ഡ്രൈവിംഗ് ഒരു കലയാണ് ... ( ബിജു കുമാര്‍ എന്ന ഫേസ്ബുക്ക് സുഹൃത്തിനോട് വാക്കുകള്‍ക്ക് കടപ്പാട് . ) അത് നൈസര്‍ഗിഗമായ ഒരു ജന്മ വാസനയാണോ അല്ലയോ എന്ന് എനിക്കറിയില്ല . പക്ഷെ ചില ആളുകള്‍ ഡ്രൈവ് ചെയ്യുന്ന രീതി കാണുമ്പോള്‍ എനിക്കങ്ങനെ തോന്നാറുണ്ട് ...എന്റെ നാട്ടില്‍ അങ്ങനെയുള്ള ഒരാളാണ് അമ്നാദ് എന്ന മലബാര്‍ (സ്നേഹമുള്ള അവന്റെ കൂട്ടുകാര്‍ വിളിക്കുന്ന പേരാണ് ഇതു ) പ്രായത്തില്‍ എന്നെക്കാള്‍ ഇളപ്പമായ അവന്‍ ഡ്രൈവ് ചെയ്യുന്നത് കാണുമ്പോള്‍ നമ്മുക്കൊരു ഇഷ്ടം തോന്നും .
എന്നെ സംബധിച്ചു അതൊരു കഠിന കഠോര പ്രയത്നമായിരിന്നു . ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗള്‍ഫിലേക്ക് കയറുമ്പോള്‍ ഈ ഡ്രൈവിംഗ് ലൈസന്‍സ് അത്ര വലിയ ഒരു കാര്യമായി തോന്നിയിരുന്നില്ല .. നമ്മുടെ നാട്ടില്‍ മണി ആശാന്റെ ഡ്രൈവിംഗ് സ്കൂളില്‍ പോയി പഠിച്ചാല്‍ ലൈസെന്‍സ് ഒരു മാസം കൊണ്ട് കിട്ടും .. എന്റെ കൂട്ടുകാരില്‍ ഭൂരിഭാഗവും അങ്ങനെ യാണ് ഡ്രൈവിംഗ് പഠിച്ചതും ലൈസെന്‍സ് എടുത്തതും അതാണ് എന്റെ അറിവ് . അല്ലെങ്ങില്‍ തന്നെ നാട്ടില്‍ വണ്ടി ഓടിക്കാന്‍ ലൈസെന്‍സ് ഒരു അത്യാവശ്യ ഘടകമാണെന്ന് എനിക്ക് തോന്നിയിട്ടില്ല .. നാല് ചക്ര വാഹനമോടിക്കാനുള്ള വലിയ കമ്പമൊന്നും എനിക്ക് ഉണ്ടായിരിന്നില്ല . അതറിയില്ല എന്നത് മറ്റൊരു കാര്യം .. ബൈകിനോടായിരിന്നു താല്പര്യം മുഴുവന്‍ ; ഇന്നും. സത്യം പറയാമല്ലോ ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സും എനിക്ക് ഇല്ല. ഗള്‍ഫില്‍ പോയിരിന്ന പലരും വല്യ കാര്യം പോലെ പറയുന്ന ഒന്നയിരിന്നു ഈ ലൈസെന്‍സ് . അത് കിട്ടിയാല്‍ പിന്നെ ജീവിതം രക്ഷപെട്ടു എന്ന് പറയുന്നത് പലതവണ കേട്ടിട്ടുണ്ട്. ഞാനത് കാര്യമാക്കിയിരുന്നില്ല. പത്താം ക്ലാസും ഗുസ്തിയും മായി പോകുന്നവന്റെ ഗള്‍ഫിലെ ഡിഗ്രി ആയിരിന്നു ഈ ലൈസെന്‍സ് എന്ന് പിന്നീടാണ് എനിക്ക് മനസിലായത് .
അങ്ങനെ ജീവിത സ്വപ്ങ്ങള്‍ക്ക് നിറം പകരാന്‍ ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും ഇങ്ങു ദുഫായില്‍ എത്തി . ഗള്‍ഫിലെ പ്രശസ്തമായ ഒരു ഹൈപര്‍മാര്‍കറ്റ് ശ്രിംഖലയില്‍ സേല്‍സ്മാന്‍ ആയിട്ട് ആയിരിന്നു തുടക്കത്തില്‍ എന്റെ ജോലി . മെച്ചപെട്ട ജോലിയൊന്നും അല്ലാത്തത് കൊണ്ട് അവിടെയുള്ള ഏതൊരു സേല്‍സ്മാന്റെയും സ്വപ്നമായിരിന്നു യു എ ഇ ഡ്രൈവിംഗ് ലൈസെന്‍സ് . അത് കിട്ടിയാല്‍ കുറച്ചുകൂടി മെച്ചപെട്ട ജോലിയിലേക്ക് മാറ്റം കിട്ടുമായിരിന്നു . അല്ലെങ്ങില്‍ പുറത്തു എവിടെയെങ്കിലും ജോലി നോക്കാം എന്ന പ്രതീക്ഷ. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് പഠിക്കാനുള്ള എന്‍ ഓ സി ലെറ്റര്‍ അപ്രൂവല്‍ കിട്ടാന്‍ എം ഡിയുടെ സൈന്‍ വേണമായിരിന്നു . അതുകിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരിന്നു . എം ഡിയെ നേരിട്ട് കാണാന്‍ തന്നെ അത്ര എളുപ്പമല്ല ; പിന്നെയാണ് സൈന്‍. അങ്ങനെ എന്റെ പല കൂട്ടുകാരും നിരാശരായി വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .
നേരെത്തെ പറഞ്ഞ പോലെ , ജോലിയില്‍ വലിയ മെച്ചമൊന്നുമില്ലാത്തത് കൊണ്ട് ഒരു ഡിഗ്രി ഹോള്‍ഡര്‍ ആയ ഞാന്‍ പോയി എം ഡിയെ പോയി കണ്ടു പറഞ്ഞാല്‍ വേറെ ഏതെങ്കിലും നല്ല പോസ്റ്റ്‌ലേക്ക് മാറ്റം കിട്ടുമെന്ന് കൂടെ വര്‍ക്ക് ചെയ്യുന്ന പലരും പറഞ്ഞു . അങ്ങനെ ഒന്നുകൂടി തേച്ചുമിനുക്കിയ സി വി യുമായി ഞാന്‍ എം ഡിയെ കാണാനുള്ള ശ്രമമാരംഭിച്ചു.നീണ്ട രണ്ടു മാസകാലയളവില്‍ എനിക്കാ ഭാഗ്യം കിട്ടി. കണ്ടുമുട്ടിയപ്പോള്‍ എനിക്കാ വ്യക്തിയോടു എനിക്ക് കുറച്ചുകൂടി ബഹുമാനം തോന്നി . മറ്റൊന്നും കൊണ്ടല്ല , തന്റെ സ്ഥാപനത്തില്‍ വളരെ താഴെത്തട്ടിലുള്ള ഒരു ജോലിക്കാരന്‍ പറയുന്നത് സമയം ഒട്ടും പാഴാക്കാന്‍ ഇല്ലാത്ത ഒരാള്‍ കാണിക്കുന്ന മനസ്കത. എന്റെ വാക്കുകള്‍ കേട്ടതിനു ശേഷം സി വിയിലേക്ക് ഒന്ന് കണ്ണോടിച്ചു , എം ഡി ചോദിച്ചു " ഡ്രൈവിംഗ് ലൈസെന്‍സ് ഉണ്ടോ? " " ഇല്ല " എന്റെ മറുപടി . എന്നാ ലൈസെന്‍സ് എടുത്തിട്ട് വാ .. ബാക്കി അപ്പൊ ചെയ്യാം " . എന്ന് പറഞ്ഞു ആള് എന്റെ സി വിയിലേക്ക് നീട്ടി ഒരു സൈന്‍ ഇട്ടു.ഡ്രൈവിംഗ് പഠിക്കാനുള്ള കമ്പനിയില്‍ നിന്ന് അപ്രൂവല്‍ കിട്ടാനുള്ള സൈന്‍. ലൈസെന്‍സ്ന്റെ മഹത്വം അന്നാദ്യമായി എനിക്ക് ബോധ്യമായി . ഒരുവേള സ്തംഭിച്ചു പോയെങ്കിലും ധൈര്യം സംഭരിച്ചു ഞാന്‍ പറഞ്ഞു " സര്‍ ഔട്ട് ഡോര്‍ എനിക്ക് താല്പര്യമില്ല . ഇന്‍ഡോര്‍ കിട്ടിയാമതി. എന്റെ നാട്ടിലെ എക്സ്പീരിയന്‍സ് ഓഫീസ് വര്‍ക്കില്‍ ആണ് ." ഒരു നിമിഷം എന്നെ നോക്കിയശേഷം എം ഡി എന്നോട് ചോദിച്ചു " നിനകെന്തിലാ താല്പര്യം " അടുത്ത ഷോക്ക് .. എന്ത് പറയും " മാനേജര്‍ ആവണമെന്ന് പറഞ്ഞാല്‍ അതിമോഹം ആയാലോ എന്ന് കരുതി പര്‍ചേസിലാണെന്നു പറഞ്ഞു . " എന്നാ പിന്നെ നീ ഇ ജി ടിയില്‍ പോയി ഇംപോര്‍ട്ടില്‍ ജോയിന്‍ ചെയ്യ് " അന്നെ വരെ അങ്ങനെ ഒരു സെക്ഷനെ ഞാന്‍ കേട്ടിട്ടുഇല്ലങ്കിലും എനിക്ക് സന്തോഷമായി . അങ്ങനെ എം ഡി വീണ്ടും എന്റെ സി വി യില്‍ വരച്ചു . അങ്ങനെ ഇരട്ടി സന്തോഷത്തോടെ ഞാന്‍ മടങ്ങി; .ചോദിക്കാതെ ലൈസെന്‍സ് എടുക്കാനുള്ളതു ഒന്ന് പിന്നെ പ്രോമോഷനും.
