Wednesday, May 6, 2026

കോഴി മോഷണം

ഡേയ് കോഴിയെ പിടിക്കുമ്പം നനഞ്ഞ തോർത്തിട്ട് വേണം പിടിക്കാൻ. അപ്പൊ കോഴി കൂവൂല്ല. "

ഖത്തർ കോയ മുണ്ട് മടക്കി കുത്തി തന്റെ വെരിക്കോസ് വൈൻ തെളിഞ്ഞു നിൽക്കുന്ന കാലെടുത്തു " വിജ്ഞാന പോഷിണി" വായനശാലയുടെ പടിയിലേക്ക് വെച്ചു. പോക്കെറ്റിൽ നിന്ന് ഒരു ബീഡിയെടുത്തു ചുണ്ടിലേക്ക് തിരുകി. ലൈറ്റർ എടുത്തു കത്തിച്ചു രണ്ടു പുക ഉള്ളിലേക്ക് എടുത്തു പതുക്കെ പുറത്തേക്കു വിട്ടു. ഓരോ ബീഡി എടുത്ത് അടുത്ത് നിന്ന ഫഹീമിനും ഷാനുവിനും എടുത്തു നീട്ടി. അവരത് ആർത്തിയോടെ വാങ്ങി.

ഓ നീ വലിക്കേല്ലാ ല്ല..  ഖത്തർ കോയ ഒരു ആക്കിയ ചിരിയോടെ പറഞ്ഞു. ചുണ്ടിനടിയിൽ എടുത്ത് ശംബു വെയ്യിടാ.. അടുത്ത് നിന്ന ഷാജിയെ നോക്കി പറഞ്ഞു. അള്ളാനാ അതൊക്കെ വെച്ചാ കാൻസർ വരുമെ ..

അല്ല ഇക്ക കോഴിയെ മാത്രമേ പൊക്കിട്ടുള്ളൂ  ബീഡി എടുത്തു കത്തിക്കുന്നതിനിടയിൽ ഷാനു ചോദിച്ചു.

കോഴിയെക്ക  ചെറുത്... ക്ടാത്തനെ പൊക്കീട്ടോണ്ട്. എന്തിനു പശുവിനുയെയും ഒരു തവണ പൊക്കീട്ടോണ്ട്.

ബട്ടൻസ് പോയ ഷർട്ടിനുള്ളിൽ കൈയിട്ടു രോമരഹിതമായ തന്റെ നെഞ്ചിൽ ബാലചന്ദ്രൻ മേനോൻ സ്റ്റൈലിൽ തടവിയിട്ട് ഞെളിഞ്ഞു നിന്നും ഖത്തർ കോയ പറഞ്ഞു.

പക്ഷെ കോഴിയാവുമ്പം ഈസി അത്രേയുള്ളൂ.

പിന്നെ കട്ട് ചെയ്യാനും ഒക്കെ എളുപ്പം. മസാലയൊക്കെ പുരട്ടി വെളിച്ചെണ്ണയിൽ പൊരിച്ചു ചോറും കൂട്ടി അടിക്കുമ്പ ടേസ്റ്റ് ഒണ്ടല്ല മോനെ... ഖത്തർ കോയ പറഞ്ഞു നിർത്തി. കോയയുടെ വായിൽ നിന്ന് ഉമിനീർ ഇപ്പോൾ താഴേക്കു വീഴുമെന്നു തോന്നി.

കേട്ട് നിന്ന ഫാഹീമിന്റെയും ഷാനുവിന്റെയും സുലൈമാന്റേയും വായിൽ വെള്ളമൂറി.

അപ്പോഴേടാ ഇതൊന്നും ആരെടുത്തും പറയല്ലേ.. പോലീസ് എന്നെ പൊക്കും. നിങ്ങളായോണ്ട് പറഞ്ഞന്നേ ഉള്ളൂ. കോയയുടെ മുഖത്ത് പെട്ടന്നൊരു ദയനീയ ഭാവം വന്നു നിറഞ്ഞു.

അപ്പോഴേടാ മക്കളെ എനിക്കി വീട്ടി ചെറിയൊരു പണിയുണ്ട്. വൈകിട്ട് വരാം. കൂട്ടിൽ റമ്മി കളി തുടങ്ങുമ്പോ..

ഖത്തർ കോയ തിരിഞ്ഞു നടന്നു.

നാട്ടിലെ ആസ്ഥാന കള്ളനൊന്നുമല്ല കോയ. പക്ഷെ അല്ലറ ചില്ലറ മോഷണങ്ങൾ ഒക്കെ പുള്ളിക്കുണ്ട്. രണ്ടു മൂന്ന് തവണ ആളിനെ പോലീസ് പൊക്കിയിട്ടുമുണ്ട്. അതിന്റെ ഭീതിയാണ് കോയയുടെ സ്വരത്തിൽ.

"അളിയാ നമുക്കൊരു കോഴിയെ പൊക്കിയാലോ? തീരാറായ ബീഡി ഒരു പുകക്കൂടി എടുത്തു വായനശാലയുടെ പിറകിലുള്ള ടി എസ് കനാലിൽ വലിച്ചെറിഞ്ഞു.

നിനക്ക് വട്ടിടാ... ഫഹീം ചോദിച്ചു.  പിടിച്ചാലൊള്ള അവസ്ഥ ചിന്തിച്ചു നോക്കിട്ടണ്ടാ???

കള്ളനെന്ന പേര് വീണാ പിന്നെ പോവെല്ലാ....

വിറച്ചു കൊണ്ട് ഫഹീം പറഞ്ഞു നിർത്തി.

അളിയാ ഇതൊക്കെ ഒരു രസമല്ലേ.. ആരും അറിയാനൊന്നും പോണില്ല. കേട്ട് നിന്ന സുലൈമാൻ പറഞ്ഞു

പക്ഷെ എവിടുന്ന് പൊക്കും? മനസ് മാറിയ ഫഹീം ചോദിച്ചു.

അളിയാ അതിനു വഴിയുണ്ട്. നമ്മള സബിതാത്തയുടെ വീട്ടി രണ്ടു കോഴിയുണ്ട്. ഒരു പൂവനും പിടയും. പൂവനൊരു ഒരു മൂന്നാല് കിലോ വരും. ഷാനു പറഞ്ഞു നിർത്തി പന്നീ ഇതെല്ലാം നേരെത്തെ ഒറപ്പിച്ചായിരുന്നടാ ? സുലൈമാൻ ചിരിയോടെ ചോദിച്ചു. ഇല്ലളിയാ... കോയ പറഞ്ഞപ്പോ ഞാൻ മനസ്സിൽ കണക്കു കൂട്ടിയതാണ്..

എന്ന് പൊക്കും? എങ്ങനെ പൊക്കും? ഫഹീം ചോദിച്ചു അത് നമ്മൾ പ്ലാൻ ചെയ്യണം. ഷാനു പറഞ്ഞു. ഒരു കാര്യം ചെയ്യ് ഇപ്പോൾ വീട്ടിൽ പോയി വല്ലതും കഴിക്കാം. വൈകിട്ട് പ്ലാൻ ചെയ്യാം. ഒട്ടി കിടക്കുന്ന തന്റെ വയറ്റിൽ തടവിയിട്ട് സുലൈമാൻ പറഞ്ഞു. കൂട്ടത്തിൽ തീരെ തടിയില്ലാത്ത ആളാണ് സുലൈമാൻ. തുടുത്ത കവിളും ഇൻ ഷർട്ട് ചെയ്യാൻ വേണ്ട വയറും അതാണ്‌ സുലൈമാന്റെ സ്വപ്‍നം. എന്നാ വൈകിട്ട് പ്ലാൻ ചെയ്യാം. ഫഹീമിനും വയറിന്റെ കാളൽ തുടങ്ങിയിരുന്നു മൂന്നുപേരും വീടുകളിലേക്ക് നടന്നു.

അളിയാ വീട്ടിലൊറ്റം അറിഞ്ഞാ വാപ്പ എന്നെ കൊല്ലും ....

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഫഹീം പറഞ്ഞു. പിന്നെ നമ്മളെയൊക്കെ വീട്ടി അറിഞ്ഞ പൂവിട്ടു പൂജിക്കുമായിരിക്കും. ഒന്ന് പോടാ അവിടന്ന്. ഈ പ്രായത്തിലേ ഇതൊക്കെ നടക്കൂ.. ഷാനു തെല്ലു ദേഷ്യത്തോടെ പറഞ്ഞു. നാട്ടിലെ ജമാഅത് പ്രസിഡന്റ് ആണ് ഫഹീമിന്റെ വാപ്പ. മതമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത വ്യക്തി. ഷാനു വിന്റെ വാപ്പയും ജേഷ്‌ടന്മാരും ഗൾഫിൽ ആണ്. സുലൈമാന്റെ വാപ്പയും ഗൾഫിൽ തന്നെ. ജീവിതദുരിതങ്ങൾ ഒന്നുംതന്നെ പേറാതെയുള്ള ജീവിതങ്ങൾ

"ഉമ്മാ വിശക്കുന്നു. ചോറെടു.... വീട്ടിൽ എത്തിയപാടെ ഫഹീം പറഞ്ഞു. നീ കൈയും കാലും കഴുകീട്ടു വാടാ. ഉമ്മ പറഞ്ഞു.

ഇതെന്താ ഉമ്മാ... പൊരിച്ചമീനിന്റെ തലയാണോ എനിക്ക്. വാലിന്റെ ഭാഗമാണ് എനിക്കിഷ്ടമെന്ന് ഉമ്മാക്കറിഞ്ഞൂടെ? ദേഷ്യത്തോടെ അവൻ ചോദിച്ചു

എന്നും നീയല്ലേ കഴിക്കുന്നത്. ഇന്ന് നിന്റെ അനിയത്തി കഴിച്ചു.. ഉമ്മ പറഞ്ഞു

അല്ലേലും ഉമ്മ ഒരു ഫെമിനിസ്റ്റ് ആണെന്ന് പലവട്ടം  തോന്നീട്ടുണ്ട്. ഒരല്പം നീരസത്തോടെ അവൻ ചിന്തിച്ചു.

ചോറ് തിന്നു കഴിഞ്ഞപ്പോൾ വായ പതക്കുന്നുണ്ട്. ഒരെണ്ണം വലിക്കാതെ ശരിയാവില്ല.വാപ്പയുടെ പനാമ വെക്കുന്ന സ്ഥിരം സ്ഥലത്ത് നോക്കി. സാധനം അവിടെയില്ല.ലാൻഡ് ഫോണെടുത്ത് പതുക്കെഷാനുവിനെ ഡയൽ ചെയ്തു. ബെല്ലടിച്ചല്ലാതെ എടുത്തില്ല.പുറത്തേക്ക് ഇറങ്ങി.

ജംഗ്ഷനിൽ എത്തിയപ്പോൾ നിരാശ ഫലം. ആരും എത്തിയിട്ടില്ല. ജംഗ്ഷൻ എന്ന് പറയുമ്പോൾ ഒരു ലൈബ്രറി നേരെ എതിർവശത്തു സലീമിക്കാടെ  സിഗരറ്റും വെള്ളവുമൊക്ക വിൽക്കുന്ന കട. അത്രേ ഉള്ളൂ ജംഗ്ഷൻ. റോഡിൽ നിന്ന് ടി എസ് കനാലിനു  കുറുകെ കടപ്പുറത്തു പോകാൻ നമ്മുടെ പ്രിയപ്പെട്ട തൊട്ടിപ്പാലം.

  കുറച്ചു കഴിഞ്ഞപ്പോൾ അനൂപ് എത്തി. 

ആരും ഇല്ലെടാ? ഒരു വിൽ സെടുത്ത് ചുണ്ടിൽ വെച്ചുകൊണ്ട് 

അനൂപ് ചോദിച്ചു. എപ്പോഴും സിഗിരറ്റ് കൈയിൽ കരുതുന്ന സ്വാഭാവകാരനാണ്  അനൂപ്. 

അളിയാ അടു.... അവന്റെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ പറഞ്ഞു.

അതൊരു കോഡാണ്. അതായത് സിഗിരറ്റിന്റെ പകുതി വലിച്ചു കഴിഞ്ഞാൽ അത് " അടു " വിളിക്കുന്നവനാണ്.അപ്പോഴേക്കും വളവു തിരിഞ്ഞു ഷാനു ഇറങ്ങി വന്നു. അടു അളിയൻ വിളിച്ചു കാണും

അപ്പൊ " ഗിൽബി " ഷാനു പറഞ്ഞു

പകു‌തീടെ  പകുതി അതാണ്‌ ഗിൽബി.

