Thursday, July 25, 2024

നമ്മുടെ ആശുപത്രികൾ

രണ്ടു മൂന്നു ദിവസം മുൻപാണ് എന്റെ ബാല്യകാല സുഹൃത്തു ബുഹാരിയെ വിളിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി അവൻ ലണ്ടനിൽ ആണ്. കോവിഡ് കാലമായതിനാൽ , അവൻ്റെ വിശേഷങ്ങൾ അറിഞ്ഞിട്ടു കുറച്ചു കാലമായി. ബാല്യകാല സുഹൃത്തുകൾക്ക് വേണ്ടി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടെങ്കിലും, ജോലി തിരക്കുമൂലമോ മറ്റുമോ ഞങ്ങൾ ചാറ്റിങ്  ഒക്കെ കുറവായിരുന്നു. സത്യത്തിൽ അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ കേരളം എത്രമാത്രമാണ് ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നത് എന്ന് മനസിലായത്. ഫേസ്ബുക്കിലുള്ള ചില കുറിപ്പുകൾ വായിക്കുമ്പോൾ ഉണ്ടാവുന്ന  രോമാഞ്ചങ്ങൾ ഉണ്ടാവുമെങ്കിലും , അടുത്തറിയുന്ന ഒരു വ്യക്തി അത് പറയുമ്പോൾ നമ്മുടെ കൊച്ചു കേരളതിന്റെ മഹിമ കുറച്ചുകൂടി വ്യക്തമാകുന്നത്.

ഞാൻ വിളിക്കുമ്പോൾ അവൻ ജോലിയിൽ ആയിരുന്നു. സ്വന്തമായി  ചെറിയ രീതിയെ വർക്കുകൾ ഒക്കെ എടുത്തു ചെയ്യുന്നതാണ് അവൻ.
" അളിയാ ഇത്രയൊക്കെ ആയിട്ടും ജോലിക്ക് പോകുന്നുണ്ടോ ? ഞാൻ ചോദിച്ചു
അളിയാ ഇതു നേരെത്തെ ഏറ്റെടുത്ത പണിയാണ് . തീർത്തു കൊടുക്കാൻ അവർ നിർബന്ധിക്കുന്നു . സത്യം പറഞ്ഞാ നല്ല ടെൻഷൻ ഉണ്ട്.   അവൻ പറഞ്ഞു
താമസ സ്ഥലമായ  കിങ്‌സ്ബറിയിൽ നിന്ന് ഇപ്പോൾ വർക്ക് നടക്കുന്ന സൗത്താണ്ട് സീയിലേക്ക്  കുറച്ചു ദൂരമുണ്ട്. സമയലാഭവും സാമ്പത്തിക ലാഭവും നോക്കി മെട്രോയാണ് ആശ്രയം
"മെട്രോയിൽ ഒക്കെ കേറുമ്പോൾ ശരിക്കു പേടിയുണ്ട്. മിക്കവരും മാസ്ക് പോലും ഉപയോഗിക്കുന്നില്ല. ലോക്‌ഡോൺ ആണോന്നെക്കെ പറയുന്നു. ഇവിടെ ബസ്, മെട്രോയുമൊക്കെ ഓടുന്നു ആൾക്കാർ ഒക്കെ റോഡിൽ ഉണ്ട്.  ഇതെന്തു ലോക്കഡോൺ ആണെന് അറിയാൻ വയ്യ. ഇപ്പോഴാണെങ്കിൽ നല്ല കാലാവസ്ഥയും. 18 ഡിഗ്രി . ആൾക്കാർ മൊത്തം എന്ന് ബീച്ചിൽ കാണും"

നാട്ടിലെ വാർത്തകാണുമ്പോൾ കൊതിയാവുന്നു അളിയാ .. അവൻ പറഞ്ഞു നിർത്തി
അല്ലെ അളിയാ അവിടെത്തെ മെഡിക്കൽ സംവിധാനം ഒക്കെ വളരെ നല്ല രീതിയിൽ ആണെന്ന് അളിയൻ പറഞ്ഞായിരുന്നു .. ഞാൻ ചോദിച്ചു

അതൊക്കെ ശരി തന്നെ. എന്തെങ്കിലും അസുഖം വന്ന ആദ്യം നമ്മുടെ ജി പി യുടെ അപ്പോയിന്മെന്റ്റ്‌ എടുക്കണം . നമ്മുടെ കാർഡിൽ പറഞ്ഞിട്ടുള്ള ഡോക്ടറിനെ മാത്രമേ വിളിക്കാവൂ. വേറെയാരെയും വിളിക്കാൻ പാടില്ല . ഇപ്പോഴത്തെ അവസ്ഥയിൽ  ജി പി യിൽ വിളിക്കാൻ പറ്റില്ല. 119 ഇൽ വിളിക്കുക . സിംറ്റംസ്‌ പറഞ്ഞാൽ വല്യ കുഴപ്പമില്ലങ്കിൽ  അവർ 14 ദിവസം വീട്ടിലിരിക്കാൻ പറയും . ശ്വാസതടസം പോലുള്ള എന്തെങ്കിലും വല്യ പ്രശ്‌നം വന്നാൽ  മാത്രം 999 വിളിക്കുക. അപ്പോഴേ ഹോസ്‌പിറ്റലൈസ്‌ ചെയൂ.

 .ഇതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മുടെ നാട് ശരിക്കും സ്വർഗം തന്നെ അളിയാ ... എന്ത് മാത്രം അപ്റ്റൂ ഡേറ്റാ അവിടെ കാര്യങ്ങൾ . ആരോഗ്യരംഗത്തെ കേറിങ്.. ശരിക്കും മനസിലായി നാടെന്താണെന്നു .. അവൻ്റെ വാക്കുകളിലെ ആത്മാർത്ഥ എനിക്ക് മനസിലായി .

കുറച്ചു കാലം മുൻപ് യു കെ യിലെ  ആരോഗ്യ രംഗത്തെ ഒരുപാട് പുകഴ്ത്തിയവൻ ആണിത് പറയുന്നത്. അന്ന് അവൻ നമ്മുടെ നാട്ടിലെ ആൾക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്ത പ്രശ്നങ്ങളൊക്കെ  പറഞ്ഞത് ഞാൻ ഓർക്കുന്നു. മറ്റൊരു പ്രവാസിയായ ഞാൻ അതൊക്കെ ശരിവെക്കുകയും ചെയ്തിരുന്നു.

അതുപോലെ കുറച്ചു കാലം മുൻപ് വരെ നാട്ടിലെ ഗവണ്മെന്റ്റ് ഹോസ്പിറ്റലുകളെ അവഗണിച്ചിരുന്ന ഒരാളാണ് ഞാനും. ഏകദേശം രണ്ടു വര്ഷം മുൻപ് വരെ. നമ്മുടെയൊക്കെ നാട്ടിൽ പ്രേതെകിച്ചു റാത്തിക്കൽ, വെട്ടൂർ ഈ സ്ഥലങ്ങളിൽഒക്കെ ഉള്ളവർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുന്നത് കുറച്ചിലായിട്ട് കാണുന്നവരാണ്. ഈ അടുത്തകാലം വരെ ഞാനും
എന്തെങ്കിലും ഒരാവശ്യം വന്നാൽ, ഗൾഫ് കാരന്റെ വീട്ടുകാർ ആണെങ്കിൽ ഒരു മൂന്നാലു വര്ഷം മുൻപ് വരെ തിരുവനന്തപുരം കോസ്മോ ആയിരുന്നു  ഇപ്പോൾ കുറെകാലമായി കിംസ്. അതാണ് സ്റ്റാറ്റസ് സിംബൽ

രണ്ടുവർഷം മുൻപ് ഇളയ മകൾക്ക് ന്യുമോണിയ വന്നു. അവൾക്ക് അന്ന് ഏതാണ്ട് ആറു മാസത്തിനു താഴെയാണ് പ്രായം. ജനിച്ചതിനു ശേഷം ഞാൻ അവളെ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല.സാധാ പനിയിൽ തുടക്കം. നാട്ടിലുള്ള ഒരു പീഡിയാട്രീഷ്യനെ കാണിച്ചു മരുന്ന് കൊടുത്തു. പക്ഷെ അസുഖം മാറിയില്ല. സീരിയസ് ആവുകയും ചെയ്തു. ഭാര്യ വിളിച്ചു പറയുമ്പോൾ ഞാൻ ആകെ ടെൻഷൻ ആയി. എടുത്ത വായിൽ ഞാൻ കിംസിൽ കൊണ്ടുപോകാൻ പറഞ്ഞു. വാപ്പയെയും വിളിച്ചു പറഞ്ഞു

വാപ്പ പറഞ്ഞു " മോനെ ഞാൻ പറയിണതു  SAT യിൽ കൊണ്ടുപോകാനാണ്. ഇപ്പോ ഗവണ്മെന്റ് ഹോസ്പിറ്റലിലോക്കെ നല്ല ചികിത്സയാണ്. പിന്നെ നിൻറെ ഇഷ്ടം . "

പിന്നെയൊന്നും ചിന്തിച്ചില്ല ഭാര്യയെ വിളിച്ചു SAT യിൽ കൊണ്ട് പോവാൻ. ഹോസ്പിറ്റലിൽ കുട്ടികളുടെ ICU യിൽ അവളെ അഡ്മിറ്റ് ചെയ്തു . അന്ന് എൻ്റെ ഭാര്യ പറഞ്ഞു അവരുടെ ചികിത്സ മികവിനെ കുറിച്ച്. അവരുടെ ശ്രദ്ധയെ കുറിച്ച്. മൂന്ന് ദിവസമായപ്പോൾ തന്നെ മകളുടെ അസുഖത്തിന് കുറവ്  വന്നു.  നാലാമത്തെ ദിവസമാണ് എനിക്ക് ലീവ് കിട്ടുന്നത്. അതിരാവിലെ ഏകദേശം നാല് മണിയോടെ ഞാൻ ഹോസ്പിറ്റലിൽ എത്തി. ഞാൻ അവളെ കാണുമ്പോഴേക്കും അവൾക്ക് നല്ല മാറ്റമുള്ളതായി തോന്നി. അന്ന് തന്നെ വാർഡിലേക്ക് മാറ്റുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു ഡോക്ടറോട് ഭാര്യ ചോദിച്ചു
" ഡോക്ടർ ഡിസ്ചാർജ് ചെയ്യാറായോ ?
അതുകേട്ട ഡോക്ടർ അല്പം ഗൗരവത്തിൽ പറഞ്ഞു  " ഇ വിടെ അഡ്മിറ്റ് ചെയ്യുന്നതും ഡിസ്ചാർജ് ചെയ്യുന്നതുമൊക്കെ ഞങ്ങൾ തീരുമാനിക്കും. നിങ്ങൾക്ക് എന്തറിയാം കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ...

പിന്നെയും കുറച്ചു ദിവസം കൂടി കഴിഞ്ഞതിനു ശേഷമാണു മോളെ ഡിസ്ചാർജ് ചെയ്തത്.  അപ്പോഴേക്കും അവളുടെ പഴയ പ്രസരിപ്പ് തിരികെ വന്നിരുന്നു. അനാവശ്യ മരുന്നുകൾ ഇല്ല. പണം പിഴിഞ്ഞെടുക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലിന്റെ സ്വഭാവവും ഇല്ല.

അതിനു ശേഷം എന്ത് അസുഖം വന്നാലും ആദ്യം പോകുന്നത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരിക്കും.

ഇപ്പൊഴീ കൊറോണ കാലത്തും നാട്ടിലെ സർക്കാർ ആരോഗ്യ മേഖലയെ കുറിച്ച് പറയുമ്പോഴും എനിക്ക് വലിയ അത്ഭുതമായിട്ടു തോന്നുന്നില്ല. കാരണം രണ്ടു വർഷം മുൻപ് അത് ഞാൻ ശരിക്കു അനുഭവിച്ചതാണ്.

ഇതെഴുതുന്നത് ദുബായിൽ നിന്നാണ്. കൊറോണയെ ഫലപ്രദമായി നേരിടാൻ ഇവിടെത്തെ ഗവണ്മെന്റ് കഠിനപ്രയത്നം തന്നെ നടത്തുന്നുണ്ട്. ഏകദേശം അഞ്ചര ലക്ഷം ടെസ്റ്റുകൾ നടത്തി കഴിഞ്ഞു. ലോകത്തെ മികച്ച ചികത്സ രീതി തന്നെ അവർ സ്വദേശിക്കും വിദേശിക്കും നല്കുന്നു. എന്നിട്ടും മനസ്സിപ്പോഴും നാട്ടിലാണ് .



















ആരാണ് ശത്രുക്കൾ

ആരുടെ നന്മയാണ് ഇവർ ലക്‌ഷ്യം വെക്കുന്നത്  ?  നിഷ്കളങ്കതയുടെ മുഖങ്ങൾക്കു നേരെ ക്രൂരതയുടെ വെടിയുണ്ടകൾ . അവയ്ക്ക് പിന്നിൽ നിലക്കുന്ന നാളെയുടെ വദനങ്ങൾ . 

