Sunday, December 22, 2024

നെഞ്ചിന്റെ ഇടതു ഭാഗത്തു ചെറുതായിട്ട് വേദനിക്കുന്നത് പോലെ. ചിലപ്പോൾ ഗ്യാസ് വല്ലതുമാകും. കാര്യമാക്കാതെ വലതു ഭാഗത്തേക്ക് ചരിഞ്ഞു കിടന്നു. ഇല്ല തോന്നലല്ല വേദനയുണ്ട്. പതുക്കെ എണീറ്റ് കട്ടിലിൽ ഇരുന്നു. മൊബൈൽ എടുത്തു ഭാര്യയുടെ ഫോണിലേക്ക് വീഡിയോ കാൾ ചെയ്തു.
ഡീ... നെഞ്ചിലൊരു ഒരു വേദന, ഇടതു ഭാഗത്താ  ..  കാൾ കണക്ട് ആയ ഉടനെ ഞാൻ പറഞ്ഞു. 

നല്ല വേദനയുണ്ടോ ??  അവൾ ചോദിച്ചു . 
നല്ല വേദന ഉണ്ട്. ഞാൻ വീണ്ടും പറഞ്ഞു അത് കൈയിലേക്ക് കൂടുന്നോ എന്ന് തോന്നുന്നു.
ഞാൻ രാവിലെ പറഞ്ഞതല്ലേ ... അപ്പൊ വന്നപ്പഴേ പറഞ്ഞതാ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞതല്ലേ ...
അവളുടെ സ്വരത്തിലെ വേവലാതി ഞാൻ തിരിച്ചറിഞ്ഞു. ഇനിയിപ്പോ എന്താ ചെയ്യാ ....
രാവിലെ ചെറുതായിട്ട് ഇതുപോലെ  വേദനിച്ചിരിന്നു. ഗ്യാസിന്റെ ശല്യമാവുമെന്നു കരുതി അതത്ര കാര്യമാക്കിയില്ല. അപ്പോൾ തന്നെ ഒരു പാന്റോപ് 40 എടുത്തു കഴിച്ചു. അല്ലെങ്കിലും പകൽ ഒരു പ്രതേക ധൈര്യമാണ്. 
കുറച്ചു കഴിഞ്ഞപ്പോൾ വേദന എങ്ങോട്ടോ പോയി. ഇപ്പോൾ വീണ്ടും രാത്രിയിൽ അത് കുറച്ചു കൂടുതലായി തോന്നിയിരിക്കുന്നു. 

ഞാൻ 999 ഇൽ ഒന്ന് വിളിച്ചാലോ. യു  എ ഇ യിലെ എമർജൻസി നമ്പർ ആണ് 999.

പതിനാലു കൊല്ലത്തിനു മേലെയാവുന്നു ഇവിടെ. പക്ഷെ നാളിതുവരെ ആ ഒരു നമ്പറിലേക്കു വിളിച്ചിട്ടില്ല. വിളിക്കേണ്ടി വന്നിട്ടില്ല. 
"എന്നാ വിളിക്കു " പരിഭ്രമത്തോടെ അവൾ പറഞ്ഞു. 
എന്നാ വിളിക്കാമല്ലേ ?? തെല്ലൊരു വേവലാതിയോടെ ഞാൻ തിരിച്ചു ചോദിച്ചു ?

ഞാൻ 999 ഡയൽ ചെയ്തു. 
"അസ്സലാമു അലൈകും വാത് ക്യാൻ ഐ ഡൂ ഫോർ യൂ"  ?  മറുതലക്കൽ യുവത്വം തുളുമ്പുന്ന ഒരു അറബി സ്വരം. 
" വാ അലൈകുമുസ്സലാം ... ഐ ഡോണ്ട് ഫീൽ ബെറ്റർ  ഞാൻ പറഞ്ഞു നിർത്തി 
യു കാൾ 998 ദാറ്റ് ഈസ് മെദി ക്കൽ എമർജൻസി "
കാൾ കട്ട് ചെയ്തു ഞാൻ പെട്ടന്ന് തന്നെ 998 ഇൽ വിളിച്ചു 
ഇത്തവണയും പഴയതു പോലെ തന്നെ മറു വശത്തു ഒരു അറബി യുവാവ് 
ഐ ഡോണ്ട് ഫീൽ ബെറ്റർ  ഞാൻ പറഞ്ഞു 
വാട്ട് ഹാപ്പെൻഡ് ? 
ഐ ഫീൽ പൈൻ ഇൻ ലെഫ്ട്  ചെസ്ററ് . ഐ ലിവ് അലോൺ ഹിയർ .ഞാൻ പറഞ്ഞു നിർത്തി ..
പ്ലീസ് ജസ്റ്റ് കാൾ യുവർ നൈബർ . ദേ ക്യാൻ ഹെല്പ് യു 

