Monday, June 13, 2022

സത്യസന്ധത

 മൊബൈൽ ഫോണിൻ്റെ റിങ് കേട്ടാണ് ഞാൻ ഉണർന്നത്. . ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ ചാർജ് ചെയ്യാൻ വെച്ചിരിക്കുന്ന ഫോൺ കൈയെത്തി എടുത്തു  ഡിസ്പ്ലേയിലേക്ക് നോക്കി. വാപ്പയാണ്. 

ഹലോ അസ്സലാമു അലൈകും..

വ അലൈക്കുമുസ്സലാം .. 

നീയെന്നാ ഇങ്ങോട്ട് വരുന്നത് ? വാപ്പ ചോദിച്ചു 

എന്താ വാപ്പ... എന്തേലും അത്യാവശ്യമുണ്ടോ ? 

ഞാൻ തിരികെ ചോദിച്ചു . 

ഇല്ലടാ .. നിനക്കൊരു ഒരു കത്ത് വന്നിട്ടുണ്ട് . 

കത്തോ .. എനിക്ക് ആശ്ചര്യം തോന്നി. എനിക്കൊരു കത്തു വന്നിട്ട് ഒരു വ്യാഴവട്ടമെങ്കിലും ആയിക്കാണും. 

ടാ ബാങ്കിന്ന്‌ ആണെന്നു തോന്നുന്നു. ഇംഗ്ലീഷിൽ ആണ് ..  വാപ്പ പറഞ്ഞു 

ബാങ്കിന്നോ ?? നാട്ടിലെ ഒരു ബാങ്കുമായിട്ടും ഒരിടപാടും എനിക്ക് എല്ല. ആകെയുള്ള ഒരു എൻ ആർ ഐ അക്കൗണ്ട് ആണ് .. അതിലാണെങ്കിൽ മിനിമം ബാലൻസ് കൂടുതലൊന്നുമില്ലതാനും

ചിലപ്പോൾ എടിഎം കാർഡിന്റെ വല്ലോം ആയിരിക്കും. വാപ്പ പറഞ്ഞു. 

ഞാൻ ഞായരാഴ്ച അങ്ങോട്ട് വരാം വാപ്പ.. ഞാൻ പറഞ്ഞു നിർത്തി .. 


ഒകെ എന്നാ ... വെക്കട്ടെ വാപ്പാ ഞാൻ ഫോൺ വെച്ചു. സമയം അഞ്ചു കഴിഞ്ഞിരിക്കുന്നു.

"ചായ ഇടട്ടെ" ..  ഭാര്യയുടെ ഉമ്മയാണ്. എന്റെ ശബ്ദം കേട്ടു ചോദിച്ചതാണ്. ഉം.. മൂളിക്കൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴും ചിന്ത മുഴുവൻ  വാപ്പ പറഞ്ഞ കത്തായിരുന്നു. ബാങ്കിന്ന് കത്തയക്കാൻ ഒരു സാധ്യതയും കാണുന്നില്ല. കുറച്ചു കഴിഞ്ഞു ഭാര്യയെ എടുക്കാൻ പാലോട് പോകണം. ജോലി കഴിഞ്ഞു അവിടെ എത്തുമ്പോൾ നേരം ഇരുണ്ടുകഴിഞ്ഞിരിക്കും. പാലോട് നിന്നും ഇരുവശവും കാട് നിറഞ്ഞ റോഡിൽ സീതയെ കൊന്ന വളവ് കഴിഞ്ഞു വേണം മൈലമൂടു  എത്താൻ. ഏഴു മണിക്ക് ലാസ്റ്റ് ബസ്. അത് കിട്ടിയില്ലെങ്കിൽ പിന്നെ ബുദ്ധിമുട്ടാണ്. ഒരു ഭർത്താവെന്ന നിലയിൽ ഉത്തരവാദിത്തമാണല്ലോ ജോലിക്കാരിയായ ഭാര്യയെ സെയ്ഫ് ആയി വീട്ടിൽ എത്തിക്കുക എന്നത്.

അഞ്ചാറു കിലോമീറ്റർ താണ്ടി രാവിലെയും വൈകിട്ടും ഞാൻ ആകുന്ന ഭർത്താവ് എന്റെ ഉത്തരവാദിത്തം പൂർണമായും നിറവേറ്റികൊണ്ടിരിന്നു. 

ഡീ എനിക്കൊരു കത്ത് വന്നെന്നു. വാപ്പ വിളിച്ചു പറഞ്ഞു..

പാലോട് ബസ് സ്റ്റോപ്പിൽ നിന്നു അവളെയും പിക്ക് ചെയ്തു ഇരുവശവും മരങ്ങൾ നിറഞ്ഞ, ജാമ്പാവാന്റെ കാലത്ത് എപ്പോഴോ ഇട്ട ടാർറോഡിലൂടെ കുലുങ്ങി കുലുങ്ങി പോകുന്ന ബൈക്കിൽ, വീഴാതിരിക്കാൻ മുറക്കിപിടിച്ചിരിക്കുന്ന അവളോട്‌ ഞാൻ പറഞ്ഞു.

കത്തോ .... ആരായക്കാൻ? അവൾ ചോദിച്ചു.

ബാങ്കിനെന്നാ വാപ്പ പറഞ്ഞത്.. ഞാൻ പറഞ്ഞു നിർത്തി.

പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പറഞ്ഞു. " ശരിയായിരുക്കും. ബാങ്കിന്ന് വരാൻ സാധ്യതയുണ്ട്. കുറച്ചു ദിവസം  മുൻപല്ലേ നിന്റെ പേഴ്സ് കളഞ്ഞു പോയത്. എടിഎം കാർഡ് ബ്ലോക്ക്‌ ചെയ്യാൻ വിളിച്ചു ബാങ്കി പറഞ്ഞില്ലായിരുന്നോ. അതിന്റെ വല്ലോമായിരിക്കും..

ശരിയാണ് അതിനുള്ള ഒരു സാധ്യത ഉണ്ട്. ഞാൻ ഊഹിച്ചു. 

അതെ കുറച്ചു  ദിവസങ്ങൾക്ക് മുൻപ് പതി വ്പോലെ അവളെയും കൊണ്ടാക്കി തിരിച്ചു വന്നു വീട്ടിൽ എത്തിയപ്പോൾ പോക്കറ്റിൽ പേഴ്സ് ഇല്ല. ആകെ പേഴ്സ് എടുത്തത് പെട്രോൾ അടിക്കാൻ മാത്രമാണ്. ആദ്യത്തെ പരിഭ്രമത്തിന് ശേഷം, നേരെ വണ്ടി പെട്രോൾ പമ്പിലേക്ക് വിട്ടു. പെട്രോൾ അടിച്ച ചേച്ചിയോട് കാര്യം പറഞ്ഞപ്പോൾ, അകത്തു സാറിന്റെ ഓഫീസിൽ ക്യാമറയുണ്ട്. അവിടെ പോയി ചെക്ക് ചെയ്തു നോക്കാൻ പറഞ്ഞു.

