Monday, January 14, 2019

മൂട്ട പുരാണം

മാനസികമായി ആകെ തകർന്നിരിക്കുന്നു. പ്രിയതമയേയും മക്കളെയും കണ്ടിട്ട് മാസം രണ്ടു കഴിഞ്ഞു. ഒറ്റപ്പെടലിന്റെ നൊമ്പരം വല്ലാതെ അലട്ടുന്നു. ഭക്ഷണം തന്നെ നേരെ ചൊവ്വേ കഴിച്ചിട്ട് ഒരു മാസമാകുന്നു. ഏതു സമയത്താണോ അവന്റെ കൂടെ പുറപ്പെടാൻ തോന്നിയത്. എന്തു സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു അവിടെത്തേത്. സുഭിക്ഷമായ ആഹാരം. പ്രണയിനി ,മക്കൾ , കൂട്ടുകാർ . ഒന്നിനും ഒരു കുറവില്ല. ജീവിതത്തിന്റെ നല്ല നാളുകൾ കഴിഞ്ഞുകഴിഞ്ഞു പോയെന്നു മനസ് പറയുന്നു. ഏതു നശിച്ച നേരത്താണോ എനിക്കവന്റെ ഷർട്ടിൽ കയറി ഇരിക്കാൻ തോന്നിയത്.
നല്ല പതുപതുത്ത മെത്തയിൽ ആയിരുന്നു എന്റെ ജനനം.ഞാൻ മാത്രമല്ല എന്റെ കൂടെ ഒരു ഒരു നാല്പതു സഹോദരങ്ങളും ഉണ്ടായിരുന്നു. 'അമ്മ പറഞ്ഞുകേട്ടിട്ടുണ്ട് വിശപ്പുംകൊണ്ടാണ് ഞാൻ ജനിച്ചത് തന്നെ. എന്റെ വിശപ്പ് മനസിലാക്കിയ 'അമ്മ പറഞ്ഞു .
" ദാ ആ കാണുന്ന മനുഷ്യൻ ഇല്ലേ .
സത്യത്തിൽ എന്റെ കുഞ്ഞി കണ്ണുകൾക്ക് ഒന്നും വ്യക്തമായില്ല. എന്നാലും ഞാൻ അങ്ങോട്ട് നോക്കി കണ്ണുകൾക്ക് കാണാൻ വയ്യാത്ത പാകത്തിൽ എന്തോ ഒന്ന്. പെട്ടന്നാണ് അത് ഒരു ഭാഗത്തേക്ക് ചെരിഞ്ഞത്. ഞാൻ ഭയന്ന് പോയി. പക്ഷെ അമ്മക്ക് നല്ല നിശ്ചയമുണ്ടായിരുന്നു എത്ര ദൂരം മാറി നിൽക്കണമെന്ന്.
"വേഗം വാ ഇനി കുറെ സമയം കഴിഞ്ഞു അത് വീണ്ടും ചരിയും . അതിനുമുൻപ് നിന്റെ വിശപ്പ് മാറ്റാം. "
ഞങ്ങൾ ഒരു സംഘമായി തന്നെ അങ്ങോട്ട് ചലിച്ചു. ആറു കാലുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.വേഗത തീരെപോരാ എന്ന് തോന്നി . അമ്മക്ക് അത്യാവശ്യം വേഗതയുണ്ട്. ഞങ്ങളുടെ കൂടെവേറെയും കുറേപ്പേരുണ്ട്.പല വലിപ്പത്തിൽ ഉള്ളവർ.
പിന്നെ വേറൊരു കാര്യം 'അമ്മ തുടർന്നു ആവശ്യം പോലെ കിട്ടുന്നു എന്ന് കരുതി വയർ നിറച്ചു കുടിക്കരുത് . പിന്നെ തിരിച്ചു നടക്കാൻ ബുദ്ധിമുട്ടാവും.