ഐ ആം നോട്ട് ഫമിലിയർ ഹിയർ. ഐ ഹാവ് ബീൻ   ഹിയർ ഫോർ  ഒൺലി വൺ വീക്ക് ..
 
ഓക്കേ വെൻ ഇറ്റ് സ്റ്റാർട്ടഡ് ? 
ഐ ഡോണ്ട് നോ എക്‌സാറ്റിലി.  ഐ വാസ് സ്ലീപ്പിങ്.  എബൌട്ട് 20 മിനിറ്റ്സ് .
ഐ ഫീൽ ഇറ്റ് സ്പ്രെഡ്സ് നൗ ഓൺ ലെഫ്ട് ആം ഓൾസോ 
ഡോണ്ട് വറി റഫീഖ് .  ക്യാൻ യു ബ്രേത് വെരി ഈസിലി  ? 
യെസ് 
യു സ്വെറ്റിങ് ? 
നോ 
ഹെവി ഫീലിംഗ് ഇൻ യുവർ ചെസ്ററ്  ? ഓർ ജസ്റ്റ് എ പൈൻ ? 
നോട്ട് ഹെവി ഫീലിംഗ് .. ഇറ്റ് ഈസ് പൈൻ 
ജസ്റ്റ് ഹാൻഡ് അപ്പ് ആൻഡ് ഡൌൺ ? ക്യാൻ യു ഡോ ഇറ്റ് ഈസിലി ? 
യെസ് ഐ ക്യാൻ 
റഫീഖ് യു ഹാവ് നതിങ് .   വെയർ ആർ യു സ്റ്റേയിങ് ? 
ഐ ആം അറ്റ് റോള നിയർ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്.  
ഡോണ്ട് വറി റഫീഖ് വീ  ആർ വെരി നിയർ . ജസ്റ്റ് ടേക്ക് എ ഡീപ് ബ്രീത്.  യു ഫീൽ ബെറ്റർ  നൗ ? 
സത്യത്തിൽ വേദന കുറഞ്ഞു തുടങ്ങിയിരുന്നു. അതൊരു ഗ്യാസ്ട്രിക് പ്രശ്നമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു . 

നോട്ട് മച് . ഞാൻ പറഞ്ഞു 
അൽഹംദുലില്ലാഹ് . യു ആർ ഹെൽത്തി .   യു ഹാവ് നത്തിങ്. ഇഫ് യു ഫീൽ ബാഡ് , കാൾ എഗൈൻ 
 താങ്ക് യു ഞാൻ ഫോൺ കട്ട് ചെയ്തു 
കട്ട് ചെയ്ത ഉടനെ ഭാര്യയുടെ കാൾ. 
വിളിച്ചോ ? ഇപ്പൊ എങ്ങനെയുണ്ട് ?? അവൾ വേപഥുവോടെ ചോദിച്ചു . 
കുഴപ്പമൊന്നുമില്ലെടീ .. അത് ഗ്യാസിൻറെ ആയിരുന്നു. ഞാൻ പറഞ്ഞു 
ഓ സമാധാനമായി .. അവളുടെ സ്വരത്തിലെ ആശ്വാസം ഞാൻ തിരിച്ചറിഞ്ഞു .
ഓക്കേ ഡീ കട്ട് ചെയ്തു ഉറങ്ങിക്കോ ... നാളെ ഡ്യൂട്ടി ഉള്ളതല്ലേ ? ഞാൻ പറഞ്ഞു 
എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക് കേട്ടാ .. അവൾ ഫോൺ വെച്ചു 

