Wednesday, October 13, 2021

വിശ്യവിഖ്യാതമായ പാദം

 

ഞാൻ എന്നെ കുറിച്ച് ഒന്ന് പൊക്കിപ്പറഞ്ഞിട്ട് നാൾ ഒത്തിരി ആയിരിക്കുന്നു. അല്ല അങ്ങനെ പൊക്കിപ്പറയാൻ പ്രേതേകിച്ചു മേന്മകളൊന്നും ഇല്ലാത്തതിനാൽ എന്ത് പറയാൻ എന്ന് അസൂയാലുക്കൾ മൊഴിഞ്ഞാലും ഈ നേരമില്ലാനേരത്തു എന്തേലും പറയണമെന്ന് തോന്നി.  നേരമില്ലന്നു നേരെത്തെ പറഞ്ഞല്ലല്ലോ . അത് സത്യമാണ് നേരം ഒട്ടും തികയുന്നില്ല. ദിവസം ഒരു 36 മണിക്കൂർ എങ്കിലുമാക്കണമെന്നാണ് എന്റെ ഒരു ഇതു. അതുപോട്ടെ . പറഞ്ഞു വരുന്നത് എന്റെ പാദങ്ങളെ കുറിച്ചാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തെ അത്യാവശ്യം വലിയ പാദങ്ങളായിരുന്നു എന്റേത്. ആ കാലത്തു ഞാൻ അത് കാര്യമാക്കിയില്ല. കൂട്ടുകാർ 6 -7 ഇഞ്ച് ചെരിപ്പിട്ടപ്പോൾ ഞാൻ 8 -9 സൈസിലേക്കു നീണ്ടുന്ന് മാത്രം. 

ഉമ്മ ഇടക്കിടെ പറയും " നിനക്ക് വാപ്പച്ചീടെ കാലാണ്" ഉമ്മയുടെ  വാപ്പയെ കുറിച്ചാണ്.  എന്റെ ഉപ്പൂപ്പയെ കുറിച്ച്. അതൊരു അലങ്കാരമായി ഞാൻ കൊണ്ട് നടന്നു. ആള് പണ്ട് ഗൾഫിൽ പോകാൻ വേണ്ടി ഷൂ വാങ്ങിയത് മദ്രാസിൽ പോയിട്ടാണ് എന്നൊരു കഥ ഞാൻ കേട്ടിട്ടുണ്ട്. നാട്ടിൽ എവിടെയും കാലിനു പറ്റിയ ഷൂ കിട്ടിയില്ലത്രേ. 

ഞാൻ വളരുന്നതിനേക്കാൾ വേഗത്തിൽ കാൽ വളർന്നൂന്ന് വേണം കരുതാൻ . പത്താം ക്‌ളാസ്കഴിഞ്ഞപ്പോൾ തന്നെ എന്റെ പാദം യൗവനം പിന്നിട്ടിരുന്നു  ചെരുപ്പിന്റെ സൈസ് പത്തിൽ നിന്ന് പതിനൊന്നിലേക്ക് വളർന്നു. അപ്പോഴാണ് അപകടം മണത്തത് . കൂട്ടുകാരൊക്കെ ഇഷ്ടപ്പെട്ട ഫാഷനിൽ ചെരിപ്പുകൾ വാങ്ങുമ്പോൾ എനിക്ക് മാത്രം കടക്കാരൻ തരുന്നതുമിട്ട് നടക്കേണ്ടി വന്നു. മിക്കപ്പോഴും  ഇഷ്ടപ്പെട്ട ചെരിപ്പിടുന്നത് ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു . 

അതൊരു ഗുണമായി ആദ്യമായി തോന്നിയത് ഒരു ദിവസം കൂട്ടുകാരനുമായി സിനിമക്ക് പോയപ്പോഴാണ്. കുറച്ചധികം നേരെത്തെ തിയറ്ററിൽ എത്തിയ ഞങ്ങൾക്ക് സമയം പോകാൻ ഒരു മാർഗവുമില്ല. അപ്പോഴാണ് അടുത്തുള്ള ചെരിപ്പുകട ഞാൻ കണ്ടത്. 

വാ അളിയാ നമുക്ക് ചെരിപ്പ് കടയിൽ ഒന്ന് കേറാം സമയവും പോകും  ഞാൻ പറഞ്ഞു 

അളിയാ അതിനു ചെരുപ്പ് വാങ്ങാനുള്ള പൈസ നിന്റേൽ ഉണ്ടോ ? 

