ഈ സഞ്ജീവനി
"മാമ വാപ്പാടെ ഗുളിക തീർന്നു" .
സുഹൈലിന്റെ കാൾ. ശരിയാണ് വാപ്പയെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞു വന്നു കാണണമെന്ന് ഡോക്ടർ പറഞ്ഞതുമാണ്. ലോക്ക് ഡൗണും കോവിഡിന്റെ ആധിക്യവും കാരണം ആ പോക്ക് നടന്നില്ല. ഇനിയും വെച്ച് താമസിപ്പിക്കാൻ പാടില്ല.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗവണ്മെന്റ് ഹോസ്പിറ്റൽ ആണ് ആശ്രയം. പഴയ ദുരഭിമാനമൊന്നും ഇപ്പോഴില്ല. നല്ല ചികിത്സ , അനാവശ്യ ടെസ്റ്റുകൾ ഇല്ല. പിഴിച്ചിൽ ഇല്ല. പണ്ടുണ്ടായിരുന്ന പോലെ, ഹുങ്ക് കാണിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമില്ല. സ്‌നേഹഹത്തോടെ, കരുതലോടെ നിൽക്കുന്നവർ.
ജേഷ്‌ഠന്റെ മരണത്തോടെ വാപ്പ ആകെ തകർന്നുപോയിരിന്നു. എഴുപത്തിന്റെ മുകളിൽ പ്രായമുണ്ടായിട്ടും ചില ചെറിയ പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ വേറൊരു അസുഖവും ഇല്ലായിരുന്ന ആളാണ്. പക്ഷെ മൂത്താപ്പയുടെ വേർപാട് മാനസികമായി തളർത്തി കളഞ്ഞു. അങ്ങനെയാണ് സ്ഥിരമായി ആശുപത്രിവാസിയായി വാപ്പ മാറുന്നത്. പക്ഷെ ഇപ്പോൾ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തിരുവനന്തപുരം ട്രിപ്പിൾ ലോക് ഡൌൺ. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തടസമൊന്നുമില്ല. പക്ഷെ ഹോസ്പിറ്റലിൽ കൊണ്ടുപോയി കോവിഡിനെ കൂട്ടികൊണ്ടു വരണോ എന്ന എന്റെ ചിന്ത പലപ്പോഴും എന്നെ പിന്തിരിപ്പിച്ചു എന്നതാണ് സത്യം.
എന്ത് ചെയ്യും ?? ഞാൻ ആകെ കൺഫ്യൂഷനിലായി.
അപ്പോഴാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ കുറച്ചു ദിവസം മുൻപുള്ള ഫേസ്ബുക് പോസ്റ്റ് ഓർത്തത്. വീട്ടിലിരുന്നുകൊണ്ടു കൊണ്ട് ഡോക്ടറെ നമുക്ക് കൺസൾട്ടു ചെയ്യാൻ കഴിയുന്ന ഗവണ്മെന്റിന്റെ ആപ്പായ ഈ സഞ്ജീവനി ആപ്പ്. ഒന്ന് ട്രൈ ചെയ്താലോ ...
ഞാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തു, ഓപ്പൺ ചെയ്തു. പേഷ്യന്റ് രജിസ്ട്രേഷനിൽ ടാപ് ചെയ്തു. അതിൽ പറയുന്നപോലെ സംസ്ഥാനം സെലക്ട് ചെയ്തു. അപ്പോൾ രണ്ടു ഓപ്‌ഷൻ General OPD and Specialty OPD. നമ്മൾ General OPD യാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ അതിൽ തന്നെ വേറെ രണ്ടു ഓപ്‌ഷൻസ് ഉണ്ട്. കോവിഡിന് വേണ്ടി ഒന്നും സാധാ അസുഖങ്ങൾക്ക് വേണ്ടി മറ്റൊന്നും. അത് തിരഞ്ഞെടുത്തു കഴിഞ്ഞാൽ മൊബൈൽ നമ്പർ രെജിസ്റ്റർ ചെയ്യക. പിന്നീട് OTP എന്റർ ചെയ്തു മുന്നോട്ട്പോകുമ്പോൾ രോഗിയുടെ വിവരങ്ങൾ ടൈപ്പ് ചെയ്യുക. പഴയ ഫയലുകൾ ഉണ്ടെങ്കിൽ അതു അറ്റാച്ച് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. അതിനു ശേഷം ടോക്കൺ ജെനെറേറ്റ് ചെയ്യുക. ടോക്കൺ നമ്പർ മെസ്സേജ് ആയി വന്നു കഴിയുമ്പോൾ മൊബൈൽ നമ്പറും ടോക്കണും കൊടുത്തു കഴിയുമ്പോൾ ഓൺലൈൻ ഓ പി യിൽ പ്രവേശിച്ചു കഴിഞ്ഞു. നമ്മുടെ ഊഴം കാത്തിരിക്കുക . നമ്മുടെ മുൻപിൽ എത്ര പേരുണ്ടെന്ന് നമുക്ക് അറിയാൻ കഴിയും. ഇടക്ക് റിഫ്രഷ് ബട്ടൺ അമർത്തിയാൽ മുന്നിലെ ക്യു കൃത്യമായി അറിയാൻ കഴിയും. നമ്മുടെ സമയമാകുമ്പോൾ ഒരു റിങ് ടോൺ കേൾക്കും . അപ്പോൾ ഡോക്ടറെ കണക്ട് ചെയ്യാനുള്ള ബട്ടൺ ടാപ്പ് ചെയ്യണം. അപ്പോഴേക്കും ഡോക്ടർ വീഡിയോകോളിൽ വരും. സാധാരണ ഡോക്ടറെ കാണുന്നത് പോലെ കാര്യങ്ങൾ പറയുക. അത് കഴിയുമ്പോൾ ഡോക്ടർ മരുന്ന് കുറിക്കും. കാൾ കട്ട് ചെയ്തു കഴിഞ്ഞാൽ പ്രെസ്‌ക്രിപ്‌ഷൻ നമ്മുടെ സ്‌ക്രീനിൽ വരും അത് ഡൌൺലോഡ് ചെയ്യുക. ഫാർമസിയിൽ പോകുക. അത് കാണിക്കുക മരുന്നു വാങ്ങിക്കുക .
വളരെ ഉപയോഗപ്രദമായ ഒരു കാര്യമായതുകൊണ്ടാണ് ഇത്രയും വ്യക്തമായി എഴുതിയത്. മഹാമാരിയുടെ ഈ കാലത്തു ആശുപത്രിയിൽ നേരിട്ട് പോയി ചികിത്സ വേണ്ടാത്ത ഒരുപാട് അസുഖങ്ങൾക്ക് ഈ ഓൺലൈൻ ചികിസ വളരെ സഹായകരമാണ്. വാപ്പയെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന എന്റെ ടെൻഷൻ മാറി.
പ്ലേയ് സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
https://play.google.com/store/apps/details?id=in.hied.esanjeevaniopd
ഐ ഫോണിൽ ലഭ്യമാണോന്ന് അറിയില്ല അതുപോലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ആപ്പ് പ്രവർത്തിക്കുന്നു എന്നാണ് എന്റെ അറിവ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ പലരും ആപ്പിനെ കുറിച്ച് മോശം റിവ്യൂ ഇട്ടിട്ടുണ്ട്.
No comments:
Post a Comment