അതിന്റെ അടുത്ത് എത്തുന്തോറും ഭീകരമായ ഒരു ശബ്ദം കൂടി വന്നു. എന്റെ മുഖം ശ്രദ്ധിച്ച 'അമ്മ പറഞ്ഞു
" പേടിക്കണ്ടടാ അത് ശ്വസിക്കുന്നതാ ..
ഞാൻ എന്റെ കുഞ്ഞികാലുകൾ വെച്ച് പതിയെ അതിന്റെ പുറത്തു കയറി . ഞങ്ങളുടെ ദേഹത്തുള്ള മണമല്ല അതിനു. വേറൊരു ഗന്ധം . ഓക്കാനം വന്നെങ്കിലും ഞാൻ അത് പുറത്തു കാണിച്ചില്ല. വേഗം കുടിക്കടാ പിന്നിൽ അമ്മയുടെശബ്ദം .
ഞാൻ എന്റെ കുഞ്ഞി ചുണ്ടുകൾ വിടർത്തി പതിയെ നാവ് കൊണ്ട് അതിന്റെഅതിന്റെ ദേഹത്ത് സ്പർശിച്ചു എന്നിട്ട് കടിച്ചു ഒരു വലി വലിച്ചു .ഓഹ് എന്ത് രുചിയാ .. പിന്നെ ഒന്നും നോക്കിയില്ല . വയറു ഒന്ന് നിറയുന്നവരെ ശ്വാസം പോലും വിട്ടില്ല.
ഡാ .. മതി 'അമ്മ പിടിച്ചു വലിച്ചു.
ഇഷ്ടമില്ലഇഷ്ടത്തോടെ ഞാൻ അമ്മയുടെ പിന്നാലെ നടന്നു. ഞങ്ങൾ അവിടെന്നു ഇറങ്ങി താമസ സ്ഥലത്തു എത്തുന്നതിനു തൊട്ടു മുൻപ് അത് വീണ്ടും ചരിഞ്ഞു. ഓഹ് ഞാൻ കുടിച്ച ഭാഗം ഇപ്പോൾ കാണാനില്ല. എന്നാലും എന്ത് ഭീമാ കാരനാണ് ഈ ജീവി.ചിലപ്പോ ലോകത്തെ ഏറ്റവും വലിയ ജീവി ആയിരിക്കും. ഞാൻ ചിന്തിച്ചു.
കുറേനേരം കഴിഞ്ഞപ്പോൾ എനിക്ക് വീണ്ടും വിശന്നു.ഞങ്ങൾ വീണ്ടും പോയി. തിരിച്ചു വന്നു കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ അടയുന്നത് പോലെ തോന്നി. ഞാൻ ഉറങ്ങി. എണീറ്റപ്പോൾ വലിയ വിശപ്പ് ഒന്നും തോന്നിയില്ല. എന്നാലും ഒരു ആകാംഷ ഇന്നലെ കുടിച്ച ആ ജീവി അവിടെ ഉണ്ടോന്നു അറിയാൻ.
ഞാൻ പതിയെ അങ്ങോട്ട് നട്നു ..ആ വലിയ സാധനം കാണാനില്ല.