അകത്തു കയറി മാനേജറിനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം അപ്പോൾ തന്നെ സി സി ടി വി റെക്കോർഡ് ചെക്ക് ചെയ്തു . പക്ഷെ അതിലൊന്നും എന്റെ പേഴ്സ് പോയത് കണ്ടെത്താൻ കഴിഞ്ഞില്ല.

നിരാശനായി, പോയ വഴിയൊക്കെ അരിച്ചു പെറുക്കിയെങ്കിലും നോ രക്ഷ.. പേഴ്സ് കിട്ടിയില്ല. വലിയ നിരാശയൊന്നും വേണ്ടെന്നു എനിക്ക് പിന്നീട് തോന്നി. പെട്രോൾ അടിച്ചതിന്റെ ബാക്കി ഒരു മുന്നൂറ് രൂപ, ഒരു എടിഎം കാർഡ് പിന്നെ ആധാറിന്റെയും ലൈസെൻസിന്റെയും കോപ്പികൾ, പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ  ഇത്രയുമായിരുന്നു അതിലെ ജംഗമവസ്തുക്കൾ.

ബാങ്കിൽ വിളിച്ചു എടിഎം കാർഡ് ബ്ലോക്ക്‌ ചെയ്യാൻ പറഞ്ഞു. ഞാൻ പുതിയ പേഴ്സ് വാങ്ങി മേൽ പറഞ്ഞതെല്ലാം എടിഎം ഒഴികെ ബാക്കിയെല്ലാം പതിവുപോലെ അതിൽ സ്ഥാനം പിടിച്ചു. ഓർമയുടെ താഴ്‌വാരത്തിൽ എവിടെയോ പഴയ പേഴ്സ്  പോയി മറഞ്ഞു.

എന്തായാലും സൺ‌ഡേ വീട്ടിലൊന്നും പോണം. ഞാൻ പറഞ്ഞു.

എന്നാ ഞങ്ങളും വരാം.. അവൾ പിന്നിൽ നിന്നും മൊഴിഞ്ഞു

വേണ്ടാ പെട്രോളിനൊക്കെ ഇപ്പോൾ എന്താ വിലയാ... ഞാൻ ബൈക്കിലാ പോണത്.. ഞാൻ പറഞ്ഞു.

നിരാശ നിറഞ്ഞ അവളുടെ മുഖം റിയർ വ്യൂ മിററിലൂടെ  ഇരുളിന്റെ മൂടപടത്തിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല.

ഞായറാഴ്ച. നനുത്ത പ്രഭാതത്തിൽ സൂര്യകിരണങ്ങൾ ഭൂമിയിൽ പതിയും മുൻപേ ഭാര്യ വീട്ടിൽ നിന്നും തിരിച്ചു. 45 കിലോമീറ്ററോളം  ദൂരമുണ്ട് റാത്തിക്കൽ എത്താൻ. കഴിഞ്ഞ കുറച്ചു കാലമായി ഭാര്യ  വീട്ടിൽ ആണ് താമസം. പ്രവാസം വിട്ടു പുതിയ ബിസിനസ്‌ സംരംഭമായ "കോഴി കൃഷി" തുടങ്ങിയതിൽ പിന്നെ. അതായിരുന്നു എളുപ്പം പോയി വരാനും മറ്റും. ആഴ്ചയിലോ മറ്റൊ വീട്ടിലേക്ക് പോകും. 

" ങ്ങാഹ് നീ രാവിലെ തന്നെ എത്തിയാ.. വാപ്പ കണ്ട ഉടനെ ചോദിച്ചു.

നിന്റെ ബിസിനസ്‌ ഒക്കെ എങ്ങനെ ഉണ്ട്?  തീരെ ഇഷ്ടമില്ലാത്ത സ്വരത്തിൽ വാപ്പ ചോദിച്ചു. ഡാ അതൊന്നും നിനക്ക് പറ്റിയ പണിയല്ല.. നിനക്ക് തിരിച്ചു ഗൾഫി പൊക്കൂടെ.. അതിന്റെ ബാക്കി എന്നോണം വാപ്പ ചോദിച്ചു.

വാപ്പാ കത്തെവിടെ? വാപ്പയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ ചോദിച്ചു.

വാപ്പ അലമാരയുടെ ഡ്രായർ തുറന്നു കത്തെടുത്തു എന്റെ നേരെ നീട്ടി.

ഇതു ഇൻലാൻഡ് ആണല്ലോ? അത്ഭുതത്തോടെ ഞാൻ പറഞ്ഞു. ഒരു ഇൻലാൻഡ് കണ്ട കാലം മറന്നു. ഞാൻ "To" അഡ്രെസ്സ് ന്റെ ഭാഗത്തു കാക്ക കോറിയിട്ട ഇംഗ്ലീഷിൽ എന്റെ പേരും അഡ്രസ്സും

തിരിച്ചു നോക്കിയപ്പോൾ " From" ന്റെ സ്ഥാനത്ത്  "ദിവാകരൻ  ലക്ഷ്മി നിലയം പാലോട്" ഇത്രമാത്രം

ഇൻലാൻഡ് തുറന്നപ്പോൾ

തീരെ ഭംഗിയില്ലാത്ത കൈപ്പടയിൽ

"പ്രിയപ്പെട്ട സുഹൃത്തെ

താങ്കളുടെ പേഴ്സ് എന്റെ കൈയിൽ കിട്ടിയിട്ടുണ്ട്. നേരിട്ട് വന്നു കൈപ്പറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു"

പിന്നെട് തേരട്ട ചുരുണ്ടു കിടക്കുന്നപോലെ ഒരൊപ്പും. ഒരു ഫോൺ നമ്പർ എങ്കിലും വെക്കാമായിരുന്നു. ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ  പിന്നീട് അനല്പമായ സന്തോഷം തോന്നി. ഇക്കാലത്തും ഇത്രയും സത്യസന്ധനായ വ്യക്തിയോ. ഒരല്പം ബഹുമാനവും. അയാളെ പെട്ടന്ന് തന്നെ കാണണമെന്ന് എനിക്ക് തോന്നി. പേഴ്സ് തിരിച്ചു കിട്ടുന്നതിൽ അല്ല. മറിച്ചു അയാൾ കാണിച്ച ആത്മാർത്ഥത..

ഞാൻ വാപ്പയോടു കാര്യം പറഞ്ഞു.

അല്ലേലും നിനിക്ക് പണ്ടേ ശ്രദ്ധ ഒത്തി കുറവാ.. വാപ്പ പറഞ്ഞു. നീ നാളെയല്ലേ പോകൂ...