ഇംഗ്ലീഷ് കഥകൾ

ഒരു ഇരുപതു വർഷങ്ങൾക്ക് മുൻപ്, റിലയൻസ് വെബ് വേൾഡിൽ ജോലി ചെയ്യുന്ന കാലം. ഫ്രാഞ്ചൈസി ഉടമയായ നസീബിനിന്റെ "ഗൾഫ് ഡ്രീംസ്" ന്റെ അതെ കടയിൽ തന്നെ ആയിരിന്നു വെബ്  വേൾഡും; കുറച്ചു കാലത്തിനു ശേഷം വേറെ ഓഫീസ് ആകുന്നതുവരെ. ഫ്രാഞ്ചൈസിയിൽ "കൊമേർഷ്യൽ എക്സിക്യൂട്ടീവ് " ആയി ഞാൻ അങ്ങനെ അരങ്ങു വാഴുന്ന കാലം. കൂടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയി കൂട്ടുകാരനായ ഷാദുമുണ്ട്. 
ഒരു ദിവസം നാട്ടിലെ കില്ലാഡിയായ ഒരു ഇക്ക ഷോപ്പിലേക്ക് വന്നു. ഞങ്ങളൊക്കെ സ്നേഹത്തോടപ്പം ഒരല്പം ഭയത്തോടെകൂടി  കണ്ടിരുന്ന  ആളാണ് കക്ഷി. അക്കാലത്തൊക്കെ പല വീരഗാഥകളും നാട്ടിൽ പാട്ടായിരുന്നു. ആള് വന്ന ഉടനെ 
" നസീബുണ്ടോ ?  എന്ന് ചോദിച്ചു 
"ഇല്ല ഇക്കാ"  ഞാൻ ഭവ്യതയോടെ പറഞ്ഞു 
എപ്പോ വരുമെന്ന് അറിയാമോ ?? പുള്ളി വീണ്ടും 
എന്തായാലും വൈകിട്ടാവും .. എന്തെങ്കിലും പറയണമെങ്കിൽ ഞാൻ പറയാം .. ഞാൻ വീണ്ടും 
ഗൾഫ് മേഖലയായ ഞങ്ങളുടെ നാട്ടിൽ മിക്കവാറും പാസ്പോർട്ട്, ഫ്‌ളൈറ്റ് ടിക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കൊക്കെ ആളുകൾ സമീപിച്ചിരുന്നത് ഈ " ഗൾഫ് ഡ്രീംസ് " നെയാണ് 
അല്ലടാ അനിയാ എനിക്കൊരു "കാർട്ടൂൺ" വേണമായിരുന്നു നാളെയാണ് ഫ്‌ളൈറ്റ്.. കില്ലാഡി ഇക്ക . 
ഇക്കാ "കാട്ടൻ"  ഇവിടെ ഉണ്ടോന്നു ഞാൻ നോക്കട്ടെ .. ഇംഗ്ലീഷിലുള്ള എന്റെ പരിജ്ഞാനം ഞാൻ പ്രദർശിപ്പിച്ചു 
"എന്തൊരിടാ .... കാട്ടനെ ? " ഇക്ക ഒരല്പം ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ചോദിച്ചു   നിന്നെയൊക്കെ കോളേജിൽ പഠിപ്പിക്കാൻ വിട്ടത് വെറുതെ ..... ഇക്ക ചിരി നിർത്തിയില്ല 
"ഇക്ക സത്യത്തിൽ " കാട്ടൻ(CARTON) എന്നാണ് പറയാനുള്ളത്.അല്ലാതെ കാർട്ടൂൺ (cartoon ) അതുവേറെ .. ടി വി യിൽ കാണുന്ന ടോം ആൻഡ് ജെറി .. നമ്മുടെ ആൾക്കാർ തെറ്റായിട്ട് പറയുന്നത്. ഞാൻ എന്റെ ഭാഗം ന്യായികരിച്ചു
 
നീ എന്നെ പഠിപ്പിക്കിണായെ ?? ഇത്രയും കാലം ഗൾഫിലും എല്ലായിടത്തും ഞാൻ ഇതു തന്നെ ഞാൻ പറഞ്ഞത് . സായിപ്പിന്റെ കമ്പനിയിൽ വരെ ജോലി ചെയ്തിട്ടിട്ടുണ്ട് പിന്നെയാണ്.. ഇക്കയുടെ സ്വരത്തിൽ ഒരല്പം ദേഷ്യം വന്നു തുടങ്ങിയോ എന്ന് സന്ദേഹിച്ചു 
പിന്നെ ഞാൻ തർക്കിക്കാൻ നിന്നില്ല ..ഓ ക്കെ ഞാൻ ഇവിടെ ഉണ്ടെന്നു നോക്കട്ടെ .. ഉണ്ടെങ്കിൽ വൈകിട്ട് റാത്തിക്കൽ  വരുമ്പോൾ  കൊണ്ട് വരാം . ഞാൻ പറഞ്ഞു 
"എന്ന ഓക്കേ ഡാ .. പിന്നെ നിങ്ങളൊക്കെ പത്തക്ഷരം പഠിച്ചവരാണ് ... എന്ന് കരുതി  തെറ്റായിട്ടൊന്നും ആൾക്കാരെടുത്ത്‌ പറഞ്ഞു കൊടുക്കരുത്". ഇറങ്ങാൻ നേരം ഇക്ക എന്നെ സ്നേഹത്തോടെ ഉപദേശിച്ചു 
ഞാൻ തല കുലുക്കി .....   ഞാൻ ചെയ്ത തെറ്റ് എന്താണെന്നു മനസിലാക്കി. ആൾക്കാരെ അറിഞ്ഞും നോക്കിയും വേണം കാര്യങ്ങൾ പറയാൻ ... 
...............................
കാൽ നൂറ്റാണ്ടു മുൻപ് ... സ്കൂൾ വിദ്യാഭാസത്തിന്റെ അവസാന കാലഘട്ടം . ഞാനും എന്റെ പ്രിയ സുഹൃത്തും ബസിൽ വരികയാണ്. ഞാൻ ക്ലാസ് കട്ട് ചെയ്തു സിനിമയും കണ്ടു അഞ്ചേ മുക്കാലിന്റെ സിമിയിൽ വീട്ടിലോട്ട് വരികയാണ്. വഴിക്കു വെച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന എന്റെ പ്രിയ സുഹൃത്തും ബസിൽ കയറി. ഞങ്ങൾ അങ്ങനെ വഴിയിൽ കണ്ട പെണ്പിള്ളേരുടെയും കണ്ട സിനിമയുടെയും കഥ പറഞ്ഞു ബസിൽ ഇരിക്കുക്കുകയാണ്. ബസ് മേൽ വെട്ടൂർ എത്തി.  മറ്റു ബസുകൾ വരുമ്പോലെയല്ല അന്ന് സിമി ബസ് വരുന്നത്. വർക്കല പഴയെഞ്ച അയന്തി വിളഭാഗം ഒന്നാംപാലം അങ്ങനെ കറങ്ങിയാണ് വരുന്നത്. അപ്പോഴാണ് ഞാൻ ഒരു കടയുടെ ഫ്രണ്ടിൽ ഒട്ടിച്ചിരുന്ന  സിനിമാ പോസ്റ്റർ കണ്ടത് 
"അളിയാ മുരളിയുടെ  'ചകോരം'  കണ്ടായിരുന്നോ / ഞാൻ ചോദിച്ചു 
എന്തൊരിടാ ? ചകോരമോ ?? കൂട്ടുകാരൻ ബസിനു പുറത്തേക്കു നോക്കി 
ഹി ഹി  ... നീയൊക്കെ മലയാളം മീഡിയത്തിൽ പഠിക്കുന്നതും ഞാൻ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നതുമൊക്കെ കണക്ക് തന്നെ "
എനിക്കൊന്നും മനസിലായില്ല . ഞാൻ ഒരുനിമിഷം പകച്ചു  എന്നട്ടവന്റെ മുഖത്തേക്ക് നോക്കി 
ഡാ അത് വായിക്കുന്നത് " ചകോരം" എന്നല്ല .. "ചകേരം"... എന്നാണ് മനസിലായാ 
കൂട്ടുകാരൻ അല്പം ഉച്ചത്തിൽ പറഞ്ഞു  
അടുത്തിരിക്കുന്നവർ കേൾക്കും ..  ഞാൻ പറഞ്ഞു 
അത്രയും പറഞ്ഞപ്പോൾ അവൻ വീണ്ടും തെറ്റിധരിച്ചു .. കേൾക്കട്ടിടാ..  മലയാളം മീഡിയത്തിൽ ആയിട്ടും മലയാളം നേരെ ചൊവ്വേ വായിക്കാൻ അറിയാത്തതു . 
അളിയാ ഞാൻ പറഞ്ഞതാണ് ശരി .. ഞാൻ പറഞ്ഞു 
ഓഹ് പിന്നെ ഇപ്പൊ കിടന്നു ഉരുളിടാ ....
ഒരല്പം വിക്കിന്റെ അസ്കിത ഉണ്ടായിരുന്നത് കൊണ്ട് തർക്കത്തിൽ ഞാൻ പണ്ടേ മികവ് പുലർത്തിയിരുന്നില്ല. 
പക്ഷെ, പറഞ്ഞാൽ മനസിലാകുന്ന കൂട്ടുകാരൻ ആയതുകൊണ്ടും അടുത്തിരിന്നവർ ഞാൻ പറഞ്ഞതാണ് ശരി എന്ന് പറഞ്ഞതുകൊണ്ടും അവൻ തന്റെ തെറ്റ് അംഗീകരിച്ചു 

ഈ വീഡിയോ കണ്ടപ്പോൾ  പെട്ടന്ന് മനസിൽ തെളിഞ്ഞു വന്ന രണ്ടോർമ്മകൾ .. 
ഇനിയും കുറച്ചേറെയുണ്ട് ഇതുപോലെ  toyata (തൂറ്റ ) എന്ന് വായിച്ചവരും ഊണ് റസ് 10 (Rs 10) , to let നു   ടോയ്‌ലെറ്റ് , വിജയിയുടെ "പ്രിയമാനവളെ" പ്രായമായവൾ  എന്നൊക്കെ വായിച്ച കഥകളൊക്കെ പിന്നെയും ബാക്കി .. 
 

  







  
 

അവൾ

പുറത്തെ പട്ടികളുടെ കുര കേട്ടിട്ടാണ് ഞാൻ അടുക്കള വാതിൽക്കലേക്ക് വന്നത്. അപ്പോഴാണ് അവൾ പട്ടികളുടെ കുര കേട്ടഭാഗത്തേക്കു,  മതിലിനു അപ്പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടത്. എന്റെ അനക്കം കേട്ടപ്പോൾ തിരിഞ്ഞൊന്നു  നോക്കി. ആ കണ്ണുകളിലെ ദൈന്യഭാവത്തിൽ നിന്ന് എന്തോ സംഭവിച്ചു എനിക്ക് മനസിലായി. ഞാൻ വേഗത്തിൽ മതിലിനടുത്തേക്കു നടന്നു. പട്ടികളുടെ ബഹളത്തിനിടയിൽ പൂച്ചകുട്ടിയുടെ നേർത്ത കരച്ചിൽ ഞാൻ കേട്ടു. പടർപ്പുകൾ വളർന്നു നിൽക്കുന്നതിനിടയിൽ രണ്ടു പട്ടികൾക്കിടയിൽ അവൻ കിടക്കുന്നു . ദയനീയമായി വിളിച്ചുകൊണ്ട്. എന്നെ കണ്ട പട്ടികൾ കുറച്ചു മാറി നിന്നു; കിട്ടിയ ഇരയെ നഷ്പ്പെടാൻ അവർ പെട്ടന്ന് തയ്യാറായില്ല. ഞാൻ അടുത്ത കണ്ട ഒരു മടൽ എടുത്തു, രണ്ടടി അടിച്ചപ്പോൾ അവ ഓടിപ്പോയി.  

ഒരാൾപൊക്കമുള്ള മതിൽ കഷ്ടപ്പെട്ട് ഞാൻ ഇറങ്ങി പടർപ്പുകൾക്കിടയിൽ കിടന്ന അവനെ  പതിയെ തൊട്ടു. പെട്ടന്നവൻ ഒന്ന് ചീറിയെങ്കിലും  അവന്റെ പച്ചയും നീലയും കണ്ണുകളിൽ നിന്ന് ദയനീയഭാവം മാറിയിരുന്നില്ല. ഭാഗ്യം മുറിവുകൾ ഒന്നും പറ്റിയിട്ടില്ല. പട്ടികളുടെ കടി കൊണ്ടിട്ടില്ല. ഞാൻ അവനെ എടുത്തു മതിലിൽ വെച്ചു വീണ്ടും കഷ്ടപ്പെട്ട് ഇപ്പുറത്തേക്കു ഇറങ്ങി. അവന്റെ  ശ്വാസോശ്വാസം ദ്രുതഗതിയിൽ ആയിരുന്നു. പട്ടികൾക്കിടയിൽ പെട്ട അവൻ പേടിച്ചു പോയിരിക്കാമെന്നു ഞാൻ ഊഹിച്ചു. ഞാൻ മുറ്റത്തു കിടത്തി. അവൻ ഒന്ന് എണീറ്റ് നിൽക്കാൻ ഒരു ശ്രമം നടത്തി . പക്ഷെ വീണു പോയി.  

അവൾ മകന്റെ ചുറ്റും കിടന്നു നടക്കാൻ തുടങ്ങി. ഇടക്കിടെ എന്റെ ദേഹത്ത് വന്നു ഉരുമ്മി നിന്നു. മകനെ രക്ഷിച്ചതിലുള്ള നന്ദി സൂചകമാവാം എന്നെനിക്കു തോന്നി . അവന്റെ വയറുകൾ ക്രമാതീതമായി ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു . ഞാൻ അവനെ കൈകൊണ്ടു ഉയർത്തി നോക്കി ഒരു മുറിവും കണ്ടെത്താനായില്ല. പട്ടികളുടെ ആക്രമണത്തിന്റെ ഷോക്കിൽ നിന്ന് മോചിതനാവാൻ കുറച്ചു സമയമെടുക്കുമെന്നു എനിക്ക് തോന്നി. 

ഞാൻ അവനെ എടുത്തു വർക്ക് ഏരിയയിലെ അവരുടെ കിടപ്പ് സ്ഥലത്തേക്ക് എടുത്തു വെച്ചു . ഒരു കാര്ഡ്ബോർഡിൽ ഞങളുടെ കുറെ പഴയ തുണികൊണ്ട്  അവർക്കു വേണ്ടി നേരെത്തെ തന്നെ ഒരു ബെഡ് ഉണ്ടാക്കിയിരുന്നു. ഞാൻ പതുക്കെ അവനെ അതിലേക്കു എടുത്തു കിടത്തി. അവൻ ഒന്ന് ഞരങ്ങി. ഞാൻ അവന്റെ മൂർദ്ധാവിൽ തലോടി.  അപ്പോഴും ശ്വസനത്തിന്റെ വേഗത കുറഞ്ഞിരുന്നില്ല. 

ന്താ ഉപ്പാ പൂച്ചഞ്ഞിനു ന്തു റ്റി ? ഇളയ മകളാണ് ... കൂടെ മൂത്തവളും ഉണ്ട് 

മരിച്ചു പോവോ പ്പാ ? മൂത്തവൾ ചോദിച്ചു ... 

അറിയില്ല മോളെ ... പട്ടികൾ ഓടിച്ചതാ . ഞാൻ പറഞ്ഞു 

നിക്ക് നിന്റെ മോനെ നോക്കി ടഡീ  ? മൂത്തവൾ ദേഷ്യത്തോടെ തള്ള പൂച്ചയോടു കയർത്തു . അവൾ എന്നെയും നോക്കിയിരിപ്പാണ്. ആ കണ്ണുകളിൽ നൊമ്പരം ഞാനറിഞ്ഞു . 

അവന്റെ  കുഞ്ഞി കണ്ണുകൾ തള്ള പൂച്ചയെ  പരതുന്നുവെന്നു എനിക്ക് തോന്നി .

ഇനി ഇക്ക  മാറി നിന്നോ തള്ള പൂച്ച നോക്കികോളും . പിന്നിൽ നിന്ന ഭാര്യ പറഞ്ഞു. അത് ശരിയാണെന്നു എനിക്കും തോന്നി. ഞാൻ എണീറ്റ് അകത്തേക്ക് നടന്നു. 

പുതിയ വീട്ടിലേക്ക് മാറിയ അന്നാണ് അവളെ കാണുന്നത്. അടുക്കള വാതിൽക്കൽ തുറന്നപ്പോൾ വലിയൊരു വയറുമായി , അതിനൊക്കാത്ത കുഞ്ഞി മുഖവുമായി ഒരു പൂച്ച 

ഡീ ഈ പൂച്ച ഗർഭിണിയെന്നാ തോന്നുന്നത് . ഞാൻ ഭാര്യയോട് പറഞ്ഞു 

ഇപ്പൊ മനുഷ്യന്മാര് ആവുന്നത് നോക്കി മതിയാക്കിയിട്ട് പൂച്ചയും പട്ടിയുമൊക്കെ പ്രെഗ്നന്റ് ആവുന്നതും നോക്കി നടക്കുവാണോ ?? 