ഞാൻ കിടക്കയിൽ നിന്ന് എണീറ്റ് ബാൽക്കണിയുടെ ഡോറിന് അടുത്തേക്ക് വന്നു കർട്ടൻ മാറ്റി  ഗ്ലാസ് ഡോറിലൂടെ പുറത്തേക്കു നോക്കി . താഴെ രണ്ടു മൂന്നു പഠാണികൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് നടന്നു പോവുന്നു. പടച്ചവനെ ഇവന്മാർക്കൊന്നും ഈ കൊറോണായെ ഒട്ടും പേടിയില്ലേ ??  ഇറ്റലിയിലൊക്കെ എത്ര പേരാ ദിവസവും മരിക്കുന്നതു ??? ഞാൻ മനസിൽ ചിന്തിച്ചു . 

കടകളൊക്കെ അടച്ചു കഴിഞ്ഞിരുന്നു. അല്ലെങ്കിൽ തന്നെ ഒരുപാട് കടകൾ ഇപ്പോൾ തുറക്കുന്നില്ല. തൊട്ടു എതിർവശത്തുള്ള ഒരു ഗ്രോസറി ദിവസും തുറക്കുന്നുണ്ട്. മൊബൈൽ എടുത്ത് ഞാൻ സമയം നോക്കി. പന്ത്രണ്ടാവാൻ കുറച്ചു മിനിറ്റുകൾ ബാക്കി. 
കുറച്ചു കഴിഞ്ഞപ്പോൾ " നാഷണൽ സ്റ്റെർലൈസേഷന്റെ ഭാഗമായി " കൊറോണ വൈറസിനെ പൊതുവഴികളിൽ നിന്ന് നീക്കം ചെയ്യാനായി റോഡിൻറെ ഇരുവശത്തേക്കും അണുനാശിനി  സ്പ്രേ ചെയ്തുകൊണ്ട് വണ്ടി പതിയെ കടന്നു പോയി . 
ഇരുവശത്തുമുള്ള കർട്ടൻ ചേർത്തടച്ചുകൊണ്ടു  ഞാൻ ബെഡിൽ വന്നിരുന്നു . നിദ്ര മാത്രം കടാക്ഷിക്കുന്നില്ല. അല്ലെങ്കിൽ തന്നെ നേരെത്തെ ഉറങ്ങി നേരെത്തെ എണീക്കണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ജോലി നഷ്ടപ്പെട്ടിട്ട് മാസങ്ങൾ പിന്നീടിന്നു. മറ്റൊരു ജോലിക്ക് ശ്രമിക്കാമെന്നു വിചാരിച്ചു ഇരിക്കുമ്പോഴാണ്,  തയ്ബ ഫുഡ്സ്റ്റഫ് ഓണർ വിളിക്കുന്നു. മോശമല്ലാത്ത ഒരു ഓഫർ വെക്കുന്നു. പ്രായമായ അയാളുടെ ജേഷ്ഠന്റെ ഒരു സ്ഥാപനം നോക്കി നടത്തണം. ലാഭത്തിന്റെ പകുതി .  സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹത്തിന്റെ യാഥാർഥ്യമാണതെന്ന് എനിക്ക് തോന്നി. അപ്പോൾ തന്നെ അത് സ്വീകരിച്ചു. താമസ സൗകര്യവും അവിടെ തന്നെയുണ്ട്. 

ബർ ദുബൈയിലെ ഒരു പഴയ മീറ്റ് ഷോപ്പായിരുന്നു അതു. അതോടപ്പം തന്നെ ഫ്രോസൻ ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരവുമുണ്ടായിരുന്നു. ഇത് രണ്ടും നോക്കി നടത്തുകയായിരുന്നു എന്റെ ദൗത്യം.