വൈകാതെ ഞാന്‍ പുതിയ ജോലിയിലേക്ക് ഞാന്‍ ജോയിന്‍ ചെയ്തു . അതിനിടയില്‍ എപ്പോഴോ ഞാന്‍ ലൈസെന്‍സ്ന്റെ ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ അജ്മാന്‍ മുറൂറിലേക്ക് പോയി . വളരെ വലിയ ഗ്രൂപ്പ് ആയതു കൊണ്ട് എന്റെ വിസ അജ്മാനിലെ സ്ഥാപനത്തിലേത് ആയിരിന്നു .ഞാന്‍ ജോലി ചെയ്യുന്നതാകട്ടെ ദുബൈയിലെ ഓഫീസിലും നിയമ പ്രകാരം വിസ ഏതു സ്ഥാപനത്തിലേതാണോ ആ സ്ഥാപനം ഉള്ള എമിരേറ്റ്സ് പോയി വേണം പഠിക്കാന്‍. ഇപ്പോള്‍ നിയമം മാറിയോന്നു എനിക്കറിയില്ല . അജ്മാന്‍ വരെ പോകാനുള്ള ബുദ്ധിമുട്ട് കാരണം ഫയല്‍ ഓപ്പണ്‍ ചെയ്തുവെങ്കിലും , ഞാന്‍ ഒരു ആറു മാസം ഡ്രൈവിംഗ് പഠിക്കാനേ പോയില്ല . ജോലി സംബന്ധമായി അതിന്റെ ആവശ്യകത കൂടി കൂടി വന്നു . അവസാനം പഠിക്കാന്‍ തന്നെ തീരുമാനിച്ചു .
ഡ്രൈവിംഗ് പഠിക്കുന്നത് പോലെ തന്നെ ബുദ്ധിമുട്ടായിരുന്നു അജ്മാന്‍ വരെ പോകുക എന്നതു. അക്കാലത് ഇപ്പോഴെത്തെ ബസ് സര്‍വീസ് അത്രത്തോളം ഉണ്ടായിരുന്നില്ല . അക്കാലത്തു ദുബൈയിലെ താമസം കമ്പനി അജ്മാനിലേക്ക് മാറ്റാന്‍ തീരുമാനിച്ചു . റെന്റ് കൂടി കൂടി വരുന്ന്തായിരിന്നു കാരണം.അതൊരു എളുപ്പമയെങ്ങിലും എനക്ക് അത് പൂര്‍ണമായി ഉപയോഗപെടുത്താന്‍ കഴിഞ്ഞില്ല . എന്റെ അലസത തന്നെ ആയിരിന്നു പ്രധാന കാരണം. ആ ഒരു വര്ഷം ഞാന്‍ കാണിച്ച അലസതയുടെ ഫലം ഞാന്‍ പിന്നെ ഒരു മൂന്നു വര്ഷം അനുഭവിച്ചു . ദുബൈയില്‍ റെന്റ് കുറഞ്ഞപ്പോള്‍ കമ്പനി വീണ്ടും ദുബൈയിലേക്ക് മാറി .
ആ ഒരു വര്ഷം ഞാന്‍ ലൈസെന്‍സ്ന്റെ ആദ്യ കടമ്പ കടിന്നിര്‍ന്നു . മുറുറില്‍ ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ പോയപ്പോള്‍ കണ്ട ഒരു മലയാളി ഇന്സ്ട്രുക്ടര്‍ ഞാന്‍ പഠിപ്പിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുകയും ചെയ്തു. അജ്മാനില്‍ നമുക്ക് ഏതു ഡ്രൈവിംഗ് സ്കൂളിലും പഠിക്കാം. ഡ്രൈവിംഗ് ഒട്ടും തന്നെ വശമില്ലായിരുന്ന എന്നെ ഒരു ആറു മാസം അയാള്‍ വെറും പാര്‍ക്കിംഗ് & ബ്രിഡ്ജ് പഠിപ്പിച്ചു.സത്യത്തില്‍ എന്നെ അയാള്‍ പറ്റിക്കുകആയിരിന്നുവെന്നു പിന്നീടാണ് മനസിലായത്.
പാര്‍ക്കിംഗ് എന്നുവെച്ചാല്‍ ഒരു പ്ലസ് ഷയ്പില്‍ കുറെ കമ്പികള്‍ നിരത്തി വെച്ചിട്ടുണ്ടാകും . അതില്‍ തട്ടാതെ നാം പാര്‍ക്ക് ചെയ്യണം. ആതിനു ഓരോ എളുപ്പ വഴികള്‍ ഉണ്ട് അതുപോലെ ചെയ്തു വേണം പാര്‍ക്ക് ചെയ്യാന്‍ . അടുത്തത് ബ്രിഡ്ജ് ആണ് . ചെറിയൊരു കയറ്റത്തില്‍ കൊണ്ട് വണ്ടി നിര്‍ത്തണം. എന്നിട്ട വണ്ടി മോന്നോട്ടു എടുക്കണം. പുറകോട്ടു ഇറങ്ങാന്‍ പാടില്ല. ആറു മാസത്തെ എന്റെ പഠിപ്പ് എന്നെ അതിനു നല്ലത് പോലെ പ്രപ്തനാക്കിയിരിന്നു. ആദ്യത്തെ ടെസ്റ്റില്‍ തന്നെ അത് പാസ്സായി .അടുത്തത് റോഡ് ടെസ്റ്റ് ആണ് . മിനിമം ഒരു നാല്പതു ക്ലാസ്സെങ്ങിലും വേണമെന്ന് ഇന്സ്ട്രുക്ടര്‍ പറഞ്ഞു .ഇതിനിടയില്‍ എന്റെ പഴയ ഇന്സ്ട്രുക്ടര്‍ ടെസ്റ്റിനു ഡേറ്റ് എടുക്കാന്‍ കുറച്ചു കാശും പിന്നെ എന്റെ കാര്‍ഡുമായി മുങ്ങി . പുതിയ ആളിന്റെ കീഴില്‍ ഞാന്‍ ഡ്രൈവിംഗ് പഠനം തുടങ്ങി . ആദ്യം ഒരു വലിയ മൈതാനത്ത് ആയിരിന്നു ക്ലാസ്സ് . സ്ടീരിംഗ് ബാലന്‍സ് വന്നുവെന്നു ബോധ്യപെട്ടപ്പോള്‍ എന്നെ റോഡിലേക്ക് ഇറക്കാന്‍ തീരുമാനിച്ചു .
