഇല്ലാതിരുന്നതിനാൽ അവർ തിരിച്ചുവരാനാവാതെ നാട്ടിലായിരുന്നു. ഞാൻ എന്റെ "സ്ഥാപകജംഗമ" വസ്തുക്കളുമെടുത്ത് ആകെയുള്ള,  കൊറോള കാറിൽ കയറി ഷാർജ റോളയിലേക്കു തിരിച്ചു. 

കുറച്ചു ദിവസങ്ങളായി മനുഷ്യ സാനിധ്യമില്ലാത്തതുകൊണ്ടാകാം പാറ്റകളുടെ വിഹാരകേന്ദ്രമായി മാറിയിരുന്നു ഫ്ലാറ്റ്. എനിക്കാണെങ്കിൽ ഇവറ്റയെ കണ്ണെടുത്താ കണ്ടുകൂടാ. പക്ഷെ ഈ സാഹചര്യത്തിൽ ഒരു ബാച്ചിലർ അക്കക്കോമഡേഷനെക്കാൾ നല്ലത് ഒറ്റക്ക് താമസിക്കുന്നത് തന്നെയാണ്.  

പാറ്റകളെ ഒരുവിധം തുരത്തി. ഒഴിഞ്ഞുകിടന്ന ഒരു അലമാരിയിൽ എൻ്റെ വസ്ത്രങ്ങൾ കൊണ്ടുവെച്ചു. ഗ്യാസും സ്‌റ്റവും എല്ലാമുണ്ട് അത്യാവശം ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ കിച്ചൻ കബോർഡിൽ കണ്ടൂ. ഇനി കുറച്ചു പച്ചകറികളും, പാല് പോലുള്ളവയും വാങ്ങിയാൽ മതി. 
ഞാൻ ഓപ്പറേഷൻ നടത്താൻ തയ്യാറെടുക്കുന്ന ഡോക്ടറെ പോലെ രണ്ടു കൈയിലും ഗ്ലോവ്സ് ധരിച്ച്, സർജിക്കൽ മാസ്ക് വെച്ച്, സാണിടൈസർ കുപ്പിയെടുത്ത് പാൻ്റിൻ്റെ പോക്കറ്റിൽ ഇട്ടു , കൈയിൽ ലിഫ്റ്റ് ൻ്റെ ബട്ടൺ പ്രസ് ചെയ്യാൻ  രണ്ടു നാപ്കിൻ പേപ്പർ എടുത്തു വെച്ചു. എന്തൊരു സൂക്ഷ്മത.  
സഫാരി മാളിലേക്ക്  തിരിച്ചു. പുതുതായി തുറന്നതാണ് ഷാർജ മുവൈലിയയിലെ സഫാരി മാൾ. വലിയ മാൾ, തിരക്ക് വളരെ കുറവാണ്. സാമൂഹിക അകലം പാലിച്ചു സാധനങ്ങൾ വാങ്ങാൻ പറ്റിയ ഇടം. 
അത്യാവശം സാധനങ്ങൾ വാങ്ങി പെട്ടന്ന് തന്നെ പുറത്ത് കടന്നു. കാറിൽ കേറുമ്പോൾ സാനിടൈസർ എടുത്ത് രണ്ടു കൈയിലും 20 സെക്കൻഡ് നേരം പുരട്ടി. സ്പിരിറ്റിൻ്റേ രൂക്ഷഗന്ധം മാസ്കിൻ്റെ ഇടയിലൂടെ എൻറെ നാസികയിൽ തുളച്ചു കയറി. 
വണ്ടി പാർക്ക് ചെയ്തു, സാധനങ്ങൾ എടുത്തു ഫ്ലാറ്റിലേക്ക് നടന്നു. വാതിൽ തുറന്നു സാധനങ്ങൾ കിച്ചൻ്റെ ഭാഗത്ത് വെച്ച്, കൈയിലെ ഗ്ലോവ്സ് ഊരി വേസ്റ്റ് ബക്കറ്റിൽ ഇട്ടു. 

തുടരും..













 


ഡേയ് കോഴിയെ പിടിക്കുമ്പം നനഞ്ഞ തോർത്തിട്ട് വേണം പിടിക്കാൻ. അപ്പൊ കോഴി കൂവൂല്ല. "

ഖത്തർ കോയ മുണ്ട് മടക്കി കുത്തി തന്റെ വെരിക്കോസ് വൈൻ തെളിഞ്ഞു നിൽക്കുന്ന കാലെടുത്തു " വിജ്ഞാന പോഷിണി" വായനശാലയുടെ പടിയിലേക്ക് വെച്ചു. പോക്കെറ്റിൽ നിന്ന് ഒരു ബീഡിയെടുത്തു ചുണ്ടിലേക്ക് തിരുകി. ലൈറ്റർ എടുത്തു കത്തിച്ചു രണ്ടു പുക ഉള്ളിലേക്ക് എടുത്തു പതുക്കെ പുറത്തേക്കു വിട്ടു. ഓരോ ബീഡി എടുത്ത് അടുത്ത് നിന്ന ഫഹീമിനും ഷാനുവിനും എടുത്തു നീട്ടി. അവരത് ആർത്തിയോടെ വാങ്ങി.

ഓ നീ വലിക്കേല്ലാ ല്ല..  ഖത്തർ കോയ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു. ചുണ്ടിനടിയിൽ എടുത്ത് ശംബു വെയ്യിടാ.. അടുത്ത് നിന്ന ഷാജിയെ നോക്കി പറഞ്ഞു. അള്ളാനാ അതൊക്കെ വെച്ചാ കാൻസർ വരുമെ ..

അല്ല ഇക്ക കോഴിയെ മാത്രമേ പൊക്കിട്ടുള്ളൂ  ബീഡി എടുത്തു കത്തിക്കുന്നതിനിടയിൽ ഷാനു ചോദിച്ചു.

കോഴിയെക്ക  ചെറുത്... ക്ടാത്തനെ പൊക്കീട്ടോണ്ട്. എന്തിനു പശുവിനുയെയും ഒരു തവണ പൊക്കീട്ടോണ്ട്.

ബട്ടൻസ് പോയ ഷർട്ടിനുള്ളിൽ കൈയിട്ടു രോമരഹിതമായ തന്റെ നെഞ്ചിൽ ബാലചന്ദ്രൻ മേനോൻ സ്റ്റൈലിൽ തടവിയിട്ട് ഞെളിഞ്ഞു നിന്നും ഖത്തർ കോയ പറഞ്ഞു.

പക്ഷെ കോഴിയാവുമ്പം ഈസി അത്രേയുള്ളൂ.

പിന്നെ കട്ട് ചെയ്യാനും ഒക്കെ എളുപ്പം. മസാലയൊക്കെ പുരട്ടി വെളിച്ചെണ്ണയിൽ പൊരിച്ചു ചോറും കൂട്ടി അടിക്കുമ്പ ടേസ്റ്റ് ഒണ്ടല്ല മോനെ... ഖത്തർ കോയ പറഞ്ഞു നിർത്തി. കോയയുടെ വായിൽ നിന്ന് ഉമിനീർ ഇപ്പോൾ താഴേക്കു വീഴുമെന്നു തോന്നി.

കേട്ട് നിന്ന ഫാഹീമിന്റെയും ഷാനുവിന്റെയും സുലൈമാന്റേയും വായിൽ വെള്ളമൂറി.

അപ്പോഴേടാ ഇതൊന്നും ആരെടുത്തും പറയല്ലേ.. പോലീസ് എന്നെ പൊക്കും. നിങ്ങളായോണ്ട് പറഞ്ഞന്നേ ഉള്ളൂ. കോയയുടെ മുഖത്ത് പെട്ടന്നൊരു ദയനീയ ഭാവം വന്നു നിറഞ്ഞു.

അപ്പോഴേടാ മക്കളെ എനിക്കി വീട്ടി ചെറിയൊരു പണിയുണ്ട്. വൈകിട്ട് വരാം. കൂട്ടിൽ റമ്മി കളി തുടങ്ങുമ്പോ..

ഖത്തർ കോയ തിരിഞ്ഞു നടന്നു.

നാട്ടിലെ ആസ്ഥാന കള്ളനൊന്നുമല്ല കോയ. പക്ഷെ അല്ലറ ചില്ലറ മോഷണങ്ങൾ ഒക്കെ പുള്ളിക്കുണ്ട്. രണ്ടു മൂന്ന് തവണ ആളിനെ പോലീസ് പൊക്കിയിട്ടുമുണ്ട്. അതിന്റെ ഭീതിയാണ് കോയയുടെ സ്വരത്തിൽ.

"അളിയാ നമുക്കൊരു കോഴിയെ പൊക്കിയാലോ? തീരാറായ ബീഡി ഒരു പുകക്കൂടി എടുത്തു വായനശാലയുടെ പിറകിലുള്ള ടി എസ് കനാലിൽ വലിച്ചെറിഞ്ഞു.

നിനക്ക് വട്ടിടാ... ഫഹീം ചോദിച്ചു.  പിടിച്ചാലൊള്ള അവസ്ഥ ചിന്തിച്ചു നോക്കിട്ടണ്ടാ???

കള്ളനെന്ന പേര് വീണാ പിന്നെ പോവെല്ലാ....

വിറച്ചു കൊണ്ട് ഫഹീം പറഞ്ഞു നിർത്തി.

അളിയാ ഇതൊക്കെ ഒരു രസമല്ലേ.. ആരും അറിയാനൊന്നും പോണില്ല. കേട്ട് നിന്ന സുലൈമാൻ പറഞ്ഞു

പക്ഷെ എവിടുന്ന് പൊക്കും? മനസ് മാറിയ ഫഹീം ചോദിച്ചു.

അളിയാ അതിനു വഴിയുണ്ട്. നമ്മള സബിതാത്തയുടെ വീട്ടി രണ്ടു കോഴിയുണ്ട്. ഒരു പൂവനും പിടയും. പൂവനൊരു ഒരു മൂന്നാല് കിലോ വരും. ഷാനു പറഞ്ഞു നിർത്തി പന്നീ ഇതെല്ലാം നേരെത്തെ ഒറപ്പിച്ചായിരുന്നടാ ? സുലൈമാൻ ചിരിയോടെ ചോദിച്ചു. ഇല്ലളിയാ... കോയ പറഞ്ഞപ്പോ ഞാൻ മനസ്സിൽ കണക്കു കൂട്ടിയതാണ്..

എന്ന് പൊക്കും? എങ്ങനെ പൊക്കും? ഫഹീം ചോദിച്ചു അത് നമ്മൾ പ്ലാൻ ചെയ്യണം. ഷാനു പറഞ്ഞു. ഒരു കാര്യം ചെയ്യ് ഇപ്പോൾ വീട്ടിൽ പോയി വല്ലതും കഴിക്കാം. വൈകിട്ട് പ്ലാൻ ചെയ്യാം. ഒട്ടി കിടക്കുന്ന തന്റെ വയറ്റിൽ തടവിയിട്ട് സുലൈമാൻ പറഞ്ഞു. കൂട്ടത്തിൽ തീരെ തടിയില്ലാത്ത ആളാണ് സുലൈമാൻ. തുടുത്ത കവിളും ഇൻ ഷർട്ട് ചെയ്യാൻ വേണ്ട വയറും അതാണ്‌ സുലൈമാന്റെ സ്വപ്‍നം. എന്നാ വൈകിട്ട് പ്ലാൻ ചെയ്യാം. ഫഹീമിനും വയറിന്റെ കാളൽ തുടങ്ങിയിരുന്നു മൂന്നുപേരും വീടുകളിലേക്ക് നടന്നു.

അളിയാ വീട്ടിലൊറ്റം അറിഞ്ഞാ വാപ്പ എന്നെ കൊല്ലും ....

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഫഹീം പറഞ്ഞു. പിന്നെ നമ്മളെയൊക്കെ വീട്ടി അറിഞ്ഞ പൂവിട്ടു പൂജിക്കുമായിരിക്കും. ഒന്ന് പോടാ അവിടന്ന്. ഈ പ്രായത്തിലേ ഇതൊക്കെ നടക്കൂ.. ഷാനു തെല്ലു ദേഷ്യത്തോടെ പറഞ്ഞു. നാട്ടിലെ ജമാഅത് പ്രസിഡന്റ് ആണ് ഫഹീമിന്റെ വാപ്പ. മതമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത വ്യക്തി. ഷാനു വിന്റെ വാപ്പയും ജേഷ്‌ടന്മാരും ഗൾഫിൽ ആണ്. സുലൈമാന്റെ വാപ്പയും ഗൾഫിൽ തന്നെ. ജീവിതദുരിതങ്ങൾ ഒന്നുംതന്നെ പേറാതെയുള്ള ജീവിതങ്ങൾ

"ഉമ്മാ വിശക്കുന്നു. ചോറെടു.... വീട്ടിൽ എത്തിയപാടെ ഫഹീം പറഞ്ഞു. നീ കൈയും കാലും കഴുകീട്ടു വാടാ. ഉമ്മ പറഞ്ഞു.

ഇതെന്താ ഉമ്മാ... പൊരിച്ചമീനിന്റെ തലയാണോ എനിക്ക്. വാലിന്റെ ഭാഗമാണ് എനിക്കിഷ്ടമെന്ന് ഉമ്മാക്കറിഞ്ഞൂടെ? ദേഷ്യത്തോടെ അവൻ ചോദിച്ചു

എന്നും നീയല്ലേ കഴിക്കുന്നത്. ഇന്ന് നിന്റെ അനിയത്തി കഴിച്ചു.. ഉമ്മ പറഞ്ഞു

അല്ലേലും ഉമ്മ ഒരു ഫെമിനിസ്റ്റ് ആണെന്ന് പലവട്ടം  തോന്നീട്ടുണ്ട്. ഒരല്പം നീരസത്തോടെ അവൻ ചിന്തിച്ചു.

ചോറ് തിന്നു കഴിഞ്ഞപ്പോൾ വായ പതക്കുന്നുണ്ട്. ഒരെണ്ണം വലിക്കാതെ ശരിയാവില്ല.വാപ്പയുടെ പനാമ വെക്കുന്ന സ്ഥിരം സ്ഥലത്ത് നോക്കി. സാധനം അവിടെയില്ല.ലാൻഡ് ഫോണെടുത്ത് പതുക്കെഷാനുവിനെ ഡയൽ ചെയ്തു. ബെല്ലടിച്ചല്ലാതെ എടുത്തില്ല.പുറത്തേക്ക് ഇറങ്ങി.

ജംഗ്ഷനിൽ എത്തിയപ്പോൾ നിരാശ ഫലം. ആരും എത്തിയിട്ടില്ല. ജംഗ്ഷൻ എന്ന് പറയുമ്പോൾ ഒരു ലൈബ്രറി നേരെ എതിർവശത്തു സലീമിക്കാടെ  സിഗരറ്റും വെള്ളവുമൊക്ക വിൽക്കുന്ന കട. അത്രേ ഉള്ളൂ ജംഗ്ഷൻ. റോഡിൽ നിന്ന് ടി എസ് കനാലിനു  കുറുകെ കടപ്പുറത്തു പോകാൻ നമ്മുടെ പ്രിയപ്പെട്ട തൊട്ടിപ്പാലം.

  കുറച്ചു കഴിഞ്ഞപ്പോൾ അനൂപ് എത്തി. 

ആരും ഇല്ലെടാ? ഒരു വിൽ സെടുത്ത് ചുണ്ടിൽ വെച്ചുകൊണ്ട് 

അനൂപ് ചോദിച്ചു. എപ്പോഴും സിഗിരറ്റ് കൈയിൽ കരുതുന്ന സ്വാഭാവകാരനാണ്  അനൂപ്. 

അളിയാ അടു.... അവന്റെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ പറഞ്ഞു.

അതൊരു കോഡാണ്. അതായത് സിഗിരറ്റിന്റെ പകുതി വലിച്ചു കഴിഞ്ഞാൽ അത് " അടു " വിളിക്കുന്നവനാണ്.അപ്പോഴേക്കും വളവു തിരിഞ്ഞു ഷാനു ഇറങ്ങി വന്നു. അടു അളിയൻ വിളിച്ചു കാണും

അപ്പൊ " ഗിൽബി " ഷാനു പറഞ്ഞു

പകു‌തീടെ  പകുതി അതാണ്‌ ഗിൽബി.

ഇനിയുമുണ്ട്. "ഫിൽറ്ററിയാ" എന്ന് വെച്ചാ സിഗിരറ്റിന്റെ ഫിൽറ്റർ എത്തുന്നതിനു തൊട്ടു മുൻപ് അത് വിളിച്ചവന് കൊടുക്കണം

വാടാ റമ്മി കളിക്കാം... അനൂപ് പറഞ്ഞു. പൊളിയാറായ ഒരു കൂട്ടിൽ ( കടലിൽ പോകുന്ന വലയും സാധനങ്ങളും സൂക്ഷിക്കുന്ന ചെറിയ  കെട്ടിടം ) ഒളിച്ചു വെച്ചിരിക്കുന്ന ചീട്ടെടുത്തു.

ഡേയ് കലക്കീട്ട് ചീട്ട് വെട്ടിടാ... ഷാനു പറഞ്ഞു.

2 കളികഴിഞ്ഞപ്പോൾ അനൂപ് പറഞ്ഞു ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം..