നാളെയെ പോകൂ.. ഞാൻ പറഞ്ഞു.

പിറ്റേ പ്രഭാതത്തിൽ ഞാൻ തിരിച്ചു, സത്യസന്ധനായ ആ വ്യക്തിയെ കണ്ടു മനസ് നിറഞ്ഞൊന്നു അഭിനന്ദിക്കാൻ.

പാലോട് എത്തി. പരിചയമുള്ള ഒരു വർക്ക്‌ ഷോപ്പിൽ ആ പേരും അഡ്രെസും ചോദിച്ചു. ആദ്യം അവർക്ക് മനസിലായില്ല. ഞാൻ സംഭവം മൊത്തം അവരോടു പറഞ്ഞു. 

എന്റെ അറിവിൽ മൂന്ന് ദിവാകരൻ  മാരാണ് ഉള്ളത്. ഒരാൾ ആയുർവേദ ഡോക്ടർ ആണ് പക്ഷെ വീട്ടുപേര് എനിക്കറിയില്ല. രണ്ടാമത്തെ ആൾ ഇപ്പോൾ നാട്ടിൽ ഇല്ല. ഗൾഫിലോ മറ്റൊ ആണ്. പിന്നെ മൂന്നാമത്തെ ആള്. അയാൾ ആവാൻ ഒരു വഴിയുമില്ല. അവൻ ആളൊരു തരികിടയാണ്. എപ്പോഴും ഫിറ്റാ... മറ്റുള്ളവരെ ഊമ്പിച്ചു കള്ള് കുടിക്കാൻ വേണ്ടി  മാത്രം ഒരു ജന്മം.  വർക്ക്‌ ഷോപ്പ് ഉടമ പറഞ്ഞു നിർത്തി.

എന്തായാലും ആ ഡോക്ടറെ ഒന്ന് കണ്ടു നോക്ക്. അയാൾ ആവാൻ വഴിയുണ്ട്.  ഇവിടുന്ന് നേരെ ഒരു 200 മീറ്റർ പോയ വലതു ഭാഗത്തു ഒരു ക്ലിനിക് കാണാം.  അവിടെ കാണും ഡോക്ടർ.

ഇറങ്ങുപ്പോൾ അയാൾ  പറഞ്ഞു.

ഞാൻ ബൈക്കോടിച്ചു ക്ലിനിക്കിൽ എത്തി. നേരം രാവിലെ പതിനൊന്നു മണി ആയതിനാൽ  തീരെ തിരക്കുണ്ടായിരിന്നില്ല. ഡോക്ടറെ കണ്ടു കാര്യം പറഞ്ഞപ്പോൾ "ഇതു ഞാൻ അല്ല. എന്ന് മറുപടി. പിന്നെ മറ്റേ ദിവാകരൻ ആകാനുള്ള സാധ്യതയും ഇല്ല.

അതെന്താ ഡോക്ടർ അങ്ങനെ? വർക്ക്‌ ഷോപ്പ് ഉടമ പറഞ്ഞത് മനസ്സിൽ വെച്ചുകൊണ്ട് ചോദിച്ചു.

അവനിവിടെ എല്ലാ ദിവസവും വൈകിട്ട് ഒരു അഞ്ചു മണിയാവുമ്പം വരും. ഒരു പെഗിനുള്ള പൈസക്ക്. ചിലപ്പോഴൊക്കെ ഞാൻ കൊടുക്കും. പട്ടാളത്തിൽ നല്ല ജോലി ഉണ്ടായിരുന്നതാ.. കയ്യിലിരിപ്പ് കൊണ്ട് പോയതാ..

പേഷ്യൻസ് ഒന്നും ഇല്ലാത്തതു കൊണ്ട്, കത്തി വെക്കാൻ ഒരാളെ കിട്ടിയപ്പോൾ കഥ  പറയാനുള്ള മൂഡിലാണ് ഡോക്ടറെന്ന് എനിക്ക് തോന്നി.

അതെങ്ങെനെയാ  അയാടെ ജോലി പോയത്? ചെറിയൊരു ആകാംഷയോടെ ഞാൻ ചോദിച്ചു.

കള്ള് കുടിച്ചു മേജറെ  അടിച്ചതാ... അവിടെന്നു കോർട്ട് മാർഷ്യൽ ഒക്കെ കഴിഞ്ഞു നാട്ടിൽ വന്നപ്പോ കെ എസ് ആർ  ടി സിയിൽ ജോലി കിട്ടിയതാണ്.

എന്നിട്ടോ? തികട്ടി വന്ന ആകാംഷയിൽ ഞാൻ വീണ്ടും

ഒരു ദിവസം  തിരുവനന്തപുരം ഡിപ്പോയിന്നു ഒരു ബസും അടിച്ചു മാറ്റി പുള്ളി മുങ്ങി. പിന്നെ പൊങ്ങിയത് പെരിന്തൽമണ്ണയിൽ. വണ്ടീടെ ഡീസൽ തീർന്നപ്പോ.

അതോടെ ആ പണിയും പോയി. ഉണ്ടായിരുന്ന വീടും വസ്തുമൊക്ക വിറ്റു കുടിച്ചു കുടിച്ചു ഇപ്പൊ മറ്റുള്ളവരുടെ മുൻപിൽ തെണ്ടലാ.. കുടിക്കാൻ..

എന്തായാലും അവൻ ആവാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല.

എന്റെ പ്രതീക്ഷ മങ്ങി. ഓക്കേ ഡോക്ടർ ഞാൻ യാത്ര പറഞ്ഞു ഇറങ്ങി. എന്തായാലും വൈകിട്ട് ഇങ്ങോട്ട് വാ.നമുക്ക് നോക്കാം. കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ.. 

വൈകുന്നേരം വരാമെന്നു പറഞ്ഞു ഞാൻ ഇറങ്ങി.

ഒരു നാലര  ആയപ്പോൾ ഞാൻ വീണ്ടും ഡോക്ടറെ കാണാൻ വീണ്ടും എത്തി. രണ്ടു മൂന്നു പേർ ഡോക്ടറെ കാണാൻ അപ്പോഴുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ പുറത്തെ കസേര ചൂണ്ടി 

"അവിടെ ഇരിക്ക്.. ഞാൻ ഇതൊന്നു കഴിയട്ടെ...അയാൾ വരാറാവുന്നേ ഉള്ളൂ.  ഡോക്ർ പറഞ്ഞു. മണിക്കൂർ ഇഴഞ്ഞു നീങ്ങി. ആറു മണി ആയിട്ടും ദിവാകരൻ വന്നില്ല.

പേഷ്യൻസ് ഒക്കെ കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്കു വന്നിട്ട് പറഞ്ഞു. ഇന്ന് വേറെ എവിടെന്നോ കള്ള് കുടിക്കാനുള്ള വക ഒത്തിട്ടുണ്ട്.. 