ശരിക്കും കഷ്ടപെട്ടത് അപ്പോഴാണ് . ക്ലച് ചവിട്ടി ഗിയര്‍ ഇടണം . ഗിയര്‍ മാറുമ്പോള്‍ അതിലോട്ട് നോക്കാന്‍ പാടില്ല അത്രേ. ക്ലച് ചവിട്ടി ഗിയര്‍ ഇട്ട് പതുക്കെ ക്ലച് റിലീസ് ചെയ്യണം അതെ സമയം തന്നെ ആക്സിലെട്ടെര്‍ പതുക്കെ കൊടുക്കുകെയും വേണം . ക്ലച്ചും ആക്സിലെറ്ററുംതമ്മില്‍ ഒരു ബന്ധം വരാന്‍ ഞാന്‍ പെട്ട പാട് . ഒന്നുകില്‍ ക്ലച് റിലീസ് ചെയ്യുമ്പോള്‍ ആക്സിലെറ്റര്‍ കൊടുക്കാന്‍ വൈകും, അപ്പോള്‍ വണ്ടി ഓഫ് ആകും. അല്ലെങ്ങില്‍ ആക്സിലെറ്റര്‍ കൂടും . വണ്ടി പതുക്കെ ഓടി തുടങ്ങുമ്പോള്‍ രണ്ടാമത്തെ ഗിയര്‍ . പിന്നെ സൈഡ് മിറര്‍ നോക്കണം മുനിപിലും പിന്പിലും സൈഡിലും വരുന്ന വണ്ടികള്‍ ഒക്കെ ശ്രദ്ധിക്കണം. അവരെ " റേസ്‌പെക്ടു" ചെയ്യണം . പിന്നെ സ്പീഡ് നാല്പതു കഴിഞ്ഞാല്‍ മൂന്നാമത്തെ ഗിയര്‍ ഇടണം. അറുപത്തിലെതിയാല്‍ നാലാമത്തേത് . ഭാഗ്യം കൊണ്ട് ആദ്യത്തെ കുറച്ചു കാലം അങ്ങോട്ട് പോകേണ്ടി വന്നില്ല പക്ഷെ സ്പീഡോമീറ്ററില്‍ നോക്കെതെ വേണം ഇതൊക്കെ ചെയ്യാന്‍ . എന്റെ ഡ്രൈവിംഗ് കുറേകാലം വരെ മൂന്നാമത്തെ ഗിയര്‍ വരെ ഒതുങ്ങി നിന്നു. പിന്നെ റോഡിലുള്ള ഒരു സിഗ്നലും നാം ശ്രദ്ധിക്കണം . അതിനനുസരിച്ച് വേണം ഓടിക്കാന്‍. അജ്മാന്‍ ആയത് കൊണ്ട് നമ്മുടെ നാട്ടില്‍ ഓടിക്കുനത് പോലെയാണ് എന്നാണ് ഇന്സ്ട്രുക്ടര്‍ പറഞ്ഞത്. ചില അറബികള്‍ റോഡിന്റെ നടുക്ക് കൊണ്ട് നിര്‍ത്തിയിട്ടു പോകും . ചിലരകെട്ടെ ഒട്ടും പ്രതീക്ഷിക്കാതെ എവിടെന്നെങ്ങിലും കയറി വരും . ഇതെല്ലാം നോക്കി വേണം ഓടിക്കാന്‍ . ഇത്രയും ശ്രദ്ധയോടുകൂടി ചെയ്യേണ്ട വേറൊരു കാര്യവുമില്ലന്നു എനിക്ക് തോന്നി . നന്നായി ഡ്രൈവ് ചെയ്യുന്നവരൊക്കെ എന്റെ മനസ്സില്‍ ഹീറോ പരിവേഷം നേടി.
അങ്ങനെ പറഞ്ഞ നാല്പതു ക്ലാസ്സുകള്‍ കഴിഞ്ഞു .എന്റെ ആദ്യത്തെ ടെസ്റ്റിന്റെ ഡേറ്റ് കിട്ടി . പക്ഷെ അപ്പോഴും പാര്‍ക്കിംഗില്‍ എനിക്കൊരു ശങ്ക ഉണ്ടായിരിന്നു . ഞാന്‍ അത് എന്റെ ഇന്സ്ട്രുക്ടറോടു പറഞ്ഞു " അത് അടുത്ത ടെസ്റ്റിനു നോക്കാം " ഞാന്‍ ഒന്ന് ഞെട്ടി . അപ്പോ ഈ ടെസ്റ്റ് എനിക്ക് കിട്ടില്ലാന്ന് ഇപ്പോഴേ ഉറപിച്ചു കഴിഞ്ഞു . ഞാന്‍ അത് അയാളോട് പറയുകയും ചെയ്തു . അതിന്റെ മറുപടി " ഓ എവിടെ മിനിമം ഒരു അഞ്ചു ടെസ്റ്റുഎങ്കിലും കഴിയണം ." ആ വാക്കുകളോടെ ഒരു പാഴ്ശ്രമമാണ് ചെയ്യാന്‍ പോകുന്നത് എന്ന ഒരു തോന്നല്‍ ഉണ്ടായി.