ഓക്കേ അളിയാ

ഫഹീം പറഞ്ഞു...

അളിയാ... നാളെ തന്നെ കോഴിയെ പൊക്കിയാലോ? ഷാനു 

ഡേയ് നീയിത് വരെ അത് വിട്ടില്ലിയെ..... ഫഹീം 

ഞാനിപ്പോഴും ചോറ് തിന്നാൻ പോയപ്പോഴും ആ പൂവനെ കണ്ടളിയാ ... വീണ്ടും ഷാനു 

എങ്ങനെ പൊക്കും? ഫഹീം

പക്ഷെ എവിടുന്ന് കുക്ക് ചെയ്യും? ഷാനു ചോദിച്ചു

അതിനൊരു വഴിയുണ്ടളിയാ....

നാളെ പള്ളിപ്പരയിൽ വഅളു ഉണ്ടളിയാ . വീട്ടിന്നു ഉമ്മയും വാപ്പയും സഹോദരിയും പോകും.. പിന്നെ ഒരു 2 മണിയൊക്കെ ആവും കഴിയാൻ....

ഫഹീം പറഞ്ഞു...

അപ്പൊ സ്ഥലവും ഒത്തു... ഷാനു ഹാപ്പി ആയി

സന്ധ്യ ആയപ്പോഴാണ് സുലൈമാൻ വന്നത്. പോക്കെറ്റിൽ ശംബു എടുത്ത് ചുണ്ടിനടിയിൽ തിരിക്കിയിട്ട്

ഡേയ് പ്ലാൻ വല്ലതും ആയ ? 

അവൻ ചോദിച്ചു

ഷാനു കാര്യങ്ങൾ പറഞ്ഞു

അപ്പൊ നാളെ.. മറക്കണ്ട... വീട്ടിലേക്കു നടക്കുന്നതിടയിൽ ഫഹീം പറഞ്ഞു.

സമയം രാത്രി പതിനൊന്നു കഴിഞ്ഞു. മദ്രസയിൽ ഉസ്താദ് പ്രസംഗം കത്തി കയറുകയാണ്. ഇന്ന് അവസാനത്തെ ദിവസമാണ്. 

ഇരുട്ടിന്റെ മറവിൽ മൂവർ സംഘം പതിയെ നടന്നു. ഷാനുവിന്റെ വീടെത്താറായപ്പോൾ സുലൈമാൻ ശബ്ദം താഴ്ത്തി ചോദിച്ചു.

" ഡേയ് നനഞ്ഞ തോർത്തെടുത്താ "

ഫഹീം തോർത്ത്‌ എടുത്തു പൊക്കി കാണിച്ചു

ഷാനുവിന്റെ വീട്ടിന്റെ മതിൽ കടന്നു വേണം സബിതാത്താടെ വീട്ടിൽ എത്താൻ. ഭർത്താവ് ഗൾഫിൽ ആണ്. മോനും സബിതാത്തയും മാത്രമേ വീട്ടിലുള്ളൂ. പത്തു മണി കഴിഞ്ഞാൽ അവരുറങ്ങും. ഷാനുവിനു  കോഴിക്കൂട് എവിടെയെന്നു കൃത്യമായി അറിയാമായിരുന്നു.

കൂടിന്റെ ചെറുവാതിൽ പതുക്കെ തുറന്നു. പേടിച്ചരണ്ട  കോഴികൾ കൂടിന്റെ ഒരു വശത്തേക്ക് മാറി നിന്നു.

"തോർത്തെടു".... ഷാനു അടക്കി പിടിച്ച ശബ്ദത്തിൽ പറഞ്ഞു. ഫഹീം തോർത്തെടുത്തു കോഴിക്കൂടിന്റെ അകത്തേക്ക് കൈയിട്ടു.

കൈയിൽ കിട്ടിയ കോഴിയെ തോർത്തുകൊണ്ട് പൊതിഞ്ഞു പുറത്തേക്കു എടുത്തു.

കിട്ടി... ഫഹീം പറഞ്ഞു

എന്നാ വേഗം വിട്ടോ...

സുലൈമാൻ പറഞ്ഞു

ഷാനുവിന്റെ വീട്ടിലെ  മതിൽ കടന്നതും മൂവരും ഓടുകയായിരുന്നു.


ഫഹീമിന്റെ  വീടിന്റെ പുറകിലെ സ്റ്റെപ്പിലൂടെ കിതപ്പടക്കാൻ പാടുപെട്ട് അവർ ടെറസിന്റെ മുകളിലേക്ക് കയറി

നിന്റെയൊക്കെ കള്ളത്തരം ഞാൻ കണ്ടെടാ എന്ന ഭാവത്തിൽ ചന്ദ്രൻ മുകളിൽ നിൽക്കുന്നുണ്ടായിരുന്നു.

അളിയാ നല്ല വെയിറ്റ് ഉണ്ട്  ഫഹീം പറഞ്ഞു.


അളിയാ എങ്ങനെ കട്ട് ചെയ്യും? സുലൈമാൻ ചോദിച്ചു

താഴെ കൊണ്ട് പോയി കട്ട്‌ ചെയ്യാം. പിച്ചാത്തി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. പിച്ചാത്തി മാത്രമല്ല.... മുളക് പൊടി മഞ്ഞ  പൊടി  എല്ലാ സാധനവും... തെല്ലു അഭിമാനത്തോടെ ഫഹീം പറഞ്ഞു

"നീ കിടിലമിടാ"... ഷാനു അവന്റെ തോളിൽ തട്ടി അഭിനന്ദിക്കും  പോലെ പറഞ്ഞു.

 പടികൾ ഇറങ്ങി, കോഴിയെയും എടുത്തു സുലൈമാൻ മുന്നിൽ നടന്നു. പിച്ചാത്തി എടുത്തു ഫഹീം പിറകിൽ.  ഏറ്റവും പിറകിൽ ഷാനു. ചന്ദ്രികയെ മറയ്ക്കുന്ന രണ്ടു വാഴകൾ ക്കിടയിലേക്ക് അവർ നിന്നു. ഷാനു മുറ്റത്തെ പൈപ്പിൽ നിന്നും ഒരു ചിരട്ടിയിൽ വെള്ളമെടുത്തു കോഴിയുടെ വായിൽ ഇറ്റിച്ചു കൊടുത്തു.

ഡേയ് ഖിബിലക്ക് നേരെ നില്ലടാ... ഫഹീം പറഞ്ഞു

സുലൈമാൻ കോഴയെയും പിടിച്ചു ഖിബിലക്ക് നേരെ നിന്നു. അശ്ഹദു അല്ലാഹു .... ശഹാദത് ചൊല്ലി  ഫഹീം കത്തി കോഴിയുടെ കൺഠ നാളത്തിൽ  വെച്ചു അറുത്തു .

കഴുത്തു തൂങ്ങി ആടിയ  കോഴിയെ സുലൈമാൻ വാഴയുടെ ചുവട്ടിലേക്കു ഇട്ടു. പ്രാണൻ വേർപെടുന്ന കോഴിയുടെ അവസാന പിടച്ചിലുകൾകൊണ്ട്  വാഴയുടെ ചുവട്ടിലെ ഇളകിയ മണ്ണ് അന്തരീക്ഷത്തിലേക്ക്  പറന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആത്മാവ് വേർപെട്ട കോഴി നിശ്ചലമായി.

ഷാനു ഒരു വലിയ വാഴയില വെട്ടിയെടുത്തു കോഴിയുടെ തൊലിയുരിച്ചു, ഒരു അറവുകാരന്റെ  കരവിരുതോടെ കഷ്ണങ്ങളാക്കി വാഴയുടെ അറ്റത്തു വെച്ചു.

സുലൈമാനും ഫഹീമും മുറ്റത്തെ പൈപ്പിൽ നിന്നും വെള്ളമെടുത്തു കഴുകി വൃത്തിയാക്കി.

"അളിയാ ഇനി മസാല തേക്കണം".

തോന്നിയ അളവിന് എടുത്ത മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പുംകോഴി കഷ്ണങ്ങളിൽ തേച്ചു പിടിപ്പിച്ചു. അളിയാ അടുപ്പ് എവിടെ? സുലൈമാൻ ചോദിച്ചു

നേരെത്തെ എടുത്തു വെച്ച മൂന്ന് ചുടുകട്ടകൾ എടുത്തു മുറ്റത്തു നിന്നും അൽപ്പം മാറി അടുപ്പ് കൂട്ടി. പ്ലാവിന്റെ ചുവട്ടിൽ കൂട്ടിയിട്ടുരുന്ന  ഉണങ്ങിയ ഓലയും മടലും എടുത്തു വെച്ചു കത്തിച്ചു. ടെറസിൽ വെച്ചിരുന്ന ഇരുമ്പ് ചട്ടിയിൽ എണ്ണ  ഒഴിച്ച് ചൂടായപ്പോൾ കോഴി കഷ്ണങ്ങൾ എടുത്ത് എണ്ണയിലേക്ക് ഇട്ടു.  ഷീ ഷീ ശബ്ദത്തോടെ കോഴി എണ്ണയിൽ കിടന്നു തിളച്ചു.

ഒരു പതിനഞ്ചു മിനിറ്റ് ആയപ്പോൾ

"വെന്തന്ന് നോക്കിടാ അളിയാ?"

വായിൽ ഊറി വന്ന ഉമിനീരിനിടയിലൂടെ സുലൈമാൻ ചോദിച്ചു 

സ്പൂണെടുത്തു ഒരു പീസെടുത്തു വാഴയിലയിൽ വെച്ചു.  ഊതി ചൂട് പോയപ്പോൾ ഒരു ചെറിയ പീസാക്കി എടുത്ത് വായിൽ വെച്ചു

ഷാനു പറഞ്ഞു .. കുറച്ചൂടെ വേവാനുണ്ട്.. പിന്നെ കുറച്ചു മൊരിയണം..

ഫൈവ് സ്റ്റാർ ഹോട്ടലിലെ ഷെഫിനെ പോലെ ഷാനു പറഞ്ഞു.

അളിയന്മാരെ ആ തൂവലും കൊടലുമൊക്കെ കുഴിച്ചിടണം. അല്ലെങ്കി പട്ടി കൊണ്ട് പോവും.

എന്നാ വാടാ  കുഴിച്ചിട്ട് വരാം. സുലൈമാൻ പറഞ്ഞു.

സുലൈമാനും ഫഹീമും കോഴിയുടെ അവശിഷ്ടങ്ങൾ വാഴയുടെ സമീപം  കുഴിച്ചിട്ട് തിരിച്ചു വന്നപ്പോൾ ഷാനു മൊരിഞ്ഞ ചിക്കൻ പീസുകൾ വാഴയിലയിൽ എടുത്തു വെച്ചിരുന്നു. കാലിന്റെ പീസ് ഷാനുവിന്റെ വായിലും..

അളിയാ നിങ്ങള് വരാൻ ലേറ്റ് ആയപ്പം ഞാൻ ഒരു പീസ് എടുത്ത് ചവച്ചു ഷാനു പറഞ്ഞു

പന്നീ അതിനു കാലിന്റെ പീസ് തന്ന വേണമായിരുന്നാ? ഞാൻ നോക്കി വെച്ചതായിരുന്നു...സുലൈമാൻ ചോദിച്ചു 

ഒന്നുമറിയാത്ത ഭാവത്തിൽ ഫഹീം  അപ്പോൾ അടുത്ത ചിക്കൻ കാലു എടുത്തു വായിൽ വെച്ചു.

തിന്നിടാ തിന്നിടാ... കോഴി ക്കാലു കിട്ടാത്തതിന്റെ രോഷം പ്ലേറ്റിൽ ഇരുന്ന വായിൽ പീസിൽ  തീർത്തു.

അളിയാ ഇതു മൊരിഞ്ഞെങ്കിലും ഉള്ളു മൊത്തം വെന്തില്ല.

ശരിയാണ് അളിയാ വീട്ടി പൊരിക്കണ അത്ര ടേസ്റ്റ് ഇല്ല...

ഫഹീം  അത് ശരി വെച്ചു.

ഡേയ് ഇവുടെ ചോറെന്നും ഇല്ലിയെടാ?

ഷാനു ചോദിച്ചു.

അളിയാ താക്കോൽ മേറ്റ്‌ന്റെ അടിയിൽ ഉണ്ടോന്ന് നോക്കട്ടെ.

ഫഹീം  പറഞ്ഞു.

മാറ്റിന്റെ അടിയിൽ നിന്ന് താക്കോലെടുത്തു അടുക്കള തുറന്നു കുറച്ചു ചോറും മീൻ കറിയും കൊണ്ട് വന്നു.

അളിയാ എപ്പോ ഒരു ടേസ്റ്റ് ഒക്കെ ഉണ്ട് കേട്ടാ 

സുലൈമാൻ പറഞ്ഞു 

ഒരുവിധം ചിക്കൻ തിന്നു തീർത്തു. 

"അളിയാ വയർ ഫുൾ ആയി". ഒരു ഏമ്പക്കം വിട്ടു സുലൈമാൻ. 

ഷാനു അപ്പോഴേക്കും ഒരു വിൽസിന് തീ കൊളുത്തിയിരുന്നു.  

ഡേയ് പോണതിന് മുൻപ്  ഇതൊക്കെ വൃത്തിയാക്കിയിട്ട് വേണം പോകാൻ .. ഫഹീം പറഞ്ഞു 

മൂവരും കൂടി എല്ലാം വൃത്തിയാക്കി തിന്നതിൻ്റെ ബാക്കി അവശിഷ്ടങ്ങൾ മറ്റൊരു കുഴിയെടുത്ത് മൂടി . 

അളിയാ എന്നാ ഒ കെ...  നാളെ കാണാം  ഷാനുവും സുലൈമാനും അവരുടെ വീടുകളിലേക്ക് നടന്നു. 

ഫഹീം വീട്ടിലേക്ക് കയറി. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. മുറിയിൽ കയറി ഹാങ്ങറിൽ ഷർട്ട് ഊരി  ഇട്ടു. നല്ല ചൂടുണ്ട്. ഫാൻ ഇട്ടിട്ടും ചൂടിന് കുറവില്ല. ജനാലപാളികൾ തുറന്നിട്ടു . 

ഉറക്കം വരാനായി കട്ടിലിൽ കണ്ണടച്ച് കിടന്നു. 

മദ്റസയിൽ ഉസ്താദിൻ്റെ പ്രഭാഷണം പതിയെ ജനൽ വഴി കാതിലേക്ക് അലയടിച്ചു .

" നിങൾ ഒരു കള്ളം പറഞാൽ നിങ്ങളുടെ ഹൃദയത്തില് ഒരു കറുത്ത കുത്ത് വീഴും . അങ്ങനെ ഓരോ കള്ളം പറയുമ്പോഴും ഓരോ കുത്ത് വീനുകൊണ്ടെയിരിക്കും. അവസാനം ഹൃദയം മൊത്തം കറുത്ത കുത്തുകൾകൊണ്ട് നിറക്കപ്പെടും. 

മറ്റൊരാളുടെ വസ്തു വകകൾ നിങൾ എടുക്കരുത്. അത് മോഷണമാണ്. അല്ലാഹു അവന്റെ കലാമിൽ പറയുന്നു " വ സ്സാരിഖു വാ സാരിഖതു ഫഖ്‌തഊ ................................................... അസീസുൻ ഹഖീം  ഖാലല്ലാഹ് അസ്സവജൽ 

മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകൾ നിങ്ങൾ നിങ്ങൾ മുറിച്ചു കളയുക . .......... 

ഫഹീം പെട്ടന്ന് പേടിച്ചു കണ്ണുകൾ തുറന്നു തന്റെ കൈകളിലേക്ക് നോക്കി 

പടച്ചോനെ എന്റെ കൈ ..അവന്റെ ഹൃദയം പടാപടാന്നു മിടിച്ചു 

അപ്പോഴേക്കും ഉസ്താദ് അടുത്ത ഖുർആൻ സൂക്തമോതി 

ഫ മൻ താബ മിൻ ബഇദ ളുൽമിഹീ  വ അസ്‌ലഹ ഫ ഇന്നല്ലാഹ യതൂബു  അലയ്ഹി ഇന്നല്ലാഹ അഫൂറിൻ റഹീം 

സദഖ റസൂലല്ലാഹ് 

എന്ന് വെച്ചാൽ നിങ്ങൾ ആരെങ്കിലും അക്രമം ചെയ്തു പോയിട്ട് പാശ്ചാപിച്ചാൽ നന്നായി തീരുകയും ചെയ്താൽ ആ പശ്ചാത്താപം അള്ളാഹു സ്വീകരിക്കുന്നതാണ്. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. 

ഉസ്താദ് പറഞ്ഞു നിർത്തി . 

പടച്ചോനെ എന്നോട് പൊറുക്കൂ എന്റെ കൂട്ടുകാരോടും ... അവന്റെ കണ്ണുകൾ നിറഞ്ഞു 

കുറ്റബോധത്തിനൊടുവിൽ എപ്പോഴോ അവനുറങ്ങി പോയി 

.............

അപ്പുറത്തെ വീട്ടിലെ സബിതാത്തടെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടാണ് ഷാനു ഉണർന്നത് . തലേന്ന് കഴിച്ച കോഴി ഇപ്പോഴും ദഹിച്ചിട്ടില്ല . 