വളരെക്കാലം മുമ്പേയുള്ള ആഗ്രഹമാണ് സ്വന്തമായി ഒരു സ്ഥാപനം. അതിപ്പോൾ യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷം മനസിലുണ്ടായിരുന്നു. 
പക്ഷെ അവിടെ എത്തിയെപ്പോഴാണ് കാര്യങ്ങൾ വിചാരിച്ചത് പോലെയല്ലെന്നു മനസിലായത്. 
അയാളുടെ അനുജന്റെ മകനാണ് കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്. സ്റ്റാഫുകൾ ആരും കമ്പനി ഉടമ എന്ന നിലയിൽ അയാളെ വകവെക്കുന്നതെ ഇല്ല. 
കൃത്യമായ കണക്കുകൾ ഒന്നും തന്നെ ഇല്ല. സപ്ലയേഴ്‌സിന് കൊടുക്കാനുള്ള തുക ഒരുപാട് കൂടിയിരിക്കുന്നു. 

ആകെ കുത്തഴിഞ്ഞ പുസ്തകം പോലെ. തന്നിഷ്ടകാരനായ, അനുഭവപരിചയം കുറവുള്ള അനുജന്റെ മകൻ തന്റെ വാക്കുകളിലെ കാര്യങ്ങൾ ഉൾകൊള്ളാത്തിന്റെ പ്രശ്നങ്ങൾ വേറെ.

പൂർണമായും തന്റെ സ്വാതന്ത്ര്യത്തിന് വിട്ടു തന്നാൽ മാത്രമേ തനിക്കവിടെ നിൽക്കാൻ പറ്റുവെന്നു നേരെത്തെ പറഞ്ഞിരുന്നതാണ്. 
 അവസാനം  ഞങ്ങൾ ഒരു ധാരണയിൽ എത്തി ചേർന്നു. 
മീറ്റ് ഷോപ് അനുജന്റെ മകൻ നോക്കി നടത്തട്ടെ. ഫ്രോസൻ ഹോൾസെയിൽ ഞാനും. പക്ഷെ സപ്ലയേഴ്‌സിന് കൊടുക്കാനുള്ള ക്യാഷ് അതു ഏറ്റെടുക്കുന്നതിൽ തടസ്സമായി നിന്നു. 

അവസാനം നാട്ടിലുള്ള റബ്ബർ എസ്റ്റേറ്റ് വിറ്റ് കടങ്ങൾ വീട്ടമെന്ന ധാരണയിൽ കമ്പനി ഉടമ നാട്ടിലേക്ക് ഫ്ലൈറ്റ് കയറി. കാര്യങ്ങൾ ശരിയാകുന്നത് വരെ അയാളുടെ ഫ്ലാറ്റിൽ താമസിക്കുവാൻ പറഞ്ഞു. 

ദുബൈയിൽ ശൈത്യം പതിയെ കുറഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ കൊറോണ വൈറസ് കൂടികൊണ്ടിരിക്കുന്നു. ദേര ദുബൈയിൽ കൊറോണയുടെ ആധിക്യം കൂടുതലായി അനുഭവപ്പെട്ടത്. സ്റ്റുഡിയോ ഫ്ലാറ്റുകളിൽ അട്ടിയിട്ട പോലെ കിടക്കുന്ന താഴ്ന്ന ജോലിക്കാരായ പ്രവാസികളെ അതു കൂടുതൽ ബാധിച്ചു. പക്ഷെ ഗവണ്മെന്റിന്റെ ശക്തമായ ഇടപെടൽ അതിന്റെ ഭീകരത കുറച്ചു. 
ആദ്യമായി വിസിറ്റിൽ വന്ന ആന്റിയുടെ മകൻ ദേരദുബായിൽ ആണ് താമസം. ഫ്ളാറ്റിലെ രണ്ടു മുറികൾ വാടകക്ക് കൊടുത്തിരിക്കുകയാണ് കമ്പനിയുടെ മുതലാളി, ഓരോ ഫാമിലിക്ക്. ഇപ്പോൾ ആ തുകയിലാണ് അയാളുടെ കാര്യങ്ങൾ നടന്നുപോകുന്നത്. നടത്തിപ്പകാരനായ അനുജന്റെ മകൻപോലും സ്റ്റാഫ്‌കളുടെ ഒപ്പമാണ് താമസം. ആയൊരു അവസ്‌ഥയിൽ ആന്റിയുടെ മകനെ കൂടെ താമസിപ്പിക്കാൻ പറ്റുമായിരുന്നില്ല. ഇടക്കിടെയുള്ള അവന്റെ ഫോൺ വിളികളിൽ അവന്റെ സ്വരത്തിലെ നിരാശയും വിഷമവും ഞാൻ തിരിച്ചറിഞ്ഞു. 