ഇനിയുമുണ്ട്. "ഫിൽറ്ററിയാ" എന്ന് വെച്ചാ സിഗിരറ്റിന്റെ ഫിൽറ്റർ എത്തുന്നതിനു തൊട്ടു മുൻപ് അത് വിളിച്ചവന് കൊടുക്കണം

വാടാ റമ്മി കളിക്കാം... അനൂപ് പറഞ്ഞു. പൊളിയാറായ ഒരു കൂട്ടിൽ ( കടലിൽ പോകുന്ന വലയും സാധനങ്ങളും സൂക്ഷിക്കുന്ന ചെറിയ  കെട്ടിടം ) ഒളിച്ചു വെച്ചിരിക്കുന്ന ചീട്ടെടുത്തു.

ഡേയ് കലക്കീട്ട് ചീട്ട് വെട്ടിടാ... ഷാനു പറഞ്ഞു.

2 കളികഴിഞ്ഞപ്പോൾ അനൂപ് പറഞ്ഞു ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം..

ഓക്കേ അളിയാ

ഫഹീം പറഞ്ഞു...

അളിയാ... നാളെ തന്നെ കോഴിയെ പൊക്കിയാലോ? ഷാനു 

ഡേയ് നീയിത് വരെ അത് വിട്ടില്ലിയെ..... ഫഹീം 

ഞാനിപ്പോഴും ചോറ് തിന്നാൻ പോയപ്പോഴും ആ പൂവനെ കണ്ടളിയാ ... വീണ്ടും ഷാനു 

എങ്ങനെ പൊക്കും? ഫഹീം

പക്ഷെ എവിടുന്ന് കുക്ക് ചെയ്യും? ഷാനു ചോദിച്ചു

അതിനൊരു വഴിയുണ്ടളിയാ....

നാളെ പള്ളിപ്പരയിൽ വഅളു ഉണ്ടളിയാ . വീട്ടിന്നു ഉമ്മയും വാപ്പയും സഹോദരിയും പോകും.. പിന്നെ ഒരു 2 മണിയൊക്കെ ആവും കഴിയാൻ....

ഫഹീം പറഞ്ഞു...

അപ്പൊ സ്ഥലവും ഒത്തു... ഷാനു ഹാപ്പി ആയി

സന്ധ്യ ആയപ്പോഴാണ് സുലൈമാൻ വന്നത്. പോക്കെറ്റിൽ ശംബു എടുത്ത് ചുണ്ടിനടിയിൽ തിരിക്കിയിട്ട്

ഡേയ് പ്ലാൻ വല്ലതും ആയ ? 

അവൻ ചോദിച്ചു

ഷാനു കാര്യങ്ങൾ പറഞ്ഞു

അപ്പൊ നാളെ.. മറക്കണ്ട... വീട്ടിലേക്കു നടക്കുന്നതിടയിൽ ഫഹീം പറഞ്ഞു.

സമയം രാത്രി പതിനൊന്നു കഴിഞ്ഞു. മദ്രസയിൽ ഉസ്താദ് പ്രസംഗം കത്തി കയറുകയാണ്. ഇന്ന് അവസാനത്തെ ദിവസമാണ്. 

ഇരുട്ടിന്റെ മറവിൽ മൂവർ സംഘം പതിയെ നടന്നു. ഷാനുവിന്റെ വീടെത്താറായപ്പോൾ സുലൈമാൻ ശബ്ദം താഴ്ത്തി ചോദിച്ചു.

" ഡേയ് നനഞ്ഞ തോർത്തെടുത്താ "

ഫഹീം തോർത്ത്‌ എടുത്തു പൊക്കി കാണിച്ചു

ഷാനുവിന്റെ വീട്ടിന്റെ മതിൽ കടന്നു വേണം സബിതാത്താടെ വീട്ടിൽ എത്താൻ. ഭർത്താവ് ഗൾഫിൽ ആണ്. മോനും സബിതാത്തയും മാത്രമേ വീട്ടിലുള്ളൂ. പത്തു മണി കഴിഞ്ഞാൽ അവരുറങ്ങും. ഷാനുവിനു  കോഴിക്കൂട് എവിടെയെന്നു കൃത്യമായി അറിയാമായിരുന്നു.

കൂടിന്റെ ചെറുവാതിൽ പതുക്കെ തുറന്നു. പേടിച്ചരണ്ട  കോഴികൾ കൂടിന്റെ ഒരു വശത്തേക്ക് മാറി നിന്നു.

"തോർത്തെടു".... ഷാനു അടക്കി പിടിച്ച ശബ്ദത്തിൽ പറഞ്ഞു. ഫഹീം തോർത്തെടുത്തു കോഴിക്കൂടിന്റെ അകത്തേക്ക് കൈയിട്ടു.

കൈയിൽ കിട്ടിയ കോഴിയെ തോർത്തുകൊണ്ട് പൊതിഞ്ഞു പുറത്തേക്കു എടുത്തു.

കിട്ടി... ഫഹീം പറഞ്ഞു

എന്നാ വേഗം വിട്ടോ...

സുലൈമാൻ പറഞ്ഞു

ഷാനുവിന്റെ വീട്ടിലെ  മതിൽ കടന്നതും മൂവരും ഓടുകയായിരുന്നു.


ഫഹീമിന്റെ  വീടിന്റെ പുറകിലെ സ്റ്റെപ്പിലൂടെ കിതപ്പടക്കാൻ പാടുപെട്ട് അവർ ടെറസിന്റെ മുകളിലേക്ക് കയറി

നിന്റെയൊക്കെ കള്ളത്തരം ഞാൻ കണ്ടെടാ എന്ന ഭാവത്തിൽ ചന്ദ്രൻ മുകളിൽ നിൽക്കുന്നുണ്ടായിരുന്നു.

അളിയാ നല്ല വെയിറ്റ് ഉണ്ട്  ഫഹീം പറഞ്ഞു.


അളിയാ എങ്ങനെ കട്ട് ചെയ്യും? സുലൈമാൻ ചോദിച്ചു

താഴെ കൊണ്ട് പോയി കട്ട്‌ ചെയ്യാം. പിച്ചാത്തി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. പിച്ചാത്തി മാത്രമല്ല.... മുളക് പൊടി മഞ്ഞ  പൊടി  എല്ലാ സാധനവും... തെല്ലു അഭിമാനത്തോടെ ഫഹീം പറഞ്ഞു

"നീ കിടിലമിടാ"... ഷാനു അവന്റെ തോളിൽ തട്ടി അഭിനന്ദിക്കും  പോലെ പറഞ്ഞു.

 പടികൾ ഇറങ്ങി, കോഴിയെയും എടുത്തു സുലൈമാൻ മുന്നിൽ നടന്നു. പിച്ചാത്തി എടുത്തു ഫഹീം പിറകിൽ.  ഏറ്റവും പിറകിൽ ഷാനു. ചന്ദ്രികയെ മറയ്ക്കുന്ന രണ്ടു വാഴകൾ ക്കിടയിലേക്ക് അവർ നിന്നു. ഷാനു മുറ്റത്തെ പൈപ്പിൽ നിന്നും ഒരു ചിരട്ടിയിൽ വെള്ളമെടുത്തു കോഴിയുടെ വായിൽ ഇറ്റിച്ചു കൊടുത്തു.

ഡേയ് ഖിബിലക്ക് നേരെ നില്ലടാ... ഫഹീം പറഞ്ഞു

സുലൈമാൻ കോഴയെയും പിടിച്ചു ഖിബിലക്ക് നേരെ നിന്നു. അശ്ഹദു അല്ലാഹു .... ശഹാദത് ചൊല്ലി  ഫഹീം കത്തി കോഴിയുടെ കൺഠ നാളത്തിൽ  വെച്ചു അറുത്തു .

കഴുത്തു തൂങ്ങി ആടിയ  കോഴിയെ സുലൈമാൻ വാഴയുടെ ചുവട്ടിലേക്കു ഇട്ടു. പ്രാണൻ വേർപെടുന്ന കോഴിയുടെ അവസാന പിടച്ചിലുകൾകൊണ്ട്  വാഴയുടെ ചുവട്ടിലെ ഇളകിയ മണ്ണ് അന്തരീക്ഷത്തിലേക്ക്  പറന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആത്മാവ് വേർപെട്ട കോഴി നിശ്ചലമായി.

ഷാനു ഒരു വലിയ വാഴയില വെട്ടിയെടുത്തു കോഴിയുടെ തൊലിയുരിച്ചു, ഒരു അറവുകാരന്റെ  കരവിരുതോടെ കഷ്ണങ്ങളാക്കി വാഴയുടെ അറ്റത്തു വെച്ചു.

സുലൈമാനും ഫഹീമും മുറ്റത്തെ പൈപ്പിൽ നിന്നും വെള്ളമെടുത്തു കഴുകി വൃത്തിയാക്കി.

"അളിയാ ഇനി മസാല തേക്കണം".

തോന്നിയ അളവിന് എടുത്ത മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പുംകോഴി കഷ്ണങ്ങളിൽ തേച്ചു പിടിപ്പിച്ചു. അളിയാ അടുപ്പ് എവിടെ? സുലൈമാൻ ചോദിച്ചു

നേരെത്തെ എടുത്തു വെച്ച മൂന്ന് ചുടുകട്ടകൾ എടുത്തു മുറ്റത്തു നിന്നും അൽപ്പം മാറി അടുപ്പ് കൂട്ടി. പ്ലാവിന്റെ ചുവട്ടിൽ കൂട്ടിയിട്ടുരുന്ന  ഉണങ്ങിയ ഓലയും മടലും എടുത്തു വെച്ചു കത്തിച്ചു. ടെറസിൽ വെച്ചിരുന്ന ഇരുമ്പ് ചട്ടിയിൽ എണ്ണ  ഒഴിച്ച് ചൂടായപ്പോൾ കോഴി കഷ്ണങ്ങൾ എടുത്ത് എണ്ണയിലേക്ക് ഇട്ടു.  ഷീ ഷീ ശബ്ദത്തോടെ കോഴി എണ്ണയിൽ കിടന്നു തിളച്ചു.

ഒരു പതിനഞ്ചു മിനിറ്റ് ആയപ്പോൾ

"വെന്തന്ന് നോക്കിടാ അളിയാ?"

വായിൽ ഊറി വന്ന ഉമിനീരിനിടയിലൂടെ സുലൈമാൻ ചോദിച്ചു 

സ്പൂണെടുത്തു ഒരു പീസെടുത്തു വാഴയിലയിൽ വെച്ചു.  ഊതി ചൂട് പോയപ്പോൾ ഒരു ചെറിയ പീസാക്കി എടുത്ത് വായിൽ വെച്ചു

ഷാനു പറഞ്ഞു .. കുറച്ചൂടെ വേവാനുണ്ട്.. പിന്നെ കുറച്ചു മൊരിയണം..

ഫൈവ് സ്റ്റാർ ഹോട്ടലിലെ ഷെഫിനെ പോലെ ഷാനു പറഞ്ഞു.

അളിയന്മാരെ ആ തൂവലും കൊടലുമൊക്കെ കുഴിച്ചിടണം. അല്ലെങ്കി പട്ടി കൊണ്ട് പോവും.

എന്നാ വാടാ  കുഴിച്ചിട്ട് വരാം. സുലൈമാൻ പറഞ്ഞു.

സുലൈമാനും ഫഹീമും കോഴിയുടെ അവശിഷ്ടങ്ങൾ വാഴയുടെ സമീപം  കുഴിച്ചിട്ട് തിരിച്ചു വന്നപ്പോൾ ഷാനു മൊരിഞ്ഞ ചിക്കൻ പീസുകൾ വാഴയിലയിൽ എടുത്തു വെച്ചിരുന്നു. കാലിന്റെ പീസ് ഷാനുവിന്റെ വായിലും..

അളിയാ നിങ്ങള് വരാൻ ലേറ്റ് ആയപ്പം ഞാൻ ഒരു പീസ് എടുത്ത് ചവച്ചു ഷാനു പറഞ്ഞു

പന്നീ അതിനു കാലിന്റെ പീസ് തന്ന വേണമായിരുന്നാ? ഞാൻ നോക്കി വെച്ചതായിരുന്നു...സുലൈമാൻ ചോദിച്ചു 

ഒന്നുമറിയാത്ത ഭാവത്തിൽ ഫഹീം  അപ്പോൾ അടുത്ത ചിക്കൻ കാലു എടുത്തു വായിൽ വെച്ചു.

തിന്നിടാ തിന്നിടാ... കോഴി ക്കാലു കിട്ടാത്തതിന്റെ രോഷം പ്ലേറ്റിൽ ഇരുന്ന വായിൽ പീസിൽ  തീർത്തു.