എന്തായാലും ഒരു അര  മണിക്കൂർ കൂടി നോക്കാം ഞാൻ പ്രതീക്ഷ  കൈ വിടാതെ പറഞ്ഞു.

ആറര  ആയല്ലോ. ഞാൻ ക്ലിനിക് ക്ലോസ്ചെയ്യാൻ പോവാ. തന്റെ ഒറ്റമുറി ക്ലിനിക്  ഷട്ടർ ഇടാൻ പോവുകയാണെന്നു ഡോക്ടർ പ്രഖ്യാപിച്ചു.

പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കിയിട്ട്.. "നിങ്ങൾക്ക് ഭാഗ്യം ഉണ്ട് കേട്ടാ. ദിവാകരൻ വരുന്നുണ്ട്. ദോ കണ്ടോ ആവരുന്നതാണ് ദിവാകരൻ." ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു

ദൂരേന്നു ഒരാൾ താളത്മകമായി ആടി ആടി വരുന്നു. ഒരു മെല്ലിച്ച രൂപം.  അടുത്തെത്തിയപ്പോൾ മുഖം  കുറച്ചുകൂടി വ്യക്തമായി.  കുഴിഞ്ഞ കവിളുകൾ, ഷേവ് ചെയ്യാതെ തോന്നിയ പോലെ വളർന്നിറങ്ങിയ താടി. കള്ളിന്റെ കറ പറ്റിപ്പിടിച്ചു ചെമ്മണ്ണിന്റെ നിറം കലർന്ന നരച്ച മീശ. ഒട്ടുമുക്കാലും കഷണ്ടി നിറഞ്ഞ  നരവീണ  തലമുടിയും തോളിൽ ഒരു തോർത്ത്‌. പക്ഷെ മുഖത്ത് ഒരു ചിരിയുണ്ട്. ലോകത്തോട് മൊത്തം പുച്ഛമാണെന്ന മട്ടിലുള്ള ഒരു ചിരി 

കൈയിലെ എരിഞ്ഞു തീരാറായ ബീഡികുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു ദിവാകരൻ  ചോദിച്ചു 

"വൈദ്യരേ. ഇന്നെങ്കിലും മരുന്നിനുള്ള പൈസ ഇല്ലാന്ന് പറയരുത്. ഒന്നുമില്ലേലും നമ്മുടെ രണ്ടു പേരുടെയും പേര് ഒന്നല്ലേ" 

അല്ല ഇതാരാ... എന്നെ കണ്ടപ്പോൾ ഒരു ലോഡ് പുച്ഛം എനിക്ക് വാരി വിതറിയിട്ട് ഡോക്ടറോട് ചോദിച്ചു.

നിന്റെ കൈയിൽ ഇയാളുടെ പേഴ്സ് കിട്ടിയിരുന്നോ ദിവാകരാ? എന്നെ ചൂണ്ടി ഡോക്ടർ ചോദിച്ചു

ങ്ഹാ.. അപ്പൊ കത്ത് കിട്ടിയായിരുന്നോ..

എന്നിട്ട് മടിയിൽ നിന്നു എന്റെ പേഴ്സ് വലിച്ചെടുത്തു. ഇതല്ലേ സാധനം?

എന്നെ നോക്കി ദിവാകരൻ ചോദിച്ചു.

അതെ ഇതു തന്നെ.. ഞാൻ പറഞ്ഞു

എല്ലാം ഉണ്ടോന്നു നോക്കിയേ?

ഞാൻ പേഴ്സ് വാങ്ങി നോക്കി. എല്ലാം ഉണ്ട്, അതിൽ ഉണ്ടായിരുന്ന ക്യാഷ് ഒഴികെ. 

ക്യാഷ് ഇല്ല.. ബാക്കി എല്ലാം ഉണ്ട്. 

എന്റെയിൽ കിട്ടുമ്പോഴും പൈസ ഇല്ലായിരുന്നു. പുച്ഛത്തിനൊട്ടും കുറവില്ലാതെ ദിവാകരൻ  പറഞ്ഞു.

എന്നാലും ദിവാകരാ നീ ഇത്ര  നല്ലവനായിരുന്നോ? കളഞ്ഞു കിട്ടിയ പേഴ്സിന്റെ ഉടമയെ കത്തെഴുതി വിവരം  അറിയിക്കുക. എന്തൊരു മനസാടാ  നിന്റേതു.നമ്മളാരും ഇതു തിരിച്ചറഞ്ഞില്ലല്ലോടാ.. ഡോക്ടറിന്റെ സ്വരത്തിൽ കുറ്റബോധം അലിഞ്ഞിറങ്ങി.  

ആ പേഴ്സ് ഇങ്ങു തന്നേ  ഒരു കാര്യം പറയാനുണ്ട്. ദിവാകരൻ 

 അതെന്താ..  പേഴ്സ് അയാളുടെ കൈൽ കൊടുത്തിട്ട് ഞാൻ ചോദിച്ചു.

അതെ.. ഈ പേഴ്സ് തിരിച്ചു കിട്ടണമെങ്കിൽ എനിക്ക് 500 രൂപ തരണം.

ങേ.. ഞാൻ ഞെട്ടി.. ആദ്യമായിട്ടാണ് കളഞ്ഞു കിട്ടിയ പേഴ്സിന്റെ ഉടമയെ കത്തെഴുതി വരുത്തിയിട്ട് തിരിച്ചു കൊടുക്കാൻ ഇങ്ങനെ വില പേശുന്ന  ഒരാളെ കാണുന്നത്.

അതുവരെ ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവുമിക്കെ ഒരു നിമിഷംകൊണ്ട് ചോർന്നൊലിച്ചു പോയി. പകരം ദേഷ്യം അവിടെ കുടിയേറി.

എനിക്ക് പേഴ്സ് വേണ്ട.. അത് നിങ്ങള് തന്നേ എടുത്തോ... ഞാൻ പറഞ്ഞു

എന്നാ ഒരു 300... ദിവാകരൻ ഒന്ന് അയഞ്ഞു.

അഞ്ചു പൈസ ഞാൻ തരില്ല. അതിലൊരു 300 ഉണ്ടായിരുന്നു. അത് എടുത്തില്ലേ.. അതുമതി..

എന്നാ ഒരു 100 എങ്കിലും താടെ... ദിവാകരൻ കെഞ്ചി.

അയാളുടെ ദയനീയ ഭാവം കണ്ടു ഞാൻ ഒരു 100 രൂപ  എടുത്തു കൊടുത്തു.

 അത് കിട്ടിയ ഉടനെ പേഴ്സ് എടുത്തു തന്നിട്ട്  ഒരു ആക്കിയ ചിരിയും സമ്മാനിച്ചു  ദിവാകരൻ റോഡിലേക്ക് നടന്നു.