ഇക്കാ .. നമ്മടെ ഫ്ളാറ്റിലെ നേരെയുള്ള മൂന്നാമത്തെ ഫ്ലാറ്റില്ലേ... അതിൽ മൂന്നപേരെ ആംബുലൻസിൽ കൊണ്ടുപോയി. പോസിറ്റീവ് എന്നാ കേട്ടത്. മീറ്റ് ഷോപ്പിൽ ഡെലിവറി ചെയ്യുന്ന പയ്യനാണ്. 

ഉം... ഡാ ഡെലിവറിക്ക് പോകുമ്പോ കുറച്ചു മാറി നിന്നേ സാധനങ്ങൾ കൊടുക്കാവൂ. കൊടുത്തു കഴിഞ്ഞാ അപ്പോഴേ കൈകൾ സാനിറ്റൈസ്ർ ഇടണം കേട്ടാ.. വേണമെങ്കിൽ മാസ്കും ഇട്ടോ.. 
ഞാൻ അവനു നിർദേശം കൊടുത്തോ. WHO അപ്പോഴെന്നും രോഗമില്ലാത്തവർ മാസ്‌ക് ഇടണമെന്നു നിർദേശം നൽകിയിരുന്നില്ല. 
പതിയെ പതിയെ കൊറോണ ദുബായിയെ പിടി മുറുക്കാൻ തുടങ്ങി. നാട്ടിലോട്ടുള്ള ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടു, അവിടെന്നിങ്ങോട്ടും. മനസിൽ ഒരു നൊമ്പരം മുളപൊട്ടി. പ്രിയപ്പെട്ടവരെല്ലാം കടലിനക്കരെ. 
ഇനി എപ്പോഴാണ് ഇതെല്ലാം ഒന്നു ശരിയാവുക.. 
റബ്ബർ എസ്റ്റേറ്റ് വിൽക്കാൻ പോയ ഉടമ എന്നു തിരിച്ചുവരുമെന്ന് ഒരു നിശ്ചയവും ഇല്ലാതായി. 
പ്രതേകിച്ചു ജോലിയൊന്നും ചെയ്യാനില്ലാത്ത ഞാൻ ഉറക്കമുണർന്ന ഉടനെ കോവിഡിന്റെ കണക്കെടുപ്പ് തുടങ്ങി. ഇറ്റലിയിൽ കോവിഡ്‌ മരണ താണ്ഡവമാടിതുടങ്ങിയിരിക്കുന്നു അപ്പോഴേക്കും.  ഭയത്തിന്റെ നീർചാലുകൾ എന്റെ മനസിലേക്കും പതിയെ മുള പൊട്ടിയിരുന്നു. 
ആർക്കും ഒന്നും പറയാനാവാത്ത അസ്ഥിരത.  ഗവണ്മെന്റ് നിയമങ്ങൾ കർശനമായി. റെസ്റ്റോറന്റ്കളിൽ ഒരു ടേബിളിൽ ഒന്നിലധികം ആളുകൾ കൂടരുതെന്നായി. മുന്നിൽ കാണുന്നവരുടെ മുഖങ്ങളിൽ നിരാശയുടെയും ഭയത്തിന്റെയും ആവരണം ഞാൻ കണ്ടുതുടങ്ങി.
"പടച്ചവനെ... എത്രയും പെട്ടന്ന് ലോകം പഴയതു പോലാക്കൂ... ഉള്ളുരുകി പ്രാർത്ഥിച്ചു. 

നയനങ്ങൾക്ക് ദർശനമല്ലാത്ത "കോവിഡ്‌" വൈറസ് അഹങ്കാരിയായ മനുഷ്യനെ പിടിച്ചുകെട്ടിയിരിക്കുന്നു. ലോകാശക്തിയായ അമേരിക്കയിലും ആളുകൾ പിടഞ്ഞു വീഴാൻ തുടങ്ങി .