അങ്ങനെ ആ ദിവസമെത്തി . അതിരാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ചു ഞാന്‍ അജ്മാനിലേക്ക് തിരിച്ചു .നാലാം നമ്പര്‍ ലൊക്കേഷന്‍ ആണ് എന്റേത് . മുന്‍പ് പല ദിവസം ഞാന്‍ അവിടെ പോയി പടിച്ചുട്ടുണ്ട്. അജ്മാനില്‍ ടെസ്റ്റ് നടത്തുന്നത് ലോക്കേഷന്‍ തിരിച്ചാണ് . ഏകദേശമുള്ള എല്ലാ ലോക്കെഷനിലും ഞാന്‍ ടെസ്റ്റ് കൊടുത്തിട്ടുണ്ട് . എനിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് എനിക്ക് ടെന്‍ഷന്‍ ഒന്നുമില്ലായിരുന്നു . ഞാന്‍ അവിടെ എത്തുമ്പോള്‍ കുറെ പേര്‍ ഉണ്ടായിരിന്നു .കുറച്ചു പേരെയൊക്കെ ഞാന്‍ പരിചയപെട്ടു . പലരും വലിഞ്ഞു മുറികിയ മുഖമുമായി നില്‍ക്കുന്നു . മറ്റുചിലരാകട്ടെ തങ്ങള്‍ക്കു ടെന്‍ഷന്‍ ഒന്നും ഇല്ലഎന്ന് വരുത്തിയ മുഖഭാവവുമായി നില്‍ക്കുന്നു . പലരും അഞ്ചും അതിലധികവും കഴിഞ്ഞവര്‍ . പത്തു കഴിഞ്ഞവരും അതിലേറെ ആയവരും കൂട്ടത്തിലുണ്ട്. എനിക്കാണേല്‍ ചെറിയൊരു മൂത്ര ശങ്കയും വന്നു തുടങ്ങി . ഒരു എട്ടര ആയപ്പോള്‍ പോലീസ് എത്തി . ക്ലീന്‍ ഷേവ് ചെയ്ത ഒരു പോലീസുകാരന്‍ . നാലുപേരെ അയാള്‍ തന്റെ വണ്ടിയില്‍ കയറ്റി . കൈയിലുള്ള ഓരോരുത്തരുടെയും പേപ്പര്‍ വാങ്ങി വെച്ച് . .. ജാഓ. അയാള്‍ ധൃതി വെച്ചു. ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന ആള്‍ വണ്ടി പതിയെ മുന്നോട്ടെടുത്തു.
കുറെ കഴിഞ്ഞപ്പോള്‍ പോയ വണ്ടി തിരിച്ചു വന്നു . ഒരാള്‍ മാത്രമേ അതില്‍ ഉണ്ടായിരുന്നുള്ളൂ . അയാള്‍ വണ്ടി സീറ്റില്‍ നിന്നിറങ്ങി പോലീസുകാരന്‍ ഇരുന്ന ഭാഗത്തേക്ക് വന്നു .പോലീസുകാരന്‍ ഒരു ഒരു ചെറിയ സ്ലിപ് എഴുതി കൊടുത്തു . അയാള്‍ക്ക് സന്തോഷം അടക്കാന്‍ വയ്യെന്ന് തോന്നു . പോലീസ് കാരനെ പിടിച്ചു ഉമ്മവെക്കുമെന്നുപോലും എനിക്ക് തോന്നിപോയി അയാളുടെ ആപ്പോഴെത്തെ ഭാവം കണ്ടപ്പോള്‍ . ' അയാള്‍ക്ക് ലൈസെന്‍സ് കിട്ടി ' കൂടെ നിന്ന ആരോ പറഞ്ഞു.
