മംഗളം വാരികയിലെ പ്രശസ്ത കാർട്ടൂൺ കഥാപത്രം ലോലനെന്നു സ്നേഹത്തോടെ കൂട്ടുകാർ വിളിക്കുന്നു ബുഹാരി നടത്തുന്ന പ്രശസ്തമായ ക്രിക്കറ്റ് ടൂർണമെന്റ് കൊട്ടിക്കലാശം. റാതിക്കൽ ടീമും ബുഹാരിയുടെ തന്നെ ഡെയ്ഞ്ചർ ബോയ്സ് ടീമും ഫൈനലിൽ.
ബുഹാരിയുടെ ടീമിൽ ഇറക്കുമതികളയാ മുബാറക്, പച്ചകുണു എന്നീ പ്രശസ്തരും
റാതിക്കൽ ടീമിൽ വട്ടു ഷിബു, പിന്നെ ഇടവയുടെ ഫേമസ് താരം നാജുവും . കവർ ഡ്രൈവിലെ രാജാവായ മുബാറക്, മിഡിൽ ഓർഡറിൽ ഏതു ബൗളറെയും ബൗണ്ടറിക്കു മുകളിൽ തൂക്കുന്ന പച്ചക്കുണുവും പിന്നെ ടീമിനെ പലവട്ടം ജയിപ്പിച്ച ടീമിന്റെ സ്വന്തം അസീമും ( കൂട്ടുകാർ അദ്ദേഹത്തെ സ്നേഹത്തോടെ കാട്ടറബി എന്ന് വിളിച്ചു പോരുന്നു. സത്യത്തിൽ ഒരു ഇടപ്പേരു ഇല്ലാത്തവർ ആക്കാലത്ത് ജീവിച്ചിരുന്നില്ല എന്നതാണ് സത്യം.പൊളിറ്റിക്കൽ കറക്റ്റ്നെസ് വന്നതോടെ ആ പേരുകളും അകാലമൃതി അടഞ്ഞു.) ബുഹാരിയും ടീമും കടുത്ത ആത്മവിശ്വാസത്തിൽ.
വട്ടു ഷിബു തന്റെ പ്രഭാവത്തിനൊത്തു കളിച്ചില്ലങ്കിലും, റാത്തിക്കലിന്റെ സ്വന്തം സദീക്, അഹ്‌മദ് ഇവരുടെ പ്രകടനത്തിൽ ടീം മോശമല്ലാത്തൊരു സ്കോർ പടുത്തുയർത്തി.
ഓഫ് സൈഡിൽ ഒരാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന ചെമ്മൺ അതിരിന് മുകളിലൂടെ അടിച്ചു സിക്സ് നേടുക എന്നത് ബാലികേറാമലയൊന്നുമല്ലങ്കിലും, അനയാസമായി നേടാൻ കഴിയുമായിരുന്നില്ല. അന്നത്തെ ഓഫ് സൈഡ് രാജാവ് മുബാറക്കിന്റെ സിക്സ്കളുടെയും സ്ട്രൈറ്റ് ഡ്രൈവ് കളിലൂടെയും ബൗണ്ടറികളും നേടി കളി മുന്നോട്ട് പോയെങ്കിലും, ഇടക്കിടെ വീഴുന്ന വിക്കറ്റുകൾ ജയസാധ്യത രണ്ടുപക്ഷത്തും പ്രതീക്ഷ ഒരുപോലെ നൽകി.
മാത്രമല്ല, റാതിക്കൽ പക്ഷത്തു പതിനൊന്നു കളിക്കാർക്ക് പുറമെ നിറഞ്ഞു നിൽക്കുന്ന തെങ്ങുകൾക്കും പ്ലാവും മാവുമെല്ലാം നന്നായി ഫീൽഡ് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഏതെങ്കിലും വൃക്ഷത്തിൽ തട്ടി ദിശമാറി വന്ന ബോൾ ക്യാച്ച് ചെയ്‌താൽ ഔട്ടും ആയിരുന്നില്ല. നേരെത്തെ ഇതേ സൗകര്യങ്ങൾ ഡെയ്ഞ്ചർ ബോയ്സ് ടീമും ആസ്വദിച്ചിരുന്നു.