ആയിടക്കാണ് ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ ചില പ്രശ്നങ്ങൾ ഉണ്ടായത്.  ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിക്കാൻ വേണ്ടി അനുജന്റെ മകനും വേറെ ഒന്നു രണ്ടുപേരും ഞാൻ കിടക്കുന്ന മുറിയിൽ വരുക പതിവായിരുന്നു. അവർ വരുന്നത് കൊണ്ട് എനിക്ക് പ്രതേകിച്ചു പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ ശബ്ദകോലാഹലങ്ങൾ പക്ഷെ മറ്റു രണ്ടു മുറികളിൽ താമസിച്ചിരുന്ന ഫാമിലിക്ക് അരോചകമായി. ഇവരുടെ ഇടക്കിടെയുള്ള കിച്ചൻ ഉപയോഗം അവിടെയുള്ള സ്ത്രീകൾക്ക് അസൗകര്യമായി. 

ഇത് ചോദ്യം ചെയ്ത അടുത്ത മുറിയിലെ ഒരാളോട് " ഇത് ന്റെ കുഞ്ഞിപ്പാന്റെ ഫ്ലാറ്റ്. ഞങ്ങൾക്ക് ഇഷ്ടം പോലെ ചെയ്യും "  എന്ന മറുപടി പ്രശ്നങ്ങൾ രൂക്ഷമാകാൻ സഹായിച്ചു. 
അടുത്ത മുറിയിലെ അയാൾ എന്നോട് പറഞ്ഞു. "നിങ്ങൾ ഇവിടെ താമസിക്കുന്നത് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷെ ഇത്രയും ബാച്ചിലേഴ്‌സ് ഇവിടെ കയറിയിറങ്ങിയാൽ എങ്ങനെയാ ശരിയാവുക. " നിങ്ങൾക്കു ഒന്നു പറഞ്ഞു കൊടുത്തൂടെ ? അവർ എന്നോട് ചോദിച്ചു

ശരിക്കും ഞാൻ നിസഹായനായിരുന്നു. ആ ഫ്ലാറ്റുമായിട്ടു എനിക്ക് ആകയുള്ള ബന്ധം ഉടമ തിരിച്ചു വരുന്നവരെ അവിടെ താമസിക്കാൻ പറഞ്ഞതു മാത്രമായിരുന്നു. 
 
ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് അവർ ഇവിടെ വന്നു ഭക്ഷണം കഴിക്കുന്നത് എനിക്കിഷ്ടമില്ലാത്തത് കൊണ്ടാണെന്നു തോന്നും. ഞാൻ പറഞ്ഞു 

അല്ലെങ്കിൽ തന്നെ ഞാൻ അവിടെ ഒറ്റക്ക് താമസിക്കുന്നതിൽ അവർക്കുള്ള ചൊരുക്ക് ഞാൻ തിരിച്ചറിഞ്ഞിരുന്നു. 

ഒരു വെള്ളിയാഴ്ച .. സംസാരം കൂടുതൽ വഷളായി. അവസാനം ഞാൻ ഉൾപ്പെടയുള്ള ബാച്ചിലേഴ്‌സ് അവിടുന്ന് മാറാൻ തീരുമാനിച്ചു. അപ്പോഴും മറ്റുമുറികളിലെ ആളുകൾ പറയുന്നുണ്ടായിരുന്നു. 
"നിങ്ങൾ മാത്രമാണെങ്കിൽ ഞങ്ങക്ക് യാതൊരു കുഴപ്പവുമില്ല കേട്ട. 
അല്ലങ്കിൽ തന്നെ തന്നിഷ്ടകാരനായ അനുജന്റെ മകനുമായി പൊരുത്തപ്പെട്ടുപോകാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നുവെന്നു എനിക്ക് മനസിലായി തുടങ്ങിയിരുന്നു. 

കൈയിൽ ഭാര്യസഹോദരനും കുടുംബവും നാട്ടിൽ പോയപ്പോൾ, അവരുടെ ഷാർജയിൽ ഉള്ള ഫ്ലാറ്റിന്റെ കീ ഞാൻ വാങ്ങി വെച്ചിരുന്നു. 