അപ്പൊ വിശക്കുമ്പോൾ എന്ത് ചെയ്യും എന്റെ കുഞ്ഞു മനസു വിഷമിച്ചു.പിന്നാലെ വന്ന അമ്മക്ക് കാര്യം മനസിലായി. വിഷമിക്കണ്ടടാ നിനക്ക് വിശക്കുമ്പോൾ അത് വീണ്ടും വരും. പക്ഷെ ഇപ്പൊ ഇവിടെ വന്നു നില്ക്കാൻ പാടില്ല. അത് നിന്റെ ജീവന് .ആപത്താ.ഞങ്ങൾ തിരിഞ്ഞു നടന്നു
പിന്നീടുള്ള 'അമ്മ കുറെ കാര്യങ്ങൾ പഠിപ്പിച്ചു എപ്പോൾ ഭക്ഷണം കഴിക്കണം എപ്പോൾ ഉറങ്ങണം എന്നൊക്കെ . പിന്നീട് ഒറ്റക്കും അല്ലാതെയും ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയി . ഉറക്കം വരുമ്പോൾ ഉറങ്ങി. സുഖകരമായ ജീവിത്തിനം മുന്നോട്ട് പോയി. ആഴ്ചയിൽ ഒരു ഒരു ദിവസം ആ മെത്തയെടുത്തു ഒരു കുലുക്കുകുലുക്കും ആ മനുഷ്യൻ എന്ന് പറയുന്ന സാധനം.അപ്പോഴാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് . ജീവൻ തന്നെ പോകും. ഞങ്ങൾ അയാൾ കാണാതെ ഒളിച്ചിരിക്കും. അത് കഴിഞ്ഞാൽ വീണ്ടും പഴയതു പോലെ.
അങ്ങനെ ഒരു ദിവസം വിശപ്പ് മാറ്റാമെന്ന് കരുതി അങ്ങോട്ട് പോയപ്പോൾ അവിടെ അതിനെ കാണാനില്ല. ഞാൻ ആകെ ദേഷ്യത്തിലായി . 'അമ്മ എന്നോട് പറഞ്ഞു ഒരു ദിവസമൊക്കെ ഭക്ഷണമില്ലാതെ ഇരിക്കാം. നിനക്കറിയാമോ നമ്മൾ മൂട്ടകൾക്ക് ഒരു 90 ദിവസമൊക്കെ വേണമെങ്കിലും ഭക്ഷണമില്ലാതെ ജീവിക്കാം. അതുപോലെ നല്ല ചൂട് ഒരു 50 ഡിഗ്രി വരെയൊക്കെ പോകും. തണുപ്പാണേൽ ഒരു -17 വരെ.
"നമ്മൾ ഭക്ഷണം കഴിക്കുന്ന ആ ജീവിയില്ലെ അത് ഇതുപോലെ യൊന്നും പറ്റില്ല . നമ്മളാടാ അവരെക്കാൾ സ്‌ട്രോങ്. 'അമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു നിർത്തി.
പിന്നെ നിനക്ക് അത്രക്ക് വിശപ്പുണ്ടേൽ ഇവിടുന്നു കുറെ ദൂരം പോയാൽ നമ്മൾ ഭക്ഷണം കഴിക്കുന്നപോലെ ഒരു മനുഷ്യൻ അവിടെയും ഉണ്ട്. പക്ഷെ യാത്ര വളരെ ദുരിതം പിടിച്ചതാണ്. നിന്റെ അച്ഛൻ ഇതുപോലെ ഒരു ദിവസം പോയതാണ് ... പിന്നെ തിരിച്ചു വന്നില്ല.
അമ്മയുടെ സ്വരം ഇടറിയോന്നു എനിക്ക് തോന്നി . ഞാൻ അങ്ങോട്ട് പോയില്ല. വിശപ്പുണ്ടെങ്കിലും ഞാൻ അത് അത്രകാര്യമാക്കില്ല. അപ്പോഴാണ് ഒരു കാര്യം മനസിലാക്കിയത് എന്റെ വെള്ള കലർന്ന മഞ്ഞ നിറം അപ്രത്യക്ഷ്യമായിരുന്നു.പകരം ബ്രൗൺ കലർന്ന കറുപ്പ് നിറത്തിലോട്ട് മാറിയിരിക്കുന്നു. പെട്ടന്നാണ് പിന്നിൽ ഒരനക്കം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങളുടെ കൂട്ടത്തിലെ ഒരു പെണ്ണ്. പലവട്ടം കണ്ടിട്ടുണ്ട് ഭക്ഷണം കഴിക്കാൻ പോവുമ്പോഴും അല്ലാതെയും
അവൾക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്നു തോന്നി. അവൾ എൻ്റെ അടുത്ത് വന്നിരുന്നു.