അവൾ ചിരിയോടെ പറഞ്ഞു . പൂച്ചയുടെ ഗർഭവും നോക്കി നിൽക്കാതെ എന്നെ വന്നൊന്നു ഇതൊക്കെ അറേഞ്ച് ചെയ്യാൻ സഹായിക്ക് . അവൾ സ്വരത്തിലെ നീരസം ഞാൻ തിരിച്ചറിഞ്ഞു . 

അന്ന് രാത്രി ഭക്ഷണം കഴിഞ്ഞപ്പോഴാണ് എനിക്കാ പൂച്ചയുടെ ഓർമ വന്നത് . ഞാൻ കുറച്ചു ചോറു മീൻ കറിയിൽ കുഴച്ചു അതുമായി അടുക്കള വാതിൽക്കലേക്ക് നടന്നു. 

ബിസ്.. ബിസ്.. ഞാൻ പൂച്ചയെ വിളിച്ചു . 

പെട്ടന്ന് മ്യാവൂ .. എന്ന് വിളിച്ചു കൊണ്ടവൾ  വീടിന്റെ തൊട്ടടുത്തുള്ള ഉപയോഗിക്കാത്ത പുറത്തെ മുറിയിൽ നിന്ന് എന്റെ അടുത്തേക്ക്  വന്നു. ഓഹോ അപ്പൊ ഞങ്ങൾ വരുന്നതിനു മുൻപേ ഇവിടെത്തെ താമസക്കാരാണ് അല്ലേ  ഞാൻ മനസ്സിലോർത്തു .

പിന്നെ അതൊരു സ്ഥിരമായി . രാവിലെയും ഉച്ചക്കും രാത്രിയുമെല്ലാം ഞങ്ങൾ അവൾക്ക് ഭക്ഷണം കൊടുത്തു . പതുക്കെ പതുക്കെ അവൾ ഞങൾ എല്ലാവരുമായിട്ട് അടുത്തു. സ്നേഹം കൂടുമ്പോഴെക്കെ അവൾ എന്റെ കാലിൽ വന്നു മുട്ടിയുരുമ്മി നിന്നു. മക്കൾക്ക് വളരെ സന്തോഷമായി.  അവർ അവളെ ഒരംഗമായി , അവരുടെ കളികൂട്ടുകാരിയായി കണ്ടു. 

പിന്നീട് പെട്ടന്ന് കുറച്ചു ദിവസത്തേക്ക് അവളെ കാണാതായി . കുറച്ചു ദിവസങ്ങൾ കഴിഞ്ഞവൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. 

ഡീ ഇവളെ വയറൊക്കെ കുറഞ്ഞല്ലോ ?? അപ്പൊ ഇവള് ഗർഭിണി അല്ലായിരുന്നാ ഞാൻ വീണ്ടും ഭാര്യയോട് ചോദിച്ചു 

ഇത്രയും ദിവസും പൂച്ച വയറു കുറക്കാനുള്ള വല്ല ഡയറ്റ് എടുത്തതാവും . അത് ചിലപ്പോ പ്രസവിച്ചു കാണും... ഭാര്യ പറഞ്ഞു നിർത്തി 

അല്ലാ പ്രസവിച്ചെങ്കിൽ കുഞ്ഞെവിടെ ?ഞാൻ ചോദിച്ചു . 

കുറച്ചു ദിവസം അതൊരു ഉത്തരമില്ലാത്ത ചോദ്യമായി തന്നെ ഉള്ളിൽ കിടന്നു . പതിവ് പോലെ മൂന്നുനേരവും ഭക്ഷണം കഴിക്കാൻ വരുന്നു. പക്ഷെ പഴയതുപോലെ കൂടുതൽ സമയം ഞങ്ങളുമായി ചിലവഴിക്കുന്നില്ല . 

ഒന്ന് രണ്ടു ആഴ്ചകൾക്കിപ്പുറം ഒരു ദിവസം ഉച്ചക്ക് അവൾക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോൾ രണ്ടു കുഞ്ഞിക്കണ്ണുകൾ , ഒന്ന് പച്ചയും മറ്റേതു നീലയുമായി പുറത്തെ മുറിയുടെ വാതിൽക്കൽ ഒരു കുഞ്ഞിപ്പൂച്ച. ഞാൻ ഒന്ന് അനങ്ങിയതും അവൻ ഒരു മിന്നായം പോലെ അകത്തേക്ക് വലിഞ്ഞു . 

നിന്റെ കുഞ്ഞാ .. മൂത്ത മോൾ സ്നേഹത്തോടെ ചോദിച്ചു . ഉപ്പാ കുറച്ചു അധികം ചോറ് കൊടുത്തോ. കുഞ്ഞിന് പാല് കൊടുക്കണ്ടേ ?? എട്ടു വയസുകാരി വലിയ വിവരക്കാരിയെപോലെ പറഞ്ഞു .. 

എന്നാ അങ്ങനെ ആയിക്കോട്ടെ .. ഞാൻ പറഞ്ഞു

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവനെയും കൊണ്ടവൾ വരവ് തുടങ്ങി . ഞങ്ങളിൽ ആരെയെങ്കിലും കണ്ടാൽ  അവൻ പുറത്തമുറിയിലേക്ക് പായും.  ആദ്യമൊക്കെ പേടിയോടെ ഞങ്ങളെ അവൻ കണ്ടിരുന്നുവെങ്കിലും പതുക്കെ അത് മാറാൻ തുടങ്ങി . തള്ള പൂച്ചയെ തലോടുമെങ്കിലും അവനെ ഞങ്ങൾ തൊട്ടില്ല. പേടി പൂർണമായി മാറട്ടെ എന്ന് കരുതി. തള്ളപ്പൂച്ച ഞങ്ങളെ കാണിക്കാനെന്നവണ്ണം അവളുടെ വാല് അനക്കി അവനെ കളിപ്പിച്ചു . കളിച്ചു ക്ഷീണിച്ചപ്പോൾ തള്ളയുടെ പാൽ അധികാരത്തോടെ കുടിച്ചു . 

ആഴ്‌ചകൾ പിന്നിട്ടു . ഒരു ദിവസം രാത്രി ഞങ്ങൾ ഭക്ഷണം കഴിക്കാൻ വൈകി. അപ്പോഴതാ പിന്നിൽ മ്യാവൂ .. എന്ന വിളി 

ങേ .. പൂച്ച വീട്ടിന്റെ ഉള്ളിൽ കയറിയിരിക്കുന്നു. എനിക്ക് പെട്ടന്ന് ദേഷ്യവും വന്നു .

 നീ എന്തിനാ ഉള്ളിൽ കയറിയത് ? നിനക്കു ഭക്ഷണം ഭക്ഷണം പുറത്തു കൊണ്ട് തരില്ലേ ??  ഞാൻ അതിനെ പുറത്തു കൊണ്ടാക്കി . നിനക്ക് ഇന്ന് ഇവിടുന്നു ഫുഡില്ല . ഞാൻ പറഞ്ഞു 

ങ്ങനെ പറയല്ലേ ഉപ്പാ .. വിശന്നിട്ട് കേറീതാവും .. അത് കിച്ചണിൽ പോയില്ലല്ലോ നമ്മടെ അടുത്തല്ലേ വന്നത് ? മൂത്തമകൾ സങ്കടത്തോടെ പറഞ്ഞു . 

ശരിയാണ് ഇന്നേവരെ  അവൾ ഞങ്ങളുടെ അടുക്കളയിൽ കേറിയിട്ടില്ല. സാധാരണ പൂച്ചകളെപോലെ മോഷണസ്വഭാവം ഇല്ല എന്നത് ഞങ്ങൾ നേരെത്തെ മനസിലാക്കിയതാണ് . 

അന്ന് ഭക്ഷണം കൊടുക്കാൻ വേണ്ടി വിളിച്ചപ്പോൾ അവൾ വന്നില്ല.    എന്തോ പറയാനുള്ള ഭാവത്തിൽ  എന്റെ കണ്ണുകളിൽ നോക്കി. കുഞ്ഞു കഴിക്കുന്നതും നോക്കിയവൾ ഇരുന്നു . അടുത്ത കുറച്ചു ദിവസം അവൾ വന്നതേയില്ല. ഒരു പൂച്ചക്ക് എത്ര പിണക്കമോ ?? 

മീൻ തല ഇട്ടു നോക്കി ..ചിക്കൻ പീസിട്ടു നോക്കി ..ഉണക്കമീനും നോക്കി.. നോ രക്ഷ. 

എനിക്ക് പോലും ഇത്ര പിണക്കം വരാറില്ല .. ഈ പൂച്ച കൊള്ളാല്ലോ ? ഭാര്യ പറഞ്ഞു 

പിന്നെയെപ്പൊഴോ പിണക്കം മാറി അവൾ കഴിച്ചു തുടങ്ങി . വേനൽ മഴ തകർത്തു പെയ്യാൻ തുടങ്ങി ഒപ്പം കൊടുങ്കാറ്റും .. പുറത്തെ മുറിയിൽ മഴ ഇരച്ചു കയറി . അന്നവൾക്കും മകനും വേണ്ടി ഞങ്ങൾ കിടക്ക തയ്യാറാക്കി . വലിയൊരു കാർഡ്ബോർഡിൽ പഴയ തുണിയൊക്കെ വെച്ച് ഒരു ബെഡ്. മഴ തീർന്നുവെങ്കിലും അവർ അവിടെ തന്നെ കിടന്നു . 

ആ കുഞ്ഞിന് എന്തേലും പറ്റുമോ ഉപ്പാ മകളാണ്  .അവൾക്ക് വല്യ വിഷയമായിട്ടുണ്ട് .. ചിലപ്പോൾ പേടിയുടെ ഷോക്കിൽ മാറുമ്പോൾ ശരിയാമായിരിക്കും. ഒന്ന് പോയി നോക്കാം 

ഞാൻ എണീറ്റ് അങ്ങോട്ട് നടന്നു. തള്ള പൂച്ച കുഞ്ഞി ന്റെ അടുത്തിരിക്കുന്നു. കുഞ്ഞു കണ്ണ് തുറന്നു കിടക്കുന്നു. ഇപ്പോൾ ദ്രുതഗതയിലുള്ള ശ്വാസോശ്വാസമില്ല. 

അടുത്ത് എത്തിയപ്പോൾ ഒരു സംശയം . അത് മരിച്ചോ ? ഡീ ഒന്നിങ്ങോട്ട് വന്നേ 

പൂച്ചക്കുഞ്ഞിനെ അനക്കമില്ല . ഭാര്യ വന്നു അതിന്റെ വയറിൽ പതുക്കെ അമർത്തി . അവൻ അനങ്ങിയില്ല. 

ഇതു  മരിച്ചു ...  അവളുടെ സ്വരത്തിലെ സങ്കടം ഞാൻ തിരിച്ചറിഞ്ഞു . 

ഇല്ലാ അതിന്റെ വയറു ചെറുതായി  അനങ്ങുന്നുണ്ട് ?  ഞാൻ പറഞ്ഞു . എന്തായലും കുറച്ചൂടെ നോക്കട്ടെ . ഞാൻ പ്രതീക്ഷ കൈവിടാതെ പറഞ്ഞു . 

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസിലായി . അവന്റെ ആത്മാവ് അവനെ വിട്ടകന്നുവെന്നു. ഒന്ന് മറിയാത്തപോലെ തള്ളപ്പൂച്ച അപ്പോഴും അവന്റെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരംഗത്തെപോലെ കരുതിയവൻ  പോയിരിക്കുന്നു. ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി . 

കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള വശത്തുള്ള തെങ്ങിന് അടുത്ത് അവനു വേണ്ടി ഒരു കുഴിയെടുത്തു , അവന്റെ മേൽ മണ്ണിട്ട് മൂടി.  

രാത്രി ... ചെറിയൊരു മഴ പെയ്തു തോർന്നു . ഞാൻ വാതിൽ തുറന്നു നോക്കി  അവളെ അവിടെയൊന്നും കാണാനുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫ്രിഡ്ജ് തുറന്നു ഒരു ചെറിയ മീനെടുത്തു ഞാൻ അവളെ വിളിച്ചു 

ബിസ് ബിസ് ... അപ്പോഴേക്കും അവൾ എവിടെന്നോ വന്നു. ഞാൻ ആ മീൻ അവളുടെ പാത്രത്തിൽ ഇട്ടു. സാധാരണ മീനിടുമ്പോൾ പെട്ടന്ന് തന്നെ എടുത്തു കഴിക്കുന്നവളാണ് . കുഞ്ഞിപൂച്ച മിക്കപ്പോഴും തള്ള പൂച്ചയുടെ വായിൽ നിന്ന് തട്ടി പറിക്കാറാണ് പതിവ്. അതൊരു രസമുള്ള കാഴ്ച്ചയാണ്. അവസാനം മീനിന്റെ നല്ല പങ്കവന് കിട്ടിയിട്ടുണ്ടാവും. മനപ്പൂർവം തോറ്റുകൊടുക്കുന്നതാണെന്നു മിക്കപ്പോഴും തോന്നിയിട്ടുണ്ട് . ഇന്നവൾ ധൃതി കാണിച്ചില്ല . പകരം മീനവൾ എടുത്തു കൊണ്ട് തൊട്ടടുത്തുള്ള ചാക്കിന്റെ അടിയിൽ കൊണ്ട് വെച്ചു , പിന്നീടവൾ ഒരു പ്രതേക രീതിയിൽ വിളിക്കാൻ തുടങ്ങി . മ്യാ.... വൂ  എന്നിട്ടവൾ ചുറ്റുവട്ടത്തൊക്കെ അങ്ങനെ വിളിച്ചുകൊണ്ടവൾ നടക്കാൻ തുടങ്ങി . ഇടക്കവൾ വിളി നിർത്തി ചെവി കൂർപ്പിക്കും . അവന്റെ ശബ്ദം കേൾക്കുന്നുണ്ടോ ? വീണ്ടും വിളിക്കാൻ തുടങ്ങാൻ തുടങ്ങും ...

ഇനി അവൻ വരില്ല .. ഞാൻ പറഞ്ഞു .. 

എന്നെ ദയനീയമായി നോക്കിയിട്ടവൾ വീണ്ടുമവൾ  നടക്കാൻ തുടങ്ങി. മനസിലൊരു സങ്കടം മുട്ടിയപ്പോൾ ഞാൻ അകത്തേക്ക് നടന്നു . അപ്പോഴും അവളുടെ വിളി നിലച്ചിരുന്നില്ല... 











മുല്ലപ്പൂവ്..