ഡോക്ടരുടെ മനസ്സിൽ നിന്നു അപ്പോൾ കുറ്റബോധം നടന്നിറങ്ങി ദിവാകരനോടൊപ്പം റോഡിലേക്ക് കയറി കഴിഞ്ഞിരുന്നു. 







Thursday, March 17, 2022

വാപ്പ

 എനിക്ക് വയ്യ വാപ്പാ ഇവിടെ നിക്കാൻ .... എത്ര  കൊല്ലമായി ഇവിടെ ജോലി ചെയ്യുന്നു .. എനിക്ക് മാത്രം ഒരു പുരോഗതിയുമില്ല ... എൻ്റെ അതെ പോസ്റ്റിലുള്ളവർക്ക്  നാലായിരം ദിർഹം ശമ്പളവും മൂവായിരം ഹൌസ് അലവൻസും ... എനിക്കിപ്പോഴും 1800 മാത്രം ..... 

എൻ്റെ വാക്കുകളിൽ സാലറി കൂടാത്തതിന്റെ നിരാശമാത്രമല്ല , കല്യാണം കഴിഞ്ഞു കൂടുതൽ കാലം ഭാര്യയുമായി ഒരുമിച്ചു നിൽക്കാത്തതിന്റെ വിരഹത്തിന്റെ നൊമ്പരവും നിറഞ്ഞു നിന്നിരുന്നു. 

ഞാൻ ഇങ്ങനെ പറയുമ്പോൾ " മോനെ നിന്റെ കല്യാണം ഇപ്പൊ കഴിഞ്ഞതേ ഉള്ളൂ . എങ്ങേനെലും അവിടെ പിടിച്ചു നിക്ക് . നമുക്ക് വേറെ വരുമാനമില്ല" .. ഇങ്ങനെ പറയുന്ന ഒരു വാപ്പ ആയിരുന്നു എന്റെ മനസ്സിൽ 

പക്ഷെ  " നിനക്കവിടെ അത്ര ബുദ്ധിമുട്ടാണെൽ നീയിങ് വാ ... പടച്ചോൻ തന്ന ആരോഗ്യമുണ്ടല്ലോ  ..... നമുക്കിവിടെ എന്തെങ്കിലും ചെയ്തു ജീവിക്കാം .  വാപ്പയുടെ വാക്കുകൾ എനിക്ക് അദ്ഭുതമായിരുന്നു . സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിരുന്നു അത്, എന്നിട്ട്പോലും വാപ്പ എന്റെ മനസ് വായിച്ചപോലെ പറഞ്ഞു . 

എന്റെ ധൈര്യമായിരുന്നു വാപ്പ. സങ്കടവും വിഷമവും വാപ്പയോടു പറയുമ്പോൾ വാപ്പ പറയുന്ന ഒരു വാക്കുണ്ട് .. എനിക്കറിയാമിടാ ... നീ ധൈര്യമായി ഇരി ...   ഞാൻ ഇതൊക്കെ എത്ര കഴിഞ്ഞതാ . 

അതെ ജീവിതത്തിന്റെ എല്ലാ വശങ്ങളും കടന്നുപോയ ഒരാളാണ് എന്റെ വാപ്പ. വളരെ ചെറുപ്പത്തിലേ വാപ്പയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ " ആറു വയസിൽ" ജോലി ചെയ്യാൻ തുടങ്ങിയതാണ് വാപ്പ . കഷ്ടപ്പാടിന്റെ വിഷമങ്ങൾക്കിടയിലും സ്വന്തം കുടുംബത്തിന്റ സുഖത്തിനു പ്രാധാന്യം നൽകി. 

ഗൾഫിൽ വന്നു, അത്യാവശ്യം വരുമാനം ആയപ്പോൾ ഞാൻ വാപ്പയോട്  പറഞ്ഞു " വാപ്പ ഇനി പള്ളിയിലേക്ക് പോകണ്ട .. വാപ്പാക്ക് കിട്ടുന്ന 5000 കൂടി ഞാൻ അധികം അയച്ചു തരാം ...   മോനെ എന്റെ ആറാമത്തെ വയസു മുതൽ ആ കടലിനോടു മല്ലടിച്ചു തുടങ്ങിയ ജീവിതമാണ് എൻ്റെ... പടച്ചോൻ ആരോഗ്യം നിലനിർത്തുന്ന കാലം വരെ ഞാൻ അദ്ധ്വാനിക്കും . പിന്നെ ഈ പള്ളിയിലെ പണി അത് എനിക്കെന്റെ റബ്ബ്മായി അടുക്കാനുള്ള മാർഗം കൂടിയാണ് " 

ആരോഗ്യം അനുവദിക്കുന്നവരെ വാപ്പ ആ ജോലി തുടർന്നു. അതിരാവിലെ നാലു  മണിക്ക് തുടങ്ങുന്നു വാപ്പയുടെ ജീവിതം. തഹജ്ജുദ് നിസ്കരിച്ചു കഴിഞ്ഞു എത്ര മഴയാണെങ്കിലും , തണുപ്പാണെങ്കിലും പള്ളിയിൽ പോകുമായിരുന്നു വാപ്പ.  വാപ്പയുടെ വാങ്ക് കേട്ടാണ്  റാത്തിക്കലുള്ള ഓരോരുത്തരും ഉറക്കമെണീറ്റിരുന്നത് . സുബ്ഹി കഴിഞ്ഞാൽ കുറച്ചുനേരം ഖുർആൻ പാരായണം . പിന്നീട് ദുഹാ നിസ്കാരം .. അങ്ങനെ പോകുന്നു വാപ്പയുടെ ഒരു ദിവസത്തെ ജീവിതചര്യ. പള്ളിയിൽ ഓരോ ജോലിയും വളരെ സന്തോഷത്തോടെയാണ് വാപ്പ ചെയ്തിരുന്നത് . അത് വാങ്ക് കൊടുക്കുന്നത് മുതൽ ജമാഅത്തിന് ഇമാം നിൽക്കുന്നതും പള്ളി വൃത്തിയാക്കുന്നത് വരെ . 

എന്ത് കാര്യത്തിലും കൃത്യനിഷ്ടയും അച്ചടക്കവും വാപ്പയുടെ മുഖമുദ്രയായിരുന്നു. അത് ചെയ്യുന്ന ജോലിആയാലും , സാമ്പത്തിക അച്ചടക്കം ആയാലും ( എനിക്ക് തീരെ ഇല്ലാതിരുന്നത് ) ധരിക്കുന്ന വസ്ത്രമായാലും . സാമ്പത്തിക അച്ചടക്കം വാപ്പയെ കണ്ടു പഠിക്കണം . മുപ്പത്തി അഞ്ചു വർഷം മുൻപ് പ്രവാസം നിർത്തിയതാണ് വാപ്പ ,അതിനുശേഷം എന്റെ വിദ്യാഭാസം , എൻ്റെ സഹോദരിമാരുടെ വിവാഹം, രണ്ടുപേർക്കും വീട് വെച്ച് കൊടുത്ത് മുതൽ, ബന്ധുക്കൾക്ക് സഹായിച്ചതൊക്കെയും നാട്ടിൽ നിന്ന് കൊണ്ടാണ് . 