"വിശപ്പുണ്ട് അല്ലെ"
"അതെ എനിക്കും ഉണ്ട്". . അങ്ങനെ ഞങ്ങൾ കൂട്ടുകാരായി. പിറ്റേ ദിവസം ഭക്ഷണം കഴിക്കാൻ ഞങ്ങൾ ഒരുമിച്ചാണ് പോയത്. ഞങ്ങളുടെ സ്നേഹം വളർന്നു . ഞങ്ങളുടെ എല്ലാ കാര്യങ്ങളും ഒരുമിച്ചായി. മിക്ക ആഴ്ച്ചയിലും ഞങ്ങൾ ഒരു ദിവസം പട്ടിണിയിൽ ആണ്. ഒരു ദിവസം ഭക്ഷണം ഇല്ലാത്ത അവസ്ഥ . എന്നാലും കുഴപ്പമില്ല. ജീവിതം സുഖം സുഖകരം.
നേരെത്തെ ഉറക്കം എണീക്കുന്ന ദിവസങ്ങളിൽ എനിക്ക് ചില സർക്കീട്ട്കളുണ്ട് . കുറേനേരം അങ്ങനെ നടക്കുംഅപ്പോഴാണ് നമ്മൾ ഭക്ഷണം കഴിക്കുന്ന മനുഷ്യൻ എന്ന ജീവിയെ പൂർണമായി കാണുന്നത്. എന്തൊരു ഭീകര ജീവിയാണ് അത്. എന്ത് വേഗതയാണ് അതിനു. എന്തെക്കൊയോ ശബ്ധങ്ങളും ഉണ്ടാക്കുന്നുണ്ട്.
അവരുടെ കണ്ണിൽ പെട്ടാൽ നമ്മളെ കൊല്ലുമത്രെ . അതുകൊണ്ട് വളരെ ഒളിച്ചാണ് നോക്കുന്നത്. വേറൊരു പ്രതേകത എന്ന് വെച്ചാൽ അതിന്റെ ദേഹത്തോട്ട് എന്തോ ഇടുന്നുണ്ട്. അത് ഇട്ടു കഴിഞ്ഞു കുറച്ച കഴിഞ്ഞാൽ പിന്നെ കുറേനേരം കാണില്ല. എവിടെയാവും ഈ സാധനം പോകുന്നത്. ചില ദിവസങ്ങളിൽ കാണുകയേ ഇല്ല .
ഇടക്ക് ആകാംഷ തോന്നിയുട്ടുണ്ട്. എവിടെക്കാ പോകുന്നതെന്നു അറിയാൻ ഞങ്ങൾ ഭക്ഷണം കഴിക്കുന്ന മനുഷ്യൻ മാത്രമല്ല . അതുപോലെ വേറെയും കുറച്ചുണ്ട് . എന്നാലും ഞങളുടെ അത്ര എണ്ണം ഇല്ല.
കുറച്ചുപേർ മാത്രം . ഒരു മൂന്നോ നാലോ അത്ര തന്നെ . ഇടക്ക് ആകാംഷ തോന്നിയുട്ടുണ്ട്. ഒരു ദിവസം അവർ ഇടുന്ന അതിൽ കയറി ഒളിച്ചിരുന്ന് കൂടെ പോയാലോ. അവരുടെ കണ്ണിലെങ്ങാനും പെട്ടാലോ എന്ന പേടി കാരണം പലപ്പോഴും വേണ്ടാന്ന് വെച്ചു . അത് മാത്രമല്ല എന്റെ പ്രിയപ്പെട്ടവളും അത് നിരുത്സാഹപ്പെടുത്തി.