ചാറ്റൽ മഴയും ചെറുകാറ്റും ചേർന്ന് വന്ന 
വൈകുന്നേരമാണ്  ബദ്റു എന്നെ വിളിക്കുന്നത്‌. സത്യത്തിൽ ബദ്റുവിന്റെ കാൾ ആണെന്ന് എനിക്കാദ്യം മനസിലായില്ല. ഇളയ മകളോട് കിന്നാരം പറഞ്ഞു, മഴ ആസ്വദിച്ചു ചൂടുള്ള സുലൈമാനി പയ്യെ ഊതി ഊതി കുടിച്ചു കൊണ്ടിരിന്ന ആ വൈകുന്നേരം.ദുബായിലെ ജൂലൈയിലെ കനത്ത ചൂടിൽ നിന്നു രക്ഷപെട്ടു നാട്ടിൽ എത്തിയിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ.
ഫോണെടുത്തു ചെവിയിൽ വെയ്ക്കുമ്പോൾ ആർദ്രമായ ഒരു പുരുഷ സ്വരം
ഹലോ.. ആരാണ്?
ഡാ നിനക്കെന്നെ മനസിലായില്ലേ?
മറുതലക്കൽ ആർദ്രതക്ക് ഒട്ടും കുറവില്ലാതെ തന്നെ  അടുത്ത ചോദ്യം.
നല്ല പരിചയമുള്ള സ്വരം. ഒരുപാട് കേട്ടു പരിചയിച്ച സ്വരം. പക്ഷെ പെട്ടന്ന് കിട്ടുന്നില്ല.
ഡാ ഞാനാടാ ബദ്റു.
ബദ്റു എത്ര  കാലമായിടാ കണ്ടിട്ട്. നീ ഇപ്പോൾ എവിടെയാ?
ഞങ്ങൾ  ഒരുമിച്ചായിരുന്നു ഗൾഫിൽ എത്തിയ തുടക്കകാലത്തിൽ. ഒരേ കമ്പനിയിൽ ഞാൻ ലോജിസ്റ്റിക്സിലും അവൻ സെയിൽസിലും. താമസവും ഒരുമിച്ചു. രണ്ടുപേരും അവിവാഹിതർ. ഞാൻ ദുബായിൽ എത്തുന്നതിനു രണ്ടു വർഷം മുൻപേ എത്തിയതാണവൻ. ലൈസെൻസും കമ്പനി വണ്ടിയും. വെള്ളിയാഴ്ചകളിലെ കറക്കവും വായിനോട്ടവും അവനൊപ്പമായിരുന്നു. ഏകദേശം നാല് വർഷം  ഒരുമിച്ചു. പിന്നീട് വിവാഹം കഴിഞ്ഞു  ഭാര്യമാർ ഗൾഫിൽ എത്തും വരെ.

എന്താടാ മിണ്ടാതെ നിൽക്കുന്നത്? മറന്നു അല്ലെ? അവന്റെ ചോദ്യമാണ് എന്നെ ഓർമകളിൽ നിന്നു ഉണർത്തിയത്. 
ഇല്ലെടാ പെട്ടന്ന് പഴയ കാര്യങ്ങളൊക്കെ ഓർത്തു പോയി.. അതാ ഞാൻ പറഞ്ഞു.

അതേടാ അതൊക്കെ ഒരു കാലം. അവന്റെ സ്വരത്തിൽ ഒരു നനവ് പടർന്നോ എന്ന് ഞാൻ സംശയിച്ചു.

എന്ത് പറ്റിയെടാ? ഞാൻ ചോദിച്ചു
ഒന്ന് മില്ലടാ.. അവൻ പറഞ്ഞു

ഒരു വെക്കേഷൻ കഴിഞ്ഞു വന്നു,
പെട്ടന്നു ഒരു ദിവസം ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് പോയതാണവൻ. ചോദിച്ചപ്പോൾ ഭാര്യക്കു സുഖമില്ല എന്ന് മാത്രം പറഞ്ഞു. അതിനു ശേഷം കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല.

അല്ലാ ഞാൻ നാട്ടിൽ എത്തിയെന്നു നീ എങ്ങനെയാ അറിഞ്ഞത്?  ഞാൻ ചോദിച്ചു
അത് നിന്റെ എഫ് ബി നോക്കിയാ പോരെ..  അവൻ ചെറിയ ആക്കിയ ചിരിയിൽ പറഞ്ഞു. പിന്നെ നിന്റെ നമ്പർ.... അത് നിന്റെ പഴയ നമ്പർ ആവുമെന്ന് എനിക്കുറപ്പിണ്ടായിരുന്നു.

അത് ശരിയാണ്.. കഴിഞ്ഞു പത്തു പതിനഞ്ചു കൊല്ലമായി ഞാൻ നാട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പർ ആണ്.
പിന്നെ എന്തൊക്കെയുണ്ടടാ വിശേഷം?
ഭാര്യയുടെ അസുഖം ഒക്കെ മാറിയോ?
സുഖാടാ.. അവൾക്കും....
കുട്ടികൾ?
ഞാൻ ചോദിച്ചു.. ഒരു നിമിഷം  നിശബ്ദത.
ഞങ്ങൾക്ക് കുട്ടികൾ ആയില്ലടാ.. ആ സ്വരത്തിലെ വല്ലായ്മ ഞാൻ തിരിച്ചറിഞ്ഞു.
സോറിടാ ഞാൻ...
അത് കുഴപ്പമില്ല.. നിന്റെ മക്കളുടെ ഫോട്ടോ എപ്പോഴും ഞങ്ങൾ  എഫ്ബിയിൽ കാണാറുണ്ട്..  ക്യൂട്ട് പ്രിൻസസ്സ്...
മ്മ്... ഞാൻ മൂളി...
നിന്നെയൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്...  ഇങ്ങോട്ടൊക്കെ വരുന്നുണ്ടോ?
ബദ്റു ചോദിച്ചു.
സത്യത്തിൽ വന്നതിനു ശേഷം എവിടെയും പോയിരുന്നില്ല. മക്കളുമായി കളിയും വീട്ടുകാരുമായി കൊച്ചു വർത്തമാനവും  പറഞ്ഞു അങ്ങനെ ഒരാഴ്ച എത്ര പെട്ടന്നാണ് പോയത്. നാല് വയസു വരെ മൂത്തവൾ കൂടെയുണ്ടായിരുന്നു. ഇപ്പോൾ അവൾക്കു എട്ടു വയസു. ഇളയവൾക്ക് നാലും. അവളുടെ കൂടെ ഒരുപാട് സമയം നിൽക്കാൻ പറ്റിയിട്ടില്ല.
സ്നേഹം വരുമ്പോൾ അവളുടെ ഒരു വിളിയുണ്ട്.. ഉപ്പായിയേ... അത് കേൾക്കുമ്പോൾ നെഞ്ചിലേക്ക് എന്തോ അലയടിച്ചു വരും സ്നേഹവും വാത്സല്യവുമൊക്കെ ചേർന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന്..

ഞാൻ വരാമിടാ... വന്നിട്ട്  കുറച്ചു ദിവസമല്ലേ ആയിള്ളൂ. ഞാൻ പറഞ്ഞു.
അതല്ലടാ... നീ പറ്റുമെങ്കിൽ ഈ ആഴ്ച തന്നെ വാ... 
അവന്റെ സ്വരത്തിലെ നിർബന്ധം ഞാൻ തിരിച്ചറിഞ്ഞു.
ലൈസയും പറഞ്ഞു.... അവൻ പറഞ്ഞു നിർത്തി.
സ്വരത്തിൽ വീണ്ടും ഒരു നനവുണ്ടോ. ഞാൻ സംശയിച്ചു.
ഞാൻ രണ്ടു ദിവസത്തിനുള്ളിൽ വരാമിടാ.. ഞാൻ ഉറപ്പു പറഞ്ഞു.
ഡാ എന്തെങ്കിലും പ്രശ്നമുണ്ടങ്കി പറയ്. നമുക്ക് ശരിയാക്കാം.. ഞാൻ വീണ്ടും ചോദിച്ചു.
ഒന്നുമില്ലടാ... നീ വരുവല്ലേ അപ്പൊ പറയാം ബാക്കി കാര്യങ്ങൾ...  ഈ നമ്പറിൽ വാട്ട്സാപ്പ് ഇല്ലേ.. ഞാൻ ഇതിൽ ലൊക്കേഷൻ മാപ് അയക്കാം...
 ഉണ്ട്..
എന്നാ വെക്കട്ടെ...  അവൻ  ഫോൺ കട്ട്‌ ചെയ്തു. 
അവനു  എന്തോ വിഷമം ഉള്ളതുപോലെ... എനിക്കങ്ങനെ തോന്നി.

ലൈസെൻസ് കിട്ടിയപ്പോൾ എന്നെ സെയിൽസിൽ നിർബന്ധിച്ചു ഇറക്കിയവനാണ്.  എന്ത് മാത്രം ആക്റ്റീവ് ആയിരുന്നു അവൻ. എന്തിനും ഏതിനും അവനു ഒരു സൊല്യൂഷൻ ഉണ്ടാവും. പാതി ഇൻട്രോവെർട്ട് ആയ എനിക്ക് പറ്റിയ പണിയല്ലന്ന് പലവട്ടം  പറഞ്ഞിട്ടും പിരിക്കേറ്റി എന്നെയും അവന്റെ ഫീൽഡിൽ ഇറക്കി. സെയിൽസിൽ അവനായിരുന്നു എന്റെ ഗുരു. ഞാൻ ഇന്നും ആ ഫീൽഡിൽ തന്നെ തുടരുന്നു.
പെട്ടന്ന് ലൈസയെ  ഓർമ വന്നു. അവന്റെ ഭാര്യ. അവന്റെ വിവാഹമായിരുന്നു ആദ്യം കഴിഞ്ഞത്. കല്യാണം കഴിഞ്ഞ വന്ന ആദ്യനാളുകളിൽ അവന്റെ വിരഹം  നേരിട്ട് കണ്ടവനാണ് ഞാൻ. അവന്റെ വീട്ടുകാർക്ക് വലിയ താല്പര്യമുണ്ടായിരുന്ന ബന്ധമല്ലായിരുന്നു അത്. ഒരു വെക്കേഷൻ സമയത്തു നാട്ടിൽ വെച്ചു ലൈസയെ കാണുകയായിരുന്നു അവൻ. കണ്ടമാത്രയിൽ ഇഷ്ടപ്പെട്ടു. അപ്പോഴേ വീട്ടിൽ പറഞ്ഞു.
മരിച്ചുപോയ അദ്രുമാനിക്കാടെ മോളാ... മാമ പറഞ്ഞു.. ആകെയാ പത്തു സെന്റ്റും ആ ചെറിയ വീടും.. അതല്ലാതെ പിന്നെന്താ ഉള്ളത്... അതൊന്നും നമുക്ക് ശരിയാവില്ല മോനെ.. ഉമ്മയും പിന്താങ്ങി.
എനിക്ക് അവളെ മതി.. ബദ്റു നിർബന്ധം പിടിച്ചു..

അതിനു അവിടെ പോയി ആര് പെണ്ണ് ചോദിക്കും? ഞാനൊന്നും പോവൂല്ല.. മാമ പറഞ്ഞു.
ആരും ചോദിക്കണ്ട... എന്റെ മോനു വേണ്ടി ഞാൻ ചോദിച്ചോളാം..  മൊയിനു ഇളയാപ്പ പറഞ്ഞു.
വാപ്പയുടെ അനുജൻ... വാപ്പാക്ക്പോലും ഇളയാപ്പാനെ  പേടിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെയാണ് അവരുടെ കല്യാണം കഴിഞ്ഞത്. കല്യാണം കഴിഞ്ഞു വന്ന അവന്റെ കുറുകലും വിരഹം ഒളിപ്പിച്ച ഫോൺ സംഭാഷണങ്ങളുമാണ് എന്നെയും ഒരു കല്യാണം കഴിക്കാൻ ആഗ്രഹിപ്പിച്ചത്.
ചില ദിവസങ്ങളിൽ ഉറങ്ങാതെ കിടക്കുമ്പോൾ അവൻ അവളെ കുറിച്ച് പറയും. വിവാഹം കഴിഞ്ഞു ആദ്യനാളുകളിലെ  യാത്രകളെ കുറിച്ച്, അവളുടെ പ്രണയത്തെ കുറിച്ച്...
കൃത്യം മൂന്നു മാസം കഴിഞ്ഞപ്പോൾ അവളെ അവൻ ദുബായിലേക്ക് കൊണ്ട് വന്നു. കമ്പനി തന്നെ ഫ്ലാറ്റ് കൊടുത്തു.
ഞാനും അവനും കൂടിയാണ് ഒരു വെള്ളിയാഴ്ച അവന്റെ ഫ്ലാറ്റ് സെറ്റ് ചെയ്തത്.
 ലുലുവിൽ നിന്നു  ഒന്നിലധികം പിങ്ക് ബെഡ്ഷീറ്റുകൾ എടുക്കുന്ന അവനോടു
ഡാ വേറെ വല്ല കളറും കൂടി നോക്കെടാ..
ഇല്ലടാ ലൈസക്ക്  ഇഷ്ടം പിങ്കാടാ.. നാണം ഒളിപ്പിച്ച ചിരിയിൽ അവൻ പറഞ്ഞു.
ലൈസ വരുന്നതിന്റെ തലേന്ന്, ഒരു വ്യാഴാഴ്ച അവനോടപ്പം ഞാൻ ആ ഫ്ലാറ്റിൽ പോകുമ്പോൾ  വിഷമം തോന്നി, നല്ലൊരു റൂം മേറ്റ്‌ നഷ്ടപ്പെടുന്നതിന്റെ. പക്ഷെ അവന്റെ മുഖം സന്തോഷത്താൽ പൂത്തുലഞ്ഞു നിന്നിരുന്നു.
ഡാ  നീ ഖിസൈസിലെ ലുലുവിൽ നിന്നു കുറച്ചധികം മുല്ലപ്പൂവും കൂടി വാങ്ങേണെടാ...
ഓ... ഇതെല്ലാം ക്‌ളീഷേ ആണല്ലോടാ... ഒന്ന് മാറ്റി പിടിയടെ... ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
അതല്ലടാ.. ലൈസക്ക് മുല്ലപ്പൂ ഭയങ്കര ഇഷ്ടമാടാ അതാ...
പിന്നേ... മുല്ലപ്പൂ ഏതു  പെണ്ണിനാ ഇഷ്ടമല്ലാത്തത്.  ഞാൻ തിരിച്ചു പറഞ്ഞു..
അളിയാ കട്ടിലിനൊക്കെ ബലമുണ്ടല്ലോ? പിന്നേ ആവേശം, ആക്രാന്തം..രണ്ടും വേണ്ടാ.. ഇനി എപ്പോഴും കൂടെയുണ്ടല്ലോ.. മനസിൽ അസൂയ  ഒളിപ്പിച്ചു ഞാൻ കളിയാക്കി പറഞ്ഞു

നാളെ രാത്രി ഇവിടുന്ന് ഫുഡ്‌.. അവൻ പറഞ്ഞു.
ഉം...ഉം ... ഞാൻ തലയാട്ടി. ഈ വിളിയിലെ ആത്മാർത്ഥത ഞാൻ തിരിച്ചറിയുന്നു. ഞാൻ ഇറങ്ങുമ്പോൾ പറഞ്ഞു.