പന്ത്രണ്ടാമത്തെ ഓവർ രണ്ടാമത്തെ ബോൾ. സമീറിന്റെ മനോഹരമായ ഒരു ലെങ്ത് ബോൾ. നന്നായി കളിച്ചുകൊണ്ടിരിക്കുന്ന മുബാറക്. സമീറിന്റെ ബോൾ മിഡ് ഓണിലേക്ക് തൂക്കാൻ ശ്രമിച്ച മുബാറക്കിന് പിഴച്ചു.
ക്യാ... ച്ചു... വട്ടു ഷിബു പൂർത്തിയാക്കും മുൻപ്, എന്താണ് സംഭവിച്ചതൊന്നുപോലും മനസ്സിലാവാതെ ബോൾ എന്റെ കയ്യിൽ വന്നിരുന്നു. മനോഹരമായ ഒരു ക്വിക്ക് ക്യാച്ച്.
അടിപൊളി ക്യാച്ചിടാ മോനെ.. വട്ടു ഷിബു തോളത്തു തട്ടി. ബൗളർ സമീറും കീപ്പറും കൈകൊട്ടി അഭിനന്ദിച്ചു.
നേരെ വന്നാ ബോൾ കൈയിൽ ഇരിക്കാത്ത നിന്റെ കൈയിൽ എങ്ങെനെയിടാ ആ ബോൾ ഇരുന്നത് എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കിയിട്ട് മുബാറക് തിരിഞ്ഞു നടന്നു.
കീരി പോയാ ചെങ്കീരി വരുമെന്ന് പറയുംപോലെ അടുത്തത് പച്ചക്കുണു. സമീറിന്റെ ആദ്യ ബോൾ ബീറ്റൺ അടുത്ത രണ്ടു ബാളുകൾ തെങ്ങുകൾ മനോഹരമായി ഫീൽഡ് ചെയ്തു. അവസാനബോൾ ഒരു സിംഗിൾ എടുത്തു പച്ച കുണു സ്ട്രൈക്ക് നിലനിർത്തി.
അടുത്തേത് എന്റെ ഊഴം. ആദ്യത്തെ ബോൾ മൂളി പറന്നു കീപ്പറിന്റെ അടുത്തേക്ക്. കൊള്ളമിടാ മോനെ.... വട്ടു ഷിബു ബൌളിംഗ് എൻഡിൽ വന്നു എന്റെ തോളിൽ തട്ടി. മഴ വന്ന വേഴാമ്പലിനെ പോലെ എന്റെ മുഖം തെളിഞ്ഞു. പച്ചകുണുവിനെ ഒന്ന് നോക്കി ഞാൻ അടുത്ത ബോൾ എറിയാൻ തിരിഞ്ഞു നടന്നു.
അടുത്ത ബോൾ ഓഫ് സ്റ്റമ്പിനു പുറത്തെറിയാം പുൾ ഷോട്ടിനു മിടുക്കനാണ് പച്ചക്കുണു. എന്ന ചിന്തയിൽ ഞാൻ നടന്നു. കൃത്യമായി ഓഫ് സ്റ്റമ്പിനു പുറത്തുപോയി ബോൾ, അതും കീപ്പറിനു പോലും പിടുകൊടുക്കാതെ.
വൈഡ്.. അമ്പയർ കൈ രണ്ടും നീട്ടിപിടിച്ചു.
കുഴപ്പമില്ലെടാ അനിയാ.. ആ ബോൾ കുറച്ചൂടെ അകത്തെറിഞ്ഞാ മതി. വട്ടു ഷിബു ആശ്വസിപ്പിച്ചു.