അവൾ മുട്ടയിടാൻ സമയമായിരിക്കുന്നു. അതുകൊണ്ടു കൂടെയുണ്ടാവണമെന്നു എനിക്കും തോന്നി. അവൾ മുട്ടയിട്ടു. ഒരു അമ്പതെണ്ണം
ഇനി അത് വിരിയാൻ ഒരുപത്തു ദിവസം കഴിഞ്ഞപ്പോൾ അത് വിരിഞ്ഞു അവർ എന്റെ കുട്ടികൾ പുറത്തിറങ്ങി.
ഞങ്ങൾ അവരെ ഭക്ഷണം കഴിക്കാൻ പഠിപ്പിച്ചു പിന്നെ ഞാൻ പഠിച്ചതെല്ലാം. ദിവസങ്ങൾ കഴിഞ്ഞു പോയി അമ്മക്ക് പ്രായമായിരുന്നു. പണ്ടത്തെ വേഗത ഇല്ല . വരുന്ന ആഴ്ച 'അമ്മ 5 മാസം പിന്നിടുമത്രേ . അഞ്ചു മാസം എന്ന് പറയുമ്പോൾ ഞങ്ങളുടെ ഇടയിൽ അത് വലിയ പ്രായമാണ് . പണ്ടുള്ളവരൊക്കെ ഒരു പന്ത്രണ്ട് മാസമൊക്കെ ജീവിച്ചിരുന്നുവത്രെ. 'അമ്മ പറഞ്ഞറിഞ്ഞതാണ്.
ഒരു ദിവസം വിശപ്പ് മാറ്റിവരുമ്പോൾ 'അമ്മ കുറച്ചു പിറകിൽ ആയിരുന്നു . നടക്കാൻ ആയാസമുണ്ട് . വീട്ടിൽ എത്തിയിട്ടും 'അമ്മ പുറകിലില്ല. പെട്ടന്നാണ് ആ സാധനം ഒന്നു തിരിഞ്ഞത് പാവം 'അമ്മ അതിൻ്റെ അടിയിൽ പെട്ട ശ്വാസം കിട്ടാതെ പിടയുന്നുണ്ടാവും. എനിക്ക് കരയണമെന്നു തോന്നി.
ദിവസങ്ങൾ പിന്നെയും കടന്നുപോയി. ഒരു ദിവസം വെറുതെ കറങ്ങി നടക്കുമ്പോൾ തോന്നി ഇന്ന് ആ മനുഷ്യൻറെ കൂടെ ഒളിച്ചുപോകണം . എവിടെ പോകുന്നുവെന്ന് അറിയണം. ആരോടും പറഞ്ഞില്ല. ഞാൻ പതിയെ അയാൾ ധരിക്കുന്ന അതിന്റെ ഒരറ്റത്ത് അടിയിൽ ഒളിചിച്ചിരുന്നു
ഞാൻ പതിയെ അയാൾ ധരിക്കുന്ന ഷർട്ടിന്റെ കോളറിന്റെ അടിയിൽ കയറി ഒളിചിച്ചിരുന്നു. ആ മനുഷ്യൻ വന്നു എന്നെയും എടുത്തു ധരിച്ചു പുറത്തോട്ട് നടന്നു. അന്നാണ് ഈ ലോകം ഞാൻ വിചാരിക്കുന്നത് പോലെയല്ലെന്നു, ഇതുവരെ കാണാത്ത ലോകം. ഈയടുത്തായി മനുഷ്യരുടെ ഭാഷ കുറച്ചൊക്കെ മനസിലായി തുടങ്ങിയിരിക്കുന്നു. എന്നെയും കൊണ്ട് അയാൾ വേറൊരു വലിയ ജീവിയുടെ ഉള്ളിലോട്ട് കയറി. കുറച്ചു കഴിഞ്ഞപ്പോൾ അത് വേഗത്തിൽ നീങ്ങാൻ തുടങ്ങി. ഞാൻ കോളറിന്റെ അടിയിലൂടെ എത്തിനോക്കി. കൂടെ വേറൊരു മനുഷ്യൻ കൂടിയുണ്ട്. അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പുറത്തുള്ള ലോകം ഒരു സംഭവം തന്നെ.