"പടച്ചോനെ ന്റെ കോഴിയെ കൊണ്ട് പോയവന്റെ തലയിൽ ഇടിത്തീ വീഴണേ ... 

ഷാനു വിന്റെ നെഞ്ച് കത്തി. ഷർട്ട് ഒരു വിധം എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി .  

എന്ത് പറ്റിയടി  സബിതാ...  ഉമ്മയാണ് 

അല്ലാന ഇത്താ ദിവസും മുട്ട ഇട്ടോണ്ട് ഇരുന്ന കോഴിയാണെ ..... അതെടുത്താണ്ട് പോയവന്റെ മണ്ട മറിഞ്ഞു പോണെ ........ സബിതാത്ത  കരിച്ചിലിനിടയിൽ വീണ്ടും നെഞ്ച് പൊട്ടി പ്രാകി .. 

പണി പാളി .. ഇരുട്ടത്തു പൂവന് പകരം കൊണ്ടുപ്പോയത് പിടയെ ..  ഷാനു ചിന്തിച്ചു 

നീ കരയാടി സബിത ... അതെടുത്തണ്ടു പോയി തിന്നവൻ വയറിളക്കം വന്നു അനുഭവിക്കും ..  ഉമ്മയുടെ തൂറ്റൽ പ്രാക്ക് .. 

ഷാനുവിന് പിടിച്ചു നിൽക്കാനായില്ല 

സബിതാത്ത ഇങ്ങനെ പ്രാവല്ലേ ... വിശപ്പ് സഹിക്കാൻ വയ്യാതെ ആരെങ്കിലും എടുത്തോണ്ട് പോയി തിന്നതായിരിക്കും 

എൻ്റെ പുള്ളക്ക് ഇനി രാവിലെ നാടൻ മുട്ട ഞാൻ എവിടുന്ന് കൊടുക്കും....  മോനെ നോക്കി സബിതാത്ത മൂക്ക് പിഴിഞ്ഞു 

മലപ്പുറത്തെ ഔലിയാക്ക് ഞാൻ ഒരു അഞ്ചു  മുട്ട നേരും നോക്കിക്കോ..... ഇതെടുത്തവന്റെ കൈയും കാലും തളർന്നു കിടക്കും സബിതാത്ത വീണ്ടും പ്രാകി 

സബിതാത്ത ........ എങ്ങനെ പറയല്ലേ ... ഏതെങ്കിലും പാവപ്പെട്ട ..... ഷാനു പറഞ്ഞു മുഴുവിപ്പിക്കും മുൻപ് 

നിനിക്കെന്തിടാ അവന്റടുത്ത് ഇത്ര കിറുവ ? അവൻ നശിച്ചു പോവും ഉമ്മയാണ് .. 

രണ്ടുപേരും കൂടി തൻ്റെ പുക കാണാൻ വേണ്ടി പ്രാര്ഥിക്കുആണല്ലേ പടച്ചോനെ .. 

ഒന്നും വേണ്ടായിരുന്നു .. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല . 

അവൻ പല്ലുപോലും തേക്കാതെ ജംഗ്ഷനിലോട്ട് നടന്നു. അപ്പോഴും സബിതാത്തെടെ പിടകോഴി  വയറ്റിൽ കിടന്നു തിരിയുന്നുണ്ടായിരുന്നു. 







Monday, June 13, 2022

 മൊബൈൽ ഫോണിൻ്റെ റിങ് കേട്ടാണ് ഞാൻ ഉണർന്നത്. . ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ ചാർജ് ചെയ്യാൻ വെച്ചിരിക്കുന്ന ഫോൺ കൈയെത്തി എടുത്തു  ഡിസ്പ്ലേയിലേക്ക് നോക്കി. വാപ്പയാണ്. 

ഹലോ അസ്സലാമു അലൈകും..

വ അലൈക്കുമുസ്സലാം .. 

നീയെന്നാ ഇങ്ങോട്ട് വരുന്നത് ? വാപ്പ ചോദിച്ചു 

എന്താ വാപ്പ... എന്തേലും അത്യാവശ്യമുണ്ടോ ? 

ഞാൻ തിരികെ ചോദിച്ചു . 

ഇല്ലടാ .. നിനക്കൊരു ഒരു കത്ത് വന്നിട്ടുണ്ട് . 

കത്തോ .. എനിക്ക് ആശ്ചര്യം തോന്നി. എനിക്കൊരു കത്തു വന്നിട്ട് ഒരു വ്യാഴവട്ടമെങ്കിലും ആയിക്കാണും. 

ടാ ബാങ്കിന്ന്‌ ആണെന്നു തോന്നുന്നു. ഇംഗ്ലീഷിൽ ആണ് ..  വാപ്പ പറഞ്ഞു 

ബാങ്കിന്നോ ?? നാട്ടിലെ ഒരു ബാങ്കുമായിട്ടും ഒരിടപാടും എനിക്ക് എല്ല. ആകെയുള്ള ഒരു എൻ ആർ ഐ അക്കൗണ്ട് ആണ് .. അതിലാണെങ്കിൽ മിനിമം ബാലൻസ് കൂടുതലൊന്നുമില്ലതാനും

ചിലപ്പോൾ എടിഎം കാർഡിന്റെ വല്ലോം ആയിരിക്കും. വാപ്പ പറഞ്ഞു. 

ഞാൻ ഞായരാഴ്ച അങ്ങോട്ട് വരാം വാപ്പ.. ഞാൻ പറഞ്ഞു നിർത്തി .. 


ഒകെ എന്നാ ... വെക്കട്ടെ വാപ്പാ ഞാൻ ഫോൺ വെച്ചു. സമയം അഞ്ചു കഴിഞ്ഞിരിക്കുന്നു.

"ചായ ഇടട്ടെ" ..  ഭാര്യയുടെ ഉമ്മയാണ്. എന്റെ ശബ്ദം കേട്ടു ചോദിച്ചതാണ്. ഉം.. മൂളിക്കൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴും ചിന്ത മുഴുവൻ  വാപ്പ പറഞ്ഞ കത്തായിരുന്നു. ബാങ്കിന്ന് കത്തയക്കാൻ ഒരു സാധ്യതയും കാണുന്നില്ല. കുറച്ചു കഴിഞ്ഞു ഭാര്യയെ എടുക്കാൻ പാലോട് പോകണം. ജോലി കഴിഞ്ഞു അവിടെ എത്തുമ്പോൾ നേരം ഇരുണ്ടുകഴിഞ്ഞിരിക്കും. പാലോട് നിന്നും ഇരുവശവും കാട് നിറഞ്ഞ റോഡിൽ സീതയെ കൊന്ന വളവ് കഴിഞ്ഞു വേണം മൈലമൂടു  എത്താൻ. ഏഴു മണിക്ക് ലാസ്റ്റ് ബസ്. അത് കിട്ടിയില്ലെങ്കിൽ പിന്നെ ബുദ്ധിമുട്ടാണ്. ഒരു ഭർത്താവെന്ന നിലയിൽ ഉത്തരവാദിത്തമാണല്ലോ ജോലിക്കാരിയായ ഭാര്യയെ സെയ്ഫ് ആയി വീട്ടിൽ എത്തിക്കുക എന്നത്.

അഞ്ചാറു കിലോമീറ്റർ താണ്ടി രാവിലെയും വൈകിട്ടും ഞാൻ ആകുന്ന ഭർത്താവ് എന്റെ ഉത്തരവാദിത്തം പൂർണമായും നിറവേറ്റികൊണ്ടിരിന്നു. 

ഡീ എനിക്കൊരു കത്ത് വന്നെന്നു. വാപ്പ വിളിച്ചു പറഞ്ഞു..

പാലോട് ബസ് സ്റ്റോപ്പിൽ നിന്നു അവളെയും പിക്ക് ചെയ്തു ഇരുവശവും മരങ്ങൾ നിറഞ്ഞ, ജാമ്പാവാന്റെ കാലത്ത് എപ്പോഴോ ഇട്ട ടാർറോഡിലൂടെ കുലുങ്ങി കുലുങ്ങി പോകുന്ന ബൈക്കിൽ, വീഴാതിരിക്കാൻ മുറക്കിപിടിച്ചിരിക്കുന്ന അവളോട്‌ ഞാൻ പറഞ്ഞു.

കത്തോ .... ആരായക്കാൻ? അവൾ ചോദിച്ചു.

ബാങ്കിനെന്നാ വാപ്പ പറഞ്ഞത്.. ഞാൻ പറഞ്ഞു നിർത്തി.

പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പറഞ്ഞു. " ശരിയായിരുക്കും. ബാങ്കിന്ന് വരാൻ സാധ്യതയുണ്ട്. കുറച്ചു ദിവസം  മുൻപല്ലേ നിന്റെ പേഴ്സ് കളഞ്ഞു പോയത്. എടിഎം കാർഡ് ബ്ലോക്ക്‌ ചെയ്യാൻ വിളിച്ചു ബാങ്കി പറഞ്ഞില്ലായിരുന്നോ. അതിന്റെ വല്ലോമായിരിക്കും..

ശരിയാണ് അതിനുള്ള ഒരു സാധ്യത ഉണ്ട്. ഞാൻ ഊഹിച്ചു. 

അതെ കുറച്ചു  ദിവസങ്ങൾക്ക് മുൻപ് പതി വ്പോലെ അവളെയും കൊണ്ടാക്കി തിരിച്ചു വന്നു വീട്ടിൽ എത്തിയപ്പോൾ പോക്കറ്റിൽ പേഴ്സ് ഇല്ല. ആകെ പേഴ്സ് എടുത്തത് പെട്രോൾ അടിക്കാൻ മാത്രമാണ്. ആദ്യത്തെ പരിഭ്രമത്തിന് ശേഷം, നേരെ വണ്ടി പെട്രോൾ പമ്പിലേക്ക് വിട്ടു. പെട്രോൾ അടിച്ച ചേച്ചിയോട് കാര്യം പറഞ്ഞപ്പോൾ, അകത്തു സാറിന്റെ ഓഫീസിൽ ക്യാമറയുണ്ട്. അവിടെ പോയി ചെക്ക് ചെയ്തു നോക്കാൻ പറഞ്ഞു.

അകത്തു കയറി മാനേജറിനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം അപ്പോൾ തന്നെ സി സി ടി വി റെക്കോർഡ് ചെക്ക് ചെയ്തു . പക്ഷെ അതിലൊന്നും എന്റെ പേഴ്സ് പോയത് കണ്ടെത്താൻ കഴിഞ്ഞില്ല.

നിരാശനായി, പോയ വഴിയൊക്കെ അരിച്ചു പെറുക്കിയെങ്കിലും നോ രക്ഷ.. പേഴ്സ് കിട്ടിയില്ല. വലിയ നിരാശയൊന്നും വേണ്ടെന്നു എനിക്ക് പിന്നീട് തോന്നി. പെട്രോൾ അടിച്ചതിന്റെ ബാക്കി ഒരു മുന്നൂറ് രൂപ, ഒരു എടിഎം കാർഡ് പിന്നെ ആധാറിന്റെയും ലൈസെൻസിന്റെയും കോപ്പികൾ, പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ  ഇത്രയുമായിരുന്നു അതിലെ ജംഗമവസ്തുക്കൾ.

ബാങ്കിൽ വിളിച്ചു എടിഎം കാർഡ് ബ്ലോക്ക്‌ ചെയ്യാൻ പറഞ്ഞു. ഞാൻ പുതിയ പേഴ്സ് വാങ്ങി മേൽ പറഞ്ഞതെല്ലാം എടിഎം ഒഴികെ ബാക്കിയെല്ലാം പതിവുപോലെ അതിൽ സ്ഥാനം പിടിച്ചു. ഓർമയുടെ താഴ്‌വാരത്തിൽ എവിടെയോ പഴയ പേഴ്സ്  പോയി മറഞ്ഞു.

എന്തായാലും സൺ‌ഡേ വീട്ടിലൊന്നും പോണം. ഞാൻ പറഞ്ഞു.

എന്നാ ഞങ്ങളും വരാം.. അവൾ പിന്നിൽ നിന്നും മൊഴിഞ്ഞു

വേണ്ടാ പെട്രോളിനൊക്കെ ഇപ്പോൾ എന്താ വിലയാ... ഞാൻ ബൈക്കിലാ പോണത്.. ഞാൻ പറഞ്ഞു.

നിരാശ നിറഞ്ഞ അവളുടെ മുഖം റിയർ വ്യൂ മിററിലൂടെ  ഇരുളിന്റെ മൂടപടത്തിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല.

ഞായറാഴ്ച. നനുത്ത പ്രഭാതത്തിൽ സൂര്യകിരണങ്ങൾ ഭൂമിയിൽ പതിയും മുൻപേ ഭാര്യ വീട്ടിൽ നിന്നും തിരിച്ചു. 45 കിലോമീറ്ററോളം  ദൂരമുണ്ട് റാത്തിക്കൽ എത്താൻ. കഴിഞ്ഞ കുറച്ചു കാലമായി ഭാര്യ  വീട്ടിൽ ആണ് താമസം. പ്രവാസം വിട്ടു പുതിയ ബിസിനസ്‌ സംരംഭമായ "കോഴി കൃഷി" തുടങ്ങിയതിൽ പിന്നെ. അതായിരുന്നു എളുപ്പം പോയി വരാനും മറ്റും. ആഴ്ചയിലോ മറ്റൊ വീട്ടിലേക്ക് പോകും. 

" ങ്ങാഹ് നീ രാവിലെ തന്നെ എത്തിയാ.. വാപ്പ കണ്ട ഉടനെ ചോദിച്ചു.

നിന്റെ ബിസിനസ്‌ ഒക്കെ എങ്ങനെ ഉണ്ട്?  തീരെ ഇഷ്ടമില്ലാത്ത സ്വരത്തിൽ വാപ്പ ചോദിച്ചു. ഡാ അതൊന്നും നിനക്ക് പറ്റിയ പണിയല്ല.. നിനക്ക് തിരിച്ചു ഗൾഫി പൊക്കൂടെ.. അതിന്റെ ബാക്കി എന്നോണം വാപ്പ ചോദിച്ചു.

വാപ്പാ കത്തെവിടെ? വാപ്പയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ ചോദിച്ചു.

വാപ്പ അലമാരയുടെ ഡ്രായർ തുറന്നു കത്തെടുത്തു എന്റെ നേരെ നീട്ടി.

ഇതു ഇൻലാൻഡ് ആണല്ലോ? അത്ഭുതത്തോടെ ഞാൻ പറഞ്ഞു. ഒരു ഇൻലാൻഡ് കണ്ട കാലം മറന്നു. ഞാൻ "To" അഡ്രെസ്സ് ന്റെ ഭാഗത്തു കാക്ക കോറിയിട്ട ഇംഗ്ലീഷിൽ എന്റെ പേരും അഡ്രസ്സും

തിരിച്ചു നോക്കിയപ്പോൾ " From" ന്റെ സ്ഥാനത്ത്  "ദിവാകരൻ  ലക്ഷ്മി നിലയം പാലോട്" ഇത്രമാത്രം

ഇൻലാൻഡ് തുറന്നപ്പോൾ

തീരെ ഭംഗിയില്ലാത്ത കൈപ്പടയിൽ

"പ്രിയപ്പെട്ട സുഹൃത്തെ

താങ്കളുടെ പേഴ്സ് എന്റെ കൈയിൽ കിട്ടിയിട്ടുണ്ട്. നേരിട്ട് വന്നു കൈപ്പറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു"

പിന്നെട് തേരട്ട ചുരുണ്ടു കിടക്കുന്നപോലെ ഒരൊപ്പും. ഒരു ഫോൺ നമ്പർ എങ്കിലും വെക്കാമായിരുന്നു. ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ  പിന്നീട് അനല്പമായ സന്തോഷം തോന്നി. ഇക്കാലത്തും ഇത്രയും സത്യസന്ധനായ വ്യക്തിയോ. ഒരല്പം ബഹുമാനവും. അയാളെ പെട്ടന്ന് തന്നെ കാണണമെന്ന് എനിക്ക് തോന്നി. പേഴ്സ് തിരിച്ചു കിട്ടുന്നതിൽ അല്ല. മറിച്ചു അയാൾ കാണിച്ച ആത്മാർത്ഥത..

ഞാൻ വാപ്പയോടു കാര്യം പറഞ്ഞു.

അല്ലേലും നിനിക്ക് പണ്ടേ ശ്രദ്ധ ഒത്തി കുറവാ.. വാപ്പ പറഞ്ഞു. നീ നാളെയല്ലേ പോകൂ...

നാളെയെ പോകൂ.. ഞാൻ പറഞ്ഞു.

പിറ്റേ പ്രഭാതത്തിൽ ഞാൻ തിരിച്ചു, സത്യസന്ധനായ ആ വ്യക്തിയെ കണ്ടു മനസ് നിറഞ്ഞൊന്നു അഭിനന്ദിക്കാൻ.

പാലോട് എത്തി. പരിചയമുള്ള ഒരു വർക്ക്‌ ഷോപ്പിൽ ആ പേരും അഡ്രെസും ചോദിച്ചു. ആദ്യം അവർക്ക് മനസിലായില്ല. ഞാൻ സംഭവം മൊത്തം അവരോടു പറഞ്ഞു. 