കുട്ടിക്കാലത്ത് ഞാൻ  വാപ്പയെ ഓർക്കുന്നത് പ്രവാസിയായാണ്. വർഷത്തിൽ ഒരു മാസം ലീവിന് വരുന്ന വാപ്പ. പാന്റും ഷർട്ടും ഇൻ ഷർട്ട് ചെയ്തു റെയ്ബാൻ ഗ്ലാസ്സവെച്ചു എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ടു വരുന്ന വാപ്പയെ. റോത്മാൻസ് സിഗരറ്റ്ൻറെയും ബ്രൂ ത്തിന്റെയും സമ്മിശ്രഗന്ധം ...  അതൊരു വല്ലാത്ത മണമാണ്. ഓർമയിലെ സുഗന്ധം. ഞാൻ ഗൾഫിൽ വന്നപ്പോഴോ അതിനു മുൻപോ ശേഷമോ അങ്ങനെയൊരു ഗന്ധം ഞാൻ അനുഭവിച്ചിട്ടില്ല. പിന്നീട് നാട്ടിൽ  പലവജ്ഞന കട, തൊണ്ടു കയറു,കൊപ്ര ഇവയുടെ ബിസിനസ്സ് , ബിസ്‌ക്കറ്റിന്റെ ഡിസ്‌ട്രിബൂഷൻ, ബസ്  അങ്ങനെ എന്തെല്ലാം .  ഒന്നിനും ഒരു കുറവുമില്ലാത്ത കാലം . ജീവിതത്തിലെ മനോഹരമായ കാലം. 

പിന്നെയെപ്പൊഴോ , ജീവിതത്തിൽ കാലിടറി . ബിസിനസ്സുകൾ എല്ലാം പൊളിഞ്ഞു . അപ്പോഴും വാപ്പയുടെ മനസ് ഇളകിയില്ല. ഉമ്മയുടെ അസുഖം . മറ്റു ചില പ്രശ്നങ്ങൾ. ജീവിത്തിലെ മുകൾത്തട്ടിൽ നിന്നും താഴോട്ടുള്ള യാത്ര. വാപ്പയുടെ മനസു തളർന്നില്ല. പതറിയില്ല. പടച്ചോന്റെ പരീക്ഷണമാണെന്നു മാത്രം വിശ്വസിച്ചു . എല്ലാം സൃഷ്ട്ടാവിൽ സമർപ്പിച്ചു പള്ളിയിലെ "മുഅദ്ദിൻ" ജോലിയിലെ സന്തോഷം തിരിച്ചറിഞ്ഞു. ഖുർആനിൽ സമർപ്പിച്ചു. 

കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിയാതെ വളർന്ന ഞാൻ, മിക്കപ്പോഴും ജീവിതത്തിൽ മുന്നോട്ട് പോവാതെ പകച്ചു നിന്നപ്പോൾ , മുന്നിലെ വെളിച്ചം വാപ്പയായിരുന്നു . ഒരു ചെറുചിരിയോടെ എന്നെ ആശ്വസിപ്പിച്ചു . 

ഞാൻ വാപ്പയെ സ്നേഹിച്ചു തുടങ്ങുന്നത് വളരെ വൈകിയാണ് , ഒരുപക്ഷെ ഞാൻ ഒരു പിതാവായപ്പോൾ ആയിരിക്കാം .  തെറ്റ് ചെയ്‌താൽ നല്ല അടികിട്ടിമായിരുന്നു വാപ്പാടെ അടുത്തുന്നു; കുട്ടിക്കാലത്തു.  സ്നേഹമുണ്ട്, പക്ഷെ അതിലൊരു പേടിയുണ്ടായിരുന്നു. എന്തും പറഞ്ഞിരുന്നത് ഉമ്മയോടായിരുന്നു. ഉമ്മ മക്കളുടെ ഭാഗത്തായിരുന്നു.വാപ്പയോടു കലഹിച്ചെങ്കിലും, കാര്യങ്ങൾ പറഞ്ഞു സാധിച്ചു തന്നിരിന്നു ഉമ്മ. 

കാലം കുറെ മുന്നോട്ട് പോയപ്പോൾ , പ്രായം കുറെ കൂടിയപ്പോൾ, എന്റെ ഏറ്റവും നല്ല സുഹൃത്തായി വാപ്പ. പേടി മാറി, ആ ഉള്ളിലെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. എൻ്റെ പ്രവാസത്തിനിടയിലെ അവധി ദിനങ്ങൾക്കിടയിൽ നാട്ടിലെത്തുമ്പോൾ  രാത്രി ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഒരുമിച്ചു സംസാരിച്ചിരുന്നു. പഴയ കഥകൾ പറഞ്ഞു. വാപ്പയുടെ ജീവിതം പറഞ്ഞു, നാടിൻ്റെ ചരിത്രം പറഞ്ഞു...

ആയിടക്കാണ്, എന്റെ ഉറ്റസുഹൃത്തിന്റെ വാപ്പ മരിക്കുന്നതു. ഞങ്ങൾ അന്ന് പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ ആയിരുന്നു. സന്തോഷം പെട്ടന്ന് ദുഖത്തിന് വഴിമാറി. മസ്കറ്റ് എയർപോർട്ടിൽ അവനെ യാത്രയയക്കാൻ  ഡ്രൈവ് ചെയ്യുമ്പോൾ , മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു. 

കുട്ടിക്കാലത്തു ഒരു രാജകുമാരനെ പോലെ എന്നെ വളർത്തിയ മാതാപിതാക്കൾ പ്രായമാകുമ്പോൾ അവരോടപ്പം ചിലവഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് ജീവിതം . അന്ന് മുതൽ ചിന്തിച്ചു തുടങ്ങിയതാണ്  നാട്ടിൽ എങ്ങനെയെങ്കിലും സെറ്റിൽ ചെയ്യണമെന്ന് . ബാങ്ക് ബാലൻസ് ഇല്ല. കുഴപ്പമില്ലാത്ത ജോലി ആയിരുന്നുവെങ്കിലും എന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ ബാങ്ക് ബാലൻസ് എല്ലായിപ്പോഴും "0 "  ത്തിൽ തുടർന്ന് . ഒരിക്കൽ വാപ്പ എന്നോട് എന്റെ സാലറി എത്ര എന്ന് ചോദിച്ചില്ല. ഇത്ര അയക്കണമെന്ന് ശഠിച്ചില്ല . 