അളിയാ ഇതു മൊരിഞ്ഞെങ്കിലും ഉള്ളു മൊത്തം വെന്തില്ല.

ശരിയാണ് അളിയാ വീട്ടി പൊരിക്കണ അത്ര ടേസ്റ്റ് ഇല്ല...

ഫഹീം  അത് ശരി വെച്ചു.

ഡേയ് ഇവുടെ ചോറെന്നും ഇല്ലിയെടാ?

ഷാനു ചോദിച്ചു.

അളിയാ താക്കോൽ മേറ്റ്‌ന്റെ അടിയിൽ ഉണ്ടോന്ന് നോക്കട്ടെ.

ഫഹീം  പറഞ്ഞു.

മാറ്റിന്റെ അടിയിൽ നിന്ന് താക്കോലെടുത്തു അടുക്കള തുറന്നു കുറച്ചു ചോറും മീൻ കറിയും കൊണ്ട് വന്നു.

അളിയാ എപ്പോ ഒരു ടേസ്റ്റ് ഒക്കെ ഉണ്ട് കേട്ടാ 

സുലൈമാൻ പറഞ്ഞു 

ഒരുവിധം ചിക്കൻ തിന്നു തീർത്തു. 

"അളിയാ വയർ ഫുൾ ആയി". ഒരു ഏമ്പക്കം വിട്ടു സുലൈമാൻ. 

ഷാനു അപ്പോഴേക്കും ഒരു വിൽസിന് തീ കൊളുത്തിയിരുന്നു.  

ഡേയ് പോണതിന് മുൻപ്  ഇതൊക്കെ വൃത്തിയാക്കിയിട്ട് വേണം പോകാൻ .. ഫഹീം പറഞ്ഞു 

മൂവരും കൂടി എല്ലാം വൃത്തിയാക്കി തിന്നതിൻ്റെ ബാക്കി അവശിഷ്ടങ്ങൾ മറ്റൊരു കുഴിയെടുത്ത് മൂടി . 

അളിയാ എന്നാ ഒ കെ...  നാളെ കാണാം  ഷാനുവും സുലൈമാനും അവരുടെ വീടുകളിലേക്ക് നടന്നു. 

ഫഹീം വീട്ടിലേക്ക് കയറി. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. മുറിയിൽ കയറി ഹാങ്ങറിൽ ഷർട്ട് ഊരി  ഇട്ടു. നല്ല ചൂടുണ്ട്. ഫാൻ ഇട്ടിട്ടും ചൂടിന് കുറവില്ല. ജനാലപാളികൾ തുറന്നിട്ടു . 

ഉറക്കം വരാനായി കട്ടിലിൽ കണ്ണടച്ച് കിടന്നു. 

മദ്റസയിൽ ഉസ്താദിൻ്റെ പ്രഭാഷണം പതിയെ ജനൽ വഴി കാതിലേക്ക് അലയടിച്ചു .

" നിങൾ ഒരു കള്ളം പറഞാൽ നിങ്ങളുടെ ഹൃദയത്തില് ഒരു കറുത്ത കുത്ത് വീഴും . അങ്ങനെ ഓരോ കള്ളം പറയുമ്പോഴും ഓരോ കുത്ത് വീനുകൊണ്ടെയിരിക്കും. അവസാനം ഹൃദയം മൊത്തം കറുത്ത കുത്തുകൾകൊണ്ട് നിറക്കപ്പെടും. 

മറ്റൊരാളുടെ വസ്തു വകകൾ നിങൾ എടുക്കരുത്. അത് മോഷണമാണ്. അല്ലാഹു അവന്റെ കലാമിൽ പറയുന്നു " വ സ്സാരിഖു വാ സാരിഖതു ഫഖ്‌തഊ ................................................... അസീസുൻ ഹഖീം  ഖാലല്ലാഹ് അസ്സവജൽ 

മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകൾ നിങ്ങൾ നിങ്ങൾ മുറിച്ചു കളയുക . .......... 

ഫഹീം പെട്ടന്ന് പേടിച്ചു കണ്ണുകൾ തുറന്നു തന്റെ കൈകളിലേക്ക് നോക്കി 

പടച്ചോനെ എന്റെ കൈ ..അവന്റെ ഹൃദയം പടാപടാന്നു മിടിച്ചു 

അപ്പോഴേക്കും ഉസ്താദ് അടുത്ത ഖുർആൻ സൂക്തമോതി 

ഫ മൻ താബ മിൻ ബഇദ ളുൽമിഹീ  വ അസ്‌ലഹ ഫ ഇന്നല്ലാഹ യതൂബു  അലയ്ഹി ഇന്നല്ലാഹ അഫൂറിൻ റഹീം 

സദഖ റസൂലല്ലാഹ് 

എന്ന് വെച്ചാൽ നിങ്ങൾ ആരെങ്കിലും അക്രമം ചെയ്തു പോയിട്ട് പാശ്ചാപിച്ചാൽ നന്നായി തീരുകയും ചെയ്താൽ ആ പശ്ചാത്താപം അള്ളാഹു സ്വീകരിക്കുന്നതാണ്. അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. 

ഉസ്താദ് പറഞ്ഞു നിർത്തി . 

പടച്ചോനെ എന്നോട് പൊറുക്കൂ എന്റെ കൂട്ടുകാരോടും ... അവന്റെ കണ്ണുകൾ നിറഞ്ഞു 

കുറ്റബോധത്തിനൊടുവിൽ എപ്പോഴോ അവനുറങ്ങി പോയി 

.............

അപ്പുറത്തെ വീട്ടിലെ സബിതാത്തടെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടാണ് ഷാനു ഉണർന്നത് . തലേന്ന് കഴിച്ച കോഴി ഇപ്പോഴും ദഹിച്ചിട്ടില്ല . 

"പടച്ചോനെ ന്റെ കോഴിയെ കൊണ്ട് പോയവന്റെ തലയിൽ ഇടിത്തീ വീഴണേ ... 

ഷാനു വിന്റെ നെഞ്ച് കത്തി. ഷർട്ട് ഒരു വിധം എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി .  

എന്ത് പറ്റിയടി  സബിതാ...  ഉമ്മയാണ് 

അല്ലാന ഇത്താ ദിവസും മുട്ട ഇട്ടോണ്ട് ഇരുന്ന കോഴിയാണെ ..... അതെടുത്താണ്ട് പോയവന്റെ മണ്ട മറിഞ്ഞു പോണെ ........ സബിതാത്ത  കരിച്ചിലിനിടയിൽ വീണ്ടും നെഞ്ച് പൊട്ടി പ്രാകി .. 

പണി പാളി .. ഇരുട്ടത്തു പൂവന് പകരം കൊണ്ടുപ്പോയത് പിടയെ ..  ഷാനു ചിന്തിച്ചു 

നീ കരയാടി സബിത ... അതെടുത്തണ്ടു പോയി തിന്നവൻ വയറിളക്കം വന്നു അനുഭവിക്കും ..  ഉമ്മയുടെ തൂറ്റൽ പ്രാക്ക് .. 

ഷാനുവിന് പിടിച്ചു നിൽക്കാനായില്ല 

സബിതാത്ത ഇങ്ങനെ പ്രാവല്ലേ ... വിശപ്പ് സഹിക്കാൻ വയ്യാതെ ആരെങ്കിലും എടുത്തോണ്ട് പോയി തിന്നതായിരിക്കും 

എൻ്റെ പുള്ളക്ക് ഇനി രാവിലെ നാടൻ മുട്ട ഞാൻ എവിടുന്ന് കൊടുക്കും....  മോനെ നോക്കി സബിതാത്ത മൂക്ക് പിഴിഞ്ഞു 

മലപ്പുറത്തെ ഔലിയാക്ക് ഞാൻ ഒരു അഞ്ചു  മുട്ട നേരും നോക്കിക്കോ..... ഇതെടുത്തവന്റെ കൈയും കാലും തളർന്നു കിടക്കും സബിതാത്ത വീണ്ടും പ്രാകി 

സബിതാത്ത ........ എങ്ങനെ പറയല്ലേ ... ഏതെങ്കിലും പാവപ്പെട്ട ..... ഷാനു പറഞ്ഞു മുഴുവിപ്പിക്കും മുൻപ് 

നിനിക്കെന്തിടാ അവന്റടുത്ത് ഇത്ര കിറുവ ? അവൻ നശിച്ചു പോവും ഉമ്മയാണ് .. 

രണ്ടുപേരും കൂടി തൻ്റെ പുക കാണാൻ വേണ്ടി പ്രാര്ഥിക്കുആണല്ലേ പടച്ചോനെ .. 

ഒന്നും വേണ്ടായിരുന്നു .. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല . 

അവൻ പല്ലുപോലും തേക്കാതെ ജംഗ്ഷനിലോട്ട് നടന്നു. അപ്പോഴും സബിതാത്തെടെ പിടകോഴി  വയറ്റിൽ കിടന്നു തിരിയുന്നുണ്ടായിരുന്നു. 







Sunday, April 12, 2026

ക്യാച്ച്

തെങ്ങുകളും മാവും പ്ലാവും നിറഞ്ഞു നിൽക്കുന്ന തർക്കപുരയിടം ക്രിക്കറ്റ്‌ ഗ്രൗണ്ട്. സച്ചിനും, അസ്ഹറുദ്ധീനും റോബിൻ സിങ്ങും അജയ് ജെദേജയും ശ്രീനാഥും അരങ്ങുവാഴുന്ന കാലം.

മംഗളം വാരികയിലെ പ്രശസ്ത കാർട്ടൂൺ കഥാപത്രം ലോലനെന്നു സ്നേഹത്തോടെ കൂട്ടുകാർ വിളിക്കുന്നു ബുഹാരി നടത്തുന്ന പ്രശസ്തമായ ക്രിക്കറ്റ്‌ ടൂർണമെന്റ് കൊട്ടിക്കലാശം. റാതിക്കൽ ടീമും ബുഹാരിയുടെ തന്നെ ഡെയ്ഞ്ചർ ബോയ്സ് ടീമും ഫൈനലിൽ. 

ബുഹാരിയുടെ ടീമിൽ ഇറക്കുമതികളയാ മുബാറക്, പച്ചകുണു എന്നീ പ്രശസ്തരും 
റാതിക്കൽ ടീമിൽ വട്ടു ഷിബു, പിന്നെ ഇടവയുടെ ഫേമസ് താരം നാജുവും . കവർ ഡ്രൈവിലെ രാജാവായ മുബാറക്, മിഡിൽ ഓർഡറിൽ ഏതു ബൗളറെയും ബൗണ്ടറിക്കു മുകളിൽ തൂക്കുന്ന പച്ചക്കുണുവും പിന്നെ ടീമിനെ പലവട്ടം ജയിപ്പിച്ച ടീമിന്റെ സ്വന്തം അസീമും ( കൂട്ടുകാർ അദ്ദേഹത്തെ സ്നേഹത്തോടെ കാട്ടറബി എന്ന് വിളിച്ചു പോരുന്നു. സത്യത്തിൽ ഒരു ഇടപ്പേരു ഇല്ലാത്തവർ ആക്കാലത്ത് ജീവിച്ചിരുന്നില്ല എന്നതാണ് സത്യം.പൊളിറ്റിക്കൽ കറക്റ്റ്നെസ് വന്നതോടെ ആ പേരുകളും അകാലമൃതി അടഞ്ഞു.) ബുഹാരിയും ടീമും കടുത്ത ആത്മവിശ്വാസത്തിൽ. 

വട്ടു ഷിബു തന്റെ പ്രഭാവത്തിനൊത്തു കളിച്ചില്ലങ്കിലും, റാത്തിക്കലിന്റെ സ്വന്തം സദീക്, അഹ്‌മദ്‌ ഇവരുടെ പ്രകടനത്തിൽ ടീം മോശമല്ലാത്തൊരു സ്കോർ പടുത്തുയർത്തി. 
ഓഫ്‌ സൈഡിൽ ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന ചെമ്മൺ അതിരിന് മുകളിലൂടെ അടിച്ചു സിക്സ് നേടുക എന്നത് ബാലികേറാമലയൊന്നുമല്ലങ്കിലും, അനയാസമായി നേടാൻ കഴിയുമായിരുന്നില്ല. അന്നത്തെ ഓഫ്‌ സൈഡ് രാജാവ് മുബാറക്കിന്റെ സിക്സ്കളുടെയും സ്ട്രൈറ്റ് ഡ്രൈവ് കളിലൂടെയും ബൗണ്ടറികളും നേടി കളി മുന്നോട്ട് പോയെങ്കിലും, ഇടക്കിടെ വീഴുന്ന വിക്കറ്റുകൾ ജയസാധ്യത രണ്ടുപക്ഷത്തും പ്രതീക്ഷ ഒരുപോലെ നൽകി.