എന്റെ അറിവിൽ മൂന്ന് ദിവാകരൻ  മാരാണ് ഉള്ളത്. ഒരാൾ ആയുർവേദ ഡോക്ടർ ആണ് പക്ഷെ വീട്ടുപേര് എനിക്കറിയില്ല. രണ്ടാമത്തെ ആൾ ഇപ്പോൾ നാട്ടിൽ ഇല്ല. ഗൾഫിലോ മറ്റൊ ആണ്. പിന്നെ മൂന്നാമത്തെ ആള്. അയാൾ ആവാൻ ഒരു വഴിയുമില്ല. അവൻ ആളൊരു തരികിടയാണ്. എപ്പോഴും ഫിറ്റാ... മറ്റുള്ളവരെ ഊമ്പിച്ചു കള്ള് കുടിക്കാൻ വേണ്ടി  മാത്രം ഒരു ജന്മം.  വർക്ക്‌ ഷോപ്പ് ഉടമ പറഞ്ഞു നിർത്തി.

എന്തായാലും ആ ഡോക്ടറെ ഒന്ന് കണ്ടു നോക്ക്. അയാൾ ആവാൻ വഴിയുണ്ട്.  ഇവിടുന്ന് നേരെ ഒരു 200 മീറ്റർ പോയ വലതു ഭാഗത്തു ഒരു ക്ലിനിക് കാണാം.  അവിടെ കാണും ഡോക്ടർ.

ഇറങ്ങുപ്പോൾ അയാൾ  പറഞ്ഞു.

ഞാൻ ബൈക്കോടിച്ചു ക്ലിനിക്കിൽ എത്തി. നേരം രാവിലെ പതിനൊന്നു മണി ആയതിനാൽ  തീരെ തിരക്കുണ്ടായിരിന്നില്ല. ഡോക്ടറെ കണ്ടു കാര്യം പറഞ്ഞപ്പോൾ "ഇതു ഞാൻ അല്ല. എന്ന് മറുപടി. പിന്നെ മറ്റേ ദിവാകരൻ ആകാനുള്ള സാധ്യതയും ഇല്ല.

അതെന്താ ഡോക്ടർ അങ്ങനെ? വർക്ക്‌ ഷോപ്പ് ഉടമ പറഞ്ഞത് മനസ്സിൽ വെച്ചുകൊണ്ട് ചോദിച്ചു.

അവനിവിടെ എല്ലാ ദിവസവും വൈകിട്ട് ഒരു അഞ്ചു മണിയാവുമ്പം വരും. ഒരു പെഗിനുള്ള പൈസക്ക്. ചിലപ്പോഴൊക്കെ ഞാൻ കൊടുക്കും. പട്ടാളത്തിൽ നല്ല ജോലി ഉണ്ടായിരുന്നതാ.. കയ്യിലിരിപ്പ് കൊണ്ട് പോയതാ..

പേഷ്യൻസ് ഒന്നും ഇല്ലാത്തതു കൊണ്ട്, കത്തി വെക്കാൻ ഒരാളെ കിട്ടിയപ്പോൾ കഥ  പറയാനുള്ള മൂഡിലാണ് ഡോക്ടറെന്ന് എനിക്ക് തോന്നി.

അതെങ്ങെനെയാ  അയാടെ ജോലി പോയത്? ചെറിയൊരു ആകാംഷയോടെ ഞാൻ ചോദിച്ചു.

കള്ള് കുടിച്ചു മേജറെ  അടിച്ചതാ... അവിടെന്നു കോർട്ട് മാർഷ്യൽ ഒക്കെ കഴിഞ്ഞു നാട്ടിൽ വന്നപ്പോ കെ എസ് ആർ  ടി സിയിൽ ജോലി കിട്ടിയതാണ്.

എന്നിട്ടോ? തികട്ടി വന്ന ആകാംഷയിൽ ഞാൻ വീണ്ടും

ഒരു ദിവസം  തിരുവനന്തപുരം ഡിപ്പോയിന്നു ഒരു ബസും അടിച്ചു മാറ്റി പുള്ളി മുങ്ങി. പിന്നെ പൊങ്ങിയത് പെരിന്തൽമണ്ണയിൽ. വണ്ടീടെ ഡീസൽ തീർന്നപ്പോ.

അതോടെ ആ പണിയും പോയി. ഉണ്ടായിരുന്ന വീടും വസ്തുമൊക്ക വിറ്റു കുടിച്ചു കുടിച്ചു ഇപ്പൊ മറ്റുള്ളവരുടെ മുൻപിൽ തെണ്ടലാ.. കുടിക്കാൻ..

എന്തായാലും അവൻ ആവാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല.

എന്റെ പ്രതീക്ഷ മങ്ങി. ഓക്കേ ഡോക്ടർ ഞാൻ യാത്ര പറഞ്ഞു ഇറങ്ങി. എന്തായാലും വൈകിട്ട് ഇങ്ങോട്ട് വാ.നമുക്ക് നോക്കാം. കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ.. 

വൈകുന്നേരം വരാമെന്നു പറഞ്ഞു ഞാൻ ഇറങ്ങി.

ഒരു നാലര  ആയപ്പോൾ ഞാൻ വീണ്ടും ഡോക്ടറെ കാണാൻ വീണ്ടും എത്തി. രണ്ടു മൂന്നു പേർ ഡോക്ടറെ കാണാൻ അപ്പോഴുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ പുറത്തെ കസേര ചൂണ്ടി 

"അവിടെ ഇരിക്ക്.. ഞാൻ ഇതൊന്നു കഴിയട്ടെ...അയാൾ വരാറാവുന്നേ ഉള്ളൂ.  ഡോക്ർ പറഞ്ഞു. മണിക്കൂർ ഇഴഞ്ഞു നീങ്ങി. ആറു മണി ആയിട്ടും ദിവാകരൻ വന്നില്ല.

പേഷ്യൻസ് ഒക്കെ കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്കു വന്നിട്ട് പറഞ്ഞു. ഇന്ന് വേറെ എവിടെന്നോ കള്ള് കുടിക്കാനുള്ള വക ഒത്തിട്ടുണ്ട്.. 

എന്തായാലും ഒരു അര  മണിക്കൂർ കൂടി നോക്കാം ഞാൻ പ്രതീക്ഷ  കൈ വിടാതെ പറഞ്ഞു.

ആറര  ആയല്ലോ. ഞാൻ ക്ലിനിക് ക്ലോസ്ചെയ്യാൻ പോവാ. തന്റെ ഒറ്റമുറി ക്ലിനിക്  ഷട്ടർ ഇടാൻ പോവുകയാണെന്നു ഡോക്ടർ പ്രഖ്യാപിച്ചു.

പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കിയിട്ട്.. "നിങ്ങൾക്ക് ഭാഗ്യം ഉണ്ട് കേട്ടാ. ദിവാകരൻ വരുന്നുണ്ട്. ദോ കണ്ടോ ആവരുന്നതാണ് ദിവാകരൻ." ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു

ദൂരേന്നു ഒരാൾ താളത്മകമായി ആടി ആടി വരുന്നു. ഒരു മെല്ലിച്ച രൂപം.  അടുത്തെത്തിയപ്പോൾ മുഖം  കുറച്ചുകൂടി വ്യക്തമായി.  കുഴിഞ്ഞ കവിളുകൾ, ഷേവ് ചെയ്യാതെ തോന്നിയ പോലെ വളർന്നിറങ്ങിയ താടി. കള്ളിന്റെ കറ പറ്റിപ്പിടിച്ചു ചെമ്മണ്ണിന്റെ നിറം കലർന്ന നരച്ച മീശ. ഒട്ടുമുക്കാലും കഷണ്ടി നിറഞ്ഞ  നരവീണ  തലമുടിയും തോളിൽ ഒരു തോർത്ത്‌. പക്ഷെ മുഖത്ത് ഒരു ചിരിയുണ്ട്. ലോകത്തോട് മൊത്തം പുച്ഛമാണെന്ന മട്ടിലുള്ള ഒരു ചിരി 

കൈയിലെ എരിഞ്ഞു തീരാറായ ബീഡികുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു ദിവാകരൻ  ചോദിച്ചു 

"വൈദ്യരേ. ഇന്നെങ്കിലും മരുന്നിനുള്ള പൈസ ഇല്ലാന്ന് പറയരുത്. ഒന്നുമില്ലേലും നമ്മുടെ രണ്ടു പേരുടെയും പേര് ഒന്നല്ലേ" 

അല്ല ഇതാരാ... എന്നെ കണ്ടപ്പോൾ ഒരു ലോഡ് പുച്ഛം എനിക്ക് വാരി വിതറിയിട്ട് ഡോക്ടറോട് ചോദിച്ചു.

നിന്റെ കൈയിൽ ഇയാളുടെ പേഴ്സ് കിട്ടിയിരുന്നോ ദിവാകരാ? എന്നെ ചൂണ്ടി ഡോക്ടർ ചോദിച്ചു

ങ്ഹാ.. അപ്പൊ കത്ത് കിട്ടിയായിരുന്നോ..

എന്നിട്ട് മടിയിൽ നിന്നു എന്റെ പേഴ്സ് വലിച്ചെടുത്തു. ഇതല്ലേ സാധനം?

എന്നെ നോക്കി ദിവാകരൻ ചോദിച്ചു.

അതെ ഇതു തന്നെ.. ഞാൻ പറഞ്ഞു

എല്ലാം ഉണ്ടോന്നു നോക്കിയേ?

ഞാൻ പേഴ്സ് വാങ്ങി നോക്കി. എല്ലാം ഉണ്ട്, അതിൽ ഉണ്ടായിരുന്ന ക്യാഷ് ഒഴികെ. 

ക്യാഷ് ഇല്ല.. ബാക്കി എല്ലാം ഉണ്ട്. 

എന്റെയിൽ കിട്ടുമ്പോഴും പൈസ ഇല്ലായിരുന്നു. പുച്ഛത്തിനൊട്ടും കുറവില്ലാതെ ദിവാകരൻ  പറഞ്ഞു.

എന്നാലും ദിവാകരാ നീ ഇത്ര  നല്ലവനായിരുന്നോ? കളഞ്ഞു കിട്ടിയ പേഴ്സിന്റെ ഉടമയെ കത്തെഴുതി വിവരം  അറിയിക്കുക. എന്തൊരു മനസാടാ  നിന്റേതു.നമ്മളാരും ഇതു തിരിച്ചറഞ്ഞില്ലല്ലോടാ.. ഡോക്ടറിന്റെ സ്വരത്തിൽ കുറ്റബോധം അലിഞ്ഞിറങ്ങി.  

ആ പേഴ്സ് ഇങ്ങു തന്നേ  ഒരു കാര്യം പറയാനുണ്ട്. ദിവാകരൻ 

 അതെന്താ..  പേഴ്സ് അയാളുടെ കൈൽ കൊടുത്തിട്ട് ഞാൻ ചോദിച്ചു.

അതെ.. ഈ പേഴ്സ് തിരിച്ചു കിട്ടണമെങ്കിൽ എനിക്ക് 500 രൂപ തരണം.

ങേ.. ഞാൻ ഞെട്ടി.. ആദ്യമായിട്ടാണ് കളഞ്ഞു കിട്ടിയ പേഴ്സിന്റെ ഉടമയെ കത്തെഴുതി വരുത്തിയിട്ട് തിരിച്ചു കൊടുക്കാൻ ഇങ്ങനെ വില പേശുന്ന  ഒരാളെ കാണുന്നത്.

അതുവരെ ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവുമിക്കെ ഒരു നിമിഷംകൊണ്ട് ചോർന്നൊലിച്ചു പോയി. പകരം ദേഷ്യം അവിടെ കുടിയേറി.

എനിക്ക് പേഴ്സ് വേണ്ട.. അത് നിങ്ങള് തന്നേ എടുത്തോ... ഞാൻ പറഞ്ഞു

എന്നാ ഒരു 300... ദിവാകരൻ ഒന്ന് അയഞ്ഞു.

അഞ്ചു പൈസ ഞാൻ തരില്ല. അതിലൊരു 300 ഉണ്ടായിരുന്നു. അത് എടുത്തില്ലേ.. അതുമതി..

എന്നാ ഒരു 100 എങ്കിലും താടെ... ദിവാകരൻ കെഞ്ചി.

അയാളുടെ ദയനീയ ഭാവം കണ്ടു ഞാൻ ഒരു 100 രൂപ  എടുത്തു കൊടുത്തു.

 അത് കിട്ടിയ ഉടനെ പേഴ്സ് എടുത്തു തന്നിട്ട്  ഒരു ആക്കിയ ചിരിയും സമ്മാനിച്ചു  ദിവാകരൻ റോഡിലേക്ക് നടന്നു.

ഡോക്ടരുടെ മനസ്സിൽ നിന്നു അപ്പോൾ കുറ്റബോധം നടന്നിറങ്ങി ദിവാകരനോടൊപ്പം റോഡിലേക്ക് കയറി കഴിഞ്ഞിരുന്നു. 







Thursday, March 17, 2022

 എനിക്ക് വയ്യ വാപ്പാ ഇവിടെ നിക്കാൻ .... എത്ര  കൊല്ലമായി ഇവിടെ ജോലി ചെയ്യുന്നു .. എനിക്ക് മാത്രം ഒരു പുരോഗതിയുമില്ല ... എൻ്റെ അതെ പോസ്റ്റിലുള്ളവർക്ക്  നാലായിരം ദിർഹം ശമ്പളവും മൂവായിരം ഹൌസ് അലവൻസും ... എനിക്കിപ്പോഴും 1800 മാത്രം ..... 

എൻ്റെ വാക്കുകളിൽ സാലറി കൂടാത്തതിന്റെ നിരാശമാത്രമല്ല , കല്യാണം കഴിഞ്ഞു കൂടുതൽ കാലം ഭാര്യയുമായി ഒരുമിച്ചു നിൽക്കാത്തതിന്റെ വിരഹത്തിന്റെ നൊമ്പരവും നിറഞ്ഞു നിന്നിരുന്നു. 

ഞാൻ ഇങ്ങനെ പറയുമ്പോൾ " മോനെ നിന്റെ കല്യാണം ഇപ്പൊ കഴിഞ്ഞതേ ഉള്ളൂ . എങ്ങേനെലും അവിടെ പിടിച്ചു നിക്ക് . നമുക്ക് വേറെ വരുമാനമില്ല" .. ഇങ്ങനെ പറയുന്ന ഒരു വാപ്പ ആയിരുന്നു എന്റെ മനസ്സിൽ 

പക്ഷെ  " നിനക്കവിടെ അത്ര ബുദ്ധിമുട്ടാണെൽ നീയിങ് വാ ... പടച്ചോൻ തന്ന ആരോഗ്യമുണ്ടല്ലോ  ..... നമുക്കിവിടെ എന്തെങ്കിലും ചെയ്തു ജീവിക്കാം .  വാപ്പയുടെ വാക്കുകൾ എനിക്ക് അദ്ഭുതമായിരുന്നു . സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിരുന്നു അത്, എന്നിട്ട്പോലും വാപ്പ എന്റെ മനസ് വായിച്ചപോലെ പറഞ്ഞു . 

എന്റെ ധൈര്യമായിരുന്നു വാപ്പ. സങ്കടവും വിഷമവും വാപ്പയോടു പറയുമ്പോൾ വാപ്പ പറയുന്ന ഒരു വാക്കുണ്ട് .. എനിക്കറിയാമിടാ ... നീ ധൈര്യമായി ഇരി ...   ഞാൻ ഇതൊക്കെ എത്ര കഴിഞ്ഞതാ . 

അതെ ജീവിതത്തിന്റെ എല്ലാ വശങ്ങളും കടന്നുപോയ ഒരാളാണ് എന്റെ വാപ്പ. വളരെ ചെറുപ്പത്തിലേ വാപ്പയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ " ആറു വയസിൽ" ജോലി ചെയ്യാൻ തുടങ്ങിയതാണ് വാപ്പ . കഷ്ടപ്പാടിന്റെ വിഷമങ്ങൾക്കിടയിലും സ്വന്തം കുടുംബത്തിന്റ സുഖത്തിനു പ്രാധാന്യം നൽകി. 