പിറ്റേന്ന് രാത്രി ഞാൻ അവരുടെ ഫ്ലാറ്റിൽ പോയില്ല. മാംസാറിലെ ഒഴിഞ്ഞു കിടന്ന ബെഞ്ചിൽ ഇരിക്കുമ്പോൾ അവന്റെ കാൾ.
നീയെന്താ വരാത്തെ??
ഇല്ലടാ നിങ്ങൾ അടിച്ചുപൊളിച്ചോ. ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല... ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഡാ ലൈസ പറഞ്ഞിട്ടാ ഞാൻ വിളിക്കുന്നത്.. നീ വന്നേ...
നിർബന്ധം കൂടിയപ്പോൾ നഹദായിലെ അവന്റെ ഫ്ലാറ്റിൽ പോയി. പോയില്ലായിരുന്നെകിൽ അതൊരു നഷ്ടമായിരുന്നെന്നു പിന്നീട് എനിക്ക് തോന്നി.
ഞാൻ ചെല്ലുമ്പോൾ അവർ രണ്ടുപേരും എന്നെ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു. ബദ്റു എന്തുകൊണ്ടാണ് ലൈസയെ തന്നെ മതിയെന്ന് പറഞ്ഞതെന്നു അദ്യക്കാഴ്ചയിൽ തന്നെ എനിക്ക് മനസ്സിലായി. മനോഹരിയായിരുന്നു ലൈസ. ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഇറങ്ങാൻ നേരം ബീഫ് വരട്ടിയത്, പലതരം  അച്ചാറുകൾ, പിന്നെയും എന്തൊക്കയോ ലൈസ എനിക്ക് പൊതിഞ്ഞു തന്നു.
പിന്നെയുള്ള എല്ലാ വെള്ളയാഴ്ചകളും അവരോടൊപ്പമായിരുന്നു എന്റെ ഉച്ച ഭക്ഷണം... സൗന്ദര്യം മാത്രമല്ല കൈപ്പുണ്യവും ഒരുപാടുള്ളവളാണ് ലൈസയെന്നു എനിക്ക് ബോധ്യമായി.

നീ ഭാഗ്യവാനാടാ... ലൈസ കേൾക്കാതെ ഞാൻ ബദ്റുവിനോട് പറഞ്ഞു.
അപ്പോൾ അവൻ അഭിമാനപുളകിതനാകുന്നത് ഞാൻ കണ്ടു..
അടുത്ത വെക്കേഷനു എന്റെ വിവാഹവും കഴിഞ്ഞു. കുറച്ചു കാലം കഴിഞ്ഞു എന്റെ ഭാര്യയും ദുബൈയിൽ എത്തിയപ്പോൾ പിന്നേ അവധിദിനങ്ങൾ ഞങ്ങൾ  ഒരുമിച്ചായി കറക്കം.

എന്താ ഇത്ര  ആലോചന ??  പിറകിൽ തട്ടിയിട്ട്  ഭാര്യ ചോദിച്ചു...
ബദ്റു വിളിച്ചായിരുന്നു.. ഞാൻ പറഞ്ഞു
ലൈസാടെ ... അവൾ ചോദിച്ചു

ഇപ്പൊ എവിടെയാ ? അന്ന് അവർ വെക്കേഷൻ പോണേതിന്  മുൻപ് കണ്ടതാ.. എന്തോ അസുഖമെന്നൊക്കെ പറഞ്ഞായിരുന്നല്ലോ? അതൊക്കെ മാറിയോ??
ഭാര്യ ചോദിച്ചു...
മാറിയില്ലാന്ന് തോന്നുന്നു.. കുട്ടികൾ ഒന്നും ആയില്ല. എന്നോട് ഒന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു... എന്തോ വിഷമം ഉള്ളതു പോലെ...
ഞാൻ പറഞ്ഞു..
നമുക്ക് ഒരുമിച്ചു പോയാലോ?
ഞാൻ അവളോട്‌ ചോദിച്ചു..
അത് വേണ്ടാ... നമ്മള് കുട്ടികൾ ആയിട്ടൊക്കെ ചെല്ലുമ്പോൾ അത് ചിലപ്പോ.. അത് ശരിയാവില്ല.. ഒറ്റയ്ക്ക് പോവുന്നതാവും നല്ലത്.. അവൾ പറഞ്ഞു.
ആദ്യം കാറിൽ പോകാമെന്നു കരുതി. ഒറ്റക്ക് അത്രയും ദൂരം ഡ്രൈവ് ചെയ്യാൻ തോന്നിയില്ല. പിന്നീട് യാത്ര ട്രെയിനിൽ ആക്കാമെന്നു കരുതി. ഒരു സെക്കന്റ് ക്ലാസ്സ്‌ സ്ലീപ്പർ കോച്ച് ബുക്ക്‌ ചെയ്തു.

ബാക്ക് പാക്കിൽ അത്യാവശ്യം വേണ്ട സാധങ്ങൾ എടുത്തു വെച്ചു , ഞാൻ രാത്രിയുള്ള കണ്ണൂർ എക്സ്പ്രസിൽ യാത്ര തിരിച്ചു. ഉറക്കം വരാതെ വിന്ഡോ പൊക്കി വെച്ചു പുറത്തേക്കു നോക്കിയിരുന്നു. തണുത്ത കാറ്റ് എന്റെ മുഖത്തെക്കു അടിച്ചു കൊണ്ടിരുന്നു 
എന്തിനായിരിക്കാം ബദ്റു വിളിച്ചത്. സാമ്പത്തികമായി എന്തേലും പ്രശ്നമാണോ? ഇനി വേറെ എന്തെങ്കിലും..
ചിന്തകളുടെ  ലോകത്തു നിന്നും നിദ്ര എപ്പോഴോ എന്നെ പിടിച്ചു കൊണ്ടുപോയി.
പ്രഭാതത്തിലെ, ഏതോ സ്റ്റേഷനിൽ ട്രെയിൻ നിന്നപ്പോൾ
കാപ്പിയെ... കാപ്പി....  വിളികൾ എന്നെ ഉണരാൻ നിർബന്ധിതനാക്കി.

ഞാൻ പുറത്തേക്കു നോക്കി.. ഇനി രണ്ടു സ്റ്റേഷൻ അപ്പുറം ബദ്റുവിന്റെ നാടാണ്. ഒരു തവണ പോയിട്ടുണ്ട്. എന്നെ നോക്കി ചിരിക്കുന്ന കാപ്പിക്കാരനിൽ നിന്നു ആവി പറക്കുന്ന ഒരു കാപ്പി വാങ്ങി, പുറത്തേക്കു നോക്കി ഇരുന്നു. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. ദലങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന മഞ്ഞിൻ കണങ്ങൾ  പ്രഭാതസൂര്യരശ്മികളേറ്റ് തിളങ്ങാൻ തുടങ്ങിയിരുന്നു.
സ്റ്റേഷനിൽ ബദ്റു ഉണ്ടാവുമെന്ന് കരുതി. പക്ഷെ പ്രതീക്ഷ  തെറ്റി. ഞാൻ ഫോണിൽ വിളിച്ചു.
ഡാ നീ സ്റ്റേഷനിൽ വന്നില്ലേ?
ഇല്ലടാ വരണമെന്ന് കരുതിയതാണ്.. അപ്പൊ ഇവിടെ ചെറിയൊരു പ്രശ്നം. ഞാൻ നിനക്ക് ലൊക്കേഷൻ അയച്ചിട്ടുണ്ട്. ഓട്ടോകാരനോട് പറഞ്ഞാ മതി...
കഷ്ടിച്ച് 3 കിലോമീറ്ററെ ഉണ്ടാവൂ.. നിനക്കറിയ്യാലോ...
അവൻ പറഞ്ഞു നിർത്തി...
ഞാൻ സ്റ്റേഷനു പുറത്ത് നിന്നു ഒരു ഓട്ടോ പിടിച്ചു, അവൻ അയച്ച അഡ്രസ് പറഞ്ഞു കൊടുത്തു.
അപ്പോഴേക്കും വെയിൽ വെച്ചിരുന്നുവെങ്കിലും അന്തരീക്ഷത്തിൽ തണുപ്പ് മാറിയിരുന്നില്ല.
മെയിൻ റോഡു പിന്നിട്ടു നാട്ടു വഴിയും കടന്നു അവൻ അയച്ച ലൊക്കേഷനിൽ ഓട്ടോ നിന്നു..
കുമ്മായം അടർന്നു പോയ ചെറിയൊരു ചുറ്റു മതിലും ഒരു ഗേറ്റും അതിനകത്തു ദീർഘകാലമായി പണി തീരാത്ത ഒരു വീടും.
ഹേയ്.. ബദ്റുവിന്റെ വീട് ഇതല്ലല്ലോ.. ഞാൻ പെട്ടന്ന് മനസിലോർത്തു.
ഞാൻ ഓട്ടോകാരാനു കാശ് കൊടുത്തു ഗേറ്റ് തുറന്നു.
പെട്ടന്ന് വീട്ടിൽ നിന്നു ഒരാൾ ഇറങ്ങി വന്നു. ബദ്റു...
.. സോറിഡാ ... സ്റ്റേഷനിൽ വരാൻ പറ്റിയില്ല.
ഞാൻ അവനെ അടിമുടി നോക്കി. തലയിൽ നര കേറിയിരിക്കുന്നു. മാത്രമല്ല നെറ്റിയുടെ രണ്ടു ഭാഗത്തു നിന്നു മുടി കുറെ പോയിരിക്കുന്നു . ഗൾഫിൽ നിൽക്കുമ്പോൾ അവന്റെ ആകെ ടെൻഷൻ ഈ മുടിയുടെ രണ്ടു ഭാഗത്തുമുള്ള പോക്കായിരുന്നു....
മീശയിലും താടിയിലുമുണ്ട് നര. യൗവനത്തിൽ നിന്നു മധ്യവയസ്കനിലേക്കുള്ള പരിണാമം.

പർച്ചേസ് മാനേജർസിനെ വീഴ്ത്തിയിരുന്ന അവന്റെ മനോഹരമായ ചിരിയിലും പ്രായം ബാധിച്ചുവെന്ന് എനിക്ക് തോന്നി.
യാത്ര എങ്ങനെ ഉണ്ടായിരുന്നു?
അവൻ ചോദിച്ചു...
അല്ലടാ എന്താ പ്രശ്നം?
ഞാൻ ചോദിച്ചു...
ഒന്നുമില്ലടാ.. കുറേകാലമായില്ലേ കണ്ടിട്ട്.. അതുകൊണ്ട് വരാൻ പറഞ്ഞത്..
അവൻ വിളറിയ  ചിരിയോടെ പറഞ്ഞു
ലൈസ.. എവിടെ?
അകത്തുണ്ട്.. നീ വാ കേറ് .. ഇരിക്ക്.. സിമന്റ് മാത്രം തേച്ച സിറ്റൗട്ടിൽ കിടന്ന പ്ലാസ്റ്റിക് കസേര ചൂണ്ടി അവൻ പറഞ്ഞു
 ഞാനിപ്പോ വരാം... അവൻ അകത്തേക്ക് പോയി..
ബാക്ക്പാക്കു  തറയിൽ വെച്ചു ഞാൻ ആ കസേരയിൽ ഇരിന്നു.
 പഴുത്ത മാവിലകളും ഉണങ്ങിയ മുസാണ്ടൻ പൂവുകളും മുറ്റത്തു വീണു കിടക്കുന്നു. തലേന്ന് പെയ്ത മഴയുടെ ഈർപ്പം മണ്ണിൽ നിന്നു വിട്ടു മാറിയിരുന്നില്ല.
ഡാ ചായ.. കൈയിൽ രണ്ടു കപ്പ് ചായയുമായി ബദ്റു. സത്യത്തിൽ അവനോടൊപ്പം ഞാൻ ലൈസയെയും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അസ്ഥാനത്തായി. ഞാൻ ചോദിച്ചില്ല.

ചായ എങ്ങനെ? അവൻ ചോദിച്ചു.. നീ ഇട്ടതാണോ ഞാൻ ചോദിച്ചു അത്രപോരാ...
നീ ഇപ്പൊ ഇവിടെയാണോ  താമസം?
അതേടാ.
അപ്പൊ പണ്ട് വന്ന വീട്..
അത് തറവാട് അല്ലേടാ... അവിടെ അനിയനും ഭാര്യയും മക്കളും ഉമ്മയും. ഇവിടെ അടുത്ത് തന്നെ.
ഇതു  നിനക്കോർമ്മയില്ലേ? ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ വാങ്ങിയ വസ്തു...

അതെ എനിക്കോർമ്മയുണ്ട്. അവൻ സ്വന്തമായി വാങ്ങിയ വസ്തു. അതിൽ പണിതു കൊണ്ടിരിക്കുന്ന വീടും. ആ വീട് പൂർത്തിയാവും മുൻപാണ് അവൻ ഗൾഫ് വിട്ടത്. എല്ലാം മാസവും ഇൻസെന്റീവ് അവൻ എങ്ങനെയെങ്കിലും ടാർഗറ്റ് അച്ചീവ് ചെയ്തവൻ ഒപ്പിക്കും. ജൂലൈയിലെ ചൂടൊന്നും അവനൊരു പ്രശ്നമല്ലായിരുന്നു. അവന്റെ സ്വപ്നമായിരുന്നു ആ ഭവനം.

നീ വെച്ച വീടാണോ ഇതു? ഇതെന്താ പൂർത്തിയാക്കാത്തത്? ലൈസയുടെ  അസുഖം മാറിയോ? 
ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ കുമിഞ്ഞു കൂടി. പക്ഷെ ചോദിച്ചാൽ അവനെന്തെങ്കിലും വിഷമമാകുമെന്ന് കരുതി അവ എന്റെ ഉള്ളിൽ തന്നെ തറച്ചു നിന്നു.
ഞങ്ങളെ തഴുകി ഒരു ഇളം  തെന്നൽ കടന്നു വന്നു . കൂടെ ഹൃദ്യമായ മുല്ലപ്പൂ ഗന്ധവും....
ഞാൻ ചുറ്റ് വട്ടത്തു നോക്കി പൂത്ത ഒരു മുല്ല പോലുമില്ല.... പക്ഷെ മുല്ല പൂവിന്റെ സുഗന്ധം അവിടെ നിറഞ്ഞു നിന്നിരുന്നു.