മാത്രമല്ല, റാതിക്കൽ പക്ഷത്തു പതിനൊന്നു കളിക്കാർക്ക് പുറമെ നിറഞ്ഞു നിൽക്കുന്ന തെങ്ങുകൾക്കും പ്ലാവും മാവുമെല്ലാം നന്നായി ഫീൽഡ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഏതെങ്കിലും വൃക്ഷത്തിൽ തട്ടി ദിശമാറി വന്ന ബോൾ ക്യാച്ച് ചെയ്‌താൽ ഔട്ടും ആയിരുന്നില്ല. നേരെത്തെ ഇതേ സൗകര്യങ്ങൾ ഡെയ്ഞ്ചർ ബോയ്സ് ടീമും ആസ്വദിച്ചിരുന്നു.

പന്ത്രണ്ടാമത്തെ ഓവർ രണ്ടാമത്തെ ബോൾ. സമീറിന്റെ മനോഹരമായ ഒരു ലെങ്ത് ബോൾ. നന്നായി കളിച്ചുകൊണ്ടിരിക്കുന്ന മുബാറക്. സമീറിന്റെ ബോൾ മിഡ് ഓണിലേക്ക് തൂക്കാൻ ശ്രമിച്ച മുബാറക്കിന് പിഴച്ചു. 

ക്യാ... ച്ചു... വട്ടു ഷിബു പൂർത്തിയാക്കും മുൻപ്, എന്താണ് സംഭവിച്ചതൊന്നുപോലും മനസ്സിലാവാതെ ബോൾ എന്റെ കയ്യിൽ വന്നിരുന്നു. മനോഹരമായ ഒരു ക്വിക്ക് ക്യാച്ച്. 
അടിപൊളി ക്യാച്ചിടാ മോനെ.. വട്ടു ഷിബു തോളത്തു തട്ടി. ബൗളർ സമീറും കീപ്പറും കൈകൊട്ടി അഭിനന്ദിച്ചു. 
നേരെ വന്നാ ബോൾ കൈയിൽ ഇരിക്കാത്ത നിന്റെ കൈയിൽ എങ്ങെനെയിടാ ആ ബോൾ ഇരുന്നത് എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കിയിട്ട് മുബാറക് തിരിഞ്ഞു നടന്നു. 

കീരി പോയാ ചെങ്കീരി വരുമെന്ന് പറയുംപോലെ അടുത്തത് പച്ചക്കുണു. സമീറിന്റെ ആദ്യ ബോൾ ബീറ്റൺ അടുത്ത രണ്ടു ബാളുകൾ തെങ്ങുകൾ മനോഹരമായി ഫീൽഡ് ചെയ്തു. അവസാനബോൾ ഒരു സിംഗിൾ എടുത്തു പച്ച കുണു സ്ട്രൈക്ക് നിലനിർത്തി.

അടുത്തേത് എന്റെ ഊഴം. ആദ്യത്തെ ബോൾ മൂളി പറന്നു കീപ്പറിന്റെ അടുത്തേക്ക്. കൊള്ളമിടാ മോനെ.... വട്ടു ഷിബു ബൌളിംഗ് എൻഡിൽ വന്നു എന്റെ തോളിൽ തട്ടി. മഴ വന്ന വേഴാമ്പലിനെ പോലെ എന്റെ മുഖം തെളിഞ്ഞു. പച്ചകുണുവിനെ ഒന്ന് നോക്കി ഞാൻ അടുത്ത ബോൾ എറിയാൻ തിരിഞ്ഞു നടന്നു. 
അടുത്ത ബോൾ ഓഫ്‌ സ്റ്റമ്പിനു പുറത്തെറിയാം പുൾ ഷോട്ടിനു മിടുക്കനാണ് പച്ചക്കുണു. എന്ന ചിന്തയിൽ ഞാൻ നടന്നു. കൃത്യമായി ഓഫ്‌ സ്റ്റമ്പിനു പുറത്തുപോയി ബോൾ, അതും കീപ്പറിനു പോലും പിടുകൊടുക്കാതെ. 
വൈഡ്.. അമ്പയർ കൈ രണ്ടും നീട്ടിപിടിച്ചു. 

കുഴപ്പമില്ലെടാ അനിയാ.. ആ ബോൾ കുറച്ചൂടെ അകത്തെറിഞ്ഞാ മതി. വട്ടു ഷിബു ആശ്വസിപ്പിച്ചു. 
അതെനിക്കൊരു പ്രചോദനമായി. പിന്നെ ഞാൻ എറിഞ്ഞത് ആറ് വൈഡ്കൾ 
അവസാനം സഹികെട്ട വട്ടു ഷിബു 

ഇവനെ ...പിടിച്ചു മാറ്റാൻ ക്യാപ്റ്റന്റെ അടുത്ത് പറയിനിടാ ആരെങ്കിലും...

അണ്ണാ അവൻ തന്നെ ക്യാപ്റ്റൻ. കളികണ്ടുകൊണ്ടിരുന്ന ആരോ വിളിച്ചു പറഞ്ഞു 
അത് കേട്ട ഷിബു എന്റെ അടുത്ത് വന്നു കുറച്ചു മയത്തിൽ " ആട്ടി ഇട്ടുകൊടുത്തെങ്കിലും ഓവർ തീർക്കിടാ അനിയാ...
ഭാഗ്യം കൊണ്ട് അടുത്ത ബോൾ നേരെയായിരുന്നു പച്ചക്കുണു ഒരു ഫോർ അടിച്ചു. അടുത്ത ബോൾ ബീറ്റൺ. നാലാമത്തെ ബോൾ തെങ്ങിൽ തട്ടി ഒരു സിംഗിൾ. ബുഹാരി ടീമിലെ അത്ര ബാറ്റിംഗ് ചെയ്യാത്ത ഒരുവൻ ആയതു അടുത്ത ബാളും ബീറ്റൺ. ലാസ്റ്റ് ബോൾ കീപ്പറിനു ക്യാച്ചു നൽകി അവൻ മടങ്ങി . സമാധാനമായി. ഒപ്പം സന്തോഷവും.... വിക്കറ്റ് കിട്ടിയതിലല്ല, എന്റെ ഓവർ തീർന്നു. 

ഇനി രണ്ടു ഓവർ ബാക്കിയുണ്ട്. പന്ത്രണ്ട് റൺസ് പന്ത്രണ്ടു ബാൾസ്. 
അടുത്തതു സമീർ റാത്തിക്കലിന്റെ ഓപ്പൺ ബൗളർ സമീറിന്റെ ലാസ്റ്റ് ഓവർ. ഒരു വിക്കറ്റും അഞ്ചു റണ്ണു മാത്രം വിട്ടുകൊടുത്തു ബൗൾ ചെയ്ത സമീർ തന്റെ ജോലി ഭംഗിയായി നിറവേറ്റി. 

ഇനി ഓരോവർ ബാക്കി ഏഴു റൺസ് വേണം, ഒരു വിക്കറ്റ് മാത്രമേ ഉള്ളൂ. പക്ഷെ ബാറ്റിംഗ് സ്ട്രൈക്കർ എൻഡിൽ പച്ചക്കുണു. രണ്ടു ബോളിൽ കളി തീർക്കുന്നവൻ. 

ഇടവയുടെ മികച്ച ബൗളർ നാജു. വേഗതകൊണ്ടും ലെങ്ത് കൊണ്ടും എതിർ ബാറ്റ്സ്മാരെ അമ്പരപ്പിക്കുന്നവൻ. ഈ കളിയിൽ മുബാറക് ഓഫ്‌ സൈഡ് ഡീപ് പോയിന്റിൽ ഒരു സിക്സെർ അടിച്ചത് ഒഴിച്ചാൽ ബാക്കിയുള്ള ഓരോ ബോളും ഒന്നിനൊന്നു മെച്ചമായിരുന്നു. 
ആദ്യ ബോൾ. ഗുഡ് ലെങ്ത്. പച്ച കുണു മിഡ് ഓണിലേക്ക് കളിച്ചു ബോൾ അവിടെ നിന്ന മാവ് ഫീൽഡ് ചെയ്തു മിഡ് ഓഫിൽ എത്തിച്ചു. രണ്ടു റൺസ്. സ്ട്രൈക്കർ എൻഡിൽ വീണ്ടും പച്ച കുണു. 
ഓഫ്‌ സ്റ്റമ്പിന് പുറത്തു പിച്ചു ചെയ്ത രണ്ടാമത്തെയും മൂന്നാമത്തെയും ബോളുകൾ പച്ച കുണു ബീറ്റൺ ചെയ്തു. ബീറ്റൺ ചെയ്ത നിരാശ പച്ച കുണുവിന്റെ മുഖത്ത് തെളിഞ്ഞു കണ്ടു. ഇനി മൂന്ന് ബോളിൽ അഞ്ചു റൺസ്. 
നാജുവിന്റെ കോൺഫിഡൻസ് കൂടി. ലെങ്ത് ബോൾ നന്നായി കളിക്കുന്ന പച്ചക്കുണുവിന് ഒരു ഇരുത്തം വന്ന യോർക്കർ, ടെൻഷൻ വന്ന പച്ചകുണുവിനെ വീഴ്ത്താൻ പറ്റുമെന്നു നാജു മനസിലുറപ്പിച്ചു. നാലാമത്തെ ബോൾ. പക്ഷെ ബോൾ അല്പമൊന്നു മാറി.
യോർക്കറിനു പകരം ഓവർപ്പിച്ച് ബോൾ. മിഡോണിൾ ബോൾ ഉയർന്നു പൊങ്ങി. ഒരു പാട് ഉയർന്നതുകൊണ്ടാവണം ഒരു ഓലയിലോ മാവിലൊ തട്ടാതെ ബോൾ ബൗണ്ടറി ലൈനിൽ. 

പടച്ചവനേ... എന്റെ നേരെയാണല്ലോ പൊങ്ങി വരുന്നത്. എന്റെ നെഞ്ചിടിപ്പ് കൂടി. എങ്ങനെ ക്യാച്ച് എടുക്കണം.. നെഞ്ചിനോട് ചേർത്ത് വെച്ചു വേണോ? അതോ രണ്ടു കൈയും വിടർത്തി വെച്ചു താമരപോലെയാക്കി വെച്ചാലോ. അല്ലെങ്കിൽ കൈ രണ്ടും ചേർത്ത് വെച്ചു ബോൾ കൈയിൽ ടച്ച് ചെയ്യുമ്പോൾ കൈകൾ ഒന്ന് ജസ്റ്റ്‌ താഴ്ത്തി എടുക്കണോ? 
മനസ്സിൽ ഒരായിരം ചിന്തകൾ..

"ആ പയ്യൻ എടുക്കും... ആ പയ്യൻ എടുക്കും. 
നേരെത്തെ മുബാറക്കിന്റെ ക്യാച്ച് എന്തായിരുന്നു.. 
ആ പയ്യൻ എടുക്കും. " 

വട്ടു ഷിബുവിന്റെ വാക്കുകൾ എന്റെ ചെവിയിൽ വന്നലച്ചുകൊണ്ടിരുന്നു. 

ഇതെന്തിടാ താഴെ എത്താത്തതു? ഞാൻ ആലോചിച്ചു. ദാ എത്തി.. 
അപ്പോഴും വട്ട് ഷിബു. 

ആ പയ്യൻ എടുക്കും.. 

ബോൾ എന്റെ കൈയിൽ തട്ടി തെറിച്ചു ബൗണ്ടറിക്കു പുറത്തേക്കു.. 

സിക്സ്..... 


അത് കണ്ട വട്ട് ഷിബു.. 

ആ പയ്യൻ മൂഞ്ചും 😀😀..



ഇതിൽ പറഞ്ഞിരിക്കുന്ന പേരുകൾ ആൾക്കാരെ പെട്ടന്ന് മനസിലാക്കാൻ വേണ്ടിയാണു. കാലം മുന്നോട്ട് പോയില്ലേ പൊളിറ്റിക്കൽ കറക്റ്റ്നെസ് കീപ് ചെയ്യണ്ടേ.. അതുകൊണ്ടാണ് ഈ ഡിസ്ക്ലയിമർ.


ആതുരാലയം ( മോഡേൺ ) 😡

യൂനിസ്.. ഡോക്ടർ ഒരു നിമിഷം നിശബ്ദനായി. ഞാൻ ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്തെ ഭാവം എന്നെ ഭീതിലാഴ്ത്തി. എന്തോ ഭീകരമായ ഒന്ന് എന്നെ കാത്തിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. 