അടുത്ത അവസരത്തില്‍ ഞാനും വണ്ടിയില്‍ കയറി . എന്റെ കൂടെ കയറിയ വരെല്ലാം പിന്നിലെ സീറ്റിലേക്ക് കയറിയപ്പോള്‍ എനിക്കു ഡ്രൈവിംഗ് സീറ്റില്‍ ആദ്യം തന്നെ കയറേണ്ടി വന്നു. ഞാന്‍ എന്റെ പേപ്പര്‍ പോലീസുകാരന്റെ കൈയില്‍ കൊടുത്തു . പിന്നീട് ഡ്രൈവിംഗിന് മുന്‍പുള്ള പ്രാരംഭ നടപടികള്‍ ചെയ്തു തുടങ്ങി . സീറ്റ് ബെല്‍റ്റ് എടുക , മിറര്‍ ശരിയാണെങ്കില്‍ കൂടി ഒന്ന് കൂടി തട്ടി നേരെയാക്കുക . പോകാനുള്ള നിര്‍ദേശം കിട്ടിയപ്പോള്‍ ഹാന്‍ഡ് ബ്രേക്ക് റിലീസ് ചെയ്തു ഇന്‍ഡികേറ്റര്‍ ഇട്ടു പതുകെ വണ്ടി എടുത്ത് . മനസ്സില്‍ നേരിയ ഭയം പോലും തോന്നിയില്ല. ലൈസന്‍സ് കിട്ടില്ല എന്ന് ഞാന്‍ മനസ് കൊണ്ട് ആദ്യമേ ഉറപ്പിചിരിന്നു. ഒരു "U" ടേണ്‍ ഒക്കെ കഴിഞ്ഞു കുറച്ചായപ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞു . നേരെത്തെ ഞാന്‍ കണ്ട ആ ചെറിയ കടലാസ തുണ്ട് അയാള്‍ കൈയിലെടുത്തു . എന്റെ ഹൃദയം പെരുമ്പറ മുട്ടാന്‍ തുടങ്ങി . അല്ലാഹ് എനിക്ക് ഒന്നാമത്തെ ടെസ്റ്റില്‍ തന്നെ ലൈസന്‍സ് കിട്ടാന്‍ പോവാണോ .... ഈ സമയം ഞാന്‍ വണ്ടി പാര്‍ക്കിംഗ് കയറ്റി സ്റ്റോപ്പ് ചെയ്തു . ഗിയറില്‍ നിന്ന് ന്യൂട്ടറില്‍ ആകി ഹാന്‍ഡ്‌ബ്രേക്ക് ഇട്ട് ക്ലുച്ചില്‍ നിന്ന് പതിയെ കാലെടുത്തു . പെട്ടന്ന് വണ്ടി ചാടി പിന്നെ ഓഫ് ആയി . എന്ത് പറ്റിയെന്നു ഒരു നിമിഷം എനിക്ക് മനസിലായില്ല .പോലീസുകാരന്‍ ദേഷ്യത്തോടെ എന്നെ നോക്കി . " ഗാഡി ന്യുട്ടിര്‍ മേം ഹേ ?? ചെക്ക് കരോ ... ഞാന്‍ ഗിയര്‍ ചെക്ക് ചെയ്തു . ഞാന്‍ ന്യുട്ടിര്‍ ആക്കിയെങ്കിലും വണ്ടി ന്യുട്ടിറില്‍ ആയില്ല. ലൈസന്‍സ് കിട്ടാന്‍ പോകുന്ന സന്തോഷത്തില്‍ എന്റെ ധൃതിയാണ് വിനയായത്. പോലീസുകാരന്‍ ചെറിയ കടലാസ് അവിടെ വെച്ച് എന്റെ ലൈസന്‍സിന്റെ ഫയല്‍ എടുത്തു ഒരു നാല് തെറ്റുകള്‍ ഇട്ടു. ഞാന്‍ ദയനീയമായി അയാളെ നോക്കി. ഒരു അലിവും അയാളുടെ മുഖത്ത് ഞാന്‍ കണ്ടില്ല . ഹും ജാവോ ... ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി പതുക്കെ ബസ് സ്റൊപ്പിലേക്ക് നടന്നു . ചുണ്ടിനും കപ്പിനുമിടയില്‍ എനിക്ക് അന്ന് ലൈസന്‍സ് നഷ്ടപ്പെട്ടു . ആദ്യ ടെസ്റ്റ് ആയത്കൊണ്ട് വലിയ ഒരു ദുഖമോന്നും തോന്നിയില്ല . പക്ഷെ അന്ന് നഷ്ടപെട്ട ലൈസന്‍സ് പിന്നെ കിട്ടുന്നത് എന്റെ പതിനേഴാമത്തെ ടെസ്റ്റില്‍ ആണ് ....
പിന്നെയുള്ള ഓരോ ടെസ്റ്റിലും തെറ്റുകള്‍ കൂടി കൂടി വന്നു . ഇതിനിടയില്‍ പല തവണ പഠിപ്പിക്കുന്ന ആളിനെ മാറ്റി. ഏറ്റവും ബുദ്ധിമുട്ട് അജ്മാന്‍ വരെ പോയി പഠിക്കുക എന്നതായിരിന്നു.ദുബായ് ഖിസൈസില്‍ താമസിക്കുന്ന ഞാന്‍ ഷാര്‍ജ റോളയില്‍ എത്തി അവിടന്ന് അജ്മാന്‍ വരെ എത്തുക . തിരിച്ചും അതുപോലെ .. ചൂട് കാലമാണങ്കില്‍ പറയുകയും വേണ്ട. ഇതിനിടയില്‍ രണ്ടോ മൂന്നോ ടെസ്റ്റിനു ഞാന്‍ പോയില്ല . നാട്ടിപോവുകയോ വേറെ എന്തെങ്കിലും പ്രശ്നത്തില്‍ അകപെടുകയോ ചെയ്തിരിന്നു . ഓരോ ടെസ്റ്റ് കഴിയുന്തോറും എന്റെ മനസിലെ ടെന്ഷനും കൂടി കൂടി വന്നു . അവസാനം ഡ്രൈവ് ചെയ്യാന്‍ അറിയുക എന്നതിനേക്കാള്‍ കൂടുതല്‍ എന്റെ ടെന്‍ഷന്‍ എങ്ങനെ കുറക്കാമേന്നായി എന്റെ ചിന്ത. ഇതിനിടയില്‍ എനിക്ക് ശേഷം എന്റെ ഓഫീസില്‍ നിന്ന് ലൈസന്‍സിനു പോയ പലര്‍ക്കും കിട്ടി . ഞാന്‍ തോറ്റു തോറ്റു പഠിക്കുന്ന ഒരു കുട്ടിയെ പോലെയായി.പലതവണ യുദ്ധത്തില്‍ തോറ്റു ഗുഹയില്‍ അഭയം പ്രാപിച്ച രാജാവ് അവസാനം എട്ടുകാലിയെ കണ്ടു പ്രചോദനം ഉള്‍കൊണ്ട കഥ പലവുരു മനസ്സില്‍ വന്നെങ്കിലും അതൊന്നും ടെസ്റ്റിന്റെ സമയത്തെ ടെന്‍ഷന്‍ കുറച്ചില്ല . ചിലര്‍ പറഞ്ഞു ഒരു ഡോക്ടറെ കാണാന്‍ . ഒരു തവണ തവണ കണ്ടു . ഗുളിക കഴിക്കുകയും ചെയ്തു . പക്ഷെ എന്റെ കാര്യത്തില്‍ അതും പ്രയോജനപെട്ടില്ല. പക്ഷെ ഓരോ തവണ തോല്ക്കുംപോഴും ഇതു നേടാതെ ഞാന്‍ പിന്തിരിയില്ല എന്നൊരു ചിന്ത എന്റെ മനസ്സില്‍ വന്നു തുടങ്ങിയിരിന്നു.