ഉർവശി ഉപകാരം എന്നപോലെ " അപ്പോഴാണ് എന്റെ ജോലി പോയത് " വേറൊന്നും ആലോചിച്ചില്ല നാട്ടിൽ പോയി എന്തെങ്കിലും ചെറിയ ബിസിനസ്സ് ചെയ്തു വാപ്പയുടെയും ഉമ്മയുടെയും കൂടെ ജീവിക്കണമെന്ന് തോന്നി. 

സ്വന്തമായി  വീടില്ല , പൈസ ഇല്ല രണ്ടു കുട്ടികൾ ആണ് . ഇതൊന്നും ആലോചിച്ചില്ല. കുറച്ചു കാലം നാട്ടിൽ നിന്ന് ചെയ്ത ബിസിനസ്സ് നഷ്ടമായപ്പോൾ വീണ്ടും പ്രവാസിയായി. വീണ്ടും കുറച്ചു കാലം ഗൾഫിൽ വീണ്ടും ജോലി പോയി . വീണ്ടും ചില ബിസിനസ്സകൾ പരീക്ഷിച്ചു . വാടക വീട്ടിൽ നിൽക്കുമ്പോഴും വാപ്പയും ഉമ്മയും അടുത്തുണ്ടല്ലോ എന്ന സന്തോഷമായിരുന്നു മനസ്സിൽ ....  പക്ഷെ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. 

അശനിപാതം പോലെ , വാപ്പയുടെ അസുഖം . മനസ്സിലെ  സ്വാകാര്യ സന്തോഷമായിരുന്നു വാപ്പയുടെ ആരോഗ്യം. 72  വയസ്സായിട്ടും ഷുഗറില്ല, കൊളസ്ട്രോളില്ല, ബി പി  അങ്ങനെ പറയത്തക്ക രോഗങ്ങൾ ഒന്നും വാപ്പാക്ക് ഇല്ല . പക്ഷെ അത് മാത്രമല്ല അസുഖമെന്ന ഞാൻ തിരിച്ചറിഞ്ഞു . 

ഇടക്കിടെ വാപ്പ പറയുമായിരുന്നു. " ഡാ എന്തെങ്കിലും ചെയ്ത കാലി അപ്പോ നീരു വരും "

അത് ഇത്രയും പ്രായമായില്ലെ ... അതിൻ്റെ താവും ... ഞാൻ പറഞ്ഞു. 

വാപ്പാക്ക് ഇടക്കിടെ സുഖമില്ലാതാവുന്നു . ബോധക്ഷയമുണ്ടാവുന്നു. ഓർമ്മ ശരിയാവുന്നില്ല.കുറച്ചു മാസങ്ങൾക്ക് മുൻപാണ്  മൂത്താപ്പ (വാപ്പയുടെ ജേഷ്‌ഠൻ ) മരണപ്പെടുന്നത്. അതിന്റെ മാനസികവിഷമമാകാം വാപ്പയെ മറവിയുടെ കയത്തിലേക്ക് തള്ളിയിടുന്നതെന്നു എനിക്ക് തോന്നി. മാനസിക രോഗ വിദഗ്ദ്ധനെ കാണിച്ചു. ന്യൂറോളജിസ്ട്നെ കാണിച്ചു , ഇ എൻ ടി ഡോക്ടറെ കാണിച്ചു . രോഗം മാത്രം  മാറിയില്ല. അവസാനം ഒരു വീഴ്ചയിൽ , ശരീരം ടെസ്റ്റ് ചെയ്തു . അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് . ഒരിക്കലും തിരിച്ചു  വരാനാകാത്തവിധം വാപ്പയെ രോഗം കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നു . 

മൂന്നുമാസം മാസം മാത്രമാണ് വാപ്പയുടെ ആയുസെന്നു കേട്ടപ്പോൾ ഞെഞ്ചൊന്നു കാളി. തികട്ടി വന്ന സങ്കടം ഉള്ളിലൊതുക്കി . അവസാനം ഒന്ന് കരയണമെന്നു തോന്നിയപ്പോൾ ആശുപത്രിയിലെ ടോയ്‌ലെറ്റിലെ ടാപ്പ് തുറന്നു നെഞ്ചിലെ ഭാരം കുറക്കുമ്പോഴും ആശ്വസിച്ചു . ഏയ് അങ്ങനെ ആവില്ല ആയുസ് നിശ്ചയിക്കാൻ ഡോക്ടർ ദൈവമൊന്നുമല്ലോല്ലോ .. 

അപ്പോഴും പാതി അബോധവസ്ഥയിൽ ഡോക്ടറിന്റെ കൺസൾട്ടിങ് റൂമിന്റെ പുറത്തിരുന്ന വാപ്പ എന്നോട് ചോദിച്ചു  

 " എത്ര ദിവസിമിടാ  എനിക്ക് ഡോക്ടർ പറഞ്ഞത് ? എന്തോ മുൻകൂട്ടി അറിഞ്ഞപോലെ വാപ്പ ചോദിച്ചു 

"അങ്ങനെ ഒന്നും പറഞ്ഞില്ല വാപ്പ . ജീവിതകാലം മൊത്തം മരുന്നുകഴിക്കണമെന്നു ഡോക്ടർ പറഞ്ഞു . അതീ ആള്ക്കാരു  ഷുഗറിനും കൊളസ്ട്രോളിനുമൊക്കെ മരുന്ന്   കഴിക്കുന്നില്ലേ"  മുഖത്ത് നോക്കാതെ ഞാൻ 

 പറഞ്ഞു. 

ധൈര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നു ആളല്ല എന്റെ വാപ്പ. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആരോഗ്യമൊന്നു മെച്ചപ്പെട്ടപ്പോൾ വാപ്പയെ 

ഹോസ്പിറ്റലിൽ  നിന്ന് ഡിസ്ചാർജ്  ചെയ്തു . 

ഡോക്ടർ പറഞ്ഞു " രോഗ പരിപാലനം ഉണ്ടെങ്കിൽ ആയുസ് കുറച്ചു കൂടി നീണ്ടുപോ കാം. 

കൃത്യമായ പരിചരണം കൊണ്ടാകാം മൂന്നുമാസം ആകാറായപ്പോൾ , പതിവുപോലെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയപ്പോൾ " മൂന്ന് മുതൽ ആറ് മാസം വരെ "  എന്ന് പറഞ്ഞു. 

എനിക്ക് സന്തോഷമായി .. ആറ് പന്ത്രണ്ട് ആവുമായരിക്കും. പക്ഷേ സാമ്പത്തികമായി ഞാൻ ആകെ തകർന്നിരുന്നു. കടങ്ങൾ പെരുകി വരുന്നൂ. ദുരഭിമാനം ആരുടെ മുന്നിലും കൈ നീട്ടാൻ അനുവദിച്ചില്ല. പക്ഷേ മനസറിയുന്ന എൻ്റെ ബാല്യകാല കൂട്ടുകാർ എന്നെ സഹായിച്ചിരുന്നു. പിന്നെ ഞാൻ പോലും അറിയാതെ മറ്റു ചിലരും. 

