Sunday, June 9, 2024

പിൻഹോൾ ക്യാമറ

"ഉപ്പാ പിൻഹോൾ ക്യാമറ".. 
 നീണ്ടയാത്ര കഴിഞ്ഞു ക്ഷീണിതനായി, സോഫയിൽ കണ്ണുകളടച്ചു കിടക്കുന്ന എന്റെയടുത്ത് ആറാം ക്ലാസ്സിൽ പഠിക്കുന്ന മൂത്ത മകൾ എന്നോട് പറയാൻ തുടങ്ങി..
ങേ... ഞാൻ ഞെട്ടി കണ്ണുകൾ തുറന്നു..
ഇവളെങ്ങനെ ഈ പേര്...
ഞാൻ ഒരു നിമിഷം ഒന്നും വ്യക്തമാകാതെ അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി..
എന്താ ഉപ്പാ ഇങ്ങനെ നോക്കുന്നെ??
ഒന്ന്മില്ല മോളെ..
മോളെന്താ പറഞ്ഞത്..
ഞാൻ പെട്ടന്ന് എന്റെ ഭാവം മാറ്റി അവളോട്‌ ചോദിച്ചു...
അതെ ഉപ്പാ എനിക്കൊരു പ്രൊജക്റ്റ്‌ ഉണ്ടായിരുന്നു.. മാം പറഞ്ഞു ഒരു പിൻഹോൾ ക്യാമറ ഉണ്ടാകണമെന്ന്...
പെട്ടന്ന് എന്റെ മുഖത്തെ ഭാവം ചിരിക്കു വഴിമാറി....
എന്താ ഉപ്പാ ഇങ്ങനെ ചിരിക്കണേ..
തമാശയാണോ പറഞ്ഞത്...
അവൾ ഗൗരവത്തിലായി..
ഉപ്പാക്ക് വട്ടായി..
ഇളയവൾ താത്താക്ക് കൂട്ടായി പറഞ്ഞു ...
"
അത് പിന്നേ മോളെ.. ഈ പിൻഹോൾ ക്യാമെറക്ക് പിന്നിൽ ചെറിയൊരു സ്റ്റോറി ഉണ്ട്...
ഞാൻ പറഞ്ഞു..
ആയെന്താ ഉപ്പാ..
ഇളയവൾ ആകാംഷഭരിതയായി..
അത് വല്ല കള്ളകഥയുമായിരിക്കും മക്കളേ...
സോഫിയിൽ ഇരിന്നുകൊണ്ട് ഭാര്യ പറഞ്ഞു..
പോ ഉമ്മാ ഉപ്പ അങ്ങനെ കള്ളമൊന്നും പറയില്ല.. മൂത്തവൾ സപ്പോർട്ട് ചെയ്തു..

എന്താ ഉപ്പ കഥ..
അവൾ വീണ്ടും ചോദിച്ചു
ഉപ്പ ആറിലോ ഏഴിലോ പഠിക്കുന്ന പ്രായം... ആ സമയത്താണ് ഒരു സൂര്യഗ്രഹണം ഉണ്ടാക്കുന്നത്. 
തലേന്ന് പത്രത്തിൽ സൂര്യഗ്രഹണം ഉണ്ടാകുമ്പോൾ എന്തൊക്കെ പ്രീകോഷൻ എടുക്കണമെന്ന്, അതോടപ്പം സൂര്യഗ്രഹണം എങ്ങനെ കാണാമെന്നും.. അതോടപ്പം തന്നെ സ്കൂളിലും പ്രതേക വിവരണം ഉണ്ടായിരുന്നു. 
നഗ്നനേത്രങ്ങൾ കൊണ്ട് നോക്കാൻ പാടില്ലാ..
അതെന്താ നക്നനത്രം ഉപ്പാ...
വാക്കുകൾ തിരിയാതെ ഇളയവൾ ചോദിച്ചു...
അത് മോളെ നേരിട്ട് സൂര്യനെ നോക്കാൻ പാടില്ല..അത്രേയുള്ളൂ.. ഞാൻ പറഞ്ഞു..

ഓക്കേ.. ന്നിട്ട്.. അവൾ കാത്തു കൂർപ്പിച്ചു..

അന്ന് പള്ളിയിൽ ഗ്രഹണനിസ്കാരം ഉണ്ടായിരുന്നു.. ഉപ്പയെ ഉപ്പാടെ ഉമ്മ പള്ളിയിൽ പോവാൻ വിട്ടില്ല.. വാപ്പ പൊക്കോളും നീ പോണ്ടാന്ന് പറഞ്ഞു.. പള്ളിയിൽ ഉപ്പാടെ ഫ്രണ്ട്‌സ് ഒക്കെ വരുമ്പോൾ.. നിസ്കരിക്കാൻ കൊണ്ടുള്ള ആഗ്രഹം കൊണ്ടല്ല..
അവരോടൊപ്പം കളിക്കാൻ പോവാൻ .. 
പോണമെന്നു പറഞ്ഞാൽ ചിലപ്പോൾ തുടിപ്പിന് കണക്കിന് കിട്ടും.. അതോർത്തു മറുത്തൊന്നും പറയാതെ റൂമിൽ പോയി കിടന്നു..