ഗൾഫിൽ വന്നു, അത്യാവശ്യം വരുമാനം ആയപ്പോൾ ഞാൻ വാപ്പയോട്  പറഞ്ഞു " വാപ്പ ഇനി പള്ളിയിലേക്ക് പോകണ്ട .. വാപ്പാക്ക് കിട്ടുന്ന 5000 കൂടി ഞാൻ അധികം അയച്ചു തരാം ...   മോനെ എന്റെ ആറാമത്തെ വയസു മുതൽ ആ കടലിനോടു മല്ലടിച്ചു തുടങ്ങിയ ജീവിതമാണ് എൻ്റെ... പടച്ചോൻ ആരോഗ്യം നിലനിർത്തുന്ന കാലം വരെ ഞാൻ അദ്ധ്വാനിക്കും . പിന്നെ ഈ പള്ളിയിലെ പണി അത് എനിക്കെന്റെ റബ്ബ്മായി അടുക്കാനുള്ള മാർഗം കൂടിയാണ് " 

ആരോഗ്യം അനുവദിക്കുന്നവരെ വാപ്പ ആ ജോലി തുടർന്നു. അതിരാവിലെ നാലു  മണിക്ക് തുടങ്ങുന്നു വാപ്പയുടെ ജീവിതം. തഹജ്ജുദ് നിസ്കരിച്ചു കഴിഞ്ഞു എത്ര മഴയാണെങ്കിലും , തണുപ്പാണെങ്കിലും പള്ളിയിൽ പോകുമായിരുന്നു വാപ്പ.  വാപ്പയുടെ വാങ്ക് കേട്ടാണ്  റാത്തിക്കലുള്ള ഓരോരുത്തരും ഉറക്കമെണീറ്റിരുന്നത് . സുബ്ഹി കഴിഞ്ഞാൽ കുറച്ചുനേരം ഖുർആൻ പാരായണം . പിന്നീട് ദുഹാ നിസ്കാരം .. അങ്ങനെ പോകുന്നു വാപ്പയുടെ ഒരു ദിവസത്തെ ജീവിതചര്യ. പള്ളിയിൽ ഓരോ ജോലിയും വളരെ സന്തോഷത്തോടെയാണ് വാപ്പ ചെയ്തിരുന്നത് . അത് വാങ്ക് കൊടുക്കുന്നത് മുതൽ ജമാഅത്തിന് ഇമാം നിൽക്കുന്നതും പള്ളി വൃത്തിയാക്കുന്നത് വരെ . 

എന്ത് കാര്യത്തിലും കൃത്യനിഷ്ടയും അച്ചടക്കവും വാപ്പയുടെ മുഖമുദ്രയായിരുന്നു. അത് ചെയ്യുന്ന ജോലിആയാലും , സാമ്പത്തിക അച്ചടക്കം ആയാലും ( എനിക്ക് തീരെ ഇല്ലാതിരുന്നത് ) ധരിക്കുന്ന വസ്ത്രമായാലും . സാമ്പത്തിക അച്ചടക്കം വാപ്പയെ കണ്ടു പഠിക്കണം . മുപ്പത്തി അഞ്ചു വർഷം മുൻപ് പ്രവാസം നിർത്തിയതാണ് വാപ്പ ,അതിനുശേഷം എന്റെ വിദ്യാഭാസം , എൻ്റെ സഹോദരിമാരുടെ വിവാഹം, രണ്ടുപേർക്കും വീട് വെച്ച് കൊടുത്ത് മുതൽ, ബന്ധുക്കൾക്ക് സഹായിച്ചതൊക്കെയും നാട്ടിൽ നിന്ന് കൊണ്ടാണ് . 

കുട്ടിക്കാലത്ത് ഞാൻ  വാപ്പയെ ഓർക്കുന്നത് പ്രവാസിയായാണ്. വർഷത്തിൽ ഒരു മാസം ലീവിന് വരുന്ന വാപ്പ. പാന്റും ഷർട്ടും ഇൻ ഷർട്ട് ചെയ്തു റെയ്ബാൻ ഗ്ലാസ്സവെച്ചു എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ടു വരുന്ന വാപ്പയെ. റോത്മാൻസ് സിഗരറ്റ്ൻറെയും ബ്രൂ ത്തിന്റെയും സമ്മിശ്രഗന്ധം ...  അതൊരു വല്ലാത്ത മണമാണ്. ഓർമയിലെ സുഗന്ധം. ഞാൻ ഗൾഫിൽ വന്നപ്പോഴോ അതിനു മുൻപോ ശേഷമോ അങ്ങനെയൊരു ഗന്ധം ഞാൻ അനുഭവിച്ചിട്ടില്ല. പിന്നീട് നാട്ടിൽ  പലവജ്ഞന കട, തൊണ്ടു കയറു,കൊപ്ര ഇവയുടെ ബിസിനസ്സ് , ബിസ്‌ക്കറ്റിന്റെ ഡിസ്‌ട്രിബൂഷൻ, ബസ്  അങ്ങനെ എന്തെല്ലാം .  ഒന്നിനും ഒരു കുറവുമില്ലാത്ത കാലം . ജീവിതത്തിലെ മനോഹരമായ കാലം. 

പിന്നെയെപ്പൊഴോ , ജീവിതത്തിൽ കാലിടറി . ബിസിനസ്സുകൾ എല്ലാം പൊളിഞ്ഞു . അപ്പോഴും വാപ്പയുടെ മനസ് ഇളകിയില്ല. ഉമ്മയുടെ അസുഖം . മറ്റു ചില പ്രശ്നങ്ങൾ. ജീവിത്തിലെ മുകൾത്തട്ടിൽ നിന്നും താഴോട്ടുള്ള യാത്ര. വാപ്പയുടെ മനസു തളർന്നില്ല. പതറിയില്ല. പടച്ചോന്റെ പരീക്ഷണമാണെന്നു മാത്രം വിശ്വസിച്ചു . എല്ലാം സൃഷ്ട്ടാവിൽ സമർപ്പിച്ചു പള്ളിയിലെ "മുഅദ്ദിൻ" ജോലിയിലെ സന്തോഷം തിരിച്ചറിഞ്ഞു. ഖുർആനിൽ സമർപ്പിച്ചു. 

കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിയാതെ വളർന്ന ഞാൻ, മിക്കപ്പോഴും ജീവിതത്തിൽ മുന്നോട്ട് പോവാതെ പകച്ചു നിന്നപ്പോൾ , മുന്നിലെ വെളിച്ചം വാപ്പയായിരുന്നു . ഒരു ചെറുചിരിയോടെ എന്നെ ആശ്വസിപ്പിച്ചു . 

ഞാൻ വാപ്പയെ സ്നേഹിച്ചു തുടങ്ങുന്നത് വളരെ വൈകിയാണ് , ഒരുപക്ഷെ ഞാൻ ഒരു പിതാവായപ്പോൾ ആയിരിക്കാം .  തെറ്റ് ചെയ്‌താൽ നല്ല അടികിട്ടിമായിരുന്നു വാപ്പാടെ അടുത്തുന്നു; കുട്ടിക്കാലത്തു.  സ്നേഹമുണ്ട്, പക്ഷെ അതിലൊരു പേടിയുണ്ടായിരുന്നു. എന്തും പറഞ്ഞിരുന്നത് ഉമ്മയോടായിരുന്നു. ഉമ്മ മക്കളുടെ ഭാഗത്തായിരുന്നു.വാപ്പയോടു കലഹിച്ചെങ്കിലും, കാര്യങ്ങൾ പറഞ്ഞു സാധിച്ചു തന്നിരിന്നു ഉമ്മ. 

കാലം കുറെ മുന്നോട്ട് പോയപ്പോൾ , പ്രായം കുറെ കൂടിയപ്പോൾ, എന്റെ ഏറ്റവും നല്ല സുഹൃത്തായി വാപ്പ. പേടി മാറി, ആ ഉള്ളിലെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. എൻ്റെ പ്രവാസത്തിനിടയിലെ അവധി ദിനങ്ങൾക്കിടയിൽ നാട്ടിലെത്തുമ്പോൾ  രാത്രി ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഒരുമിച്ചു സംസാരിച്ചിരുന്നു. പഴയ കഥകൾ പറഞ്ഞു. വാപ്പയുടെ ജീവിതം പറഞ്ഞു, നാടിൻ്റെ ചരിത്രം പറഞ്ഞു...

ആയിടക്കാണ്, എന്റെ ഉറ്റസുഹൃത്തിന്റെ വാപ്പ മരിക്കുന്നതു. ഞങ്ങൾ അന്ന് പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ ആയിരുന്നു. സന്തോഷം പെട്ടന്ന് ദുഖത്തിന് വഴിമാറി. മസ്കറ്റ് എയർപോർട്ടിൽ അവനെ യാത്രയയക്കാൻ  ഡ്രൈവ് ചെയ്യുമ്പോൾ , മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു. 

കുട്ടിക്കാലത്തു ഒരു രാജകുമാരനെ പോലെ എന്നെ വളർത്തിയ മാതാപിതാക്കൾ പ്രായമാകുമ്പോൾ അവരോടപ്പം ചിലവഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് ജീവിതം . അന്ന് മുതൽ ചിന്തിച്ചു തുടങ്ങിയതാണ്  നാട്ടിൽ എങ്ങനെയെങ്കിലും സെറ്റിൽ ചെയ്യണമെന്ന് . ബാങ്ക് ബാലൻസ് ഇല്ല. കുഴപ്പമില്ലാത്ത ജോലി ആയിരുന്നുവെങ്കിലും എന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ ബാങ്ക് ബാലൻസ് എല്ലായിപ്പോഴും "0 "  ത്തിൽ തുടർന്ന് . ഒരിക്കൽ വാപ്പ എന്നോട് എന്റെ സാലറി എത്ര എന്ന് ചോദിച്ചില്ല. ഇത്ര അയക്കണമെന്ന് ശഠിച്ചില്ല . 

ഉർവശി ഉപകാരം എന്നപോലെ " അപ്പോഴാണ് എന്റെ ജോലി പോയത് " വേറൊന്നും ആലോചിച്ചില്ല നാട്ടിൽ പോയി എന്തെങ്കിലും ചെറിയ ബിസിനസ്സ് ചെയ്തു വാപ്പയുടെയും ഉമ്മയുടെയും കൂടെ ജീവിക്കണമെന്ന് തോന്നി. 

സ്വന്തമായി  വീടില്ല , പൈസ ഇല്ല രണ്ടു കുട്ടികൾ ആണ് . ഇതൊന്നും ആലോചിച്ചില്ല. കുറച്ചു കാലം നാട്ടിൽ നിന്ന് ചെയ്ത ബിസിനസ്സ് നഷ്ടമായപ്പോൾ വീണ്ടും പ്രവാസിയായി. വീണ്ടും കുറച്ചു കാലം ഗൾഫിൽ വീണ്ടും ജോലി പോയി . വീണ്ടും ചില ബിസിനസ്സകൾ പരീക്ഷിച്ചു . വാടക വീട്ടിൽ നിൽക്കുമ്പോഴും വാപ്പയും ഉമ്മയും അടുത്തുണ്ടല്ലോ എന്ന സന്തോഷമായിരുന്നു മനസ്സിൽ ....  പക്ഷെ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. 

അശനിപാതം പോലെ , വാപ്പയുടെ അസുഖം . മനസ്സിലെ  സ്വാകാര്യ സന്തോഷമായിരുന്നു വാപ്പയുടെ ആരോഗ്യം. 72  വയസ്സായിട്ടും ഷുഗറില്ല, കൊളസ്ട്രോളില്ല, ബി പി  അങ്ങനെ പറയത്തക്ക രോഗങ്ങൾ ഒന്നും വാപ്പാക്ക് ഇല്ല . പക്ഷെ അത് മാത്രമല്ല അസുഖമെന്ന ഞാൻ തിരിച്ചറിഞ്ഞു . 

ഇടക്കിടെ വാപ്പ പറയുമായിരുന്നു. " ഡാ എന്തെങ്കിലും ചെയ്ത കാലി അപ്പോ നീരു വരും "

അത് ഇത്രയും പ്രായമായില്ലെ ... അതിൻ്റെ താവും ... ഞാൻ പറഞ്ഞു. 

വാപ്പാക്ക് ഇടക്കിടെ സുഖമില്ലാതാവുന്നു . ബോധക്ഷയമുണ്ടാവുന്നു. ഓർമ്മ ശരിയാവുന്നില്ല.കുറച്ചു മാസങ്ങൾക്ക് മുൻപാണ്  മൂത്താപ്പ (വാപ്പയുടെ ജേഷ്‌ഠൻ ) മരണപ്പെടുന്നത്. അതിന്റെ മാനസികവിഷമമാകാം വാപ്പയെ മറവിയുടെ കയത്തിലേക്ക് തള്ളിയിടുന്നതെന്നു എനിക്ക് തോന്നി. മാനസിക രോഗ വിദഗ്ദ്ധനെ കാണിച്ചു. ന്യൂറോളജിസ്ട്നെ കാണിച്ചു , ഇ എൻ ടി ഡോക്ടറെ കാണിച്ചു . രോഗം മാത്രം  മാറിയില്ല. അവസാനം ഒരു വീഴ്ചയിൽ , ശരീരം ടെസ്റ്റ് ചെയ്തു . അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് . ഒരിക്കലും തിരിച്ചു  വരാനാകാത്തവിധം വാപ്പയെ രോഗം കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നു . 

മൂന്നുമാസം മാസം മാത്രമാണ് വാപ്പയുടെ ആയുസെന്നു കേട്ടപ്പോൾ ഞെഞ്ചൊന്നു കാളി. തികട്ടി വന്ന സങ്കടം ഉള്ളിലൊതുക്കി . അവസാനം ഒന്ന് കരയണമെന്നു തോന്നിയപ്പോൾ ആശുപത്രിയിലെ ടോയ്‌ലെറ്റിലെ ടാപ്പ് തുറന്നു നെഞ്ചിലെ ഭാരം കുറക്കുമ്പോഴും ആശ്വസിച്ചു . ഏയ് അങ്ങനെ ആവില്ല ആയുസ് നിശ്ചയിക്കാൻ ഡോക്ടർ ദൈവമൊന്നുമല്ലോല്ലോ .. 

അപ്പോഴും പാതി അബോധവസ്ഥയിൽ ഡോക്ടറിന്റെ കൺസൾട്ടിങ് റൂമിന്റെ പുറത്തിരുന്ന വാപ്പ എന്നോട് ചോദിച്ചു  

 " എത്ര ദിവസിമിടാ  എനിക്ക് ഡോക്ടർ പറഞ്ഞത് ? എന്തോ മുൻകൂട്ടി അറിഞ്ഞപോലെ വാപ്പ ചോദിച്ചു 

"അങ്ങനെ ഒന്നും പറഞ്ഞില്ല വാപ്പ . ജീവിതകാലം മൊത്തം മരുന്നുകഴിക്കണമെന്നു ഡോക്ടർ പറഞ്ഞു . അതീ ആള്ക്കാരു  ഷുഗറിനും കൊളസ്ട്രോളിനുമൊക്കെ മരുന്ന്   കഴിക്കുന്നില്ലേ"  മുഖത്ത് നോക്കാതെ ഞാൻ 

 പറഞ്ഞു. 

ധൈര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നു ആളല്ല എന്റെ വാപ്പ. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആരോഗ്യമൊന്നു മെച്ചപ്പെട്ടപ്പോൾ വാപ്പയെ 

ഹോസ്പിറ്റലിൽ  നിന്ന് ഡിസ്ചാർജ്  ചെയ്തു . 

ഡോക്ടർ പറഞ്ഞു " രോഗ പരിപാലനം ഉണ്ടെങ്കിൽ ആയുസ് കുറച്ചു കൂടി നീണ്ടുപോ കാം. 

കൃത്യമായ പരിചരണം കൊണ്ടാകാം മൂന്നുമാസം ആകാറായപ്പോൾ , പതിവുപോലെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയപ്പോൾ " മൂന്ന് മുതൽ ആറ് മാസം വരെ "  എന്ന് പറഞ്ഞു. 

എനിക്ക് സന്തോഷമായി .. ആറ് പന്ത്രണ്ട് ആവുമായരിക്കും. പക്ഷേ സാമ്പത്തികമായി ഞാൻ ആകെ തകർന്നിരുന്നു. കടങ്ങൾ പെരുകി വരുന്നൂ. ദുരഭിമാനം ആരുടെ മുന്നിലും കൈ നീട്ടാൻ അനുവദിച്ചില്ല. പക്ഷേ മനസറിയുന്ന എൻ്റെ ബാല്യകാല കൂട്ടുകാർ എന്നെ സഹായിച്ചിരുന്നു. പിന്നെ ഞാൻ പോലും അറിയാതെ മറ്റു ചിലരും. 

വീണ്ടും പ്രവാസിയാകൻ മനസ്സ് പറഞ്ഞു. വാപ്പയെ ഈ അവസരത്തിൽ പിരിയുന്നത് വല്ലാത്ത വേദനയായിരുന്നു. ഇനി ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞില്ലങ്കിലോ? മനസ്സിൽ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി. പക്ഷേ പോകാതെ പറ്റില്ലല്ലോ. മനസ്സില്ലാമനസ്സോടെ  അങ്ങനെ വീണ്ടും വിമാനം കയറി. വാപ്പയോട് യാത്ര വളരെ പെട്ടെന്ന് പറഞ്ഞിറങ്ങി. 

പോയിട്ട് വാടാ. എനിക്കറിയാം നിൻ്റെ അവസ്ഥ .. ഞാൻ ദുആ ചെയ്യാം " 

വേറൊന്നും പറയാതെ ഞാൻ വേഗം ഇറങ്ങി. ജോലി ചെയ്യുന്ന കമ്പനിയിൽ ഒറ്റ കാര്യമേ ആവശ്യപ്പെട്ടുള്ളൂ.. വാപ്പക്ക് എന്തെങ്കിലും പറ്റിയാൽ നാട്ടിൽ പോകണം. 

ഞാനീ അറബി നാട്ടിലെത്തി ഒരു മാസം പിന്നിടും മുൻപ്, ഒരിക്കലും കാണാനാകാത്ത വിധം എൻ്റെ പ്രിയപ്പെട്ട പിതാവ് എന്നെ വിട്ടുപോയി.