പഴയ പരുപാടി ഇപ്പോഴും വീട്ടില്ലേടാ.. എന്ന മട്ടിൽ ഞാൻ അവനെ നോക്കി..
നിനക്ക് ലൈസയെ കാണണ്ടേ. അവൻ ചോദിച്ചു.
അവൻ എണീറ്റ് അകത്തേക്ക് നടന്നു. പിറകെ ഞാനും
മുല്ലപ്പൂവിന്റെ മണം കൂടി കൂടി വന്നു..
അവൻ ആ മുറിയിലേക്ക് കയറി. കൊതുക് വല വിരിച്ച കട്ടിലിനു ചുറ്റും മുല്ലപ്പൂ മാലകൾ തൂക്കിയിരിക്കുന്നു. മണിയറയിൽ കയറിയ പ്രതീതി. കട്ടിലിന്റെ ക്രാസിയിൽ തലയിണയിൽ ചാരി ഒരാൾ കിടക്കുന്നു.
ലൈസ... ഞാൻ ഒരു നിമിഷം ഞെട്ടി..
ബദ്റുവിന്റെ ലൈസ..
കണ്ണുകൾ കുഴിഞ്ഞു, കവിളുകൾ ഒട്ടി... തലമുടി കൂടുതലും ഇല്ലാത്തതു പോലെ..
പക്ഷെ ആ ചിരി മാത്രം പോയിട്ടില്ല..  അന്നത്തെ അതെ ചിരി..
എനിക്ക് തൊണ്ടയിൽ ശ്വാസം മുട്ടി നിൽക്കുന്നപോലെ തോന്നി...
എന്താ ഇക്കാ... മിണ്ടാതെ നിൽക്കുന്നെ?
ലൈസയുടെ ചോദ്യത്തിനുള്ള ഉത്തരം ഒരു നിമിഷം പുറത്തേക്കു വന്നില്ല
അത്.. ഞാൻ പെട്ടന്ന് വിക്കി..
എനിക്ക് മനസിലാവും ആദ്യം കാണുന്ന ആർക്കും ഇങ്ങനെയാ ഇക്ക.
ലൈസ  സാധാരണയെന്ന  പോലെ പറഞ്ഞു..
ബദ്റു ഒരു കസേര എടുത്തു എന്റെ മുന്നിൽ നീക്കിയിട്ടു. ഞാൻ അതിൽ ഇരിന്നു..
ഞാനാ പറഞ്ഞത്... ഇക്കയെ വരാൻ പറയാൻ... അവൾ ബദ്റുവിനെ നോക്കി

എന്ത് പറയണമെന്ന് അറിയാതെ ഞാൻ അപ്പോഴും വാക്കുകൾക്ക് തപ്പുകയായിരുന്നു.
നാക്കിനു വല്ലോം പറ്റിയോ ഇക്കാ.. ചിരിയോടെ ലൈസ വീണ്ടും ചോദിച്ചു.
ഞാൻ.. അത്.. എന്ത് പറയണമെന്ന് അറിയാതെ ഞാൻ വീണ്ടും വിക്കി
സെന്റി ആണേൽ വേണ്ടാ ഇക്ക... ഞങ്ങൾ ഇതു കുറെ കണ്ടതാ...  ലൈസ ബദ്റുവിനെ നോക്കി പറഞ്ഞു.

അവൾ കുറച്ചു കൂടി ഉയർന്നു ഇരിക്കാൻ ശ്രമിച്ചപ്പോൾ ബദ്റു അവളെ പൊക്കി ഇരുത്തി.
ഇതാണ്  ഇക്കാ പ്രശ്നം.. ഒന്ന് തിരിയണമെങ്കിലും ഒരാളിന്റെ സഹായം വേണം..  അവൾ വീണ്ടും പറഞ്ഞു. പിന്നേ ഇടക്കിടെ ഒരു വൃത്തികെട്ട വേദന വരും.. അതൊത്തിരി കടുപ്പമാണ്... ഇന്ന് രാവിലെയും വന്നായിരുന്നു.
അവൾ പ്രസരിപ്പിനൊട്ടും കുറവില്ലാതെ പറഞ്ഞു.
ഡോക്ടർ എന്താ പറഞ്ഞത്?
അവസാനം ഞാൻ ചോദിച്ചു.
ബദ്റു മിണ്ടിയില്ല. ഡോക്ടർ എന്ത് പറയാൻ അല്ലെ ഇക്കാ.. പിന്നേ ഡോക്ടർ അള്ളാഹു ഒന്നും അല്ലല്ലോ..
ചിരി വിടാതെ ലൈസ അത് പറഞ്ഞുവെങ്കിലും ബദ്റുവിന്റെ കണ്ണുകൾ പെയ്യാൻ വെമ്പി നിൽക്കുന്ന മാനം പോലെ തോന്നി..
നീ ഒന്നും കഴിച്ചില്ലല്ലോ..  ഞാൻ ഇങ്ങോട്ട് എടുത്തു കൊണ്ടുവരാം.. എന്ന് പറഞ്ഞു ബദ്റു ധൃതിയിൽ പുറത്തേക്ക് നടന്നു
ഇതാണ് ഇക്ക എന്റെ വിഷമം...
പെട്ടന്ന് തൊണ്ട ഇടറികൊണ്ട് ലൈസ പറഞ്ഞു.
എന്റെ അസുഖവും വേദനയുമെല്ലാം സഹിക്കാം.. ഇക്കാക്കടെ ഈ വിഷമം കാണുമ്പോൾ....  എനിക്ക് സഹിക്കാൻ പറ്റിണില്ല..
എന്റെ വാപ്പ മരിക്കുമ്പോ ഒമ്പത് വയസായിരുന്നു എനിക്ക്.  വാപ്പാടെ ലാളനയോ സ്നേഹമോ ഞാൻ അറിഞ്ഞിട്ടില്ല. പിന്നേ ഞാൻ അതൊക്കെ അറിയുന്നത് എനിക്കെന്റെ ഇക്കാക്കയെ കിട്ടിയതിനു ശേഷമാണ്. ഒരു ഭർത്താവല്ലാ.. എന്റെ വാപ്പ ആയിട്ടാ എനിക്ക് തോന്നുന്നത്.
അവളുടെ നയനങ്ങൾ നിറഞ്ഞു തുടങ്ങിയിരുന്നു.
ഇടറിയ സ്വരത്തിൽ ലൈസ പറഞ്ഞു..
പത്തു വർഷത്തിന് മേലെയാവുന്നു ഞാൻ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. പക്ഷെ ഞാൻ ഒരു രോഗിയാണെന്നു എനിക്ക് തോന്നിയിട്ടില്ല. എന്റെ ഇക്കാക്ക കൂടെയുള്ളപ്പോൾ.
കഴിഞ്ഞ തവണ പോയപ്പോൾ ഡോക്ടർ ഇക്കാക്കയെ മാറ്റി നിർത്തി എന്തോ പറഞ്ഞു.. അതിനു ശേഷം ഇക്കാക്ക വല്ലാത്ത വേദന അനുഭവിക്കുന്നുവെന്ന് എനിക്ക് തോന്നി. ചിലപ്പോ ഡോക്ടർ പറഞ്ഞുകാണും എന്റെ സമയമായെന്നു.

മരിക്കാൻ എനിക്ക് പേടിയൊന്നുമില്ല. ഗൂഗിളിൽ തപ്പിയപ്പോൾ അത് നേരെത്തെ എനിക്ക് തിരിഞ്ഞതാണ്. പക്ഷെ ഇക്കാക്കടെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല.. ഒഴുകി ഇറങ്ങിയ കണ്ണുനീരിൽ ലജ്ജ ഒളിപ്പിച്ച ചെറു ചിരിയോടെ ലൈസ പറഞ്ഞു.

നിങ്ങടെ കാര്യം എപ്പോഴും പറയും.. നിങ്ങൾ ഒരുമിച്ചുള്ള  ബാച്ചിലർ ലൈഫ് ഒക്കെ.. നിങ്ങ നാട്ടി വന്നപ്പോൾ ഞാനാ നിർബന്ധിച്ചു വിളിപ്പിച്ചത്. ഇക്കാക്കടെ മൂഡ് ഒക്കെ മാറാൻ..
 അവൾ കണ്ണ് തുടച്ചു.. ഇനി ഇതു കണ്ടിട്ട് വേണം അടുത്ത സങ്കടം ഞാൻ കാണാൻ..
അവൾ പെട്ടന്ന് ഉന്മേഷവതിയായി.
അല്ല.. മക്കളെയും കെട്ട്യോളെയും എന്താ കൊണ്ട് വരാതിരുന്നത്... അത് മോശമായിപ്പോയി. പിള്ളേരൊക്കെ കാണാൻ കൊതിയുണ്ടായിരുന്നു. അവൾ കൃത്രിമ ഗൗരവത്തിൽ പറഞ്ഞു.

ഞങ്ങൾ  ഒരുമിച്ചു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു. പഴയ  ഓർമ്മകൾ പങ്കുവെച്ചു. ലൈസ കുറെ ചിരിച്ചു. അവൻ അവളെ സിറ്റൗട്ടിൽ കൊണ്ടിരുത്തി.  പിന്നെയും കുറെനേരം ഞങ്ങൾ സംസാരിച്ചു.

ഇവിടെ ആരും സഹായത്തിനുനൊന്നും വരാറില്ലേ? ഞാൻ ചോദിച്ചു..
അപ്പുറത്തുള്ള ആമിനാത്ത വരും... അവര് വന്നു മുറ്റവും അടിച്ചുവാരി ഡ്രസ്സ്‌ഒക്കെ വാഷ് വചെയ്തു പോവും. ചിലപ്പോഴൊക്കെ ഫുഡ്‌ ഉണ്ടാക്കാനും സഹായിക്കും.
പിന്നേ ലൈസക്ക് ഞാൻ ഉണ്ടാക്കുന്നതാ കൂടുതലിഷ്ടം. അത് പറഞ്ഞു ഇടങ്കണ്ണിട്ടു അവൻ ലൈസയെ നോക്കി.
അവളൊന്നു പുഞ്ചിരിച്ചു..
ഉമ്മയൊക്കൊയോ? ഞാൻ ചോദിച്ചു
എല്ലാരും വരുമിടാ... വന്നാ സെന്റിയാ..
ഇവൾക്കാണേൽ അത് തീരെ പറ്റൂല്ലാ..
ബദ്റു പറഞ്ഞു
കുറേനേരം ഇരുന്നപ്പോൾ ലൈസ കിടക്കണമെന്ന് പറഞ്ഞു.. അവൻ അവളെ റൂമിലേക്ക്‌ എടുത്തുകൊണ്ടു പോയി..
അവരുടെ പ്രണയത്തിനു ഒട്ടും കുറവില്ലെന്നു എനിക്ക് തോന്നി.   അവരുടെ വാക്കുകളിൽ, നോട്ടത്തിൽ, ചിരിയിൽ,  ആ വീട് മൊത്തം നിറഞ്ഞു നിന്നിരുന്നു..
വൈകുന്നേരം യാത്ര പറയുമ്പോൾ
പോയിട്ട് അവരെയെല്ലാം കൂട്ടിട്ട് വരണേ ഇക്കാ.. കുറച്ചു ദിവസം  നിന്നിട്ടേ പോകാവൂ.
ലൈസ പറഞ്ഞു. ഞാൻ തലയാട്ടി.
അനിയനെ വിളിച്ചാൽ വണ്ടിയിൽ  സ്റ്റേഷനിൽ നിന്നെ അവൻ ഡ്രോപ്പ് ചെയ്യും. ബദ്റു പറഞ്ഞു
വേണ്ടെടാ.. ഇവിടുന്ന് ബസില്ലേ.. അതിൽ പൂവാം.. കുറേകാലമായി ബസിലൊക്കെ കേറിയിട്ട് ഞാൻ പറഞ്ഞു
ഇനി അധികകാലമൊന്നും ഇല്ലടാ അവളീ  ലോകത്തു.. കൂടിപ്പോയാൽ ഒരു മൂന്നു മാസം.. ഡോക്ടർ കഴിഞ്ഞ തവണ പറഞ്ഞു.. അവൻ കരഞ്ഞേക്കുമെന്ന് എനിക്ക് തോന്നി.
ഞാൻ അവന്റെ തോളിൽ തട്ടി.. ആശ്വസിപ്പിക്കാൻ വാക്കുകൾക്ക് വേണ്ടി ഞാൻ പരതി.
ആ തണുത്ത കാറ്റ് വീണ്ടും ഞങ്ങളെ തഴുകി കടന്നു പോയി... മുല്ലപ്പൂവിന്റെ സുഗന്ധം അവിടെ നിറഞ്ഞു.. അവരുടെ പ്രണയത്തിന്റെ ഗന്ധം.....






















Wednesday, July 10, 2024

സ്കൂൾ ഫീസ്

സെമീറേ.. എണീക്കു...  ഡാ എണീക്കടാ.. 

ചേച്ചിയുടെ  സ്വരത്തിൽ ദേഷ്യം പതിയെ കയറി വരുന്നത് ഉറക്കത്തിന്റെ ഹാങ്ങ്‌ ഓവറിലും സമീറിനു മനസിലായി. ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും, എണീറ്റു ബെഡിൽ ഇരിന്നു. 

എന്താ ചേച്ചി... ഉറക്കം മാറാത്ത സ്വരത്തിൽ സമീർ ചോദിച്ചു 

ഡാ നിന്നോട് ഇന്നലെ പറഞ്ഞതല്ലേ... പിള്ളേരെ സ്കൂൾ ഫീസ് അടക്കാൻ പോണമെന്നു .. ഇന്ന് ലാസ്റ്റ് ഡേറ്റ് ആണ് 
സമീർ കണ്ണുയർത്തി ക്ലോക്കിലേക്ക് നോക്കി.. 

അതിനു സമയം ഏഴരയല്ലേ ആയുള്ളൂ.. ഈ വെളുപ്പാൻ കാലത്ത് ഏതു സ്കൂളാ തുറന്നിരിക്കുന്നത്..

സമീർ കണ്ണടച്ച് വീണ്ടും  കിടന്നു. ഇന്നലെ സെക്കന്റ് ഷോക്ക് പോയിട്ട് വന്നു ഉറങ്ങാൻ കിടന്നതാണ്. ഉറങ്ങി മതിയായിട്ടില്ല..

ഇനി എന്നെ ഇങ്ങോട്ട് വരുത്തരുത് .. 

ദേഷ്യത്തിൽ പറഞ്ഞിട്ട് ചേച്ചി അടുക്കളയിലോട്ട് നടന്നു..

മനുഷ്യന് മടുത്തു... എന്തിനും ഏതിനും സമീർ.. ജീവിതം തന്നെ മടുത്തു.. സമീർ ഈർഷ്യയോടെ ഓർത്തു . ഒരു പതിനെട്ടു കാരന്റെ വിധി 
ആടിന് പ്ലാവല കുത്തുന്നത് മുതൽ, റേഷൻ കട, കുഞ്ഞണ്ണന്റെ കട, കറന്റ്‌ ബില്ല്, പിന്നെ  എന്തെല്ലാം ഉണ്ടോ അതെല്ലാം ഞാൻ ഒരുത്തൻ.

നാലുപേരിൽ ഏറ്റവും ഇളയവനായി  പിറന്നത് ഈ പണിയെല്ലാം എടുക്കാനാണെന്നു തോന്നും. 

എളിയവനായി ജനിപ്പിച്ചാലും ഇളയവനായി ആരെയും ജനിപ്പിക്കല്ലേ  പടച്ചോനെ   .. 
സമീർ ഉള്ളുരുകി അറിയാതെ പ്രാർത്ഥിച്ചു പോയി  

ഉറക്കം എന്തായാലും പോയി.  കണ്ണ് തിരുമ്മി " ചേച്ചി ചാ... പറഞ്ഞതു മുഴുമിപ്പിക്കുംമുൻപ്  തൊട്ടുമുൻപിൽ   ഉമ്മ ഇരിന്നു കിഴങ്ങു നുറുക്കുന്നു..

പോയി പല്ല് തേച്ചിട്ടു വാടാ.. എന്ന് പറഞ്ഞു കൈയിലുള്ള പിച്ചാത്തി എടുത്തു ഉമ്മ  എറിയുമോന്ന് ഭയന്ന്  "യ" വിഴുങ്ങി സമീർ ബാത്റൂമിലേക്കു  പോയി..

പല്ല് തേപ്പിനിടയിൽ   സമീറിന്റെ ചിന്ത മുഴുവൻ ചേച്ചി ഇന്നലെ പെട്രോൾ അടിക്കാൻ നൂറു രൂപ  രൂപ തന്നതുകൊണ്ട്, ഇന്ന് പെട്രോൾ സ്വാഹാ.. ഫീസ് അടക്കാൻ ചേച്ചി അളന്നു മുറിച്ചേ കാശ് തരൂ. വർക്കല പോയി വരാനുള്ള പെട്രോൾ വണ്ടിയിൽ ഇല്ലതാനും. 

ബസി പോകേണ്ടി വരുമോ?? ച്ചെയ്.. ബൈക്ക് വച്ചിട്ട് ബസിലോ.. എന്റെ പട്ടി പോകും.. എന്തെങ്കിലും വഴി തെളിഞ്ഞു വരാതിരിക്കില്ല.. അവൻ സ്വയം ആശ്വസിച്ചു.

ചിന്താവിഷ്ടനായി മുറിയിലേക്ക് നടന്നു. ചായ കുടിക്കുന്നതിനിടയിൽ ആരെ വിളിക്കണം, അല്ല പൊളക്കണം എന്ന ചിന്തയിൽ ഫോൺ എടുത്തു ഡയൽ ചെയ്തു.. 4332 വേണ്ടാ ഹിലാൽ വേണ്ടാ കഴിഞ്ഞ ആഴ്ച അവന്റെ കടയിൽ നിന്നു പൈസ അടിച്ചുമാറ്റി കൊല്ലത്തുപോയപ്പോൾ ബിരിയാണി കഴിച്ചത് വള്ളി പുള്ളി വിടാതെ മമ്മൂട്ടി മാമാടുത്തു അവൻ പറഞ്ഞത് അതുപോലെ മാമ ഉമ്മാടുത്തു പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല.. 2859... ശാകുട്ടൻ.. കഴിഞ്ഞ ആഴ്ച അവന്റെ വൺവേ ലൈൻ മീരയെ കാണാൻ നാവായികുളത്തു പോകാൻ പെട്രോൾ പമ്പ് കാണുമ്പോഴാക്കെ പെട്രോൾ  അടുപ്പിച്ചതാണ്..  വേണ്ടാ..
പിന്നെ..  ഷർട്ട്‌ മാറി പാന്റ് എടുത്തു കേറ്റി മുടിയൊന്നു കൈയൊണ്ട് ഒതുക്കി ,

ചേച്ചി പൈസയെട്.. സമീർ വിളിച്ചു പറഞ്ഞു.

ഡേയ് മൊത്തം 5000 രൂപയുണ്ട്.. 50 ന്റെ ഒരു കെട്ടെടുത്തു സമീറിന്റെ കൈയിൽ കൊടുത്തു. പച്ചമണം മാറാത്ത ഒരു കെട്ടു നോട്ട്.. ഇന്നലെ ബാങ്കിൽ പോയപ്പോൾ എടുത്തതാവണം. അതുകൊണ്ട് 100രൂപയുടെ പെട്രോൾ കിട്ടി.
പൈസ സൂക്ഷിച്ചു വെയ്യേ.. ഇതും  വെച്ചോണ്ട് കളിക്കാനൊന്നും പോവല്ലേ..

  ചേച്ചിയുടെ രണ്ടുമക്കൾ, ഇക്കാടെ ഒരാൾ അങ്ങനെ മൂന്നുപേരുടെ ഫീസാണ്.
" ബാക്കിയുള്ളത് ഇങ്ങു കൊണ്ട് വരണം.. ചേച്ചി വീണ്ടും പറഞ്ഞു..

ബാക്കിയാ... സമീർ ചേച്ചിയെ അർത്ഥഗർഭമായി നോക്കി.

അല്ലടാ ഫൈൻ ആയൊന്നു ഒരു സംശയമുണ്ട്.. അതുകൊണ്ട് കുറച്ചധികമുണ്ട്. ചേച്ചി അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി  പറഞ്ഞു. ചെറിയൊരു ലഡു മനസ്സിൽ പൊട്ടി.

അവൻ തന്റെ ചുവന്ന യമഹ 100 cc ബൈക്കിൽ കേറിയിരുന്നു, ഇക്ക ഗൾഫിൽ പോയതുകൊണ്ട് കിട്ടിയതാണിവൻ .  പെട്രോൾ ടാങ്ക്  ഒന്ന് കുലുക്കി നോക്കി. അടിത്തട്ടിൽ എവിടെയോ ചെറിയൊരു അനക്കം  വന്നില്ലേ.. അവൻ ആശ്വസിച്ചു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, ഇന്നിനി ആരെയും വിളിക്കണ്ടന്ന് കണക്ക് കൂട്ടി നേരെ വെട്ടൂരേക്ക്.

വെട്ടൂർ ജംഗ്ഷൻ എത്തി.. ഓട്ടോ സ്റ്റാൻഡ് കടക്കുമ്പോൾ " അളിയോ "
ബൈക്ക് നിർത്തി തിരിഞ്ഞു നോക്കുമ്പോൾ വളീത്  കുട്ടനാണ്..

എവിടെടാ  രാവിലെ..  
കഴിഞ്ഞ ആഴ്ച കുട്ടന്റെ കൂടെ കൂടിയപ്പോൾതാൻ ഓഫർ ചെയ്ത പാർട്ടി സമീറിന് പെട്ടന്ന് ഓർമ വന്നു. ബൈക്കിൽ നിന്നറങ്ങാതെ, കാല് ഒരു വശത്തു ചരിച്ചു കുത്തി, അളിയാ മരുമകളെ ഫീസ് അടക്കാൻ സ്കൂൾ വരെ ഒന്ന് പോണം..

അപ്പോഴാണ് തള്ളി നിൽക്കുന്ന സമീറിന്റെ പാന്റിന്റെ പോക്കറ്റിൽ കുട്ടന്റെ കണ്ണുടക്കിയത്. 50 ന്റെ ഒരു കെട്ടു നോട്ടു പതിയെ തലയെത്തിച്ചു പുറത്തോട്ട് നോക്കുന്നത് കണ്ട കുട്ടന്റെ ചെറിയ കണ്ണുകൾ വികസിച്ചു.

അളിയാ കായി ഒരുപാടുണ്ടെന്നു തോന്നുന്നു.. പോക്കറ്റിൽ നിന്നു കണ്ണ് മാറ്റാതെ കുട്ടൻ ചോദിച്ചു..
അളിയാ പിള്ളേരെ രണ്ടു മാസത്തെ ഫീസാണ്..
ഇത്രയും പൈസയാ... കുട്ടൻ അശ്ചര്യപ്പെട്ടു. അളിയാ MOM ഇൽ ഒരാളിന് ഇത്ര അപ്പോൾ മൂന്നു പേർക്ക് ഇത്ര. കുട്ടൻ ഒരു ഓളകണക്കു കൂട്ടി..

അളിയാ നിന്റെയിൽ ഇപ്പോൾ എത്രയുണ്ട്‌? 

അയ്യായിരം ...

കുട്ടൻ കണ്ണുകൾ മേലോട്ട് ഉയർത്തി  വീണ്ടും കണക്കു കൂട്ടാൻ തുടങ്ങി..

അളിയാ സമീറെ അന്നുപോയ പോക്കാണ് .. പിറകിൽ നിന്നു സിജാഹ്  കൂടെ അനസുമുണ്ട് .
 
സിജാഹും അനസും താനും  സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ്. തന്റെ എല്ലാ കന്നംതിരിവും അറിയുന്നവർ .

എന്തോ ഉണ്ടല്ലോ?? സിജാഹ് രണ്ടു പേരെയും നോക്കി ചോദിച്ചു.

അത് പിന്നെ അളിയാ.. സമീർ എന്ത് പറയണമെന്നറിയാതെ  തപ്പുന്നതിനിടയിൽ
അളിയാ കുട്ടാ സമീറിന്റെ പോക്കറ്റിൽ കാശു.. അനസ്  പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു...
നീ ആകാശത്തു നോക്കിയതിയതിന്റെ പൊരുൾ ഇപ്പോഴല്ലേ പിടി കിട്ടിയത്.. കാക്ക മലന്നു പറന്നോന്നു  നോക്കിയതല്ലേ.. ചിരി ഒട്ടും കുറക്കാതെ സിജാഹ് പറഞ്ഞു..
ഡേയ് അവന്റെ മരുമക്കക്ക സ്കൂൾ ഫീസ് അടക്കാനുള്ള പൈസേടാ..
കുട്ടൻ പറഞ്ഞു..
എന്നാലും ഇത്രയും പൈസ.. കുട്ടൻ വീണ്ടും ആകാശത്തേക്ക് നോക്കി തല ചൊറിഞ്ഞു..
അളിയാ നീ ഓരോരുത്തരുടെ ഫീസൊന്നു പറഞ്ഞാണ്.. ഞാൻ കൂട്ടി നോക്കട്ട്... 
സിജാഹ്.. വിരലുകൾ ഉയർത്തി കണക്കുകൂട്ടാൻ തയ്യാറായി നിന്നു 

നില്ലിടാ... ആട്ടോയിൽ പേനയൊണ്ട്.. കുട്ടൻ ഓട്ടോയുടെ അടുത്തേക്ക് നടന്നു... 
സിജാഹ് റോഡിൽ കിടന്ന ഒരു ചാർമിനാറിന്റെ കവെറെടുത്തു കീറി, കുട്ടൻ കൊണ്ടുവന്ന പേനഎടുത്തു, സമീറിന്റെ മുഖത്ത് നോക്കി

അളിയന്മാരെ കൃത്യമായ ഫീസ് എനിക്കറിഞ്ഞൂടാ എന്നാലും ഒരു ഉദ്ദേശം പറയാം.. 
സമീർ ഒരു ഉദ്ദേശം വെച്ച് പറഞ്ഞു തുടങ്ങി.. സിജാഹ് കൂട്ടി തുടങ്ങി.. 

പണ്ട് ശിഷ്ടം കൂട്ടിയില്ലെങ്കിൽ സാറിനെന്തെകിലും നഷ്ടമുണ്ടോ എന്ന് കണക്കു സാറിനോട് ചോദിച്ച സിജാഹിന്റെ കൂട്ടലിൽ കുട്ടനും അനസിനും  സമീറിനും അത്ര വിശ്വാസമില്ലായിരുന്നു.. എങ്കിലും ഒരു തർക്കത്തിന് അവർ മുതിർന്നില്ല.
അളിയന്മാരെ ബാലൻസ് ഒരു 1255 രൂപ കാണും...
 
സിജാഹ് മീശയിൽ ഒന്നും തടവിയിട്ടു പറഞ്ഞു...

ങേ.. ചേച്ചിക്ക് തെറ്റിയോ? അസംഭവ്യം...  സമീർ മനസ്സിൽ പറഞ്ഞു..

പോടാ അത്രയും എന്തായാലും വരില്ല.. സമീർ തർക്കിച്ചു 
കൂടിപ്പോയാൽ ബാക്കി ഒരു നൂറു രൂപ..  അതിനപ്പുറം കൂടാൻ ഒരു സാധ്യതയുമില്ല...

അളിയാ  ഞാനൊന്നു കൂട്ടട്ടെ.. കുട്ടൻ സിജാഹിന്റെ കൈയിൽ നിന്ന് സിഗിരറ്റ് കവർ വാങ്ങി കണ്ണോടിച്ചു. ഒപ്പം ഇടത്തെ കൈവിരലുകൾ അടയുകയുകയും നിവരുകയും ചെയ്തുകൊണ്ടിരുന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ കുട്ടന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.  അതൊരു പൊട്ടിച്ചിരിയായി മാറാൻ അധികസമയമെടുത്തില്ല 
മന്നവാ... നീ ഇത്രയും കൃത്യമായി കൂട്ടുമെന്ന് ഞാൻ കരുതിയില്ല. 
കുട്ടൻ സിജാഹിന്റെ തോളിൽ തട്ടി.. 
അളിയാ നിന്റെ ഐഡിയഒക്കെ കൈയിൽ ഇരിക്കട്ടെ.. തനിപ്പിടിത്തം നടക്കൂല്ല അളിയാ... സമീറിനെ നോക്കി അനസ്  പറഞ്ഞു... 
അപ്പൊ ഇന്നത്തേക്ക് ഓട്ടോ ഒതുക്കാം.. കുട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.
അളിയാ വണ്ടിയിൽ പെട്രോൾ കുറവാണ്.. വർക്കല എത്തുമോന്നു ഉറപ്പില്ല.. സമീർ പറഞ്ഞു 
അതിനെന്തിടാ.. നീ വണ്ടി ഒതുക്കി ഇവിടെയെവിടെയെങ്കിലും വെയ്.. നമുക്ക് ഓട്ടോയിൽ പോകാം..
സിജാഹം അനസും  അപ്പോഴേക്കും കുട്ടന്റെ ഓട്ടോയിൽ കയറികഴിഞ്ഞിരുന്നു..
സമീർ ബൈക്ക് ഓട്ടോ സ്റ്റാൻഡിനടുത്തെ പോസ്റ്റിനോട് ചേർത്തുവെച്ചു.
നീ വണ്ടി വിടളിയാ... ആദ്യം MoM സ്കൂളിൽ.. ബാക്കി പിന്നെ... 
സമീർ വണ്ടിയുടെ  ചാവി താക്കോൽ പാന്റിന്റെ പോക്കറ്റിലോട്ട് വെച്ചപ്പോൾ അമ്പതിന്റെ നോട്ട്കെട്ടു  പുറത്തോട്ട് ചാടുമോ എന്ന് തോന്നി 

"പന്നിയെല്ലാമേ... പൈസ സൂക്ഷിരിടാ... സിജാഹ് സമീറിനെ നോക്കി പറഞ്ഞു 
വേണമെങ്കിൽ ഞാൻ വെക്കാം.. സിജാഹ് ഉദാരാമതിയായി.. 