അയെന്താ ഉപ്പാ തുടുപ്പ്.. ഇളയവളുടെ സംശയം വീണ്ടും..

അത് ഉമ്മ പിന്നേ പറഞ്ഞു തരും.. കഥക്കിടയിലെ ഇടക്കുള്ള സംശയം മൂത്തവൾക്കത്ര പിടിച്ചില്ല.. 

അങ്ങനെ സൂര്യഗ്രഹണം കഴിഞ്ഞു. പിറ്റേന്ന് കളിക്കാൻ കൂട്ടുകാരെല്ലാം വന്നപ്പോൾ
അല്ലടാ നിന്നെ പള്ളിയിൽ കണ്ടില്ലല്ലോ..
നിസ്ക്കാരം കഴിഞ്ഞു ഞങ്ങളെല്ലാം പണിക്കവിളയിൽ.. അവരാ ആ ദിവസത്തെ രസം പങ്കുവെക്കാൻ തുടങ്ങി
അത് പിന്നേ ഞാനും അങ്കിളും കൂടി വാർപ്പിന്റെ മുകളിൽ നിന്നു സൂര്യഗ്രഹണം നിരീക്ഷിക്കുകയായിരുന്നു..
ഞാൻ വലിയ ഗമയോടെ പറഞ്ഞു.
അല്ലടാ സൂര്യനെ നേരിട്ട് നോക്കാൻ പാടില്ലെന്നല്ലേ സാറിന്നലെ ക്ലാസ്സിൽ പറഞ്ഞത്.. കണ്ണിന് ദോഷമല്ലേഡാ.
ഷാദ് ചോദിച്ചു..
അതിനു നേരിട്ട് ആര് നോക്കി.. ഞാൻ പിൻഹോൾ ക്യാമറയിലൂടെയല്ലേ നോക്കിയത്. ഞാൻ ഗൗരവം വിടാതെ പറഞ്ഞു. പാവപെട്ടവൻ ഒന്നും തിരിച്ചു പറഞ്ഞില്ല.
അങ്കിൾ ഗൾഫിൽ നിന്നു കൊണ്ടുവന്ന പുതിയ ക്യാമറയാണ് ഈ പിൻഹോൾ ക്യാമറ..
ഞാൻ തട്ടിവിട്ടു.. ആ സമയത്ത് സൂര്യനെ ഒന്ന് കാണണമെടാ.. ഒരു പ്രതേക സംഭവം ആണ്..
വീട്ടി വന്നെങ്കി നിനക്കും കാണാമായിരുന്നു..
ഗ്രഹണനിസ്കാരത്തിനു പോകാൻ പറ്റാത്തത്തിന്റെയും അത് കഴിഞ്ഞു കളിക്കാൻ പറ്റാത്തത്തിന്റെയും വിഷമം ഞാൻ അങ്ങനെ പറഞ്ഞു തീർത്തു..

അടുത്ത ദിവസം സയൻസ് ടീച്ചർ ക്ലാസ്സിൽ വന്നു..
" രണ്ടു ദിവസം മുൻപ് നടന്ന സൂര്യഗ്രഹണം ആരെങ്കിലും 
നിരീക്ഷിച്ചിരുന്നോ?
ആരും മിണ്ടിയില്ല..
സാർ ഹിലാൽ നീരിക്ഷിച്ചിച്ചിരുന്നു.. എന്റെ അടുത്തിരുന്നു കൂട്ടുകാരൻ ഷാദ് വിളിച്ചു പറഞ്ഞു... കിടക്കെട്ടടാ നിനക്കൊരു വെയിറ്റ്.. കൂട്ടുകാരന്റെ ആത്മാർത്ഥ സ്നേഹം എന്റെ മുഖത്തെ ചോര വറ്റിച്ചു..