അതെനിക്കൊരു പ്രചോദനമായി. പിന്നെ ഞാൻ എറിഞ്ഞത് ആറ് വൈഡ്കൾ
അവസാനം സഹികെട്ട വട്ടു ഷിബു
ഇവനെ ...പിടിച്ചു മാറ്റാൻ ക്യാപ്റ്റന്റെ അടുത്ത് പറയിനിടാ ആരെങ്കിലും...
അണ്ണാ അവൻ തന്നെ ക്യാപ്റ്റൻ. കളികണ്ടുകൊണ്ടിരുന്ന ആരോ വിളിച്ചു പറഞ്ഞു
അത് കേട്ട ഷിബു എന്റെ അടുത്ത് വന്നു കുറച്ചു മയത്തിൽ " ആട്ടി ഇട്ടുകൊടുത്തെങ്കിലും ഓവർ തീർക്കിടാ അനിയാ...
ഭാഗ്യം കൊണ്ട് അടുത്ത ബോൾ നേരെയായിരുന്നു പച്ചക്കുണു ഒരു ഫോർ അടിച്ചു. അടുത്ത ബോൾ ബീറ്റൺ. നാലാമത്തെ ബോൾ തെങ്ങിൽ തട്ടി ഒരു സിംഗിൾ. ബുഹാരി ടീമിലെ അത്ര ബാറ്റിംഗ് ചെയ്യാത്ത ഒരുവൻ ആയതു അടുത്ത ബാളും ബീറ്റൺ. ലാസ്റ്റ് ബോൾ കീപ്പറിനു ക്യാച്ചു നൽകി അവൻ മടങ്ങി . സമാധാനമായി. ഒപ്പം സന്തോഷവും.... വിക്കറ്റ് കിട്ടിയതിലല്ല, എന്റെ ഓവർ തീർന്നു.
ഇനി രണ്ടു ഓവർ ബാക്കിയുണ്ട്. പന്ത്രണ്ട് റൺസ് പന്ത്രണ്ടു ബാൾസ്.
അടുത്തതു സമീർ റാത്തിക്കലിന്റെ ഓപ്പൺ ബൗളർ സമീറിന്റെ ലാസ്റ്റ് ഓവർ. ഒരു വിക്കറ്റും അഞ്ചു റണ്ണു മാത്രം വിട്ടുകൊടുത്തു ബൗൾ ചെയ്ത സമീർ തന്റെ ജോലി ഭംഗിയായി നിറവേറ്റി.
ഇനി ഓരോവർ ബാക്കി ഏഴു റൺസ് വേണം, ഒരു വിക്കറ്റ് മാത്രമേ ഉള്ളൂ. പക്ഷെ ബാറ്റിംഗ് സ്ട്രൈക്കർ എൻഡിൽ പച്ചക്കുണു. രണ്ടു ബോളിൽ കളി തീർക്കുന്നവൻ.
ഇടവയുടെ മികച്ച ബൗളർ നാജു. വേഗതകൊണ്ടും ലെങ്ത് കൊണ്ടും എതിർ ബാറ്റ്സ്മാരെ അമ്പരപ്പിക്കുന്നവൻ. ഈ കളിയിൽ മുബാറക് ഓഫ് സൈഡ് ഡീപ് പോയിന്റിൽ ഒരു സിക്സെർ അടിച്ചത് ഒഴിച്ചാൽ ബാക്കിയുള്ള ഓരോ ബോളും ഒന്നിനൊന്നു മെച്ചമായിരുന്നു.
ആദ്യ ബോൾ. ഗുഡ് ലെങ്ത്. പച്ച കുണു മിഡ് ഓണിലേക്ക് കളിച്ചു ബോൾ അവിടെ നിന്ന മാവ് ഫീൽഡ് ചെയ്തു മിഡ് ഓഫിൽ എത്തിച്ചു. രണ്ടു റൺസ്. സ്ട്രൈക്കർ എൻഡിൽ വീണ്ടും പച്ച കുണു.
ഓഫ് സ്റ്റമ്പിന് പുറത്തു പിച്ചു ചെയ്ത രണ്ടാമത്തെയും മൂന്നാമത്തെയും ബോളുകൾ പച്ച കുണു ബീറ്റൺ ചെയ്തു. ബീറ്റൺ ചെയ്ത നിരാശ പച്ച കുണുവിന്റെ മുഖത്ത് തെളിഞ്ഞു കണ്ടു. ഇനി മൂന്ന് ബോളിൽ അഞ്ചു റൺസ്.
നാജുവിന്റെ കോൺഫിഡൻസ് കൂടി. ലെങ്ത് ബോൾ നന്നായി കളിക്കുന്ന പച്ചക്കുണുവിന് ഒരു ഇരുത്തം വന്ന യോർക്കർ, ടെൻഷൻ വന്ന പച്ചകുണുവിനെ വീഴ്ത്താൻ പറ്റുമെന്നു നാജു മനസിലുറപ്പിച്ചു. നാലാമത്തെ ബോൾ. പക്ഷെ ബോൾ അല്പമൊന്നു മാറി.
യോർക്കറിനു പകരം ഓവർപ്പിച്ച് ബോൾ. മിഡോണിൾ ബോൾ ഉയർന്നു പൊങ്ങി. ഒരു പാട് ഉയർന്നതുകൊണ്ടാവണം ഒരു ഓലയിലോ മാവിലൊ തട്ടാതെ ബോൾ ബൗണ്ടറി ലൈനിൽ.
പടച്ചവനേ... എന്റെ നേരെയാണല്ലോ പൊങ്ങി വരുന്നത്. എന്റെ നെഞ്ചിടിപ്പ് കൂടി. എങ്ങനെ ക്യാച്ച് എടുക്കണം.. നെഞ്ചിനോട് ചേർത്ത് വെച്ചു വേണോ? അതോ രണ്ടു കൈയും വിടർത്തി വെച്ചു താമരപോലെയാക്കി വെച്ചാലോ. അല്ലെങ്കിൽ കൈ രണ്ടും ചേർത്ത് വെച്ചു ബോൾ കൈയിൽ ടച്ച് ചെയ്യുമ്പോൾ കൈകൾ ഒന്ന് ജസ്റ്റ് താഴ്ത്തി എടുക്കണോ?
മനസ്സിൽ ഒരായിരം ചിന്തകൾ..
"ആ പയ്യൻ എടുക്കും... ആ പയ്യൻ എടുക്കും.
നേരെത്തെ മുബാറക്കിന്റെ ക്യാച്ച് എന്തായിരുന്നു..
ആ പയ്യൻ എടുക്കും. "
വട്ടു ഷിബുവിന്റെ വാക്കുകൾ എന്റെ ചെവിയിൽ വന്നലച്ചുകൊണ്ടിരുന്നു.
ഇതെന്തിടാ താഴെ എത്താത്തതു? ഞാൻ ആലോചിച്ചു. ദാ എത്തി..
അപ്പോഴും വട്ട് ഷിബു.
ആ പയ്യൻ എടുക്കും..
ബോൾ എന്റെ കൈയിൽ തട്ടി തെറിച്ചു ബൗണ്ടറിക്കു പുറത്തേക്കു..
സിക്സ്.....
അത് കണ്ട വട്ട് ഷിബു..
ആ പയ്യൻ മൂഞ്ചും 😀😀..
ഇതിൽ പറഞ്ഞിരിക്കുന്ന പേരുകൾ ആൾക്കാരെ പെട്ടന്ന് മനസിലാക്കാൻ വേണ്ടിയാണു. കാലം മുന്നോട്ട് പോയില്ലേ പൊളിറ്റിക്കൽ കറക്റ്റ്നെസ് കീപ് ചെയ്യണ്ടേ.. അതുകൊണ്ടാണ് ഈ ഡിസ്ക്ലയിമർ.
No comments:
Post a Comment