ആകെ നുള്ളിപ്പെറുക്കി കൊണ്ട് വന്ന കുറച്ചു പൈസയാണ് ഉള്ളത്. അതും കൃത്യമായി വണ്ടികൂലിക്കും സിനിമ  ടിക്കറ്റിനുമുള്ളതുമാത്രം . 

അത് കുഴമില്ലളിയാ.. എന്റെ കാലിനൊത്ത ചെരിപ്പവിടെ ഉണ്ടെങ്കിൽ വാങ്ങിയാൽ പോരെ. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു . 

കടയിൽ കയറി " അണ്ണാ ഇവന്റെ കാലിന് പറ്റിയ ഒരു ചെരുപ്പ്. ലേറ്റസ്റ്റ് ഫാഷൻ തന്നെ എടുക്കണേ അണ്ണാ . കൂട്ടുകാരൻ പറഞ്ഞു 

കടയുടമ ഒരു കോളോത്ത മട്ടിൽ സന്തോഷത്തോടെ ഒരു ഒൻപതു ഇഞ്ചു പല സ്റ്റൈലിൽ കെട്ടുള്ള ചെരിപ്പെടുത്തു എന്റെ മുന്നിലേക്കിട്ടു. എന്റെ പാന്റ് ജസ്റ്റ് ഒന്ന് പൊക്കി കാൽ ചെരിപ്പിന്റെ ഉള്ളിലേക്ക് ആവാഹിക്കാൻ ശ്രമിച്ചു . നോ രക്ഷ .  

എന്ന പിന്നെ ഇതിന്റെ 10 എടുക്കാം . എത്തും പറഞ്ഞും കക്ഷി പുതിയൊരു ചെരിപ്പെടുത്തു എന്റെ മുന്നിലേക്കിട്ടു.   ഇത്തവണ കാലു ഉള്ളിലേക്ക് കയറി . പക്ഷെ കാൽ രണ്ടിഞ്ചു പുറത്തു. 

എന്ന അനിയാ വേറൊരു മോഡലുണ്ട് അതെടുക്കാം അതാവുമ്പം വിലയും കുറവാ . പുള്ളി വേറൊരെണ്ണം എടുത്തിട്ടു. സ്ഥിതി തതൈവ. തോൽക്കാൻ കടയുടമക്ക് ഒട്ടും താല്പര്യമില്ലന്നു തോന്നി. 

വേറൊരു ചെരിപ്പുണ്ട് , 11 സൈസ് ആണ് . വല്യ മോഡലൊന്നുമില്ല . നിന്റെ കാലിനു പറ്റും. കുറെ ചെരിപ്പുകൾക്കിടയിന്നു പണ്ടെങ്ങോ വാങ്ങിവെച്ച ഒരു ചെരിപ്പ് എടുത്തിട്ടു . ഞാൻ ഇട്ടു നോക്കി ഏകദേശം ഒപ്പിക്കാം . എന്നാലും  കാലു കുറച്ചു പുറത്തുണ്ട്. 

അയ്യോ അണ്ണാ ഇപ്പോഴും ശരിയായില്ല. തോൽവി സമ്മതിച്ചുകൊണ്ട് കടയുടമ ദയനീയമായി എന്നെ നോക്കി 

അനിയാ വല്ലാത്തൊരു കാലായിപ്പോയി . അപ്പോഴേക്കും സിനിമക്ക് സമയമായിരുന്നു. 

എന്റെ കൈയിലിരിപ്പ് നല്ലതായതു കൊണ്ട് നല്ലവനായ എന്റെ പിതാവ് പ്രീ ഡിഗ്രി പഠനത്തിന് കൂട്ടുകാരുടെ കണ്ണെത്താദൂരത്തായ കോഴിക്കോട്ടെ പ്രശസ്തമായ ഒരു ഇസ്ലാമിക് കോളേജിൽ ചേർത്തു. നല്ലവനായ ഉണ്ണിയായ ഞാൻ ചില അധ്യാപകരുടെ കണ്ണിലുണ്ണിയായും മറ്റുചിലരുടെ കണ്ണിലെ കരടായും പഠിച്ചു വന്നു. അവിടെ വെച്ചു എന്റെ പാദങ്ങൾക്ക് ശക്തനായ ഒരു പ്രതിയോഗിയെ കിട്ടി