ഗുഡ് ബോയ്.. സാർ പറഞ്ഞു.. ഒരാളെങ്കിലും ഉണ്ടല്ലോ ഈ ക്ലാസ്സിൽ ഒരു ശാസ്ത്രകുതുകി ആയിട്ട്..
എങ്ങനെയാണ് സൂര്യഗ്രഹണം നീരീക്ഷിച്ചത് ഹിലാൽ.. പറയൂ

വിളറിയ മുഖവുമായി ഞാൻ എണീറ്റു... എല്ലാ കണ്ണുകളും എന്നിലേക്കായി..
അത്.... സാ.. ർ... ഞാൻ .. പിൻഹോൾ... ക്യാ..മറ... സ്വതവേ കുറച്ചു വിക്കനായ ഞാൻ കുറച്ചുകൂടി വിക്കി...
പക്ഷെ പിൻഹോൾ എന്ന വാക്ക് സാർ കൃത്യമായി കേട്ടു..
സംസാരിക്കാൻ കുറച്ചു ബുദ്ധിമുട്ടന്നു അറിയാമായിരുന്ന സാർ ബാക്കി പൂരിപ്പിച്ചു..
നിങ്ങളെല്ലാം ഹിലാലിനെ കണ്ടു പഠിക്കണം..
തെല്ലൊരു അസൂയോടെ കുട്ടികൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു.
പിൻഹോൾ ക്യാമറയിൽ കൂടി നോക്കിയാണ് ഗ്രഹണ സമയത്തു സൂര്യനെ നമ്മൾ നോക്കേണ്ടത്.. 
സാർ പറഞ്ഞത് ഷാദിന് അത്ര പിടിച്ചില്ല
എന്നെ പൊക്കി പറഞ്ഞതിലല്ല മറിച്ചു പിൻഹോൾ ക്യാമറയിലൂടെ നോക്കണമെന്നു പറഞ്ഞത്...
ഇത്രയും വിലയുള്ള പിൻഹോൾ ക്യാമറ നമ്മൾ എങ്ങനെ വാങ്ങി അതിലൂടെ സൂര്യനെ എങ്ങനെ നിരീക്ഷിക്കുമെന്നായിരുന്നു ഷാദിൻ്റെ ചിന്ത.. 
"ഈ പിൻഹോൾ  ക്യാമറ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.. 
ങ്ങേ.. ഷാദ് എന്നെ നോക്കി. 
നിങ്ങൾക്ക് വേണ്ടത് ആകെ വേണ്ടത് കട്ടിയുള്ള രണ്ടു വെള്ള കാർഡ്‌ബോർഡ് പേപ്പർ, രണ്ടു ക്ലിപ്പ്, പിൻ, ഒരു അലുമിനിയം ഫോയിൽ പേപ്പർ.. സാർ അങ്ങനെ തുടർന്നു... (https://www.jpl.nasa.gov/edu/learn/project/how-to-make-a-pinhole-camera/)
എന്നാലും എന്റെ അളിയാ.. ഈ സാധനമാണോ നിന്റെ അങ്കിൾ ഗൾഫിന്നു കൊണ്ട് വന്നത്.. 
ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ഷാദ് ചോദിച്ചു..
ഞാൻ ഒന്നും മിണ്ടിയില്ല..  ഞാൻ ശരിയാക്കിത്തരാമെടാ...എന്നഭാവത്തിൽ ഷാദ് തലയാട്ടി..
വീട്ടിൽ ചെന്ന് ബാഗ് എടുത്തറിഞ്ഞു, ഷർട്ട്‌ മാറി, കളിക്കാൻ ഓടി..റാത്തിക്കൽ ലൈബ്രറി എത്താറായപ്പോൾ 
"പിൻഹോൾ ക്യാമറ"..
അകത്തു നിന്ന് ഒരു വിളി... ശാകുട്ടനാണ്..
ആദ്യം അത്ര കാര്യമാക്കിയില്ല... പക്ഷെ അതൊരു തുടക്കമായിരുന്നു. പിന്നെ അന്ന് മുതൽ ആരെന്തു പറഞ്ഞാലും..
"അളിയാ പിൻഹോൾ"... 
അങ്ങനെ ആ പേര് എനിക്ക് പതിഞ്ഞു കിട്ടി.. 
ഒരു ചിരിയോടെ ഞാൻ പറഞ്ഞു നിർത്തി... 

തള്ളുമ്പോ കുറച്ചു തള്ളണം.. അതിന്റെ കുഴപ്പമാണ്.. ഭാര്യ പറഞ്ഞു.. 

ഉപ്പാ... ഈ പ്രൊജക്റ്റ്‌ ഉപ്പാക്ക് ഈസി ആയിരിക്കും ല്ലേ ഉപ്പാ..

മകൾ പറഞ്ഞത് തമാശയായി ആണോ അതോ കാര്യമായിആണോ എന്നറിയാതെ ഞാൻ അവളുടെ മുഖത്ത് നോക്കി...

പണ്ട് ഷാദിന്റെ മുഖത്ത് കണ്ട അതെ ഭാവമല്ലേ അവളുടെ മുഖത്തെന്ന് എനിക്ക് തോന്നി 😄..