ഒരുപാട് സ്വപ്നങ്ങൾ നെയ്തിരുന്നു എന്നെക്കൊണ്ട് , എൻ്റെ പ്രിയപപെട്ട വാപ്പ.. പക്ഷേ എനിക്കൊന്നിനും ആയില്ല, വാപ്പ ആഗ്രഹിച്ച ഞാൻ ഒന്നുമായില്ല. എനിക്കൊന്നും കഴിഞ്ഞില്ല.

ഈ ലോകം വിട്ടുപോകുന്നതിന് മൂന്ന് ദിവസം മുൻപ്, ഇളയ സഹോദരിയോട് എന്നെ കാണണമെന്ന് പറഞ്ഞു. വീഡിയോ കോളിൽ ഒരു നിമിഷം എന്നെ ഒന്ന് കണ്ടൂ, സംസാരിച്ചില്ല. എൻ്റെ ഉള്ളൂ പിടഞ്ഞു. ഞാൻ കോൾ കട്ട് ചെയ്തു. നെഞ്ച് പൊട്ടിപോകുമെന്ന് തോന്നി. നിസ്കാര പായയിൽ മനമുരുകി പ്രാർത്ഥിച്ചു.

അവസാന നിമിഷങ്ങൾ കാണാൻ എന്നെ കൊണ്ടാവില്ലായിരുന്നു. അതുകൊണ്ട് തന്നെ പടച്ചവൻ അത് കാണിച്ചില്ല. ഭാര്യയുടെ വാക്കുകൾ മുറിഞ്ഞ മെസ്സേജ് കണ്ടപ്പോഴേ ഞാൻ ഊഹിച്ചു. ഇനി ഒരിക്കലും എൻ്റെ വാപ്പ എന്നെ കാണില്ലാന്ന്. എൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ , എൻ്റെ വിഷമങ്ങളിൽ ഒന്നിനും കൂടെ ഉണ്ടാവില്ലെന്ന്. 

കബർ അടക്കുംമുൻപ് എനിക്കെത്താനായില്ല. ഒരു ദിനം പിന്നിട്ടിരുന്ന് നാട്ടിൽ എത്തിയപ്പോൾ.  വാപ്പയുടെ ഖബറിൻ്റെ അരികിൽ എത്തുമ്പോൾ എനിക്ക് തോന്നി. ഇവിടെ എവിടെയോ എൻ്റെ പ്രിപ്പെട്ട വാപ്പ നിൽപ്പുണ്ടെന്ന്.. 

വേർപാടിൻ്റെ വേദന അത് വളരെ വലുതാണ്, എഴുതിയാലോ, പറഞ്ഞാലോ ആർക്കോ മനസ്സിലാവില്ല. ലോകത്ത് ദിവസവും എത്രയോപേർ മരിക്കുന്നു. അറിയുന്നവരും അല്ലാത്തവരും. മനസ്സിൽ എവിടെയൊക്കെയോ ചിലതൊക്കെ സ്പർശിചേക്കാം. പക്ഷേ ജീവിതത്തിൽ ആദ്യമായി നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ, ഇനി ഒിക്കലും ഇല്ലാന്ന് ഓർക്കുമ്പോൾ അതിലെ വേദന പറഞ്ഞറിയിക്കാൻ ആവില്ല. 

എവിടേക്കെങ്ങിലും പുറപ്പെട്ടാൽ , എത്തിയോന്ന് അറിയാൻ  മണിക്കൂർ ഇടവിട്ട് വിളിക്കാൻ, ഫോൺ വിളിക്കുമ്പോൾ, സ്വരത്തിൽ ചെറിയൊരു മാറ്റം വന്നാൽ " എന്ത് പറ്റിയിടാ സുഖമില്ലേ ? 

നേരം വൈകി പുറപ്പെട്ടാൽ " നിന്നോട് പലവട്ടം പറഞ്ഞിട്ടില്ലേ അവളെയും മക്കളെയും കൊണ്ട് സന്ധ്യക്ക് ശേഷം പോവരുതെന്ന്..  

എന്നൊക്കെ പറയാനും ചോദിക്കാനും എനിക്കിനി എൻ്റെ വാപ്പയില്ല. 

ഞാൻ അനാഥനായി. 

എൻ്റെ ധൈര്യം, വഴികാട്ടി, ഇതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. 

ഞാൻ നല്ലൊരു മകനാണെന്ന് ചോദിച്ചാൽ ആണെന്ന് പറയാൻ ഞാൻ യോഗ്യനല്ല. കുറച്ചുകൂടി ആകാമായിരുന്നു. വാപ്പ ആഗ്രഹിച്ചതുപോലെ പലതും ചെയ്യാമായിരുന്നു. 

ഓർമകൾ മാത്രം ബാക്കിയായി, സ്വന്തം ജീവിതം കൊണ്ടെന്നെ  പാഠങ്ങൾ പഠിപ്പിച്ച, എൻ്റെ വാപ്പ പോയ്മറഞ്ഞു.

നാളെ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമെ നാഥാ ....ആമീൻ 
















Wednesday, October 13, 2021

വിശ്യവിഖ്യാതമായ പാദം 

ഞാൻ എന്നെ കുറിച്ച് ഒന്ന് പൊക്കിപ്പറഞ്ഞിട്ട് നാൾ ഒത്തിരി ആയിരിക്കുന്നു. അല്ല അങ്ങനെ പൊക്കിപ്പറയാൻ പ്രേതേകിച്ചു മേന്മകളൊന്നും ഇല്ലാത്തതിനാൽ എന്ത് പറയാൻ എന്ന് അസൂയാലുക്കൾ മൊഴിഞ്ഞാലും ഈ നേരമില്ലാനേരത്തു എന്തേലും പറയണമെന്ന് തോന്നി.  നേരമില്ലന്നു നേരെത്തെ പറഞ്ഞല്ലല്ലോ . അത് സത്യമാണ് നേരം ഒട്ടും തികയുന്നില്ല. ദിവസം ഒരു 36 മണിക്കൂർ എങ്കിലുമാക്കണമെന്നാണ് എന്റെ ഒരു ഇതു. അതുപോട്ടെ . പറഞ്ഞു വരുന്നത് എന്റെ പാദങ്ങളെ കുറിച്ചാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തെ അത്യാവശ്യം വലിയ പാദങ്ങളായിരുന്നു എന്റേത്. ആ കാലത്തു ഞാൻ അത് കാര്യമാക്കിയില്ല. കൂട്ടുകാർ 6 -7 ഇഞ്ച് ചെരിപ്പിട്ടപ്പോൾ ഞാൻ 8 -9 സൈസിലേക്കു നീണ്ടുന്ന് മാത്രം. 

ഉമ്മ ഇടക്കിടെ പറയും " നിനക്ക് വാപ്പച്ചീടെ കാലാണ്" ഉമ്മയുടെ  വാപ്പയെ കുറിച്ചാണ്.  എന്റെ ഉപ്പൂപ്പയെ കുറിച്ച്. അതൊരു അലങ്കാരമായി ഞാൻ കൊണ്ട് നടന്നു. ആള് പണ്ട് ഗൾഫിൽ പോകാൻ വേണ്ടി ഷൂ വാങ്ങിയത് മദ്രാസിൽ പോയിട്ടാണ് എന്നൊരു കഥ ഞാൻ കേട്ടിട്ടുണ്ട്. നാട്ടിൽ എവിടെയും കാലിനു പറ്റിയ ഷൂ കിട്ടിയില്ലത്രേ. 

ഞാൻ വളരുന്നതിനേക്കാൾ വേഗത്തിൽ കാൽ വളർന്നൂന്ന് വേണം കരുതാൻ . പത്താം ക്‌ളാസ്കഴിഞ്ഞപ്പോൾ തന്നെ എന്റെ പാദം യൗവനം പിന്നിട്ടിരുന്നു  ചെരുപ്പിന്റെ സൈസ് പത്തിൽ നിന്ന് പതിനൊന്നിലേക്ക് വളർന്നു. അപ്പോഴാണ് അപകടം മണത്തത് . കൂട്ടുകാരൊക്കെ ഇഷ്ടപ്പെട്ട ഫാഷനിൽ ചെരിപ്പുകൾ വാങ്ങുമ്പോൾ എനിക്ക് മാത്രം കടക്കാരൻ തരുന്നതുമിട്ട് നടക്കേണ്ടി വന്നു. മിക്കപ്പോഴും  ഇഷ്ടപ്പെട്ട ചെരിപ്പിടുന്നത് ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു . 

അതൊരു ഗുണമായി ആദ്യമായി തോന്നിയത് ഒരു ദിവസം കൂട്ടുകാരനുമായി സിനിമക്ക് പോയപ്പോഴാണ്. കുറച്ചധികം നേരെത്തെ തിയറ്ററിൽ എത്തിയ ഞങ്ങൾക്ക് സമയം പോകാൻ ഒരു മാർഗവുമില്ല. അപ്പോഴാണ് അടുത്തുള്ള ചെരിപ്പുകട ഞാൻ കണ്ടത്. 

വാ അളിയാ നമുക്ക് ചെരിപ്പ് കടയിൽ ഒന്ന് കേറാം സമയവും പോകും  ഞാൻ പറഞ്ഞു 

അളിയാ അതിനു ചെരുപ്പ് വാങ്ങാനുള്ള പൈസ നിന്റേൽ ഉണ്ടോ ? 

ആകെ നുള്ളിപ്പെറുക്കി കൊണ്ട് വന്ന കുറച്ചു പൈസയാണ് ഉള്ളത്. അതും കൃത്യമായി വണ്ടികൂലിക്കും സിനിമ  ടിക്കറ്റിനുമുള്ളതുമാത്രം . 

അത് കുഴമില്ലളിയാ.. എന്റെ കാലിനൊത്ത ചെരിപ്പവിടെ ഉണ്ടെങ്കിൽ വാങ്ങിയാൽ പോരെ. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു . 

കടയിൽ കയറി " അണ്ണാ ഇവന്റെ കാലിന് പറ്റിയ ഒരു ചെരുപ്പ്. ലേറ്റസ്റ്റ് ഫാഷൻ തന്നെ എടുക്കണേ അണ്ണാ . കൂട്ടുകാരൻ പറഞ്ഞു 

കടയുടമ ഒരു കോളോത്ത മട്ടിൽ സന്തോഷത്തോടെ ഒരു ഒൻപതു ഇഞ്ചു പല സ്റ്റൈലിൽ കെട്ടുള്ള ചെരിപ്പെടുത്തു എന്റെ മുന്നിലേക്കിട്ടു. എന്റെ പാന്റ് ജസ്റ്റ് ഒന്ന് പൊക്കി കാൽ ചെരിപ്പിന്റെ ഉള്ളിലേക്ക് ആവാഹിക്കാൻ ശ്രമിച്ചു . നോ രക്ഷ .  

എന്ന പിന്നെ ഇതിന്റെ 10 എടുക്കാം . എത്തും പറഞ്ഞും കക്ഷി പുതിയൊരു ചെരിപ്പെടുത്തു എന്റെ മുന്നിലേക്കിട്ടു.   ഇത്തവണ കാലു ഉള്ളിലേക്ക് കയറി . പക്ഷെ കാൽ രണ്ടിഞ്ചു പുറത്തു. 

എന്ന അനിയാ വേറൊരു മോഡലുണ്ട് അതെടുക്കാം അതാവുമ്പം വിലയും കുറവാ . പുള്ളി വേറൊരെണ്ണം എടുത്തിട്ടു. സ്ഥിതി തതൈവ. തോൽക്കാൻ കടയുടമക്ക് ഒട്ടും താല്പര്യമില്ലന്നു തോന്നി. 

വേറൊരു ചെരിപ്പുണ്ട് , 11 സൈസ് ആണ് . വല്യ മോഡലൊന്നുമില്ല . നിന്റെ കാലിനു പറ്റും. കുറെ ചെരിപ്പുകൾക്കിടയിന്നു പണ്ടെങ്ങോ വാങ്ങിവെച്ച ഒരു ചെരിപ്പ് എടുത്തിട്ടു . ഞാൻ ഇട്ടു നോക്കി ഏകദേശം ഒപ്പിക്കാം . എന്നാലും  കാലു കുറച്ചു പുറത്തുണ്ട്. 

അയ്യോ അണ്ണാ ഇപ്പോഴും ശരിയായില്ല. തോൽവി സമ്മതിച്ചുകൊണ്ട് കടയുടമ ദയനീയമായി എന്നെ നോക്കി 

അനിയാ വല്ലാത്തൊരു കാലായിപ്പോയി . അപ്പോഴേക്കും സിനിമക്ക് സമയമായിരുന്നു. 

എന്റെ കൈയിലിരിപ്പ് നല്ലതായതു കൊണ്ട് നല്ലവനായ എന്റെ പിതാവ് പ്രീ ഡിഗ്രി പഠനത്തിന് കൂട്ടുകാരുടെ കണ്ണെത്താദൂരത്തായ കോഴിക്കോട്ടെ പ്രശസ്തമായ ഒരു ഇസ്ലാമിക് കോളേജിൽ ചേർത്തു. നല്ലവനായ ഉണ്ണിയായ ഞാൻ ചില അധ്യാപകരുടെ കണ്ണിലുണ്ണിയായും മറ്റുചിലരുടെ കണ്ണിലെ കരടായും പഠിച്ചു വന്നു. അവിടെ വെച്ചു എന്റെ പാദങ്ങൾക്ക് ശക്തനായ ഒരു പ്രതിയോഗിയെ കിട്ടി

കാലൻ മൂസ. എന്റെ കാലുകൾക്ക് കിടപിടക്കുന്ന മൂസക്ക് അവിടെയുള്ള സഹപാഠികൾ സ്നേഹപൂർവം നൽകിയ നാമമാണ് കാലൻ. അവരുടെ സ്നേഹം എന്റെ പാദങ്ങളിലും പതിഞ്ഞിരിന്നു. അവർ എനികിട്ട പേരായിരുന്നു

ആദം...  ആദ്യപിതാവിന്റെ പേര്..  ശരിക്കു പറഞ്ഞാൽ ആ പേര് എനിക്ക് നന്നേ ബോധിച്ചു..നാട്ടിൽ എന്റെ ചെല്ലപ്പേരുകൾ അത്ര മനോഹരമായിരുന്നില്ല. ആദ്യപ്രവാചകനായ ആദത്തിന്റെ കാലുകൾ വളരെ വലുതായിരുന്നുവത്രെ. അദ്ദേഹത്തിന്റെ കാൽപാടുകൾ പതിഞ്ഞ ആദം മല ശ്രീലങ്കയിൽ ഉണ്ടെന്നു അന്നാണ് ഞാൻ മനസിലാക്കിയത്. 

ഇഷ്ടപെട്ട പാദുകങ്ങൾ അപ്പോഴും സ്വപ്നമായി തന്നെ തുടർന്നു. വർഷങ്ങൾ കടന്നു പോയി . ആരെക്കെയോ എന്നെ ഉപദേശിച്ചു ഷൂവിട്ടാൽ പാദങ്ങൾ അടങ്ങിയൊതുങ്ങി കൊള്ളുമെന്നു . പക്ഷെ അപ്പോഴെന്നും ഞാൻ അത് കേട്ടില്ല.. ചെരിപ്പില്ലാതെയും ചെരിപ്പിട്ടും ഞാൻ കല്ലിലും മുള്ളിലും കടപ്പുറത്തും നടന്നു. 

അവസാനം പ്രവാസിയാകാൻ തീരുമാനിച്ചപ്പോൾ ഇഷ്ടപെട്ട ഷൂ , അല്ല കാലിനൊത്ത ഷൂ തേടി തലസ്ഥാന നഗരിവരെ പോകേണ്ടി വന്നു. ചെരിപ്പിനൊത്തു കാൽ വെട്ടാൻ പറ്റില്ലല്ലോ .. 

കടൽ കടന്നപ്പോൾ ഇഷ്ടപ്പെട്ട പാദുകങ്ങൾ അണിയാനായി. അങ്ങനെ നീണ്ട വ്യാഴവട്ടക്കാലം എന്റെ പാദങ്ങൾ ഷൂവിനുള്ളിൽ ഞെരിഞ്ഞമർന്നു. എന്റെ ഷൂ കണ്ടവർ അതിനെ "വള്ളമെന്നു" ഉപമിച്ചു . 