You read you report? ഡോക്ടർ വീണ്ടുമൊരു വാക്കുകളുടെ ഇടവേളയെടുത്തു.

അതേയെന്ന് ഞാൻ തല കുലുക്കി.. 
I don't know how to say it. Your PIRAD score is 4 . your chances to be cancerous us 60 to 75 percentage. അയാൾ പറഞ്ഞു നിർത്തി. 
Doctor you said last time it will never be cancer cells. എന്റെ കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി. 
ലാസ്റ്റ് ടൈം വരുമ്പോൾ ഡോക്ടർ പറഞ്ഞത് കിഡ്നിയിൽ ഒരു ലീഷൻ കാണുന്നുണ്ട്. പക്ഷെ അത് വലിയ കുഴപ്പമുള്ളതൊന്നുമല്ല. എന്നാലും നമുക്കൊരു MRI ചെയ്യാമെന്നാണ്. ഇൻഷുറൻസ് അപ്പ്രൂവൽ കിട്ടാൻ കുറച്ചു ദിവസമെടുക്കും. ചിലപ്പോൾ രണ്ടാഴ്ച. പക്ഷെ മൂന്നു ദിവസത്തിനുള്ളിൽ അപ്പ്രൂവൽ. അതെന്ത് മാറിമായമെന്നു എനിക്കും തോന്നി. 

യൂനുസ് actually I couldn't believe it. But it has to be .... ഡോക്ടറിന്റെ മുഖത്തെ നിസംഗത അപ്പോഴും മാറിയിരുന്നില്ല. കഴിഞ്ഞ തവണ വന്നപ്പോൾ സി ടി റിപ്പോർട്ട്‌ കണ്ടിട്ട് എന്നെ പ്രസരിപ്പോടെ അശ്വസിപ്പിച്ചതാണ് ഡോക്ടർ. നൊ നീഡ് ടു വറി. ഇറ്റ് വിൽ നെവർ ബി വൺ ആസ് യു തിങ്ക്. ജെമിനായിയോട് ( Gemini) ചോദിച്ചപ്പോൾ അവസാനവാക്കുകൾ " സാധ്യത കുറവാണെങ്കിലും കാൻസർ കോശങ്ങൾ ആവാൻ നേരിയൊരു സാധ്യത പറഞ്ഞിരുന്നു. പക്ഷെ ഡോക്ടർ അത് 100 ശതമാനവും അങ്ങനെയല്ലാന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ആ ഡോക്ടറാണ് ഇപ്പോൾ വിഷമിച്ചിരിക്കുന്നത്. ഡോക്ടറുടെ മുഖം കണ്ടാൽ തോന്നും ഡോക്ടറിനാണ് എന്തോ വലിയ രോഗമെന്നു. 

ഡോക്ടർ പ്രവീൺ ഗുപ്ത. ഞാൻ ഡോക്റിന്റെ നെയിംബോർഡിൽ നോക്കിയിരുന്നു. മുബൈകാരനാണ്. 

It doesn't say you have cancer only the possibility . but it is higher we can do a PSA test and a biopsy. Then only we can confirm it. first you give your blood to lab for the PSA test. In the meantime i will try to get insurance approval, but i am not sure it will approve it. The machine for this kind of biopsy is not available in our hospital. It has to brought from outside. Dont worry . i will arrange it 

ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഡോക്ടർ നിർത്തി. ജീവിതം എത്ര പെട്ടന്ന് മാറിമറിയുകയാണോ പടച്ചോനെ.. ഞാൻ മനസ്സിൽ ചോദിച്ചു.
ഓക്കേ ഡോക്ടർ. I will go to lab for the blood test . ഞാൻ കസേരയിൽ നിന്നു എണീക്കാൻ തുടങ്ങവേ
Then one more thing . you need to pay for the machine, if the insurance is not approved
How much ? ഞാൻ ഞാൻ ചോദിച്ചു 
Around 6000 dhs. May be little higher or lesser but dont worry i will request a discount for you 
Kerp my card. Any issue, you can call me ഡോക്ടർ തന്റെ ബിസിനസ്‌ കാർഡ് എന്റെ നേരെ നീട്ടി 
പടച്ചോനെ ആറായിരം ദിർഹംസാ... എന്റെ നെഞ്ചിടിച്ചു. കൈയിൽ എല്ലാംകൂടെ നുള്ളി പെറുക്കിയാൽ ഒരു അഞ്ഞൂറ് കാണും. കാർഡ് വാങ്ങി പോക്കറ്റിൽ ഇട്ടു ഞാൻ ക്ലിനിക്കിന്റെ റിസപ്‌ഷനിലേക്ക് നടന്നു.

ഈ പേപ്പർ ആ 32 മത്തെ മുറിയിൽ കൊടുത്തിട്ട് അവിടെ വെയിറ്റ് ചെയ്താ മതി. അവര് വിളിച്ചോളും. ഞാൻ അങ്ങോട്ട് നടന്നു. ഞാൻ അതവിടെ കൊടുത്തിട്ട് അടുത്ത് കണ്ട കസേരയിൽ ഇരിന്നു. എന്റെ നെഞ്ചിൽ എന്തോ ഭാരം കയറ്റുന്നപോലെ വന്നു നിറയുന്നു. പടച്ചവനെ ഇതൊന്തൊരു പരീക്ഷണമാണ്. ഞാൻ ആരെയും ദ്രോഹിക്കുന്നില്ലല്ലോ. എല്ലാർക്കും നല്ലതല്ലേ ചെയ്യുന്നുള്ളൂ. പിന്നെ എനിക്കെന്താ ഇത്രയും പരീക്ഷണം. എനിക്കൊന്നു കരയണമെന്നു തോന്നി. പാടില്ല ഇതൊരു ക്ലിനിക്കാണ്. ചുറ്റും ആൾക്കാറുണ്ട്. 
ഗൾഫിലേക്ക് വന്നിട്ട് കുറെ ആയെങ്കിലും, ഇടക്ക് കോവിഡ് വന്നു ജോലി പോയപ്പോൾ കുറേക്കാലം നാട്ടിൽ നിൽക്കേണ്ടി വന്നു. ഏതൊരു ഗൾഫ്കാരനെയും പോലെ പ്രാരാബ്ദങ്ങളുടെ പെരുമഴയുമായിട്ടാണ് ഇങ്ങോട്ട് കയറിയത്. മൂന്നു സഹോദരിമാരെയും കല്യാണം കഴിപ്പിച്ചു. കുഴപ്പമില്ലാത്ത ജോലിയാണെങ്കിലും ഒന്നും സേവ് ചെയ്യാൻ പറ്റിയില്ല. മുപ്പതിന്റെ തുടക്കത്തിൽ ഞാനും വിവാഹിതനായി. തന്റെ സഹോദരിമാർക്ക് താൻ കഷ്ടപെട്ടതുപോലെ വേറൊരു സഹോദരൻ കഷ്ടപ്പെടാൻ പാടില്ലെന്ന വാശിയിൽ സ്ത്രീധനം വാങ്ങാതെ, പെൺവീട്ടുക്കാരെകൊണ്ട് വിവാഹഭക്ഷണത്തിനുള്ള ചെലവുപോലും ചെയ്യിക്കാതെ തികച്ചും ഇസ്ലാമിക ചര്യയിൽ വലീമത് ( കല്യാണത്തിനു പുരുഷൻ നല്കുന്ന സൽക്കാരം, വിരുന്നു )നൽകിയായിരുന്നു തന്റെ വിവാഹം. സ്ത്രീ ആണ് ധനം എന്ന് കേട്ടിട്ടില്ലേ അതായിരുന്നു അവൾ എന്റെ ഭാര്യ. കല്യാണം കഴിക്കാൻ വൈകി എന്ന തോന്നൽ മാറിയത് അവൾ ജീവിതത്തിലേക്ക് കടന്നു വന്നപ്പോഴാണ്. രണ്ടു മക്കൾ. മൂത്തവൾ നൂറ., . അവളിപ്പോൾ ഏഴിൽ, രണ്ടാമത്തവൻ ആദം. അവൻ രണ്ടിൽ.  
കുറെയേറെ ദുഃഖങ്ങൾക്ക് ശേഷം ജീവിതം വീണ്ടുമൊന്നു കരുപിടിപ്പിച്ചു വരികയായിരുന്നു. അപ്പോഴാണ് ഈ റിപ്പോർട്ട്‌. 
അല്ലാഹ്.. നീയെന്നെ കൈവിടല്ലേ.. ഞാൻ മനമുരുകി പ്രാർത്ഥിച്ചു. 

യൂനുസ്.... ലാബിലെ പെൺകുട്ടി പേര് വിളിച്ചു. 
അതിലോട്ടു ഇരിക്കൂ. ഞാൻ ചൂണ്ടികാണിച്ച ആ വലിയ കസേരയിൽ ഇരിന്നു. അവൾ എന്റെ ഇടതു കൈയിൽ ടോണിക്ക്എ വെച്ചു ടൈറ്റ് ചെയ്തു വേക്കുടെയ്നർ നീഡിൽ വെച്ചു ബ്ലഡ്‌ എടുത്തു.
കഴിഞ്ഞു കേട്ടോ.. ഒരു 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട്‌ലിങ്ക് മെസ്സേജ് ആയി വരും കേട്ടാ. ലാബിലെ പെണ്ണ് പറഞ്ഞു.
ഞാൻ ക്ലിനിക്കിന്റെ പുറത്തോട്ട് നടന്നു. 
ഞങ്ങൾ നിങ്ങളെ നന്നായി ശുശ്രൂഷിക്കുമെന്നു ആംഗലേയ ഭാഷയിൽ എഴുതിയ ക്ലിനിക്കിന്റെ പരസ്യവാചകം. 
ഞാൻ പതുക്കെ വണ്ടിയുടെ അടുത്തേക്ക് നടന്നു. 
പ്രശസ്തമായ ഒരു ഫുഡ്‌കമ്പനിയിൽ വാൻ സെയിൽസ്മാൻ. കുഴപ്പമില്ലാത്ത സാലറിയും കമ്മീഷനും. കുറിച്ചേറെ വർഷത്തെ എക്സ്പീരിയൻസ്, പിന്നെ മോശമല്ലാത്ത ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും. വർക്ക്‌ ചെയ്തതൊക്കെ യൂറോപ്പിയൻ കമ്പനികളിൽ ആയതിന്റെ ഗുണം. കമ്പനി വക അക്കാമോടെഷൻ.
 ഇവിടേ വന്നിട്ട് രണ്ടു വർഷമേ ആയിള്ളൂ. ജീവിതമൊന്നു പച്ചപിടിച്ചു വരികയായിരുന്നു. അവളുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട്. അതിനു വേണ്ടിയുള്ള ഓട്ടത്തിലാണ് ഇപ്പോൾ. പട്ടിണിയാണെങ്കിലും സ്വന്തം വീട്ടിൽ കിടക്കാമല്ലോ. അവൾ എപ്പോഴും പറയുമായിരുന്നു. കിട്ടുന്നത് തുച്ചമാണെങ്കിലും അവൾ പ്രൈവറ്റ് സ്കൂളിൽ ജോലിക്ക് പോകുന്നത് തന്നെ ഈ സ്വപ്നത്തിന് കരുത്തേകാനാണ്. 

ആ സ്വപ്നമെല്ലാം മായയായി അകലുകയാണോ? ഞാൻ വണ്ടി എടുത്തു അക്കാമോഡേഷനിലോട്ട് ഡ്രൈവ് ചെയ്തു. ഒന്നും കഴിച്ചിട്ടില്ല. വിശപ്പൊന്നും തോന്നുന്നില്ല.റൂമിൽ എന്തെങ്കിലും ഉണ്ടാവും. മെസ്സ് എല്ലാരും കൂടെയാണ് ഉണ്ടാക്കുന്നത്. റൂമിൽ നാലപേർ. റിയാസ് ജുനൈദ്, രണ്ടുപേരും ജെൻസി യാണ്. പിന്നെ അയ്യൂബ് ഒരു കമ്പനിയിൽ അക്കൗണ്ടന്റെ ആണ്. എന്റെ അത്ര പ്രായം ഇല്ലെങ്കിലും അതിനടുത്തു വരും. എന്തെങ്കിലുമൊക്കെ ഷെയർ ചെയ്യുന്നത് അവനു മായിട്ടാണ്. 