കുറെ കഴിഞ്ഞപ്പോൾ ആ ജീവി നിന്നു . അവർ പുറത്തിറങ്ങി . ഞങ്ങൾ താമസിക്കുന്നപോലെ വേറൊരു സ്ഥലത്തേക്ക് പോയി. അവിടെ വേറെ രണ്ടു മനുഷ്യർ . നേരെത്തെ കണ്ടവരെപോലെയല്ല ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. ഒരു മനുഷ്യൻ ചെറുതാണ്. മറ്റൊന്ന് അവരെപോലെ വലുത് തന്നെ പക്ഷെ എന്തൊക്കെയോ മാറ്റങ്ങൾ. അയാൾ ഇരുന്നു. കുറച്ചുകൂടി ചാരി ഇരുന്നാൽ എന്റെ പണി കഴിയുമെന്ന് തോന്നി. ഞാൻ സുരക്ഷിതമായ സ്ഥാനത്തേക്ക് ഒളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി അവിടെ മൊത്തം ഒന്ന് കറങ്ങിയാലോ എന്ന് . ഞാൻ പതുക്കെ കോള റിന്റെ പുറത്തേക്കിറങ്ങി അയാൾ ഇരിക്കുന്ന സോഫയിൽ എത്തി. ഞാൻ താമസിക്കുന്ന പോലെ പതുപതുത്തതാണ് . ഞാൻ ആരും കാണാത്ത ഒരിടത്തെക്ക് മറഞ്ഞിരുന്നു. ഉറക്കം വരുന്നപോലെ .
വിശപ്പ് വന്നു വിളിച്ചപ്പോൾ കണ്ണ് തുറന്നു. ഭക്ഷണം ഞാൻ കഴിക്കാൻ വേണ്ടി ഞാൻ അയാളുടെ അടുത്തേക്ക് പോകാം എന്ന് കരുതി നടന്നു. അപ്പോഴാണ് ഓർത്തത് ഇതു ഞാൻ താമസിക്കുന്ന സ്ഥലമല്ല. എന്നാലും ആ മനുഷ്യൻ അവിടെ ഉണ്ടാവുമല്ലോ. ഞാൻ സോഫയിലൂടെ നടന്നു . പക്ഷെ അയാളെ അവിടെ എവിടെയും കണ്ടില്ല. ഞാൻ കുറെ ദൂരം നടന്നു അയാളെ മാത്രമല്ല ഒരു മനുഷ്യരെയും എവിടെയും കണ്ടില്ല. വിശപ്പും ക്ഷീണവും എന്നെ വല്ലാതെ ഉലച്ചു.