നാട്ടിൽ തിരിച്ചെത്തി . ഷൂവിൽ നിന്ന് എന്റെ പാദങ്ങളെ മോചിപ്പിച്ചു. ബാറ്റ യുടെ ഷോറൂമിൽ കയറി ഇഷ്ടപ്പെട്ട ഒരു കെട്ടുചെരിപ്പ് സംഘടിപ്പിച്ചു. പത്തു ഇഞ്ചിൽ എന്റെ പാദങ്ങൾ അല്പം ഞെരുങ്ങിയെങ്കിലും കയറിക്കൂടി . അതിൽ വലിയ സൈസ് കടയിൽ ഇല്ലാത്തതിനാൽ ഉടമ പറഞ്ഞു " കുറച്ചു കഴിയുമ്പോൾ ചെരിപ്പ് വലിഞ്ഞോളും " 

ചെരുപ്പ് വലിഞ്ഞു വലുതായതോ അതോ കാലു ഷൂവിട്ടു ഒതുങ്ങിയതോ ഞാൻ ആ ചെരുപ്പ് അതിന്റെ കെട്ടിടാതെ ഈ മഴക്കാലം വരെ ഉപയോഗിച്ചിച്ചു. മഴ നനഞ്ഞ ആ പാദുകങ്ങൾ എന്നെ വിട്ടുപോയപ്പോൾ , അതെ ചെരുപ്പ് വാങ്ങാൻ വേണ്ടി വീണ്ടും അവിടെ പോയി . പക്ഷെ ഇത്തവണ പണി പാളി 

അതെ ചെരുപ്പ് എന്റെ പാദങ്ങളിൽ കയറാൻ കൂട്ടാക്കുന്നില്ല. അവസാനം കടയുടമ പറഞ്ഞു ദാ അവിടെവെച്ചു സൈസ് ഒന്ന് നോക്കിയേ 

ഞാൻ കാലെടുത്തു വെച്ച് നോക്കി 11 നും 12 ഇഞ്ചിനും ഇടയിൽ നിൽക്കുന്നു. എന്റെ കണ്ണ് തള്ളി . കടയുടമയുടെ കണ്ണ് താഴോട്ട് വീണില്ലന്നേ ഉള്ളു 

സോറി ഈ സൈസ് ചെരുപ്പ് ഇവിടെ കിട്ടൂല്ല.  അയാൾ പറഞ്ഞു 

അല്ല കഴിഞ്ഞവർഷം ഞാൻ ഇവിടുന്നു വാങ്ങിയതാ സെയിം സാധനം . ഞാൻ തർക്കിച്ചു 

ഒരു വര്ഷം കൊണ്ട് എന്റെ കാലു വീണ്ടും വലുതായോ ?? അടക്കി ഒതുക്കി ഷൂവിനുള്ളിൽ വെച്ചിരുന്ന പാദങ്ങൾ അവസരം കിട്ടിയപ്പോൾ മുതലാക്കിയിരിക്കുന്നു. 

പഴയപോലെ നിരാശനായി ഞാൻ വീണ്ടും എന്റെ പാദങ്ങൾക്ക് പറ്റിയ പാദുകങ്ങൾ തപ്പി യിറിങ്ങി . 



 






Thursday, May 20, 2021

ഈ സഞ്ജീവനി 

"മാമ വാപ്പാടെ ഗുളിക തീർന്നു" .  

സുഹൈലിന്റെ കാൾ. ശരിയാണ് വാപ്പയെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.  രണ്ടാഴ്ച   കഴിഞ്ഞു വന്നു കാണണമെന്ന് ഡോക്ടർ പറഞ്ഞതുമാണ്. ലോക്ക് ഡൗണും കോവിഡിന്റെ ആധിക്യവും കാരണം ആ പോക്ക് നടന്നില്ല. ഇനിയും വെച്ച് താമസിപ്പിക്കാൻ പാടില്ല. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗവണ്മെന്റ് ഹോസ്പിറ്റൽ ആണ് ആശ്രയം. പഴയ ദുരഭിമാനമൊന്നും ഇപ്പോഴില്ല. നല്ല ചികിത്സ , അനാവശ്യ ടെസ്റ്റുകൾ ഇല്ല. പിഴിച്ചിൽ ഇല്ല. പണ്ടുണ്ടായിരുന്ന പോലെ, ഹുങ്ക് കാണിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമില്ല. സ്‌നേഹഹത്തോടെ, കരുതലോടെ നിൽക്കുന്നവർ. 

ജേഷ്‌ഠന്റെ മരണത്തോടെ വാപ്പ ആകെ തകർന്നുപോയിരിന്നു. എഴുപത്തിന്റെ മുകളിൽ പ്രായമുണ്ടായിട്ടും ചില ചെറിയ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ വേറൊരു അസുഖവും ഇല്ലായിരുന്ന ആളാണ്. പക്ഷെ മൂത്താപ്പയുടെ വേർപാട് മാനസികമായി തളർത്തി കളഞ്ഞു. അങ്ങനെയാണ് സ്ഥിരമായി ആശുപത്രിവാസിയായി വാപ്പ മാറുന്നത്. പക്ഷെ ഇപ്പോൾ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തിരുവനന്തപുരം ട്രിപ്പിൾ ലോക് ഡൌൺ. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തടസമൊന്നുമില്ല. പക്ഷെ ഹോസ്പിറ്റലിൽ കൊണ്ടുപോയി കോവിഡിനെ കൂട്ടികൊണ്ടു വരണോ എന്ന എന്റെ ചിന്ത പലപ്പോഴും എന്നെ പിന്തിരിപ്പിച്ചു എന്നതാണ് സത്യം. 

എന്ത് ചെയ്യും ?? ഞാൻ ആകെ കൺഫ്യൂഷനിലായി. 

അപ്പോഴാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ കുറച്ചു ദിവസം മുൻപുള്ള ഫേസ്ബുക് പോസ്റ്റ് ഓർത്തത്. വീട്ടിലിരുന്നുകൊണ്ടു കൊണ്ട് ഡോക്ടറെ നമുക്ക് കൺസൾട്ടു ചെയ്യാൻ കഴിയുന്ന ഗവണ്മെന്റിന്റെ ആപ്പായ ഈ സഞ്ജീവനി ആപ്പ്. ഒന്ന് ട്രൈ ചെയ്താലോ ...

ഞാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തു, ഓപ്പൺ ചെയ്തു. പേഷ്യന്റ് രജിസ്ട്രേഷനിൽ ടാപ് ചെയ്തു. അതിൽ പറയുന്നപോലെ സംസ്ഥാനം സെലക്ട് ചെയ്തു. അപ്പോൾ രണ്ടു ഓപ്‌ഷൻ General OPD and Specialty OPD. നമ്മൾ General OPD യാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതിൽ തന്നെ വേറെ രണ്ടു ഓപ്‌ഷൻസ് ഉണ്ട്. കോവിഡിന് വേണ്ടി ഒന്നും സാധാ അസുഖങ്ങൾക്ക് വേണ്ടി മറ്റൊന്നും. അത് തിരഞ്ഞെടുത്തു കഴിഞ്ഞാൽ മൊബൈൽ നമ്പർ രെജിസ്റ്റർ ചെയ്യക. പിന്നീട് OTP എന്റർ ചെയ്തു മുന്നോട്ട്പോകുമ്പോൾ രോഗിയുടെ വിവരങ്ങൾ ടൈപ്പ് ചെയ്യുക. പഴയ ഫയലുകൾ ഉണ്ടെങ്കിൽ അതു അറ്റാച്ച് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. അതിനു ശേഷം ടോക്കൺ ജെനെറേറ്റ് ചെയ്യുക. ടോക്കൺ നമ്പർ മെസ്സേജ് ആയി വന്നു കഴിയുമ്പോൾ മൊബൈൽ നമ്പറും ടോക്കണും കൊടുത്തു കഴിയുമ്പോൾ ഓൺലൈൻ ഓ പി യിൽ പ്രവേശിച്ചു കഴിഞ്ഞു. നമ്മുടെ ഊഴം കാത്തിരിക്കുക . നമ്മുടെ മുൻപിൽ എത്ര പേരുണ്ടെന്ന് നമുക്ക് അറിയാൻ കഴിയും. ഇടക്ക് റിഫ്രഷ് ബട്ടൺ അമർത്തിയാൽ മുന്നിലെ  ക്യു  കൃത്യമായി അറിയാൻ കഴിയും. നമ്മുടെ സമയമാകുമ്പോൾ ഒരു റിങ് ടോൺ കേൾക്കും . അപ്പോൾ ഡോക്ടറെ കണക്ട് ചെയ്യാനുള്ള ബട്ടൺ ടാപ്പ് ചെയ്യണം. അപ്പോഴേക്കും ഡോക്ടർ വീഡിയോകോളിൽ വരും. സാധാരണ ഡോക്ടറെ കാണുന്നത് പോലെ കാര്യങ്ങൾ പറയുക. അത് കഴിയുമ്പോൾ ഡോക്ടർ മരുന്ന് കുറിക്കും. കാൾ കട്ട് ചെയ്തു കഴിഞ്ഞാൽ പ്രെസ്‌ക്രിപ്‌ഷൻ നമ്മുടെ സ്‌ക്രീനിൽ വരും അത് ഡൌൺലോഡ് ചെയ്യുക. ഫാർമസിയിൽ പോകുക. അത് കാണിക്കുക മരുന്നു വാങ്ങിക്കുക . 

വളരെ ഉപയോഗപ്രദമായ ഒരു കാര്യമായതുകൊണ്ടാണ് ഇത്രയും വ്യക്തമായി എഴുതിയത്. മഹാമാരിയുടെ ഈ കാലത്തു ആശുപത്രിയിൽ നേരിട്ട് പോയി ചികിത്സ വേണ്ടാത്ത ഒരുപാട് അസുഖങ്ങൾക്ക് ഈ ഓൺലൈൻ ചികിസ വളരെ സഹായകരമാണ്. വാപ്പയെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന എന്റെ ടെൻഷൻ മാറി. 

പ്ലേയ് സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.  

https://play.google.com/store/apps/details?id=in.hied.esanjeevaniopd 

ഐ ഫോണിൽ ലഭ്യമാണോന്ന് അറിയില്ല അതുപോലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ആപ്പ് പ്രവർത്തിക്കുന്നു എന്നാണ് എന്റെ അറിവ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ പലരും ആപ്പിനെ കുറിച്ച് മോശം റിവ്യൂ ഇട്ടിട്ടുണ്ട്.



 






Sunday, July 26, 2020

അസ്സലാമു അലൈകും ..
സലാം വീട്ടി ഇടത്തോട്ടു തിരിഞ്ഞപ്പോൾ പരിചിതമുഖം പോലെ . മാസ്ക് വെച്ചിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ട്. ബഷീർ ഇക്കയാണോ അത് ??

സാധരണയായി ചൊല്ലാറുള്ള "ദിക്റുകൾ" എല്ലാം ഉപേക്ഷിച്ചു ഇമാം പെട്ടന്ന് തന്നെ ദുആയിലേക്ക്  കടന്നു "അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ  ഹംദായുവാഹി നിഇമഹൂ  യുക്കാഹി മസീദാ" ... ...   കൈകൾ ആമീൻ പറയാൻ വേണ്ടി മുകളിലേക്ക് ഉയർത്തുമ്പോഴും മനസ്സിൽ ബഷീർക്ക യുടെ മുഖമായിരുന്നു. അവസാനം കണ്ടത് ഏകദേശം ഒരു വർഷം മുൻപാണ്. മകളുടെ വിവാഹം നടക്കാത്തതിലുള്ള വിഷമം അന്നത്തെ സംസാരത്തിൽ തങ്ങി നിന്നിരുന്നു. വിവാഹം നടന്നു കാണുമോ ?
( https://m.facebook.com/story.php?story_fbid=10214675199494135&id=1247791066 )

ഉള്ളിൽ ഒരാകാംഷാ തോന്നി.  ഇമാം ദുആയുടെ അവസാന യാമങ്ങളിൽ എത്തിയിരുന്നു അപ്പോഴേക്കും. "അല്ലാഹുമ്മ റബ്ബനാ ആതിനാ ഫി ദുൻയാ ഹസനത്തൻ വബിൽ ആഹിറത്തി ഹസനത്തൻ വ ക്കിന അദാബന്നാർ ".....ആമീൻ .. 
സലാത്തും കഴിഞ്ഞു ആളുകൾ അപ്പോഴേക്കും  പുറത്തേക്കു ഇറങ്ങാനുള്ള തത്ര പാടിലായിരുന്നു. അപ്പോഴേക്കും ഇമാമിന്റെ വാക്കുകൾ മൈക്കിലൂടെ എത്തി . "സാമൂഹിക അകലം എല്ലാവരും പാലിക്കുക" അപ്പോഴേക്കും ആളുകൾ അല്പം സാവധാനമായി നടത്തം ധൃതിയുള്ളവർ ഇറങ്ങി കഴിയട്ടെ.  ഞാൻ അവിടെ തന്നെ ഇരിന്നു . ഒന്നുകൂടി ഇടതു ഭാഗത്തേക്ക് തിരിഞ്ഞു നോക്കി . ബഷീർ ഇക്ക തന്നെ അല്ലേ .. തന്നെ ഞാൻ ഉറപ്പിച്ചു . മുസല്ല മടക്കിയെടുത്തു ഞാൻ ബഷീർ ഇക്കയുടെ അടുത്തേക്ക് തിരിഞ്ഞു.
അസ്സലാമു അലൈകും . ബഷീർ ഇക്ക അല്ലെ ?? ഞാൻ ചോദിച്ചു
വാ അലൈകുമുസ്സലാം  ... അതെ .. 

ഹിലാലിനെ ഞാൻ നേരെത്തെ തന്നെ കണ്ടിരുന്നു.  ജമാഅത്തിന്  ഏറ്റവും അവസാനം വന്നതല്ലേ ??
 ബഷീർ ഇക്ക ചോദിച്ചു. മാസ്കിനടിയിൽ അനുസരണ ഇല്ലാതെ തെറിച്ചു നിൽക്കുന്ന നരച്ച താടി രോമങ്ങൾ കുറച്ചുകൂടി പുറത്തേക്കു നീണ്ടപ്പോൾ ആ മുഖത്തെ ചിരി എനിക്ക് മനസിലായി. 
കൊറോണ കാലമായതിനാൽ പള്ളിയിൽ ജുമാ ജമാഅത്തിന് വരുന്നവർ നേരെത്തെ രെജിസ്റ്റർ ചെയ്യണം.വരുമ്പോൾ ആധാർ കാർഡ് കരുതണം. പന്ത്രണ്ടെ മുക്കാലിന് മുൻപേ എത്തുകയും വേണം. ആ സമയം കഴിഞ്ഞാൽ വാതിലുകൾ അടക്കുകയും ചെയ്യും.  

കഴിഞ്ഞ കുറേക്കാലമായി ഏതു  ദിവസമാണെന്ന് ഓർക്കാതെയാണ് ജീവിക്കുന്നത്. ജുമാ തുടങ്ങിയിട്ട് രണ്ടാമത്തെ ആഴ്ച. വെള്ളിയാഴ്ചയാണെന്നു തിരിച്ചറിവുണ്ടായപ്പോൾ , പെട്ടന്ന് തന്നെ കുളിച്ചു പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും സമയം ഒരു മണി ആയിരിന്നു. വാതിലുകൾ അടക്കപ്പെട്ട പ്രാർത്ഥനാഗേഹത്തിനു മുൻപിൽ നിസഹായതയോടെ ജനലിന്റെ  ഉള്ളിലേക്ക് ഞാൻ നോക്കി. അത്ഭുത ജീവിയെ കാണുന്നപോലെ ഉള്ളിലെ തുറിച്ച കണ്ണുകൾ എന്നിലേക്ക്‌ നീണ്ടു. കുറ്റബോധത്തോടെ ഞാൻ ശിരസ് താഴ്ത്തി. 
പെട്ടന്ന് എന്റെ മുന്നിലെ വാതിലുകൾ തുറക്കപ്പെട്ടു ആശരീരിപോലെ വാക്കുകൾ 
" അടുത്ത ആഴ്ച ഇങ്ങനെ താമസിച്ചു വന്നാ പടച്ചോൻ സത്യം തുറക്കൂല്ല കേട്ടാ ".. പള്ളി സെക്രട്ടറിയാണ് ..
അതു പിന്നെ .. ഞാൻ വിക്കി... അതൊന്നും കേൾക്കാതെ സെക്രട്ടറി നടന്നു പോയി . ഞാൻ പിന്നാലെ  എനിക്കായിട്ടുള്ള സ്ഥലത്തു മുസല്ല വിരിച്ചു. ആരെയും നോക്കാതെ മിമ്പറിൽ ഖുതുബ ഓതുന്ന ഇമാമിനെ നോക്കി. പുള്ളിയുടെ മുഖത്തും ഒരു ഈർഷ്യയുണ്ടെന്നു തോന്നി. ഇപ്പോഴാണ്‌ മാസ്‌ക് ഒരു അനുഗ്രഹമാണെന്ന് തോന്നിയത്.

എന്നാ എത്തിയത് ??    ഹിലാലിന്റെ തടിയൊക്കെ അങ്ങ് പോയല്ലോ ?  ബഷീർ ഇക്ക ചോദിച്ചു .

വന്നിട്ട് രണ്ടു മാസമായി ഇക്കാ . ക്വാറണ്ടൈനൊക്കെ കഴിഞ്ഞെങ്കിലും ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാറുള്ളൂ ..
പിന്നെ തടി കുറച്ചതാ . ഞാൻ പറഞ്ഞു
അതാണ് നല്ലതു .. ബഷീർ ഇക്ക പറഞ്ഞു

പിന്നെ ഇക്കാ ..മോളെ കല്യാണം ?? ഞാൻ ഇടക്ക് നിർത്തി
അൽഹംദുലില്ലാഹ് .. അത് നടന്നു .. ഇതു മൂന്നാമത്തെ ആഴ്ചയാ ഇപ്പൊ  ബഷീർ ഇക്കയുടെ വാക്കുകളിൽ സന്തോഷം തുടിച്ചു നിന്നിരുന്നു .