എന്താ ഇക്കാ എത്ര വൈകിയത്? അയ്യൂബ് ചോദിച്ചു. ഇക്കായി കാശ് ഉണ്ടാക്കുവല്ലേ.. കമ്മീഷൻ.. കമ്മീഷൻ... റിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.. പക്ഷെ ആ തമാശയിൽ പങ്കുചേരാൻ എനിക്ക് തോന്നിയില്ല. ഡ്രസ്സ്‌ മാറി ഞാൻ കിച്ചനിലേക്ക് നടന്നു. കിച്ചന്റെ ഭാഗത്താണ് ബാൽക്കണി. പുറത്തേക്കു നോക്കി നിന്നു. രാത്രിയാണെങ്കിലും വണ്ടികൾക്ക് ഒരു കുറവുമില്ല. അല്ലെങ്കിലും ദുബൈ ഉറങ്ങാറില്ലല്ലോ. 
ഡോക്ടർ എന്ത് പറഞ്ഞു? പിന്നിൽ അയ്യൂബ്. അവനോടു മാത്രമേ ഇതു പറഞ്ഞിട്ടുള്ളൂ. 
എന്റെ പ്രശ്നങ്ങൾ ഏകദേശം എല്ലാം അറിയുന്നവനാണ്. അവനാണ് പറഞ്ഞത് ഒരു ടെം ഇൻഷുറൻസ് എടുക്കാൻ. അതൊരു ധൈര്യമാണ്. ഒന്നിനും ഉറപ്പില്ലാത്ത ഈ ജീവിതത്തിൽ നമുക്ക് എന്തെങ്കിലും പറ്റിയാൽ സാമ്പത്തികമായെങ്കിലും നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ സമാധാനമുണ്ടാകണമല്ലേ. അങ്ങനെയാണ് ശരിഅ കംപ്ലയിന്റ് ആയ ടാറ്റാ ലൈഫ് ഇൻഷുറസിനെ കുറച്ചു അറിയുന്നതും അതിന്റെ പ്രാരംഭ നടപടികളിലേക്ക് പോകുന്നതും. അതിന്റെ ഭാഗമമായി ഒരു കംപ്ലീറ്റ് മെഡിക്കൽ ടെസ്റ്റ്‌ അവർ പറയുന്നതു. ആ ടെസ്റ്റ്‌ റിസൾട്ട്‌ വന്നപ്പോൾ ഒരു നാൽപത്തി രണ്ടുകാരന് വരാവുന്ന അല്ലറ ചില്ലറ പ്രശ്നങ്ങൾ. ഫാറ്റി ലിവർ സ്റ്റേജ് 1, ഷുഗറും കോളസ്ട്രോളും ബോർഡറിൽ. മൂത്രത്തിൽ ചെറുതായി ബ്ലഡ്‌ ഉണ്ടെന്നും. 
മൂത്രത്തിൽ ബ്ലഡ്‌.. ഞാൻ ജമിനായിയോട് ചോദിച്ചു. അവൾ പറഞ്ഞത് അതൊരു ചെറിയ പ്രശ്നം മുതൽ പ്രൊസ്റ്റേറ്റ്, ലിവർ, കിഡ്നി കാൻസർ വരെ ആകാമെന്നാണ്. പെട്ടന്ന് ഒരു ഡോക്ടറെ കാണാനുള്ള അഡ്വൈസും.
ഞാൻ ഇതു അയ്യൂബിനോട് പറഞ്ഞു. അവനാണ് ഈ ക്ലിനിക്കിൽ പോകാൻ പറഞ്ഞതു. അവനെ അറിയുന്ന ഒരു പെൺകുട്ടി അവിടെ വർക്ക്‌ ചെയ്യുന്നുണ്ടെന്ന്. പ്രശസ്തമായ ഒരു ഹോസ്പിറ്റൽ ശൃംഗലയുടെ ഭാഗം. അങ്ങനെയാണ് ഡോക്ടർ പ്രവീൺ ഗുപ്തയെ കാണുന്നത്. ഒരു മലയാളി യൂറോളിജിസ്റ്റിനെ കിട്ടാത്ത വിഷമം ഉള്ളിൽ ഉണ്ടായെങ്കിലും ഡോക്ടമായുള്ള ആദ്യത്തെ കൺസൾട്ടിൽ അത് മാറി. വളരെ സിമ്പിൾ ആയിട്ട് ഡോക്ടർ എന്നോട് കാര്യങ്ങൾ സംസാരിച്ചു. ഒന്നുകൂടി ആ ബ്ലഡ്‌ ടെസ്റ്റുകൾ ചെയ്യാൻ എന്നോട് പറഞ്ഞു.
ആ റിപ്പോർട്ടിലും മൂത്രത്തിൽ ബ്ലൂഡിന്റെ അംശം. കണ്ണുകൾകൊണ്ട് കാണാൻ കഴിയില്ല. hematuria.. ( ഹേമച്ചുറിയ) 
ഡോക്ടർ എന്നോട് ഒരു അൾട്രാ സൗണ്ട് സ്കാൻ ചെയ്യാൻ പറഞ്ഞു. അതിൽ നേരെത്തെ പറഞ്ഞതിനോടപ്പം എനിക്ക് ചെറിയ അളവിൽ പ്രൊസ്റ്റേറ്റ് മെഗാലിയ ആണെന്ന് പറഞ്ഞു. നാല്പത് കഴിഞ്ഞ പുരുഷൻമാരിൽ അത് സാധരണമാണെന്നും പേടിക്കണ്ടാനും ഡോക്ടർ പറഞ്ഞു . എന്നാലും കുറച്ചു കൂടി വിശദമായി പരിശോധിക്കാൻ ഒരു സി ടി സ്കാൻ ചെയ്യാൻമെന്നു പറഞ്ഞു. സി ടി സ്കാൻ റിപ്പോർട്ട്‌ കിട്ടിയപ്പോൾ പ്രൊസ്റ്റേറ്റിക്കുറിച്ചല്ല, മറിച്ചു കിഡ്നിയിൽ ലീഷൻ ഉണ്ടത്രേ. പക്ഷെ പേടിക്കണ്ട.. അത് ക്യാൻസറസ് ഒന്നും അല്ലെന്ന് ഡോക്ടർ ഉറപ്പു നൽകി. എന്നാലും ഒന്നുകൂടി ഉറപ്പിക്കാൻ നമുക്കൊരു MRI സ്കാൻ ചെയ്യാമെന്ന് ഡോക്ടർ. കമ്പനി തന്നിരിക്കുന്നു ഇൻഷുറൻസ് നല്ലതായതിനാൽ ഇതൊക്കെ വളരെ പെട്ടന്ന് തന്നെ അപ്പ്രൂവ് ആകുന്നുണ്ടായിരുന്നു. 

ഇക്കാ ഒന്നും പറഞ്ഞില്ല .. അയ്യൂബ് 
ഡാ അത് കുറച്ചു പ്രശ്നമെന്നാണ് ഡോക്ടർ പറയുന്നത്. എന്റെ സ്വരത്തിലെ ടെൻഷൻ അവൻ തിരിച്ചറിഞ്ഞു. 
റിപ്പോർട്ട്‌ എവിടെ? 
ഞാൻ എന്റെ ഫോണിലെ റിപ്പോർട്ട്‌ എടുത്തു അവൻ നീട്ടി. 
അവൻ അത് എടുത്തു അത് പോലെ കോപ്പി എടുത്തു ജെമിനായിയോട് ചോദിച്ചു.
Post-contrast scan shows early arterial enhancement in these lesions. Post-contrast scan shows early arterial enhancement in these lesions.
 PIRADS IV . Needs clinicopathological correlation and further evaluation with PSA levels and TRUS biopsy. 

ഇക്കാ അതിനു നിങ്ങളെ കിഡ്‌നിക്ക് അല്ലെ കുഴപ്പമെന്നു നേരെത്തെ പറഞ്ഞത് 
ഇതിപ്പോ പ്രൊസ്റ്റേറ്റ് ന്റെ അല്ലെ..

എനിക്കൊന്നും അറിയില്ലെടാ. എന്റെ വാക്കുകളിൽ ഘനീഭവിച്ചു കിടന്ന സങ്കടം അവൻ തിരിച്ചറിഞ്ഞു. 
ഞാൻ ഒരു കാര്യം ചെയ്യാം.. ഈ റിപ്പോർട്ട്‌ ഞാൻ ഷെറിനു അയച്ചു കൊടുക്കാം. ഷെറിൻ അവന്റെ കൂടെ നാട്ടുകാരിയാണ്. സ്കൂളിൽ ഒരുമിച്ചു പഠിച്ചതും. അവൾ പറഞ്ഞത് കൊണ്ടാണ് ഈ ക്ലിനിക്കിൽ പോയതും. 
ഇക്കാ സാധ്യത അല്ലെ പറയുന്നത്.. അല്ലാതെ ഉറപ്പൊന്നും അല്ലല്ലോ.. നിങ്ങ ടെൻഷൻ ആവാതെ... 
അവൻ എന്നെ ആശ്വസിപ്പിച്ചു.
വല്ലതും കഴിച്ചാരുന്നോ? ഇവിടെ കുബൂസും ചിക്കൻ കറിയും ഉണ്ട്. ഞാൻ സാലഡ് കൂടി ഉണ്ടാക്കി തരാം. 
ഇല്ലടാ വിശപ്പില്ല.. 
ഇന്ഷാ അല്ലാഹ് ശരിയാവും.. പോയൊന്നു ഫ്രഷ് ആയി വാ.. അവൻ എന്നെ ബാത്റൂമിലോട്ട് തള്ളി വിട്ടു. 
തോർത്തെടുത്തു ബാത്‌റൂമിൽ കയറി ഷവർ തുറന്നു വിട്ടു. വെള്ളം തറയിൽ ചിതറി വീണു. മനസ്സിൽ അണപൊട്ടിയ സങ്കടവും.   
പടച്ചോനെ നിന്റെ വലിയ പരീക്ഷണമൊന്നും താങ്ങാനുള്ള കരുത്തെനിക്കില്ല. അതിനുള്ള ധൈര്യവും... കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപാട് സമ്പത്തൊന്നും വേണ്ടാ.. ഈ ചെറിയ ജീവിതം.. എന്റെ കുട്ടികളോടത്ത്.. എന്റെ ഭാര്യയോടപ്പം.. ഇത്ര മതി.. ആരോടും കൈ നീട്ടരുത്. അത്രയേ വേണ്ടു. ഈ ബലാ എനിക്ക് വെക്കല്ലേ ഞാൻ മനമുരുകി പ്രാർത്ഥിച്ചു. 

മൊബൈൽ മെസ്സേജ് സൗണ്ട് കേട്ടാണ് കണ്ണ് തുറന്നത്. സ്ക്രീനിലേക്ക് നോക്കി.. സമയം രണ്ടു മണിക്ക് കഴിഞ്ഞിരിക്കുന്നു. പോപ്പ്അപ്പ്‌ സ്‌ക്രീനിൽ ക്ലിനിക്കിന്റെ മെസ്സേജ്. ബ്ലഡ്‌ റിസൾട്ട്‌. എന്റെ ഹൃദയമിടിപ്പ് കൂടി. ഞാൻ പെട്ടന്ന്തന്നെ ലിങ്ക് ഓപ്പൺ ചെയ്തു. എന്റെ PSA 
. 350 റേഞ്ച് കോളത്തിലേക്കു എന്റെ കണ്ണ് പാഞ്ഞു. അത് 3-10 ആണ്... എന്ന് വെച്ചാൽ എന്റെ PSA വളരെ കുറവ്.അപ്പൊ തന്നെ ജെമിനായിയോട് ചോദിച്ചു. അവൾ പറഞ്ഞത് അതൊരു നല്ല സൂചനയെന്നാണ്.
മനസിന്റെ പിരിമുറക്കമൊന്നു അയഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ ഞാൻ ഡോക്ടറെ കാണാൻ ഞാൻ ഓടി. പക്ഷെ ഡോക്ടർ പറഞ്ഞതു ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ്. ജമിനായി തന്ന ആശ്വാസം പോലും ഡോക്ടർ എനിക്ക് തന്നില്ല. അയാളുടെ മുഖത്തെ ഭീതി അപ്പോഴുമുണ്ടായിരുന്നു. അതെന്നെ വീണ്ടും പേടിപ്പെടുത്തി. ഡ്രൈവ് ചെയ്യുമ്പോൾ കാലുകൾ കുഴയുന്നത് പോലെ തോന്നി.
ഞാൻ അയ്യൂബിനെ വിളിച്ചു. അതിരാവിലെ തന്നെ റൂമിൽ നിന്നറങ്ങിയതിനാൽ PSA റിപ്പോർട്ടിന്റെ കാര്യം അവനോടു പറഞ്ഞിരുന്നില്ല. 

ഇക്കാ... രാവിലെ നേരെത്തെ പോയോ? 
അതെ ഡോക്ടറെ കാണണമായിരുന്നു.. അതിനുമുൻപ് വണ്ടിയിൽ ലോഡ് ചെയ്യണ്ടേ... ഞാൻ പറഞ്ഞു. 
ഞാൻ റിപ്പോർട്ടിന്റെ കാര്യവും ഡോക്ടർ പറഞ്ഞതും അവനോടു പറഞ്ഞു. 
ഞാൻ റിപ്പോർട്ട്‌ അവനു അയച്ചു കൊടുത്തു. 
ജോലിക്ക് ചെയ്യാൻ ഒരു മൂടുമില്ല.. ആവശ്യം പറഞവർക്ക് മാത്രം സാധനങ്ങൾ കൊടുത്തു തിരിച്ചു റൂമിലോട്ട് ഡ്രൈവ് ചെയ്തു. അപ്പോഴാണ് അയ്യൂബിന്റെ കാൾ 
ഇക്കാ ഷെറിൻ പറയുന്നത് രണ്ടാമതൊരു ഒപ്പീനിയൻ എടുക്കാണ്. സംഭവം അവൾ വർക്ക്‌ ചെയ്യുന്ന ക്ലിനിക് ആണെങ്കിലും ഇൻഷുറൻസ് പേയ്‌മെന്റ് കിട്ടാൻ വേണ്ടി അവർ റിപ്പോർട്ടിൽ ചില തരികിടകളൊക്കെ ചെയ്യാറുണ്ടെന്നാണ്.
ഷെറിൻ അവൾക്ക് അറിയുന്ന ഒരു ഡോക്ടർക്കും അയച്ചു കൊടുത്ത് അവരും പറയുന്നത് ഒരു സെക്കന്റ് ഒപ്പീനിയൻ ആണ്.

അജ്മാനിൽ ഒരു ഹോസ്പിറ്റൽ ഉണ്ട്. അവിടെ അത്യാവശ്യം നല്ലതെന്നാണ് കെട്ടിട്ടുള്ളത്. അവിടെ ഒന്ന് കാണിക്കുന്നോ? 

അവൻ പറഞ്ഞു നിർത്തി. എന്നാലും ഒരാളിന്റെ ആരോഗ്യം വെച്ചൊക്കെ ഇവിടെ ഇങ്ങനെ നടക്കുമോ? ഞാൻ ആകെ കൺഫ്യൂഷനിൽ ആയി.

വൈകുന്നേരം ഞാൻ ഡോക്ടർ പ്രവീൺ ഗുപ്തയെ വിളിച്ചു. ഞാൻ ബിയോപ്‌സിക്ക് റെഡി ആണെന്ന് പറഞ്ഞു. എനിക്കീ ടെൻഷൻ താങ്ങാൻ പറ്റില്ലന്നു. എന്റെ കൈയിൽ അത്രയും കാശ് ഇല്ല. Tabby ഉപയോഗിച്ച് ഇൻസ്റ്റാൾ മെന്റായി പേ ചെയ്യാമെന്നു പറഞ്ഞു. 
നൊ നീഡ് ടു വറി യൂനുസ്. ഐ വിൽ അറേഞ്ച് ഇറ്റ് ആസ് സൂൺ ആസ് പോസ്സിബിൾ. ഗെറ്റ് മി സം ടൈം പ്ലീസ്.
ഡോക്ടർ ഉറപ്പ് നൽകി. 

ദിവസങ്ങൾ രണ്ടു മൂന്നെണ്ണം ഇഴഞ്ഞു നീങ്ങി. എനിക്കാണെങ്കിൽ ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. വീട്ടിലേക്കുള്ള വിളികൾ കുറഞ്ഞു. എന്റെ വിളികൾ കുറഞ്ഞപ്പോൾ പ്രിയപ്പെട്ടവളുടെ മെസ്സേജ് കളുടെ എണ്ണം കൂടി.
ഡോക്ടറിന്റെ അനക്കമില്ല. ഒരു തവണ വിളിച്ചെങ്കിലും കിട്ടിയില്ല. അവസാനം അജ്മാനിലുള്ള ഹോസ്പിറ്റലിൽ കാണിക്കാൻ തീരുമാനിച്ചു 

സുമുഖനായ ഒരു ഡോക്ടർ. ഏകദേശം എന്റെ പ്രായം തോന്നിക്കുന്ന ഒരാൾ. എന്റെ റിപ്പോർട്ട്‌ കണ്ടിട്ട്, അയാളുടെ മുഖത്തെ ഭാവം എനിക്ക് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല. ആയാളും ഒരു നോർത്ത് ഇന്ത്യ കാരൻ ആയിരുന്നു. 

ഹാവ് യു ഡൺ റക്റ്റൽ ക്സാമിനേഷൻ?
നൊ.. ഞാൻ പറഞ്ഞു 
ഡോക്ടർ എന്നോട് പാന്റ് മാറ്റി തിരിഞ്ഞു കിടക്കാൻ പറഞ്ഞു. ഗ്ലൗ ഇട്ട കൈകൊണ്ടു പിൻഭാഗത്തു പരിശോധന നടത്തി. 
ഇറ്റ് ഈസ്‌ നോർമൽ.. നൊ നീഡ് ടു വറി എബൌട്ട്‌ ദി റിപ്പോർട്ട്‌. യു ക്യാൻ ഡൂ എ PSA എഗൈൻ ആഫ്റ്റർ 3 ഓർ 6 മന്ത്സ്. 
നൊ നീഡ് എ ബയോപ്‌സി നൗ. 

ആ വാക്കുകൾ എനിക്ക് ആശ്വാസിത്തിന്റ പൊൻകിരണങ്ങൾ ആയിരുന്നു. 
എന്തായാലും ഞാൻ എന്റെ ജോലിയിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു.
വാരാധ്യത്തിലെ സെയിൽസ് മീറ്റിംഗിൽ 
" ക്യാ ഹോഗയാ യൂനുസ്... സെയിൽസ് കം നാ ലാസ്റ്റ് ഹാപ്തെ മേം . ഗോവകാരനായ മാനേജറുടെ ചോദ്യം ഹാളിൽ ഉയർന്നു കേട്ടു. 
സാർ.. ഞാൻ എന്ത് പറയണമെന്ന് അറിയാതെ നിൽക്കുമ്പോൾ 
മുഷ്കിൽ നഹിയെ യൂനുസ്.. യെ പഹലാ ടൈം നാ... Please ഡോണ്ട് റിപീറ്റ് ഇറ്റ്. അയാൾ പറഞ്ഞു നിർത്തി.

കുഴപ്പമില്ല.. ഒന്നാഞ്ഞു പിടിച്ചാൽ നടക്കാവുന്നതേ ഉള്ളൂ.. ഈ കമ്പനിയിൽ വന്നതിനു ശേഷം ആദ്യമായിട്ടാണ് ഒരു നെഗറ്റീവ് വാക്ക് സെയിൽസ് മാനേജർ തന്നെ കുറിച്ച് പറയുന്നത്. 

വൈകിട്ട് ഭാര്യയെ വിളിച്ചപ്പോൾ, അവൾക്കു പരിഭവം കുറച്ചു ദിവസമായി അവളോട്‌ പഴയ സ്നേഹമില്ലെന്ന്. വാക്കുകൾ സ്നേഹമായി നിറഞ്ഞൊഴുകിയ ആ സംസാരത്തിനിടക്ക് എപ്പോഴോ ഞാൻ എന്റെ ഈപ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു. 

അത്രയും നേരം പ്രണയപരവശയായി കേട്ടവൾ, പെട്ടന്ന് എന്തോ ആപത്തിൽ പെട്ടവളെ പോലെ ശ്വസിക്കാൻ പോലും പ്രയാസപ്പെടുന്നതായി എനിക്ക് തോന്നി.

നിങ്ങളൊരു കാര്യം ചെയ്യു. എന്റെ സമാധാനത്തിനെങ്കിലും ഒരാഴ്ച ലീവ് എടുത്ത് ഇവിടെത്തെ ഏതെങ്കിലും നല്ലത് ഡോക്ടറെ കാണിക്കു. കണ്ട ഹിന്ദിക്കാരെ കാണിക്കാതെ ഏതെങ്കിലും നല്ല മലയാളി ഡോക്ടറെ കാണിക്കു. 

ഞാൻ ഒരു കാര്യം ചെയ്യാം നമ്മളെ അവിടെത്തെ ഷീജ ഇപ്പൊ മെഡിക്കൽ കോളേജിൽ ആണ്. അവളെടുത്തു പറഞ്ഞു ഒരു OP അപ്പോയിന്റ്മെന്റ് എടുത്തു വെക്കാം. വരുന്ന അന്ന് തന്നെ പോയി കാണാം. അവളുടെ സ്വരത്തിലെ ടെൻഷൻ ഞാൻ തിരിച്ചറിഞ്ഞു.

പെട്ടന്ന് നാട്ടിൽ പോയാലോ എന്ന് എനിക്കും തോന്നി. ആന്വൽ ലീവിന്റെ സമയം കഴിഞ്ഞതിനാൽ ലീവ് കിട്ടും അതുറപ്പാണ്. മക്കളെയും കാണാം. 

മാനേജരോട് പറഞ്ഞപ്പോൾ, ഒരാഴ്ച ആയതിനാൽ വലിയ എതിർപ്പൊന്നും ഇല്ലാതെ തന്നെ ലീവ് കിട്ടി. 

നിങ്ങൾ ഒന്നും വാങ്ങിക്കേണ്ട.. പിള്ളേർക്ക് കുറച്ചു മിട്ടായി വല്ലതും. പിന്നെ ഉമ്മാക്ക് ഒരു സ്പ്രേയും സോപ്പും.
നിനക്കോ... ഞാൻ ചോദിച്ചു
എനിക്കുള്ളത് നിങ്ങള ടെസ്റ്റ്‌ എല്ലാം ഓക്കെ ആയിട്ട് ഞാൻ പറയാം. അപ്പൊ വാങ്ങി തന്നാ മതി.

മനസ്സിൽ എന്തോ നൊമ്പരം ഒളിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു. ഞാൻ ഷാജിക്കയോട് വണ്ടി പറയാം. വർഷങ്ങളായി നാട്ടിലെ ഡ്രൈവർ ആണ് ഷാജിക്ക.. എന്നെക്കാളും ഒരു അഞ്ചാറു വയസ്യെങ്കിലും മൂത്തതാണ് ഷാജിക്ക. സ്വന്തം വണ്ടി. പണ്ട് ആള് സൗദിയിൽ ആയിരുന്നു. എയർപോർട്ടിൽ നിന്നു വീട്ടിൽ വരുന്നതും തിരിച്ചു പോകുന്നതും 
 ഷാജിക്കാടെ വണ്ടിയിൽ ആണ്. വർഷങ്ങളായി. 

അതെ.. മെഡിക്കൽ കോളേജിലേ അപ്പോയിന്റ്മെന്റ് കിട്ടിയില്ല. നേരിട്ട് യൂറോളജി ഡോക്ടറിന്റെ അപ്പോയിന്റ്മെന്റ് കിട്ടില്ല. ഞാൻ മെഴ്‌സി ഹോസ്പിറ്റലിലെ ഒരു സീനിയർ യൂറോളജിസ്റ്റ് ഉണ്ട്. ആൾക്ക് ഒരു 30 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. ആളിന് അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ട്. എയർപോർട്ടിന്നു അടുത്താണ് ഹോസ്പിറ്റലിൽ. അത് കേറി കണ്ടിട്ട് വന്നാ മതി. പിന്നെ വേറൊരു കാര്യം മെഡിക്കൽ കോളേജിലെ ഡോക്ടർ ഇല്ലേ ആളിനെ വേണമെങ്കിൽ രാത്രി വീട്ടിൽ പോയി കാണാം 
വരുന്നതിന്റെ തലേന്ന് എനിക്കവൾ വാട്സ്ആപ്പിൽ മെസ്സേജ് ഇട്ടു. 
എയർപോർട്ടിൽ ഇറങ്ങുമ്പോൾ, ഷാജിക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ അവളും കുട്ടികളും ഉണ്ടാവാറുള്ളതാണ്. ഇത്തവണ നേരെത്തെ ഹോസ്പിറ്റലിൽ ആയതു കൊണ്ടാവാം അവൾ തന്നെ ഞങ്ങൾ വരുന്നില്ലന്നും പിള്ളേരോട് ഞാൻ വരുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും.

നിനക്ക് ഹോസ്പിറ്റലിൽ എന്തോ ടെസ്റ്റ്‌ ഉണ്ടെന്നു റിഷ പറഞ്ഞു. എന്ത് പറ്റി? കണ്ടപാടേ ഷാജിക്ക ചോദിച്ചു. അതൊന്നും ഇല്ല ഇൻഷുറൻസ് ന്റെ ഒരു ടെസ്റ്റ്‌ ആണ് അവിടെ ഭയങ്കര ചിലവാ ഞാൻ തട്ടിവിട്ടു. 