ഫ്ലൈറ്റുകൾ ഇല്ലാതിരുന്നതിനാൽ അവർ തിരിച്ചുവരാനാവാതെ നാട്ടിലായിരുന്നു. ഞാൻ എന്റെ "സ്ഥാപകജംഗമ" വസ്തുക്കളുമെടുത്ത് ആകെയുള്ള,  കൊറോള കാറിൽ കയറി ഷാർജ റോളയിലേക്കു തിരിച്ചു. 

കുറച്ചു ദിവസങ്ങളായി മനുഷ്യ സാനിധ്യമില്ലാത്തതുകൊണ്ടാകാം പാറ്റകളുടെ വിഹാരകേന്ദ്രമായി മാറിയിരുന്നു ഫ്ലാറ്റ്. എനിക്കാണെങ്കിൽ ഇവറ്റയെ കണ്ണെടുത്താ കണ്ടുകൂടാ. പക്ഷെ ഈ സാഹചര്യത്തിൽ ഒരു ബാച്ചിലർ അക്കക്കോമഡേഷനെക്കാൾ നല്ലത് ഒറ്റക്ക് താമസിക്കുന്നത് തന്നെയാണ്.  

പാറ്റകളെ ഒരുവിധം തുരത്തി. ഒഴിഞ്ഞുകിടന്ന ഒരു അലമാരിയിൽ എൻ്റെ വസ്ത്രങ്ങൾ കൊണ്ടുവെച്ചു. ഗ്യാസും സ്‌റ്റവും എല്ലാമുണ്ട് അത്യാവശം ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ കിച്ചൻ കബോർഡിൽ കണ്ടൂ. ഇനി കുറച്ചു പച്ചകറികളും, പാല് പോലുള്ളവയും വാങ്ങിയാൽ മതി. 
ഞാൻ ഓപ്പറേഷൻ നടത്താൻ തയ്യാറെടുക്കുന്ന ഡോക്ടറെ പോലെ രണ്ടു കൈയിലും ഗ്ലോവ്സ് ധരിച്ച്, സർജിക്കൽ മാസ്ക് വെച്ച്, സാണിടൈസർ കുപ്പിയെടുത്ത് പാൻ്റിൻ്റെ പോക്കറ്റിൽ ഇട്ടു , കൈയിൽ ലിഫ്റ്റ് ൻ്റെ ബട്ടൺ പ്രസ് ചെയ്യാൻ  രണ്ടു നാപ്കിൻ പേപ്പർ എടുത്തു വെച്ചു. എന്തൊരു സൂക്ഷ്മത.  
സഫാരി മാളിലേക്ക്  തിരിച്ചു. പുതുതായി തുറന്നതാണ് ഷാർജ മുവൈലിയയിലെ സഫാരി മാൾ. വലിയ മാൾ, തിരക്ക് വളരെ കുറവാണ്. സാമൂഹിക അകലം പാലിച്ചു സാധനങ്ങൾ വാങ്ങാൻ പറ്റിയ ഇടം. 
അത്യാവശം സാധനങ്ങൾ വാങ്ങി പെട്ടന്ന് തന്നെ പുറത്ത് കടന്നു. കാറിൽ കേറുമ്പോൾ സാനിടൈസർ എടുത്ത് രണ്ടു കൈയിലും 20 സെക്കൻഡ് നേരം പുരട്ടി. സ്പിരിറ്റിൻ്റേ രൂക്ഷഗന്ധം മാസ്കിൻ്റെ ഇടയിലൂടെ എൻറെ നാസികയിൽ തുളച്ചു കയറി. 
വണ്ടി പാർക്ക് ചെയ്തു, സാധനങ്ങൾ എടുത്തു ഫ്ലാറ്റിലേക്ക് നടന്നു. വാതിൽ തുറന്നു സാധനങ്ങൾ കിച്ചൻ്റെ ഭാഗത്ത് വെച്ച്, കൈയിലെ ഗ്ലോവ്സ് ഊരി വേസ്റ്റ് ബക്കറ്റിൽ ഇട്ടു. 

തുടരും..