കൊറോണ ആയോണ്ട് എന്തെങ്കിലും പ്രശ്നമുണ്ടായോ ഇക്കാ ??  ഞാൻ ചോദിച്ചു
കൊറോണ ആയോണ്ട് കുറച്ചു റാഹത്തു കൂടീന്ന്  വേണം പറയാൻ  ചിരിയോടെ ബഷീർ ഇക്ക  പറഞ്ഞു 
അതെന്താ ഇക്കാ  അങ്ങനെ ?? 
അന്ന് ഞാൻ പറഞ്ഞില്ലായിരുന്നോ ..  അതിനു ശേഷം എന്റെ മോള് ഒരു സൈറ്റിൽ രെജിസ്റ്റർ ചെയ്തിരുന്നു. അതിലവൾ എടുത്തു പറഞ്ഞിരുന്നു സ്ത്രീധനമോഹികൾ ആരുതന്നെ ബന്ധപ്പെടേണ്ടതില്ലന്ന്. എന്നിട്ടവൾ എന്റെ നമ്പറും കൊടുത്തിരിന്നു. എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല .. 

ഒരു മാസം കഴിഞ്ഞിട്ടുണ്ടാവും. ഒരു ദിവസം മൊബൈലിൽ ഒരു കാൾ ... 
"എന്റെ പേര് സുഹൈൽ.. ഗൾഫിൽ ആണ്.ഇപ്പോൾ ലീവിൽ നാട്ടിലുണ്ട്.  സൈറ്റിൽ ഡീറ്റൈൽസ് കണ്ടു വിളിച്ചതാണ്. രണ്ടു സഹോദരിമാർ.. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. വാപ്പ മരിച്ചു പോയി" .
ഇത്രയും ഒറ്റശ്വാസത്തിലാണ് അയാൾ പറഞ്ഞതു .
മോനെ ഞാൻ പെണ്കുട്ടിയുടെ വാപ്പയാണ്. എനിക്ക് മോനെയും കുടുംബത്തോടും നേരിട്ട് സംസാരിക്കണം. എന്നിട്ട് ബാക്കി സംസാരിക്കാം .. 
എന്നാ അങ്ങനെയാവട്ടെ . ഞാൻ ഈ നമ്പറിൽ ഡീറ്റൈൽസ് വാട്ട്സ്ആപ്പ് ചെയ്യാം. 
അയാൾ ഫോണ് കട്ട് ചെയ്തു. അടുത്ത പത്തു മിനിറ്റിനുള്ളിൽ സ്‌ഥലം, വീട്ടപ്പേര്, വാപ്പയുടെയും ഉമ്മയുടെയും  പേര്, ലൊക്കേഷൻ മാപ്പ് ഉൾപ്പെടെ സുഹൈൽ വാട്ട്സ്ആപ്പ് ചെയ്തു .

സ്ഥലം കുറച്ചു ദൂരെയാണ്. ഒരു അമ്പത് കിലോമീറ്ററോളം വരും. എന്നാലും കുഴപ്പമില്ല അവൾ ആഗ്രഹിക്കുമ്പോലെ ഒരാളെ കിട്ടിയാൽ മതിയായിരുന്നു. 
തൽക്കാലം മോളോട് പറയണ്ടന്നു കരുതി. ഭാര്യയോട് പറയാം.എന്നിട്ട് തിരിച്ചു വിളിക്കാം 
"ആശ്ചാ " ... ഞാൻ നീട്ടിവിളിച്ചു.കെട്ടുമ്പോൾ ആഇശ ആയിരുന്നവൾ ഇന്ന് ചുരുങ്ങി ചുരുങ്ങി ആചാ ആയിരിക്കുന്നു. മക്കൾക്ക് ആചുമ്മയും ..
എന്തേ .. ഡെയ് ഒരാള് വിളിച്ചിരുന്നു. സൈറ്റിൽ കണ്ടു വിളിച്ചെന്ന പറഞ്ഞത് ...  ഡീറ്റൈൽസ് ഒക്കെ അയച്ചു തന്നിട്ടുണ്ട്. 
ഭാര്യയുടെ മുഖം വിടരുന്നത് അയാൾ കണ്ടു. കുറച്ചുകാലമായി ആ ഭാവം അപൂർവമായി മാത്രമേ കാണാറുള്ളൂ . നിങ്ങളൊന്നു വിളിച്ചു നോക്കീം....

വന്ന നമ്പറിൽ തിരിച്ചു വിളിച്ചു. 
"അസ്സലാമു അലൈകും ഞാൻ ബഷീർ .. ഇപ്പൊ വിളിച്ചില്ലയിരുന്നോ" ..
"മനസിലായി" .. സുഹൈൽ പറഞ്ഞു. "ഞാൻ ഉമ്മാടെയിൽ കൊടുക്കാം".

അസ്സലാമു അലൈകും . 
തീരെ നേർത്ത ബലഹീനമായ ഒരു സ്ത്രീ സ്വരം
"മോൻ എല്ലാം പറഞ്ഞിരുന്നു. അവൻ നെറ്റിൽ നോക്കി വിളിച്ചതാന്നു പറഞ്ഞു.എനിക്കിതൊന്നും വല്യ പിടിയില്ല. പിള്ളാരെ വാപ്പ മരിച്ചിട്ട് വർഷം കുറച്ചായി .. ഇവനാണ് രണ്ടു പെങ്ങന്മാരെയും കെട്ടിച്ചതു. കുടുംബം നോക്കുന്നതും" അവർ പറഞ്ഞു നിർത്തി .
ഞാനും അളിയനും കൂടി ഒരു ദിവസം വീട്ടിലോട്ട് വരാം. നേരിട്ട് സംസാരിക്കാം ..
ബഷീർ ഇക്ക പറഞ്ഞു നിർത്തി .

"അടുത്ത തിങ്കളാഴ്ച രാവിലെ ഒരു പത്തു പതിനൊന്നു മണിയാവുമ്പോൾ വരാൻ പറ്റോ ?
ചെറിയൊരു നിശബ്ദതക്ക് സുഹൈലിന്റെ ഉമ്മ ചോദിച്ചു 
വരാം ..  
എന്നാ പിന്നെ വെക്കട്ടെ . അവർ മൊബൈൽ കട്ട് ചെയ്തു. 
ബാസിലയോട് പറയണ്ടായെ ? 
വേണ്ട ... എന്തെങ്കിലും ആയിട്ട്  മതി ..

ഞാൻ നസീമിനോട് ഒന്നു പറയട്ടെ .. തിങ്കളാഴ്ച അവനെയും കൂട്ടി വേണം പോവാൻ .. ബഷീർ ഇക്ക പറഞ്ഞു  

"നിനക്കീ മാപ് നോക്കി പോവാൻ അറിയോ" ബഷീർ ഇക്ക നസീമിനെ നോക്കി സംശയം പ്രകടിപ്പിച്ചു . 
അതൊന്നും കുഴപ്പമില്ല.. താനിതത്ര പോയിരിക്കുന്നു എന്ന മട്ടിൽ നസീം പറഞ്ഞു. ബഷീർ ഇക്കയുടെ ഏക അളിയൻ. 
പറഞ്ഞ ദിവസം ഒരു പതിനൊന്ന് മണിയായപ്പോൾ മാപ് കാണിച്ച സ്ഥലത്തു എത്തി.  വണ്ടി ഒതുക്കി ഏതാണ് വീടെന്നു അറിയാൻ വേണ്ടി ആരോടെങ്കിലും ചോദിക്കാമെന്നു ചിന്തിച്ചു നിൽക്കുമ്പോഴാണ് എതിർ വശത്ത് നിന്നു സുസ്മേര വദനനായി ഒരു ചെറുപ്പക്കാരൻ തങ്ങളുടെ നേരെ നടന്നു വരുന്നത് കണ്ടത്. 
ഇതാവുമോ സുഹൈൽ. മനസിൽ അറിയാതെ തോന്നി. കാണാൻ സുമുഖൻ. ബാസിലക്ക് യോജിക്കും. 
അസ്സലാമു അലൈകും..   ഞാൻ സുഹൈൽ. ദാ അതാണ് വീട്
ചിരിച്ചുകൊണ്ട് സുഹൈൽ എനിക്കും ശേഷം നസീമിനേരെയും കൈ നീട്ടി.
റോഡ് മുറിച്ചു സുഹൈലിന്റെ പിന്നാലെ നടക്കുമ്പോൾ മനസിനൊരു കുളിർമ തോന്നി; ഇത് നടക്കുമെന്നും.
ഒരു ഇടത്തരം വീട്. മുറ്റത്തു പൂച്ചെടികൾ വളർന്നു നിൽക്കുന്നു. സിറ്റ്ഔട്ടിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്.  
സലാം പറഞ്ഞു അവർക്ക് നേരെ കൈ നീട്ടി. 
ഇതു സലാം മാമ ഉമ്മാടെ മൂത്ത സഹോദരൻ, ഇതു സലീം മാമ.. ഉമ്മാടെ രണ്ടാമത്തെ സഹോദരൻ. സുഹൈൽ പരിചയപ്പെടുത്തി ..

മാമാക്കു രണ്ടുപേർക്കും ബിസിനസാ. പരിചയപ്പെടുമ്പോഴും രണ്ടുപേരുടെയും ഗൗരവഭാവത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു. 
ഇത് ഉമ്മ ...
വാതിലിൽ ചാരിനിൽക്കുന്ന സ്ത്രീയെ നോക്കി സുഹൈൽ പറഞ്ഞു. അവർ ഹൃദ്യ മായി ചിരിച്ചു. ഒരു ജീവിതകാലം അനുഭവിച്ച ദുഃഖങ്ങൾ മുഴുവൻ ആ ചിരിയിലും വായിച്ചെടുക്കാമായിരുന്നു. 
നിങ്ങള്  ഇരിക്ക് .. കസേരയിൽ ചൂണ്ടി ഉമ്മ പറഞ്ഞു. 
അപ്പോൾ കാര്യങ്ങൾ എങ്ങനെയാ ?  സലാം മാമ മുരടനക്കി .... 
കുറച്ചു കാര്യങ്ങളൊക്കെ ഫോണിലൂടെ പറഞ്ഞിരുന്നു. 
ബഷീർ ഇക്ക പറഞ്ഞു. എന്റെ മൂത്തമോളാ .. ബഷീർ ഇക്ക മോളെ കുറിച്ചു എല്ലാം പറഞ്ഞു. 
ഇവന്റെ രണ്ടു അനിയതിമാരെയും നല്ല രീതിയിൽ കൊടുത്തിട്ടാണ് അയച്ചത് .  ഇളയ മാമ പറഞ്ഞു 
പടച്ചവനെ സ്ത്രീധനമാണല്ലോ ആദ്യമേ വിഷയം. ബഷീർ ഇക്കാടെ നെഞ്ചുപിടഞ്ഞു. 

അതുകൊണ്ടു ഞാൻ തീരുമാനിച്ചു ഞാൻ കാരണം ഒരു വീട്ടുകാരും കഷ്ടപ്പെടില്ലന്നു . സുഹൈൽ കൂട്ടിച്ചേർത്തു ; മാമായുടെ നോട്ടം അവഗണിച്ചുകൊണ്ട്. 
ആ വാക്കുകൾ മനസിൽ കുളിർമഴ പെയ്യിച്ചു. കുറച്ചുകൂടി കുടുംബകാര്യങ്ങൾ പറഞ്ഞശേഷം , എന്നാ പിന്നെ ചെറുക്കനും പെണ്ണും തമ്മിൽ പരസ്പരം കണ്ടതിനു ശേഷമാകട്ടെ ബാക്കി കാര്യങ്ങൾ എന്നു മൂത്തമാമ അസംഗിതമായി പ്രഖ്യാപിച്ചു.

വീട്ടിൽ എത്തിയ ഉടനെ ബാസിലയോടും ഭാര്യയോടും കാര്യം പറഞ്ഞു. ബാസിലയുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. പിന്നെയെല്ലാം വളരെ പെട്ടന്നായിരുന്നു. പെണ്ണുകാണൽ കഴിഞ്ഞ ചെറുക്കൻ പോയികഴിഞ്ഞപ്പോൾ മകളുടെ മുഖതൊളപ്പിച്ച നാണത്തിൽ പൊതിഞ്ഞ സന്തോഷം അവളുടെ സമ്മതത്തെ ഞാൻ അറിഞ്ഞു. 
തീയതി നിശ്ചയിച്ചു. ആറു മാസം കഴിഞ്ഞു, ചെറുക്കന്റെ  അടുത്ത ലീവിന് കല്യാണം.  ചെറുക്കൻ ഗൾഫിലേക്ക് പറന്നു രണ്ടു നാൾ കഴിഞ്ഞപ്പോൾ ചെറുക്കന്റെ വീട്ടിൽ നിന്ന് ഒരു കാൾ. 
മൂത്തമാമയാണ് . 
"എന്തായാലും ഞങ്ങൾ ഒന്നും വാങ്ങുന്നില്ലല്ലോ" .. എന്തോ ഒരു ഔദാര്യം ചെയ്യുന്ന പോലെ വാക്കുകൾ. ...
"അതുകൊണ്ടു ഭക്ഷണമെങ്കിലും ഞങ്ങൾ പറയുന്നപോലെ ആവണം .. എനിക്കും സലീമിനുമൊക്കെ കുറച്ചു വി ഐ പി ഗസ്റ്റ്കളുണ്ടെ. കല്യാണം ..... കൺവെൻഷൻ സെന്ററിൽ വെച്ചു നടത്തണം".
പിന്നെ വേറൊരു  കാര്യം ഇതൊന്നും പിള്ളേർ അറിയണ്ട. 
ഭക്ഷണമല്ലേ. കുഴപ്പമില്ല മനസിൽ കരുതി തൽക്കാലം ആരോടും പറയണ്ട. പക്ഷെ അവർ പറഞ്ഞ കാറ്ററിങ് കമ്പനിയുടെയും കൺവെൻഷൻ സെന്ററിന്റെയും ചാർജ് കേട്ടു ബോധം പോയില്ലന്നേ ഉള്ളൂ. മകളുടെ സന്തോഷം ആലോചിച്ചപ്പോൾ അതൊന്നും ഒരു കൂടുതലായി തോന്നിയില്ല. 

ദിവസങ്ങൾ വളരെ പെട്ടന്ന് കടന്നുപോയി.. 2020 കടന്നു വന്നു. കൂടെ കോറോണയും. മാർച്ച് പകുതിയോടെ സുഹൈൽ നാട്ടിൽ എത്തി. കല്യാണത്തിനു കഷ്ടിച്ചു ഒരാഴ്ച ഉള്ളപ്പോൾ രാജ്യം ലോക്ഡൗൻ ആയി. നെഞ്ചിടിപ്പ് കൂടി. കല്യാണം മാറ്റിവെക്കുന്നു വെന്നു എല്ലാരേയും അറിയിച്ചു.
ദിനങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി. ലീവ് തീർന്നിട്ടും സുഹൈലിന് തിരിച്ചു പോകാൻ കഴിഞ്ഞില്ല. ഭാഗ്യം കൊണ്ട് ജോലി നഷ്ടമായില്ല. കുറേക്കാലം വർക് അറ്റ് ഹോം ചെയ്യാൻ കമ്പനി പറഞ്ഞു. പക്ഷെ സാലറി പകുതിയായി കുറച്ചു. 
ലോക്ക്ഡൗൻ മാറി. ഉപാധികളോടെ വിവാഹം പോലുള്ളവ നടത്താൻ സർക്കാർ അനുമതി നൽകി. 
മാമ മാരുടെ വി ഐ പി ഗസ്റ്റ്‌കൾ ഒന്നുമില്ലാതെ വെറും അമ്പതിൽ താഴെ ആൾക്കാരുടെ സാനിധ്യയത്തിൽ ബാസിലയുടെയും സുഹൈലിന്റെയും വിവാഹം നടന്നു; ആര്ഭാടമൊട്ടുമില്ലാതെ..
മോളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന പള്ളിയിലെ അനാഥആലയത്തിലെ യതീം മക്കൾക്ക് എന്തെങ്കിലും അവളുടെ വിവാഹത്തിന് ചെയ്യണമെന്ന്. അതു നടന്നു. അതോടപ്പം കുറച്ചു കാശ് പാവപ്പെട്ട രണ്ടു പെണ്കുട്ടികളുടെ വിവാഹത്തിനും നൽകി. അങ്ങനെ അവൾ ആഗ്രഹിച്ചത് പോലെ തന്നെ അവളുടെ വിവാഹം നടന്നു. 
ഇതൊക്കെ അറിഞ്ഞപ്പോൾ സുഹൈൽ പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയിലുണ്ട് ...
ഇങ്ങനെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമാ വാപ്പാ എന്നു...
ഇനി പറ .. കൊറോണ അത്രക്ക് അങ്ങു പ്രശ്നകാരനാണോ ? അതിനേക്കാൾ വലിയ വൈറസുകൾ നമ്മുടെ ഇടയിൽ തന്നെ ഇല്ലേ ??

ബശീർ ഇക്കാ പറഞ്ഞു നിർത്തി .  ശരിയാണ് കൊറോണയൊക്കെ എന്തു അതില് വല്യ ഐറ്റംസ് എവിടെയൊക്കെ തന്നെ ഉണ്ടല്ലോ, മരിച്ചവരെ പോലും വെറുതെ വിടാത്ത ...