ഡോക്ടർ നാരായണൻ പിള്ള. നരച്ച പുരികം തന്നെ പ്രായത്തെയും അനുഭവപരിക്ഞ്ജനത്തേയും കാണിക്കുന്നു. ഞാൻ കൊടുത്തു റിപ്പോർട്ടുകൾ തന്റെ കട്ടി കൂടിയ കണ്ണട നേരെവെച്ചു ശ്രദ്ധാപൂർവ്വം വായിച്ചു. 

ആ കട്ടിലിൽ കേറി കിടക്ക്.. ഡോക്ടർ പറഞ്ഞു. പഴയ റക്റ്റൽ ക്സാമിനേഷൻ വീണ്ടും ആവർത്തിച്ചു.. 
തനിക്കു ഒരു കുഴപ്പമില്ലടോ.. ഇതൊക്കെ കാശ് തട്ടനാണെന്നാണ് തോന്നുന്നത്.. ഒരു കാര്യം പോകുമ്പോൾ ആ നെഫ്റോളജിസ്റ്റിനെ കൂടി കാണിക്ക് റിപ്പോർട്ടിൽ കിഡ്നിയുടെ എന്തോ പറയുന്നുണ്ടല്ലോ ഗ്ലൗ ഊരി വേസ്റ്റ് ബിനിലേക്ക് ഇട്ടിട്ട് ഡോക്ടർ തന്റെ സീറ്റിൽ വന്നിരുന്നു.

ഞാൻ ഡോക്ടറിന് നന്ദി പറഞ്ഞു നേഫ്റോളജിസ്റ്റിന്റെ കാത്തിരുന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ഒരു ലേഡി വന്നു. ഡോക്ടർ ഐശ്വര്യ. അവരെന്റെ റിപ്പോർട്ട്‌ പരിശോധിച്ചു. 

കിഡ്നിക്കു പ്രശ്‌മൊന്നുമില്ല. ബട്ട്‌... പ്രൊസ്റ്റേറ്റ് റിപ്പോർട്ട്‌... ഡോക്ടർ കുഴപ്പമൊന്നുമില്ലന്നു പറഞ്ഞു. ഇതിൽ പൈറാട് 4 ആണല്ലോ... 
അവർ പെട്ടന്ന് തന്നെ ഡോക്ടർ നാരായണൻ പിള്ളയെ വിളിച്ചു. അവർ എന്തെക്കെയോ പരസ്പരം സംസാരിച്ചു. 
പിന്നീട് അവർ സീറ്റിൽ വന്നിരുന്ന ശേഷം 
ഒരു കാര്യം ചെയ്യാം നിങ്ങൾക്കു എന്തായാലും തിരിച്ചു പോവേണ്ടേതല്ലേ.. 

അവരെന്നോട് സംസാരിക്കുമ്പോൾ, അവരുടെ മുഖത്തെ വിഹ്വലത എന്റെ നെഞ്ചിൽ വീണ്ടും തീ കോരിയിട്ടു. 

ഡോക്ടർ മനോജ്‌ സീനിയർ യൂറോളിജിസ്റ്റാണിവിടെ. ഇന്ന് ലീവ് ആണ് ഡോക്ടർ. നാളെ വന്നു കാണു. ഫർദർ ഡീറ്റെയിൽസ് ഡോക്ടർ പറയും. 
ഞാൻ വീണ്ടും നീറി പുകയാൻ തുടങ്ങി. 

ഞാൻ ഡോക്ടറിന്റെ കാബിനിൽ നിന്നിറങ്ങി ഞാൻ കാർ പാർക്കിംഗ് ലോട്ട് നടക്കാൻ തുടങ്ങി.  
ഡാ നിന്നെ റിഷ രണ്ടു മൂന്നു വട്ടം വിളിച്ചായിരുന്നു. നീ നാട്ടിലെ സിം ഇട്ടിലായിരുന്നോ? ഷാജിക്ക ചോദിച്ചു സത്യത്തിൽ ഞാനത് മറന്നിരുന്നു. 

നീ ഒന്ന് വിളിക്ക്... ഷാജിക്ക എന്നോട് പറഞ്ഞു. ഞാൻ ഫോൺ വാങ്ങി കുറച്ചു മുന്നിലോട്ട് നടന്നു. ഫോൺ റിങ് ചെയ്ത ഉടനെ അവൾ എടുത്തു " ഡോക്ടർ എന്ത് പറഞ്ഞു? " ശ്വാസം വിടാതെ അവൾ ചോദിച്ചു. 
ഞാൻ ഉണ്ടായ സംഭവം പറഞ്ഞു. 
നിങ്ങൾ ഒരു കാര്യം ചെയ്യു.. ആ മെഡിക്കൽ കോളേജിലെ ഡോക്ടറെ ഒന്ന് വീട്ടി പോയി കാണു. നാല് മണിക്ക് ശേഷം വീട്ടിൽ ആളെ കാണും..
അവൾ പറഞ്ഞു 

എന്തായി ടെസ്റ്റ്‌?.. ഞാൻ ഫോൺ കട്ട്‌ ചെയ്തു ഷാജിക്കാക്ക് തിരിച്ചുകൊടുക്കുമ്പോൾ അയാൾ ചോദിച്ചു 

എല്ലാം ആയില്ല.. നാളെ ചിലപ്പോ വരേണ്ടി വരും.. നമുക്ക് ഒരു ഡോക്ടറെ കൂടെ കാണാനുണ്ട്.. മെഡിക്കൽ കോളേജിലെ.. ഡോക്ടറെ വീട്ടിപോയാ മതി. 
 വീട് അറിയാമോ? 
വീട് അറിയില്ല. സ്ഥലം അറിയാം.. പാഴൂർ ആണെന്ന് അറിയാം. വലിയ ദൂരമില്ല ഇവിടുന്ന്. ഫേമസ് ഡോക്ടർ ആണ്.. അവിടെ അന്വേഷിച്ചാ വീട് കണ്ടെത്താം.

സമയം വൈകുനേരം അഞ്ചു മണി കഴിഞ്ഞിരുന്നു. പാഴൂർ എത്തുമ്പോൾ അഞ്ചര. തൊട്ടടുത്തു കണ്ട ചായകടയുടെ മുൻപിൽ നിർത്തി രണ്ടു ചായ പറഞ്ഞു. കടക്കാരൻ ചായ അടിക്കുന്നതിനിടയിൽ, ദേവരാജൻ ഡോക്ടറിന്റെ വീടെവിയാന്ന് അറിയുമോന്നു ഞാൻ ചോദിച്ചു. അതിവിടെ തൊട്ടടുത്തല്ലേ.. ഇവിടുന്ന് നേരെത്തെ പോയാ മതി. ഒരു കിലോമീറ്ററില്ല... അയാൾ ചായ ഞങ്ങൾക്ക്‌ നേരെത്തെ നീട്ടികൊണ്ട് പറഞ്ഞു. 

ഷാജിക്കാ പതുക്കെ പോയാ മതി.. ഞാൻ പറഞ്ഞു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ആ ബോർഡ് കണ്ടു. 
Dr. Devarajan . MBBS MD Mch DNB 
Medical College Kozhikode 

ഡോക്ടറിന്റെ വീടിനു മുൻപിൽ ഉത്സവത്തിനുള്ള ആൾക്കാർ. വീടിന്റെ ഉള്ളിൽ കാർഡ് എഴുതാൻ ഇരിക്കുന്ന സ്ത്രീയോട് കാര്യം പറഞ്ഞു 
ഡോക്ടർ ഒരു നൂറു പേരെയേ പരിശോധിക്കൂ. അത് തന്നെ ആ നമ്പറിൽ മെസ്സേജ് അയച്ചു അപ്പോയിന്റ്മെന്റ് എടുക്കണം. ചുവരിൽ എഴുതി വെച്ച നമ്പറിലേക്കു ചൂണ്ടികൊണ്ട് അവർ പറഞ്ഞു. 
ഞാൻ അവരോടു കാര്യം പറഞ്ഞു. കുറെ ദൂരെയിന്നാണെന്നു കേട്ടപ്പോൾ 
ഒരു കാര്യം ചെയ്യാം, പേരും നമ്പറും തന്നിട്ട് പോയിട്ട് ഒരു രണ്ടര മൂന്നു മണിക്കൂർ കഴിഞ്ഞു വാ.. അപ്പോഴേക്കും ഞാൻ വിളിക്കാം.  
ഞങ്ങൾ പുറത്തേക്കിറങ്ങി... രാത്രി ഒമ്പത് മണിയായപ്പോൾ തിരിച്ചു വന്നു. അപ്പോഴേക്കും ഡോക്ടറെ കാണാനുള്ള തിരക്ക് കുറഞ്ഞിരുന്നു. കുറച്ചു എന്റെ പേര് വിളിച്ചു. കേറും മുൻപ് ഡോക്ടറിന്റെ ഫീസ് ഞാൻ അവരോട് ചോദിച്ചിരുന്നു. 

നീണ്ട ഒരു ടേബിളിന് പിന്നിൽ ഡോക്ടർ ഇരിക്കുന്നു. ടേബിൾ ചുറ്റമായി പ്ലാസ്റ്റർ ഓഫ് പാരിസിൽ തീരത്തെ മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങൾ. ഒരു വശത്തു തടിച്ച കുറെ പുസ്തകങ്ങൾ. ഒരു ലാപ്ടോപ്. 
എന്താ പ്രശ്നം? 
ഞാൻ എന്റെ കാര്യം ചുരുക്കി പറഞ്ഞു. 
എടൊ തന്റെ PSA വളരെ കുറവല്ലേ.. ഇത്രയും പേടിക്കേണ്ട.. പ്രായം 42.. തനിക്കു എന്തായാലും ഒരു കൺഫർമേഷന് വേണ്ടി നമുക്ക് ഒരു PET CT സ്കാൻ ചെയ്തു നോക്കാം. അതാമ്പോൾ എല്ലാം കൃത്യമായി അറിയാം. 
ഇവിടെ ആകെയുള്ള നാലു സ്കാനിങ് സെന്ററിൽ മാത്രമേ ഈ PET CT സ്കാനിംഗ് ഉള്ളൂ . എരഞ്ഞിപ്പാലം ദയ സ്കാനിംഗിൽ അതുണ്ട്. അതാവുമ്പോൾ തന്റെ ഫുൾ ഡൌട്ടും ക്ലിയർ ആവും. ടെൻഷൻ ഇല്ലാതെ തിരിച്ചു ഗൾഫിൽ പോവുകയും ചെയ്യാം.

വീട്ടിൽ എത്തുമ്പോൾ രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു. 
കാളിങ് ബെൽ അമർത്തി അതിലെ കിളിയൊച്ച നിൽക്കുന്നതിനു മുൻപിൽ വാതിൽ തുറന്നു. ഉമ്മയും കുട്ടികളും ഉറങ്ങിയിരുന്നു. എന്നെ കാത്തവൾ ഉറങ്ങാതെ അടച്ചു വെച്ച ഭക്ഷണത്തിനു മുൻപിൽ ഉണ്ടായിരുന്നു. 

ഷാജിക്ക.. കാശ് എല്ലാം കൂടെ നാളെ തരാം.. ഞാൻ പറഞ്ഞു തീരുമുൻപ് 
ഇല്ലക്കാ ബാലൻസ് എത്രയാന്നു പറഞ്ഞാ മതി. ഞാൻ ഗൂഗിൾ പേ ചെയ്യാം.

ഇവിടുന്ന് ഇറങ്ങുപ്പോൾ 1000 രൂപ പെട്രോൾ അടിക്കാൻ ഗൂഗിൾ പേ ചെയ്തിരുന്നു. ഷാജി പറഞ്ഞു 

ഡോർ അടച്ചു, തിരിയും മുൻപ് അവളെന്നെ കെട്ടിപിടിച്ചു. ങ്ങള് ഒന്ന് കൊണ്ടും പേടിക്കണ്ട, ഇങ്ങക്ക് ഒന്നുമാവുല്ല.. ഇനി എന്തായാലും നമുക്ക് ഒരുമിച്ചു നേരിടാം. 
എന്റെ കണ്ണ് നിറഞ്ഞു പുറത്തെകൊഴുകുമോ ഇന്ന് ഞാൻ ഭയപ്പെട്ടു. എന്നാലും എനിക്ക് പിടിച്ചു നിർത്താൻ ആയില്ല. ശബ്ദമില്ലാതെ കണ്ണീർ കവിളിൽ കൂടി