പിന്നെ എപ്പോഴോ ടെസ്റ്റ് കൊടുക്കുക , ഡ്രൈവിംഗ് പഠിക്കാന്‍ പോവുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ഇതിനിടയില്‍ പലരും പറഞ്ഞു കാശ കൊടുത്തു എടുക്കാന്‍. ഞാന്‍ തയ്യാറായതുമാണ് . രണ്ടു തവണ അങ്ങനെ ശ്രമിച്ചു .രണ്ടു തവണയും പഠിപ്പിക്കുന്ന ആള് തന്നെ യാണ് അത് പറഞ്ഞത് . 3500 ദിര്‍ഹംസ് കൊടുത്താല്‍ കിട്ടുമത്രേ . ടെസ്റ്റിന്റെ എണ്ണം കൂടിയാപ്പോള്‍ ഞാന്‍ ആ വഴിക്ക് ചിന്തിച്ചു . അത് എന്റെ എട്ടാമത്തെ ടെസ്റ്റ് ആയിരിന്നു അയാള്‍ പറഞ്ഞ പോലെ ഓകെ ചെയ്തു . അവസാനം ഡ്രൈവ് ചെയ്യുക , വലിയ തെറ്റുകള്‍ ഒന്നും ചെയ്യാതിരിക്കുക. അതൊക്കെ ചെയ്തുവെങ്കിലും ലൈസന്‍സ് കിട്ടിയില്ല . അന്നും ഒരു മൂന്നു തെറ്റുകള്‍ എന്റെ പേപ്പറില്‍ കിട്ടി. അന്ന് എനിക്ക് മനസിലായി അതൊരു തട്ടിപ്പ് പരുപാടി ആണെന്ന് . രണ്ടാമത്തേത് എന്റെ പതിമൂന്നാമത്തെത്തില്‍ ആയിരിന്നു . ആദ്യത്തെ സംഭവത്തോടെ തട്ടിപ്പാണെന്ന് മനസിലായെങ്കിലും പഠിപ്പിക്കുന്ന ആള്‍ അത്രത്തോളം വിശ്വസിപ്പിച്ചു. എങ്ങനെ എങ്കിലും ഇതൊന്നു കഴിഞ്ഞു കിട്ടണമെന്ന ചിന്ത എന്നെയും വല്ലാതെ അസ്വസ്ഥനാക്കിയിരിന്നു . എന്റെ ഭാഗ്യമെന്നു പറയെട്ടെ അന്നും എനിക്ക് കിട്ടിയില്ല . ഈ രണ്ടു സംഭവത്തോടെ ഞാന്‍ പഠിപ്പിക്കുന്ന ആള്‍ക്കാരെ മാറ്റിയിരിന്നു. അവസാനം മുറുറില്‍ നിന്ന് ഒരാളെ നിര്‍ദേശിച്ചു . മുപ്പതു വര്‍ഷത്തോളം ഡ്രൈവിംഗ് പഠിപ്പിക്കുന്നത് ജീവിതോപധിയാക്കിയ അവറാന്‍ എന്നാ ബാവുക്ക . മുറുറില്‍ തന്നെ പല പോലീസുകാരെയും ഡ്രൈവിംഗ് പഠിപ്പിച്ചത് പുള്ളിയണെത്രേ. അയാള്‍ എന്നില്‍ പ്രസരിപ്പിച്ചത് മനോധൈര്യം മായിരിന്നു. ഡ്രൈവിംഗ് ഞാന്‍ നല്ലത് പോലെ ചെയ്യുന്നുവെന്നു പറഞ്ഞു . ടെന്‍ഷന്‍ മാത്രമാണ് എന്റെ പ്രശ്നമെന്നും. സത്യത്തില്‍ അയാള്‍ക്ക് ക്ലാസ്സ് എടുക്കാന്‍ സമയമേ ഉണ്ടായിരുന്നില്ല . അത്ര തിരക്കയിരിന്നു. അതും അറബി പിള്ളേര്‍ . ഇടക്ക് കക്ഷി എന്നെ സമയമില്ലാത്തത് കാരണം തന്റെ സ്കൂളില്‍ തന്നെ പഠിപ്പിക്കുന്ന വേറെ ഒരാളിനെ ഏര്‍പാട് ചെയ്തു . ആയാലും എന്റെ ഡ്രൈവിങ്ങില്‍ ത്രിപ്തനായിരിന്നു.