വീണ്ടും പ്രവാസിയാകൻ മനസ്സ് പറഞ്ഞു. വാപ്പയെ ഈ അവസരത്തിൽ പിരിയുന്നത് വല്ലാത്ത വേദനയായിരുന്നു. ഇനി ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞില്ലങ്കിലോ? മനസ്സിൽ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി. പക്ഷേ പോകാതെ പറ്റില്ലല്ലോ. മനസ്സില്ലാമനസ്സോടെ  അങ്ങനെ വീണ്ടും വിമാനം കയറി. വാപ്പയോട് യാത്ര വളരെ പെട്ടെന്ന് പറഞ്ഞിറങ്ങി. 

പോയിട്ട് വാടാ. എനിക്കറിയാം നിൻ്റെ അവസ്ഥ .. ഞാൻ ദുആ ചെയ്യാം " 

വേറൊന്നും പറയാതെ ഞാൻ വേഗം ഇറങ്ങി. ജോലി ചെയ്യുന്ന കമ്പനിയിൽ ഒറ്റ കാര്യമേ ആവശ്യപ്പെട്ടുള്ളൂ.. വാപ്പക്ക് എന്തെങ്കിലും പറ്റിയാൽ നാട്ടിൽ പോകണം. 

ഞാനീ അറബി നാട്ടിലെത്തി ഒരു മാസം പിന്നിടും മുൻപ്, ഒരിക്കലും കാണാനാകാത്ത വിധം എൻ്റെ പ്രിയപ്പെട്ട പിതാവ് എന്നെ വിട്ടുപോയി.

ഒരുപാട് സ്വപ്നങ്ങൾ നെയ്തിരുന്നു എന്നെക്കൊണ്ട് , എൻ്റെ പ്രിയപപെട്ട വാപ്പ.. പക്ഷേ എനിക്കൊന്നിനും ആയില്ല, വാപ്പ ആഗ്രഹിച്ച ഞാൻ ഒന്നുമായില്ല. എനിക്കൊന്നും കഴിഞ്ഞില്ല.

ഈ ലോകം വിട്ടുപോകുന്നതിന് മൂന്ന് ദിവസം മുൻപ്, ഇളയ സഹോദരിയോട് എന്നെ കാണണമെന്ന് പറഞ്ഞു. വീഡിയോ കോളിൽ ഒരു നിമിഷം എന്നെ ഒന്ന് കണ്ടൂ, സംസാരിച്ചില്ല. എൻ്റെ ഉള്ളൂ പിടഞ്ഞു. ഞാൻ കോൾ കട്ട് ചെയ്തു. നെഞ്ച് പൊട്ടിപോകുമെന്ന് തോന്നി. നിസ്കാര പായയിൽ മനമുരുകി പ്രാർത്ഥിച്ചു.

അവസാന നിമിഷങ്ങൾ കാണാൻ എന്നെ കൊണ്ടാവില്ലായിരുന്നു. അതുകൊണ്ട് തന്നെ പടച്ചവൻ അത് കാണിച്ചില്ല. ഭാര്യയുടെ വാക്കുകൾ മുറിഞ്ഞ മെസ്സേജ് കണ്ടപ്പോഴേ ഞാൻ ഊഹിച്ചു. ഇനി ഒരിക്കലും എൻ്റെ വാപ്പ എന്നെ കാണില്ലാന്ന്. എൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ , എൻ്റെ വിഷമങ്ങളിൽ ഒന്നിനും കൂടെ ഉണ്ടാവില്ലെന്ന്. 

കബർ അടക്കുംമുൻപ് എനിക്കെത്താനായില്ല. ഒരു ദിനം പിന്നിട്ടിരുന്ന് നാട്ടിൽ എത്തിയപ്പോൾ.  വാപ്പയുടെ ഖബറിൻ്റെ അരികിൽ എത്തുമ്പോൾ എനിക്ക് തോന്നി. ഇവിടെ എവിടെയോ എൻ്റെ പ്രിപ്പെട്ട വാപ്പ നിൽപ്പുണ്ടെന്ന്.. 

വേർപാടിൻ്റെ വേദന അത് വളരെ വലുതാണ്, എഴുതിയാലോ, പറഞ്ഞാലോ ആർക്കോ മനസ്സിലാവില്ല. ലോകത്ത് ദിവസവും എത്രയോപേർ മരിക്കുന്നു. അറിയുന്നവരും അല്ലാത്തവരും. മനസ്സിൽ എവിടെയൊക്കെയോ ചിലതൊക്കെ സ്പർശിചേക്കാം. പക്ഷേ ജീവിതത്തിൽ ആദ്യമായി നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ, ഇനി ഒിക്കലും ഇല്ലാന്ന് ഓർക്കുമ്പോൾ അതിലെ വേദന പറഞ്ഞറിയിക്കാൻ ആവില്ല. 

എവിടേക്കെങ്ങിലും പുറപ്പെട്ടാൽ , എത്തിയോന്ന് അറിയാൻ  മണിക്കൂർ ഇടവിട്ട് വിളിക്കാൻ, ഫോൺ വിളിക്കുമ്പോൾ, സ്വരത്തിൽ ചെറിയൊരു മാറ്റം വന്നാൽ " എന്ത് പറ്റിയിടാ സുഖമില്ലേ ? 

നേരം വൈകി പുറപ്പെട്ടാൽ " നിന്നോട് പലവട്ടം പറഞ്ഞിട്ടില്ലേ അവളെയും മക്കളെയും കൊണ്ട് സന്ധ്യക്ക് ശേഷം പോവരുതെന്ന്..  

എന്നൊക്കെ പറയാനും ചോദിക്കാനും എനിക്കിനി എൻ്റെ വാപ്പയില്ല. 

ഞാൻ അനാഥനായി. 

എൻ്റെ ധൈര്യം, വഴികാട്ടി, ഇതെല്ലാം എനിക്ക് നഷ്ടപ്പെട്ടു. 

ഞാൻ നല്ലൊരു മകനാണെന്ന് ചോദിച്ചാൽ ആണെന്ന് പറയാൻ ഞാൻ യോഗ്യനല്ല. കുറച്ചുകൂടി ആകാമായിരുന്നു. വാപ്പ ആഗ്രഹിച്ചതുപോലെ പലതും ചെയ്യാമായിരുന്നു. 

ഓർമകൾ മാത്രം ബാക്കിയായി, സ്വന്തം ജീവിതം കൊണ്ടെന്നെ  പാഠങ്ങൾ പഠിപ്പിച്ച, എൻ്റെ വാപ്പ പോയ്മറഞ്ഞു.

നാളെ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമെ നാഥാ ....ആമീൻ