കാലൻ മൂസ. എന്റെ കാലുകൾക്ക് കിടപിടക്കുന്ന മൂസക്ക് അവിടെയുള്ള സഹപാഠികൾ സ്നേഹപൂർവം നൽകിയ നാമമാണ് കാലൻ. അവരുടെ സ്നേഹം എന്റെ പാദങ്ങളിലും പതിഞ്ഞിരിന്നു. അവർ എനികിട്ട പേരായിരുന്നു

ആദം...  ആദ്യപിതാവിന്റെ പേര്..  ശരിക്കു പറഞ്ഞാൽ ആ പേര് എനിക്ക് നന്നേ ബോധിച്ചു..നാട്ടിൽ എന്റെ ചെല്ലപ്പേരുകൾ അത്ര മനോഹരമായിരുന്നില്ല. ആദ്യപ്രവാചകനായ ആദത്തിന്റെ കാലുകൾ വളരെ വലുതായിരുന്നുവത്രെ. അദ്ദേഹത്തിന്റെ കാൽപാടുകൾ പതിഞ്ഞ ആദം മല ശ്രീലങ്കയിൽ ഉണ്ടെന്നു അന്നാണ് ഞാൻ മനസിലാക്കിയത്. 

ഇഷ്ടപെട്ട പാദുകങ്ങൾ അപ്പോഴും സ്വപ്നമായി തന്നെ തുടർന്നു. വർഷങ്ങൾ കടന്നു പോയി . ആരെക്കെയോ എന്നെ ഉപദേശിച്ചു ഷൂവിട്ടാൽ പാദങ്ങൾ അടങ്ങിയൊതുങ്ങി കൊള്ളുമെന്നു . പക്ഷെ അപ്പോഴെന്നും ഞാൻ അത് കേട്ടില്ല.. ചെരിപ്പില്ലാതെയും ചെരിപ്പിട്ടും ഞാൻ കല്ലിലും മുള്ളിലും കടപ്പുറത്തും നടന്നു. 

അവസാനം പ്രവാസിയാകാൻ തീരുമാനിച്ചപ്പോൾ ഇഷ്ടപെട്ട ഷൂ , അല്ല കാലിനൊത്ത ഷൂ തേടി തലസ്ഥാന നഗരിവരെ പോകേണ്ടി വന്നു. ചെരിപ്പിനൊത്തു കാൽ വെട്ടാൻ പറ്റില്ലല്ലോ .. 

കടൽ കടന്നപ്പോൾ ഇഷ്ടപ്പെട്ട പാദുകങ്ങൾ അണിയാനായി. അങ്ങനെ നീണ്ട വ്യാഴവട്ടക്കാലം എന്റെ പാദങ്ങൾ ഷൂവിനുള്ളിൽ ഞെരിഞ്ഞമർന്നു. എന്റെ ഷൂ കണ്ടവർ അതിനെ "വള്ളമെന്നു" ഉപമിച്ചു . 

നാട്ടിൽ തിരിച്ചെത്തി . ഷൂവിൽ നിന്ന് എന്റെ പാദങ്ങളെ മോചിപ്പിച്ചു. ബാറ്റ യുടെ ഷോറൂമിൽ കയറി ഇഷ്ടപ്പെട്ട ഒരു കെട്ടുചെരിപ്പ് സംഘടിപ്പിച്ചു. പത്തു ഇഞ്ചിൽ എന്റെ പാദങ്ങൾ അല്പം ഞെരുങ്ങിയെങ്കിലും കയറിക്കൂടി . അതിൽ വലിയ സൈസ് കടയിൽ ഇല്ലാത്തതിനാൽ ഉടമ പറഞ്ഞു " കുറച്ചു കഴിയുമ്പോൾ ചെരിപ്പ് വലിഞ്ഞോളും " 

ചെരുപ്പ് വലിഞ്ഞു വലുതായതോ അതോ കാലു ഷൂവിട്ടു ഒതുങ്ങിയതോ ഞാൻ ആ ചെരുപ്പ് അതിന്റെ കെട്ടിടാതെ ഈ മഴക്കാലം വരെ ഉപയോഗിച്ചിച്ചു. മഴ നനഞ്ഞ ആ പാദുകങ്ങൾ എന്നെ വിട്ടുപോയപ്പോൾ , അതെ ചെരുപ്പ് വാങ്ങാൻ വേണ്ടി വീണ്ടും അവിടെ പോയി . പക്ഷെ ഇത്തവണ പണി പാളി 

അതെ ചെരുപ്പ് എന്റെ പാദങ്ങളിൽ കയറാൻ കൂട്ടാക്കുന്നില്ല. അവസാനം കടയുടമ പറഞ്ഞു ദാ അവിടെവെച്ചു സൈസ് ഒന്ന് നോക്കിയേ 

ഞാൻ കാലെടുത്തു വെച്ച് നോക്കി 11 നും 12 ഇഞ്ചിനും ഇടയിൽ നിൽക്കുന്നു. എന്റെ കണ്ണ് തള്ളി . കടയുടമയുടെ കണ്ണ് താഴോട്ട് വീണില്ലന്നേ ഉള്ളു 

സോറി ഈ സൈസ് ചെരുപ്പ് ഇവിടെ കിട്ടൂല്ല.  അയാൾ പറഞ്ഞു 

അല്ല കഴിഞ്ഞവർഷം ഞാൻ ഇവിടുന്നു വാങ്ങിയതാ സെയിം സാധനം . ഞാൻ തർക്കിച്ചു 

ഒരു വര്ഷം കൊണ്ട് എന്റെ കാലു വീണ്ടും വലുതായോ ?? അടക്കി ഒതുക്കി ഷൂവിനുള്ളിൽ വെച്ചിരുന്ന പാദങ്ങൾ അവസരം കിട്ടിയപ്പോൾ മുതലാക്കിയിരിക്കുന്നു. 

പഴയപോലെ നിരാശനായി ഞാൻ വീണ്ടും എന്റെ പാദങ്ങൾക്ക് പറ്റിയ പാദുകങ്ങൾ തപ്പി യിറിങ്ങി . 



 






Thursday, May 20, 2021

ഇ സഞ്ജീവനി

ഈ സഞ്ജീവനി 

"മാമ വാപ്പാടെ ഗുളിക തീർന്നു" .  

സുഹൈലിന്റെ കാൾ. ശരിയാണ് വാപ്പയെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു.  രണ്ടാഴ്ച   കഴിഞ്ഞു വന്നു കാണണമെന്ന് ഡോക്ടർ പറഞ്ഞതുമാണ്. ലോക്ക് ഡൗണും കോവിഡിന്റെ ആധിക്യവും കാരണം ആ പോക്ക് നടന്നില്ല. ഇനിയും വെച്ച് താമസിപ്പിക്കാൻ പാടില്ല. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗവണ്മെന്റ് ഹോസ്പിറ്റൽ ആണ് ആശ്രയം. പഴയ ദുരഭിമാനമൊന്നും ഇപ്പോഴില്ല. നല്ല ചികിത്സ , അനാവശ്യ ടെസ്റ്റുകൾ ഇല്ല. പിഴിച്ചിൽ ഇല്ല. പണ്ടുണ്ടായിരുന്ന പോലെ, ഹുങ്ക് കാണിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമില്ല. സ്‌നേഹഹത്തോടെ, കരുതലോടെ നിൽക്കുന്നവർ. 

ജേഷ്‌ഠന്റെ മരണത്തോടെ വാപ്പ ആകെ തകർന്നുപോയിരിന്നു. എഴുപത്തിന്റെ മുകളിൽ പ്രായമുണ്ടായിട്ടും ചില ചെറിയ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ വേറൊരു അസുഖവും ഇല്ലായിരുന്ന ആളാണ്. പക്ഷെ മൂത്താപ്പയുടെ വേർപാട് മാനസികമായി തളർത്തി കളഞ്ഞു. അങ്ങനെയാണ് സ്ഥിരമായി ആശുപത്രിവാസിയായി വാപ്പ മാറുന്നത്. പക്ഷെ ഇപ്പോൾ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തിരുവനന്തപുരം ട്രിപ്പിൾ ലോക് ഡൌൺ. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തടസമൊന്നുമില്ല. പക്ഷെ ഹോസ്പിറ്റലിൽ കൊണ്ടുപോയി കോവിഡിനെ കൂട്ടികൊണ്ടു വരണോ എന്ന എന്റെ ചിന്ത പലപ്പോഴും എന്നെ പിന്തിരിപ്പിച്ചു എന്നതാണ് സത്യം. 

എന്ത് ചെയ്യും ?? ഞാൻ ആകെ കൺഫ്യൂഷനിലായി. 

അപ്പോഴാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ കുറച്ചു ദിവസം മുൻപുള്ള ഫേസ്ബുക് പോസ്റ്റ് ഓർത്തത്. വീട്ടിലിരുന്നുകൊണ്ടു കൊണ്ട് ഡോക്ടറെ നമുക്ക് കൺസൾട്ടു ചെയ്യാൻ കഴിയുന്ന ഗവണ്മെന്റിന്റെ ആപ്പായ ഈ സഞ്ജീവനി ആപ്പ്. ഒന്ന് ട്രൈ ചെയ്താലോ ...

ഞാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തു, ഓപ്പൺ ചെയ്തു. പേഷ്യന്റ് രജിസ്ട്രേഷനിൽ ടാപ് ചെയ്തു. അതിൽ പറയുന്നപോലെ സംസ്ഥാനം സെലക്ട് ചെയ്തു. അപ്പോൾ രണ്ടു ഓപ്‌ഷൻ General OPD and Specialty OPD. നമ്മൾ General OPD യാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതിൽ തന്നെ വേറെ രണ്ടു ഓപ്‌ഷൻസ് ഉണ്ട്. കോവിഡിന് വേണ്ടി ഒന്നും സാധാ അസുഖങ്ങൾക്ക് വേണ്ടി മറ്റൊന്നും. അത് തിരഞ്ഞെടുത്തു കഴിഞ്ഞാൽ മൊബൈൽ നമ്പർ രെജിസ്റ്റർ ചെയ്യക. പിന്നീട് OTP എന്റർ ചെയ്തു മുന്നോട്ട്പോകുമ്പോൾ രോഗിയുടെ വിവരങ്ങൾ ടൈപ്പ് ചെയ്യുക. പഴയ ഫയലുകൾ ഉണ്ടെങ്കിൽ അതു അറ്റാച്ച് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. അതിനു ശേഷം ടോക്കൺ ജെനെറേറ്റ് ചെയ്യുക. ടോക്കൺ നമ്പർ മെസ്സേജ് ആയി വന്നു കഴിയുമ്പോൾ മൊബൈൽ നമ്പറും ടോക്കണും കൊടുത്തു കഴിയുമ്പോൾ ഓൺലൈൻ ഓ പി യിൽ പ്രവേശിച്ചു കഴിഞ്ഞു. നമ്മുടെ ഊഴം കാത്തിരിക്കുക . നമ്മുടെ മുൻപിൽ എത്ര പേരുണ്ടെന്ന് നമുക്ക് അറിയാൻ കഴിയും. ഇടക്ക് റിഫ്രഷ് ബട്ടൺ അമർത്തിയാൽ മുന്നിലെ  ക്യു  കൃത്യമായി അറിയാൻ കഴിയും. നമ്മുടെ സമയമാകുമ്പോൾ ഒരു റിങ് ടോൺ കേൾക്കും . അപ്പോൾ ഡോക്ടറെ കണക്ട് ചെയ്യാനുള്ള ബട്ടൺ ടാപ്പ് ചെയ്യണം. അപ്പോഴേക്കും ഡോക്ടർ വീഡിയോകോളിൽ വരും. സാധാരണ ഡോക്ടറെ കാണുന്നത് പോലെ കാര്യങ്ങൾ പറയുക. അത് കഴിയുമ്പോൾ ഡോക്ടർ മരുന്ന് കുറിക്കും. കാൾ കട്ട് ചെയ്തു കഴിഞ്ഞാൽ പ്രെസ്‌ക്രിപ്‌ഷൻ നമ്മുടെ സ്‌ക്രീനിൽ വരും അത് ഡൌൺലോഡ് ചെയ്യുക. ഫാർമസിയിൽ പോകുക. അത് കാണിക്കുക മരുന്നു വാങ്ങിക്കുക . 

വളരെ ഉപയോഗപ്രദമായ ഒരു കാര്യമായതുകൊണ്ടാണ് ഇത്രയും വ്യക്തമായി എഴുതിയത്. മഹാമാരിയുടെ ഈ കാലത്തു ആശുപത്രിയിൽ നേരിട്ട് പോയി ചികിത്സ വേണ്ടാത്ത ഒരുപാട് അസുഖങ്ങൾക്ക് ഈ ഓൺലൈൻ ചികിസ വളരെ സഹായകരമാണ്. വാപ്പയെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന എന്റെ ടെൻഷൻ മാറി. 

പ്ലേയ് സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.  

https://play.google.com/store/apps/details?id=in.hied.esanjeevaniopd 

ഐ ഫോണിൽ ലഭ്യമാണോന്ന് അറിയില്ല അതുപോലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ആപ്പ് പ്രവർത്തിക്കുന്നു എന്നാണ് എന്റെ അറിവ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ പലരും ആപ്പിനെ കുറിച്ച് മോശം റിവ്യൂ ഇട്ടിട്ടുണ്ട്.