റമദാന്‍ സമയമായതിനാല്‍ ജോലി കഴിഞ്ഞതിനു ശേഷം അഞ്ചു മണിമുതല്‍ ഏഴു വരെയാണ് എന്റെ സമയം. ഒരു ആറെ മുക്കാല്‍ ആവുമ്പോള്‍ ക്ലാസ്സ് നിര്‍ത്തി ഞങ്ങള്‍ അടുത്തുള്ള പള്ളിയില്‍ പോകും. നോമ്പ് മുറിക്കാന്‍ . അറബികള്‍ മാത്രം താമസിക്കുന്ന ഒരു ഏരിയ ആയിരിന്നു അത് . അതുകൊണ്ട് വിശാല മായ ഒരു നോമ്പ് തുറ തന്നെ ആയിരിന്നു ആ പള്ളിയില്‍. തിരക്കും കുറവായിരിന്നു. സാധാരണ പള്ളിയില്‍ പോയി നോമ്പ് തുറക്കാന്‍ പോയിരിന്നില്ല ഞാന്‍ , തിരക്കായിരിന്നു പ്രധാന കാരണം. പക്ഷെ ഈ പള്ളിയില്ലേ സ്ഥിതി നേരെ തിരിചായിരിന്നു. അതുകൊണ്ട് ഡ്രൈവിങ്ങിനു പോകുന്ന മൂന്നു ദിവസവും അവിടെ തന്നെ പോയി. മൂന്നാമത്തെ ദിവസം നോമ്പ് തുറയും പ്രാര്‍ത്ഥനയും കഴിഞ്ഞു ഇറങ്ങുമ്പോള്‍ ഒരു അറബി എന്നെ വിളിച്ചു ഒരു 100 ദിര്‍ഹംസ് തന്നു . എനിക്ക് ആശ്ചര്യം തോന്നി . എനിക്ക് മാത്രമല്ല അവിടെയുള്ള എല്ലാര്ക്കും നല്‍കി . കൂടെ വന്ന പഠിപ്പിക്കുന്ന ആള്‍ പറഞ്ഞു " നീ ഭാഗ്യമുള്ളവനാ .. അല്ലേല്‍ നിനക്കിത് കിട്ടുമോ .. ഇയാള് നാളെയാണ് ഇതു കൊടുതെതെങ്ങില്‍ നിനക്ക് ഇതു ഇതു കിട്ടുമോ ? ഇത്തവണ നിനക്ക് ഉറപ്പായും ലൈസന്‍സ് കിട്ടും '' അതു സത്യമായിരിന്നു നാളെ എന്റെ ടെസ്റ്റ് . പിന്നെ ഞാന്‍ ഡ്രൈവിങ്ങിനു വരില്ല . ടെസ്റ്റ് കിട്ടിയില്ലങ്ങില്‍ തന്നെ അടുത്ത ഡേറ്റ് കിട്ടിയതിനു ശേഷമേ ഞാന്‍ ക്ലാസിനു പോവുകയുള്ളൂ . അയാള്‍ പറഞ്ഞത് അച്ചട്ടായി. ആ ടെസ്റ്റില്‍ എനിക്ക് ലൈസന്‍സ് കിട്ടി . എന്റെ സന്തോഷത്തിനു അതിരികളില്ലയിരിന്നു. നാളെ യു എ ഇ യുടെ നിരത്ത്കളില്‍ കൂടി വണ്ടി ഓടിക്കാം എന്നുള്ളതല്ല . പകരം ഇത്രയും കാലത്തെ കാത്തിരിപ്പിന്റെ ഫലം. മൂന്നര വര്ഷം , 13700 ദിര്‍ഹംസ് ..... പിന്നെ എന്റെ ശാരിരികവും മാനസികവുമായ വിഷമങ്ങള്‍. എന്റെ ഓഫീസില്‍ ഇതിനു മുന്‍പ് പതിനാലു ടെസ്റ്റ് കൊടുത്തു പാസായ ഒരു മാനേജര്‍ ഉണ്ട് . പുള്ളിയുടെ റെക്കോര്‍ഡ് ആണ് ഞാന്‍ തകര്‍ത്തത്. ഇനി എന്റെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഒരുവന്‍ വരേണ്ടിയിരിക്കുന്നു ......
വാള്‍കഷ്ണം : നാട്ടില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തി , ഒരുപാട് ശിഷ്യ ഗണങ്ങളുമുള്ള ഒരാള്‍ ഇവിടെ ടെസ്റ്റ് കൊടുത്തു ... ഇതിനിടയില്‍ കക്ഷി പഠിപിച്ച , ഒരുപാട് തവണ തലക്ക് തട്ട് കൊടുത്ത തന്റെ ഒരു ശിഷ്യനും ടെസ്റ്റ് കൊടുത്തു . ഗുരുവിനു ലൈസന്‍സ് കിട്ടാന്‍ പണ്ട്രണ്ടു ടെസ്റ്റ് വേണ്ടി വന്നു .. ശിഷ്യന് വെറും മൂന്നു ടെസ്റ്റ് മാത്രം ... അപ്പൊ ആരാ കേമന്‍ ????