വേണ്ടളിയാ... സമീർ 

അളിയാ സിഗിരറ്റ് വല്ലതും.. സമീർ 

ഇന്ന് നീ  വിൽസേ  വലിക്കൂ .. കുട്ടൻ വണ്ടി നിർത്തി.. കലാമിക്കാടെ കടയിൽ നിന്ന് വിൽസിന്റെ ഒരു പാക്കറ്റ്  സിഗരറ്റ് വാങ്ങി , വലിച്ചു മരിക്കിന്റാ .. സമീറിന്റെ മടിയിലോട്ട് ഇട്ടു . ക്വിക്കർ അടിച്ചു ഓട്ടോ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു .
 
അളിയാ നമുക്ക് കാട്ടിലെ അബുനെ കൂടി വിളിച്ചാലോ ഒരു കമ്പനിക്കു  ... അനസിന്റെ  വക അഭിപ്രായം . 
വേണ്ട... അവൻ ഉത്തമനല്ല .. പിന്നോട്ട് തലയൊന്നു തിരിച്ചു കുട്ടൻ സ്വതസിദ്ധ ശൈലിയിൽ പറഞ്ഞു . നാട്ടിലെ അല്ലറ ചില്ലറ തരികിടയായി നടക്കുന്ന നാലുപേരുടെയും  സുഹൃത്താണ് കാട്ടിലെ അബു . 

ഓട്ടോ വർക്കല എത്താറായപ്പോൾ ,  അളിയാ ....ഞാൻ രാവിലെ ഒന്നും കഴിച്ചില്ലായിരുന്നു. സിജാഹ് . സുപ്രഭാതത്തിന്നു  ഓരോ മസാല ദോശ അടിച്ചാലോ . 
വർക്കലയിലെ ഏക വെജിറ്റേറിയൻ റെസ്റ്റോറന്റ്ആണ് സുപ്രഭാതം . തമിഴ് രുചിയുള്ള അവിടെത്തെ ഭക്ഷണങ്ങൾ കടുത്ത നോൺ വെജികൾക്കും ഇഷ്ടമായിരുന്നു  , പ്രേതേകിച്ചും മസാല ദോശ കൂടെയാ വടയും സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് തരുന്ന ആവി പറക്കുന്ന ചായയും .. 

വീട്ടിൽ നിന്ന് കഴിച്ചെങ്കിലും സമീറിനെയും മസാല ദോശ മോഹിപ്പിച്ചു .  പെട്ടന്ന്  പടച്ചോനെ ഇതിൽ നിന്ന് കാശ് എടുക്കേണ്ടി വരുമോ ?  എന്ന ചിന്ത സമീറിന്റെ നെഞ്ചു പിടപ്പിച്ചു .

പിന്നെന്ത് ...  വണ്ടി നേരെ സുപ്രഭാത്തിലോട്ട് വിടാം .. കുട്ടൻ പറഞ്ഞു 
അളിയന്മാരെ ഒരു കാര്യം ചെയാം .. ഇപ്പോ നിങ്ങളു കാശ് എടു... ഫീസ് അടച്ചിന്റെ ബാക്കി മൊത്തം നമുക്ക് അടിച്ചുപൊളിക്കാം . ഈ പൈസ ഞാൻ അപ്പൊ തരാം .. സമീർ പറഞ്ഞു നിർത്തി . 

അത് പിന്നെ എൻ്റെ കൈയിൽ ആകെ പതിനഞ്ചു രൂപയെ ഉള്ളൂ .. സിജാഹ് 
എന്റെയിൽ ഒരു മുപ്പത് കാണും .. രാവിലെ ഒരോട്ടം പോലും പോയില്ല . കുട്ടൻ

ഞാൻ ഒരു ഇരുപതിടാം .. അനസ് 
 
മസാലദോശയും  ചായയും കൂടി ഒരാളിന് പതിനഞ്ചു   രൂപ  .നാലുപേർക്ക്  പേർക്കും കൂടി  അറുപതു  .. സമീർ പെട്ടന്ന് കണക്കു കൂട്ടി പറഞ്ഞു . 

ഫീസ് അടച്ചാ ബാക്കി എടുക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ ... സമീർ വീണ്ടും 

എന്നാ അങ്ങനെ ആവട്ടെ .. കുട്ടൻ . 
മസാല ദോശയും ചൂട് ചായയും കുടിച്ചു സുപ്രഭാതത്തിന്നു ഇറങ്ങുമ്പോൾ റാഹത്തായി അളിയാ .. കുട്ടൻ വയറു തടവിക്കൊണ്ട് പറഞ്ഞു . 

ഇനി ഫീസ് അടിച്ചട്ടുവേണം ..  ബാക്കി 
ബാക്കിക്ക് അളിയാ കല്ലമ്പലത്തു പോണോ  വർക്കല മതിയോ ?  നുരഞ്ഞു പൊങ്ങുന്ന പതയിൽ, അരിച്ചിറങ്ങുന്ന എസിയുടെ തണുപ്പിൽ അരണ്ട വെളിച്ചത്തു .. കുട്ടൻ ഒരു നിമിഷം സ്വപ്നലോകത്തേക്ക് പറന്നു . 

വണ്ടി MoM സ്കൂളിൽ എത്തി . 
ഉം .. എന്താ .. ഗേറ്റിനു മുൻപിൽ സെക്യൂരിറ്റി തടഞ്ഞു . 
ഫീസ് അടക്കാൻ .. സമീർ പറഞ്ഞു .. 
നിന്നൊയൊന്നും കണ്ടാൽ പറയില്ലല്ലോടാ ഫീസ് അടക്കാനെന്ന് .. സെക്യൂരിറ്റിയുടെ വക ഒരു കൊട്ട് 

എന്തൊന്നിടാ  .. ഫീസ് അടക്കാൻ പിന്നെ ടൈയും കെട്ടി വരാണോടാ മൈ.. 
സിജാഹിന് ദേഷ്യം വന്നു 
സെക്യൂരിറ്റി ഒന്ന് പതറി . അയാൾ ഓട്ടോ സ്കൂളിലോട്ട് കയറ്റി വിട്ടു .

അണ്ണാ സ്കൂളിന്റെ ഓഫീസ് , ഫീസ് അടക്കാൻ ..  ആദ്യം കണ്ട ബിൽഡിങ്ങിൽ നിന്ന ആളിനോട് സമീർ ചോദിച്ചു 

ദാ ആ കാണുന്നതാണ് ഓഫീസ് . അവിടെ ചെന്ന് പറഞ്ഞാ മതി . അയാൾ കുറച്ചപ്പുറച്ചുള്ള വേറൊരു കെട്ടിടം ചൂണ്ടി പറഞ്ഞു . 

മൂവരും കൂടി അങ്ങോട്ട് വെച്ചടിച്ചു . 
ഫീസടക്കാൻ ... സമീർ അവിടെയിരുന്നു  എഴുത്തുകൊണ്ടിരുന്ന പെൺകുട്ടിയോട്  സമീർ ചോദിച്ചു 

ഇതിന്റെ അങ്ങേയറ്റം കാഷ്യർ ഉണ്ട് . അവിടെ അടച്ചാ മതി . മുഖമുയർത്താതെ അവൾ പറഞ്ഞു 

അവർ അങ്ങോട്ട് നടന്നു . കൂട്ടിലിട്ട തത്തയെ പോലെ ഒറ്റക്കൊരു കമ്പിക്കൂട്ടിൽ  ഒരാൾ ഇരിന്നു ക്യാഷ് എണ്ണുന്നു . 
ഫീസ് അടക്കാൻ .. സമീർ മുരടനക്കി .. 
എന്താ പേര് , ക്ലാസ്  ഇതൊക്കെ ഈ പേപ്പറിൽ എഴുതി കൊണ്ടുവാ ... 

സമീർ മൂന്നുപേരുടെയും  പേരും ക്ലാസും എഴുതി കൊടുത്തു . 

ദാ അവിടെ ഇരിക്ക് ഇപ്പൊ വിളിക്കാം  .. അയാൾ അടുത്ത് കണ്ട കസേരകളിലേക്കു ചൂണ്ടി പറഞ്ഞു . 

ചേച്ചിയുടെ മൂത്തയാളുടെ പേര് വിളിച്ചു . മൊത്തം 1750 .. കാഷ്യർ വിളിച്ചു പറഞ്ഞു . 
സമീർ കാശ് എണ്ണി  തിട്ടപ്പെടുത്തി കൊടുത്തു . 

അളിയാ നീ പറഞ്ഞ ഫീസിനേക്കാളും കുറവെന്ന് തോന്നുന്നല്ലോ .. സിജാഹ് പോക്കെറ്റിൽ കിടന്ന സിഗരറ്റ് കവർ എടുത്തു നിവർത്തി . നീ പറഞ്ഞത് 1435 ആണ്. അതിൽ തന്നെ നൂറിൽ കൂടുതൽ ബാലൻസ് ഉണ്ട് .. സിജാഹ് സന്തോഷത്തോടെ പറഞ്ഞു . 
കാഷ്യർ രണ്ടാമത്തെ ആളിന്റെ  പേര് വിളിച്ചു . മൊത്തം 1270  . സമീർ വീണ്ടും കാശെടുത്തു എണ്ണി കൊടുത്തു .. 
അളിയാ ഇതിലും 50 കൂടുതലാണ് നീ പറഞ്ഞത് ..   വീണ്ടും സിജാഹ് ... 
അളിയാ ഇന്ന് നമ്മ പൊളിക്കും .. ആറ്റിങ്ങ വിട്ടാലോ .. 
ചേച്ചിക്ക് എന്തോ മിസ്റ്റേക്ക് പറ്റി ഉറപ്പാണ്  .. സമീർ മനസിൽ പറഞ്ഞു .

ഇനിയുള്ളത് ഇക്കാടെ മോന്റെ ഫീസ് മാത്രമാണ് . അവന്റെ എന്തായാലും ഒരു 1500നു  അപ്പുറം വരില്ല .. ബാക്കി എന്തായാലും കുറച്ചു പൈസ ഉണ്ടാവും , എന്തായാലും സിജാഹ് പറഞ്ഞ അത്രയുമില്ലെങ്കിലും ..

താൻ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടക്കണ്ട . ഇവിടെ നില്ലു .   ഞാൻ ഇപ്പോൾ തന്നെ അടുത്ത ആളിൻറെ പറയാം. ഒരു ദയ ചെയ്യുന്ന മട്ടിൽ കാഷ്യർ പറഞ്ഞു .

2300 രൂപ  ..... കാഷ്യർ പറഞ്ഞു .  
ഒരു വെള്ളിടി വെട്ടി സമീറിന്റെ ഉള്ളിൽ  . പ്രതീക്ഷിച്ചതിലും കൂടുതൽ . സമീർ ക്യാഷ് എടുത്തു എണ്ണാൻ തുടങ്ങി .  50 ന്റെ കെട്ടിലെ ബാലൻസും കാഷ്യർ ഓരോ തവണ തന്ന ബാലൻസും .. എല്ലാം കൂടി കൂട്ടിയാലും അഞ്ചു രൂപ കുറവ്. 
അതെ .. അഞ്ചു രൂപ കുറവുണ്ട് . നാളെ കൊണ്ട് തന്നാൽ മതിയോ .. സമീർ ശബ്ദം താഴ്ത്തി ക്യാഷ്യരോട്‌ ചോദിച്ചു .. 
അത് പറ്റില്ല . ദിവസവും അക്കൗണ്ട്സ് ക്ലോസ് ചെയ്യണം. കറക്റ്റ് കണക്കു കൊടുത്തില്ലേൽ എൻ്റെ കയ്യിന്നു കട്ട് ചെയ്യും ... അയാൾ പുരികം ചുളിച്ചു .
 
ഒരു കാര്യം തൻ്റെ കൂട്ടുകാരല്ലേ ആ ഇരിക്കുന്നത് അഞ്ചു രൂപയല്ലേ... അവരോടു ചോദിക്കു . കാഷ്യർ സൊലൂഷ്യൻ കണ്ടെത്തി കൊടുത്തു . 

സമീർ തിരിഞ്ഞു സിജാഹിനെയും കുട്ടനെയും അനസിനെയും തിരിഞ്ഞു നോക്കി .. എന്തെല്ലാം മോഹങ്ങളായിരുന്നു. എന്തായാലും അവരാ സംസാരമൊന്നും കേട്ടില്ലെന്നു അവരുടെ മുഖം കണ്ടാൽ മനസിലാകും 

എന്താ ? .. എന്ന ചോദ്യഭാവത്തിൽ  അനസ് തലയൊന്നു ഇളക്കി . 

അളിയാ ഒരു അഞ്ചു രൂപ ..... കുറവുണ്ട്  സമീർ അവരുടെ അടുത്തെത്തി പതുക്കെ പറഞ്ഞു .  
ഓ ബാലൻസ് ഇല്ലായിരിക്കും ... സിജാഹ് പറഞ്ഞു .... 
കുട്ടാ ആ അഞ്ചു രൂപ ഇല്ലേ  മസാല ദോശ കഴിച്ചതിന്റെ ബാക്കി .. അതൂടെ കൊടളിയാ .. മൊത്തം കൂടെ സമീർ തിരിച്ചുതരുമല്ലോ ... ഇതു കൂടി അടച്ചു കഴിഞ്ഞാൽ . 
അതല്ലളിയാ .. പൈസ തികഞ്ഞില്ല ..  സമീർ വിക്കി .. 
സിജാഹിന്റെയും കുട്ടന്റേയും അനസിന്റെയും മുഖങ്ങൾ രക്തശൂന്യമായി .. ഒരു നിമിഷം അവർ നിശബ്ദരായി . 

പന്നിയല്ലാമേ .... ഇതൂടെ  കൊണ്ട് കൊട് .. അണപൊട്ടിയ കോപം  കടിച്ചു പിടിച്ചു, പോക്കറ്റിൽ നിന്ന് അഞ്ചു രൂപയെടുത്തു കുട്ടൻ സമീറിന്റെ കൈയിൽ വെച്ചുകൊടുത്തു .. 

 ദേഷ്യവും സങ്കടവും അടക്കാനാവാതെ സിജാഹ് , സ്കൂളെന്നോ ഓഫീസെന്നോ ഓർക്കാതെ 

എടാ മൈ......  നീ ഒരു കോപ്പിലെ പുള്ളയായിട്ട് വരും ...    എന്ന് പറഞ്ഞതും 
തേഞ്ഞു വള്ളിപൊട്ടാറായ ചെരിപ്പെടുത്തു സമീറിന്റെ നേരെ എറിഞ്ഞതും ഒരുമിച്ചായിരിന്നു   
ആ അലർച്ച കേട്ടു  സ്കൂൾ കെട്ടിടം ഒന്ന് ആടിയോയെന്നു സമീറിന് തോന്നി .. 

പറന്നു വന്ന ചെരിപ്പു തൻ്റെ കൃത്യനിഷ്ഠയുള്ള ജോലിക്കു, തനിക്കു കിട്ടിയ അവാർഡ് പോലെ പെൺകുട്ടിയുടെ ടേബിളിൽ വിശ്രമിച്ചു .. 



 









 


















.