അയാളോടപ്പം പുറപ്പെടാൻ തോന്നിയ നിമിഷത്തെ ഞാൻ മനസുകൊണ്ട് ശപിച്ചു. അതെ അന്ന് മുതൽ തുടങ്ങിയതാണ് ഈ കഷ്ടകാലം. പിന്നീട് എന്റെ ഭക്ഷണ സമയം തന്നെ മാറി. എപ്പോഴെങ്കിലും ആ ചെറിയ മനുഷ്യൻ വന്നു സോഫയിൽ ഇരിക്കുമ്പോൾ മാത്രം. അതാണെങ്കിൽ എപ്പോഴും അനങ്ങികൊണ്ടിരിക്കും . അതുകൊണ്ടു പേടി ഒഴിഞ്ഞ നേരമില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ മനുഷ്യനും കാണാതായി. ആ മനുഷ്യൻ മാത്രമല്ല വേറെയാരും അവിടെ ഇല്ലന്ന് തോന്നി. കുറച്ച സ്വാതന്ത്ര്യത്തോടെ പുറത്തു നടക്കാൻ പറ്റുന്നുണ്ട് . അത് അതുമാത്രം. ഒരല്പം ചോര കുടിച്ചിട്ട് ദിവസങ്ങൾ ആയി . വിശപ്പ് സഹിക്കാൻ വയ്യാതെ അങ്ങോട്ടും ഇങ്ങോട്ടും എത്ര ദൂരം നടന്നൂന്ന് അറിയില്ല. ഇല്ല ഒരെറ്റ മനുഷ്യൻ പോലും അടുത്തെങ്ങും ഇല്ല. ഒരല്പം ചോരയല്ലേ , ഒരു അസുഖവും ഞങ്ങൾ പരത്തുന്നില്ല. എന്നിട്ടും ഞങ്ങളെ കണ്ടാൽ മനുഷ്യനനു ദേഷ്യമാണ് .ആരെങ്കിലും വരണേന്നു ഉള്ളുരുകി പ്രാർത്ഥിച്ചു. എത്ര ദിവസങ്ങൾ ഇങ്ങനെ വിശപ്പുമായി കഴിഞ്ഞെന്നു ഓർമയില്ല. ശരീരം മെലിഞ്ഞു വരണ്ടുണങ്ങി. ചെറിയൊരു കാറ്റടിച്ചാൽ പറന്നുപോകും. 'ജീവൻ മാത്രം ബാക്കി. 'അമ്മ പറഞ്ഞത് സത്യമാണ്. ഞങ്ങൾ വിശപ്പുകൊണ്ട് പെട്ടന്നൊന്നും മരിക്കില്ല.
ഇപ്പോൾ നടത്തമൊന്നുമില്ല. സോഫയിൽ അലസമായ കിടപ്പു മാത്രം. നടക്കാൻ പറ്റാതായിരിക്കുന്നു. അർധശ്ചവം. പെട്ടന്നാണ് ഒരു ശബ്ദം കേട്ടത്. അതെ മനുഷ്യന്റെ മണം അവിടെ നിറയുന്നപോലെ ആരോ അടുത്ത് വരുന്നുണ്ട്. വരണ്ട പ്രതീക്ഷകൾക്ക് വിരാമമായി . പക്ഷെ ഒരൽപോലും അനങ്ങാൻ പറ്റുന്നില്ല.
" ഇക്കാ ദാ സോഫയിൽ ഒരു മൂട്ട. മോളെ കിടത്തും മുൻപ് അതിനെ പുറത്തെടുത്തു കളഞ്ഞേക്ക്. നാട്ടി പോകുമ്പോ ഒറ്റ മൂട്ട ഇവിടെ ഇല്ലായിരുന്നല്ലോ . ഇ പ്പോ എവിടുന്ന് വന്നോ എന്തോ ?
എവിടെ എങ്കിലും ഓടിയൊളിക്കണമെന്നുണ്ട് . അനങ്ങുന്നില്ല. അതെ മരിക്കാൻ പോവുകയാണ്. ആ മനുഷ്യൻ ഈപ്പോ എന്നെ കൊല്ലും . ഞാൻ കണ്ണുകളടച്ചു കിടന്നു. പെട്ടന്ന് എന്നെ ആരോ പൊക്കി എടുക്കുന്നപോലെ തോന്നി. പിന്നെ പറക്കുന്നപോലെയും ഞാൻ കണ്ണ് തുറന്നുനോക്കി. അതെ ഞാൻ താഴോട്ട് പോകുകയാണ്. പെട്ടന്ന് ഒരു കാറ്റടിച്ചു ഞാൻ എങ്ങോട്ടെന്നില്ലാതെ പറന്നു.
ചൂട് എരിയുന്ന മണ്ണിലേക്ക് ജീവന്റെ അവസാനം ശ്വാസവും എടുത്തു ഞാൻ വീണു.

No comments: