മാനത്ത് മഴക്കാറുകൾ പതിയെ വന്നു തുടങ്ങി. അപരാഹ്നം സായാഹ്നത്തിനു വഴി മാറിക്കൊണ്ടിരിക്കുന്നു. തണുത്ത തെന്നലിൽ അവളുടെ കാർകൂന്തൽ ഇളകി കൊണ്ടിരുന്നു. ഞാനും ഷാദും അവളുടെ തൊട്ട് പിറകിലാണ് ഇരുന്നത്. തിരക്കൊഴിഞ്ഞ ആ ബസിൽ, ദിവസത്തിന്റെ അവസാന ട്രിപ്പ് ആയതിനാൽ മിതമായ വേഗതയിലുമാണ് ബസ് പോയ് കൊണ്ടിരുന്നത്. മനസിൽ എപ്പോഴും പ്രണയം തുടിച്ചു നിന്നിരുന്ന കാലം.കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് ജീവിതം മുന്നോട്ട് നീങ്ങുന്ന പ്രായം.
അവളും അവളുടെ കൂട്ടുകാരിയും എന്തെക്കോയോ പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുന്നു. വദന ദർശനമില്ലങ്കിലും അവളൊരു സുന്ദരി യാവുമെന്നു ഞാൻ മനസിലുറപ്പിച്ചു.
നേരിയ ചാറ്റൽ മഴ . ബസ് ടൗണിലെത്തി. ജംഗ്ഷൻ പിന്നിട്ടു റയിൽവേ സ്റ്റേഷനിലേക്ക് . ഞങ്ങൾ എണീറ്റു , ഒപ്പം അവളും അവളുടെ കൂട്ടുകാരിയും . അവൾ ബസിൻറെ പടികൾ ഇറങ്ങി പിന്നാലെ ഞങ്ങളും അവസാന പടി ഇറങ്ങുന്നതിന്റെ തൊട്ടു മുൻപ് ബാഗിൽ നിന്ന് കുട എടുത്തു , പെയ്യുന്ന ചാറ്റൽ മഴയെ നേരിടാനെന്നവണ്ണം . കുടയെടുക്കുന്നതിനടിയിൽ അത് പിന്നിൽ നിന്ന എൻ്റെ വയറ്റിൽ കൊണ്ടു . വയറ്റിലൂടെ ഒരു സുഖമുള്ള നോവ് കടന്നുപോയി .
സോറി " അറിയാതെ പറ്റിയതാ ... പിന്നോട്ട് തിരിഞ്ഞു ഒരല്പം വിഷമത്തോടവൾ മൊഴിഞ്ഞു. അപ്പോഴാണ് ഞാൻ അവളെ ശരിക്കു കാണുന്നത് . മനോഹരമായ നയനങ്ങൾ . നെറ്റിയിലേക്ക് ഇളകി വീണുകൊണ്ടിരിക്കുന്നു അനുസരണയില്ലാത്ത അളകങ്ങൾ . നീണ്ട നാസികക്കുകീഴെ, ക്ഷമാപണത്തിനിടെ വിറയാർന്ന പവിഴാധരങ്ങൾക്കിടയിൽ സുന്ദരമായ ദന്ത വരികൾ . തുടുത്ത കവിളുകൾ . സുന്ദരമായ ആ മുഖം ഒരു നിമിഷം എന്നെ നിശബ്ധനാക്കി . മനസ്സിലെവിടെയോ സുഖമുള്ളൊരു ഒരു നോവ് ഓടി മറഞ്ഞു. വയറ്റിലല്ല എൻ്റെ മനസിനാണ് ആ തട്ടേറ്റതെന്നു എനിക്ക് തോന്നി. ഒന്ന് കൂടി എന്നെ നോക്കി അവൾ ബസ്സിറങ്ങി .
"എന്താ അളിയാ" പിന്നിൽ നിന്ന് ഷാദ് ചോദിച്ചു .. എൻ്റെ പുറത്തു കുടയുടെ അറ്റം തട്ടുന്നത് അവനും കണ്ടിരുന്നു . ഹേയ് ഒന്നുംമില്ലളിയ ... ഞാൻ പറഞ്ഞു . അതല്ലടാ അവരെ പരിചയ പെടാൻ പറ്റിയ അവസരമാ .
ശരിയാണല്ലോ ഞാൻ ചിന്തിച്ചു . കുറഞ്ഞപക്ഷം പേരെങ്കിലും അറിയാമല്ലോ .. അപ്പോഴേക്കും കുട നിവർത്തി മുന്നോട്ട് നടന്നു തുടങ്ങിയിരുന്നു .
അതെ സംസാരമൊക്കെ ബസിൽ നിന്ന് ഇറങ്ങിയിട്ടു " കിളിയുടെ വെടല ശബ്ദം . മ്മ് എന്നമർത്തി മൂളിയിട്ട് ഞങ്ങൾ ബസിൽ നിന്നിറങ്ങി .
ചാറ്റൽ മഴയുടെ ശക്തി കൂടിയിരുന്നുവെങ്കിലും അതൊരു പൂർണ മഴയായി തുടങ്ങിയിരുന്നില്ല. അപ്പോഴും അവളുടെ കൂട്ടുകാരിയും തന്റെ കുട നിവർത്തിയിരുന്നു .
ഹേയ് ഞാൻ പിന്നിൽ നിന്ന് വിളിച്ചു അവൾ തിരിഞ്ഞു നോക്കി , ആ മുഖത്തൊരു നനുത്ത പുഞ്ചിരി ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി . എന്താ എന്ന മട്ടിൽ അവൾ മുഖം ചലിപ്പിച്ചു .
ഒരു കുട തന്നു സഹായിക്കാമോ ? രണ്ടുപേർക്കും കുട ഉണ്ടല്ലോ . ഞങ്ങളും അങ്ങോട്ടാണ് . മുന്നോട്ടുള്ള റോഡിലേക്ക് നോക്കി ഞാൻ പറഞ്ഞു .
എങ്ങോട്ടാണെന്ന് ?? ഇത്തവണ ആ ശബ്ദത്തിന്റ ഉറവിടം കൂട്ടുകാരിയായിരുന്നു . ഞാൻ അപ്പോഴാണ് കൂട്ടുകാരിയെ ശ്രദ്ധിക്കുന്നത് തന്നെ . സാമാന്യം ഭംഗിയുള്ളൊരു മുഖമെങ്കിലും അതിനൊട്ടും നിരക്കാത്ത തടിച്ചു കുറുകിയ ശരീരമുള്ളൊരു പെൺകുട്ടി . ആൾ അല്പം ദേഷ്യത്തിലാണ്.
അതല്ല , ഞങ്ങളും റയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിലോട്ടാണ് . നിങ്ങളും അങ്ങോട്ടല്ലേ ? മഴ കൂടി വരുന്നത് കണ്ടില്ലേ . ഞങ്ങൾ കുറച്ചധികം നനഞ്ഞിരുന്നു . പെട്ടന്നവൾ കുട എൻ്റെ നേരെ നീട്ടി എന്നിട്ടവൾ കൂട്ടുകാരിയുടെ കുടയുടെ ചുവട്ടിലേക്ക് മാറി. ഞാൻ ആ കുട വാങ്ങി ഞാനും ഷാദും അവളുടെ കുടയിൽ . ആ കുടക്ക് പോലും ഒരു സുഗന്ധമുണ്ടെന്നു എനിക്ക് തോന്നി.
പേരെന്താണ് ? പരമാവധി സ്വരം നേർപ്പിച്ചു ഞാൻ ചോദിച്ചു . തീരെ പ്രണയാർദ്രമല്ല എന്റെ സ്വരമെന്നു എനിക്കറിയാമായിരുന്നു . പാറയിൽ കല്ലിട്ടുരച്ച ശബ്ദമെന്ന വിശേഷണം കൂട്ടുകാർ എനിക്ക് ചാർത്തിയിരുന്നു
പേരറിഞ്ഞിട്ടു ഇപ്പോ എന്ത് വേണം ?? വീണ്ടും കൂട്ടുകാരി .. ഇത്തവണ എനിക്ക് ദേഷ്യം വന്നു പക്ഷെ ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ്
അതിനു ഇയാളുടെ പേരല്ലല്ലോ ചോദിച്ചത് ?? ഷാദ് ദേഷ്യത്തോടെ ചോദിച്ചു
കൂട്ടുകാരി ഒരു നിമിഷം നിശബ്ദയായി .
ഞാൻ അവളുടെ മുഖത്ത് പ്രതീക്ഷയോടെ നോക്കി .
" ആതിര " അവൾ പറഞ്ഞു . കൊള്ളാം നല്ല പേര് . എനിക്കിഷ്ടായി ഞാൻ ആത്മഗതം ചെയ്തു . എന്താ ? അവൾ ചോദിച്ചു . അല്ല എന്താ പഠിക്കുന്നെന്നു ചോദിച്ചതാ . അവൾ വെട്ടൂർ സ്കൂളിലാണ് പഠിക്കുന്നതെന്നു എനിക്കറിയാമായിരുന്നു . നമ്മുടെ നാട്ടിലുള്ള ഏക പ്ലസ് ടു സ്കൂൾ അതായിരുന്നു .അതുവരെയുള്ള പ്രീ ഡിഗ്രി മാറ്റി സ്കൂളുകളിലൊക്കെ പ്ലസ് ടു വന്നുകൊണ്ടിരിക്കുന്ന കാലം . ഞാൻ ഒക്കെ പ്രീ ഡിഗ്രിയുടെ മൃതു പ്രായത്തിലെ സന്തതികൾ ആയിരിന്നു . വർക്കലയിൽ പ്ലസ് ടു ഉണ്ടായിരുന്നുള്ള അപൂർവം സ്കൂളുകളിൽ ഒന്നായിരുന്നു വെട്ടൂർ . അതുകൊണ്ടുതന്നെ കുറച്ചധികം ദൂരത്തു നിന്നുവരെ കുട്ടികൾ പഠിച്ചിരുന്നു .
"പ്ലസ് ടു ഹ്യുമാനിറ്റീസ്" . അവൾ പറഞ്ഞു.
"നീ നോക്കിക്കോ നാളെ നമ്മളെയും നോക്കി ഈ സമയത്തു ഇവര് ഇവിടെ കാണും. വീണ്ടും കൂട്ടുകാരി .. ഞാൻ രൂക്ഷമായി കൂട്ടുകാരിയെ നോക്കി . "നിങ്ങളെ അല്ല . ഈ കുട്ടിയെ നോക്കി " വീണ്ടും ഷാദ് .
ഞങ്ങൾ അപ്പോഴേക്കും നടന്നു ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു . മഴയുടെ ശക്തി കൂടി വന്നു , എൻ്റെ മനസ്സിൽ അപ്പോഴേക്കും ഒരു പ്രണയമഴ പതിയെ പെയ്യാൻ തുടങ്ങിയിരുന്നു . കുടയിൽ തട്ടി തെറിച്ച മഴത്തുള്ളികൾ അവളുടെ കൂന്തലിലേക്ക് ഒലിച്ചിറങ്ങി. ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് കയറി .മടക്കിയ കുട ഞാൻ അവൾക്ക് നേരെ നീട്ടി. ഞങ്ങളുടെ കണ്ണുകൾ പരസപരം എവിടെയോ ഉടക്കി നിന്നു . കൂട്ടുകാരിയെ ഓർത്തപ്പോൾ ഞാൻ പെട്ടന്ന് എന്റെ നോട്ടം പിൻവലിച്ചു. പിന്നെ ഒന്നും ചോദിയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല . കുറച്ച കഴിഞ്ഞപ്പോൾ ഒരു ബസ് വന്നു അവളും കൂട്ടുകാരിയും അതിൽ കയറി. കയറുംമുമ്പ് ഒന്നുകൂടി നോക്കി . ബസ് അവരെയും കൊണ്ട് മുന്നോട്ട് പോയി. മനസിൽ എവിടെയോ ഒരു നൊമ്പരം മുളപൊട്ടിയപോലെ .
"അളിയാ നാളെ വരുമ്പോ എന്നെയും വിളിക്കണം " നാളെ നീ വരുമെന്ന് എനിക്കറിയാം . കണ്ടിട്ട് അവള് വീഴുമെന്ന തോന്നണത് . അവൻ പറഞ്ഞു നിർത്തി . വിളിക്കാമളിയാ ... ഞാൻ പറഞ്ഞു
പക്ഷെ പിറ്റേന്ന് ഞാൻ ഷാദിനെ വിളിച്ചില്ല . വിളിക്കാൻ തോന്നിയില്ല . ഒറ്റക്കാണ് പോയത് . അതേ ബസിൽ അതെ സമയം . എന്നാൽ അവളെ കണ്ടില്ല കൂട്ടുകാരിയേയും . അടുത്ത ദിവസങ്ങൾ അവധി ദിവസങ്ങളും . അന്ന് വൈകുന്നേരം വാടി കോടിയിൽ (റാ ത്തിക്കൽക്കാർക്ക് സുപരിചതമായ സ്ഥലം) വെച്ചുകണ്ടപ്പോൾ ഷാദ് ചോദിച്ചു . അളിയാ നീ ഒറ്റക്ക് പോയില്ലേ ?? ഇല്ലടാ.
ഞാൻ പോയില്ല.
അക്കാലത്തു എവിടെ പോയിരുന്നാലും ഞാനും അവനായിരുന്നു എപ്പോഴും ഒരുമിച്ച് . സിനിമക്ക് ആയാലും ഹോട്ടലിൽ ആയാലും ക്ലാസ് കട്ട് ചെയ്തു കറങ്ങാൻ ആയാലും .
ദിനങ്ങൾ കടന്നു പോയി . മാനത്തെ മേഘങ്ങൾ മാറി നിന്നൊരു ദിവസം അന്ന് ഞാനവളെ കണ്ടു. എന്തൊക്കെയോ പറയണമെന്നു മനസ് അതിയായി ആഗ്രഹിച്ചു . പക്ഷെ അവളുടെ കൂട്ടുകാരിയുടെ രൂക്ഷമായ നോട്ടവും സ്ഥായിയായ എൻ്റെ പേടിയും എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു . കണ്ണുകൾ മാത്രം സംസാരിച്ച ആ ദിവസത്തിന് ശേഷം ഞാൻ കൂടുതൽ നിദ്രാ വിഹീനനായി .
ഒരുപാട് തവണ ആ നയനകടാക്ഷങ്ങൾക്ക് മാത്രം ഞാൻ ആ ബസ് സ്റ്റോപ്പിൽ കാത്തുനിന്നു . അന്നൊരുനാൾ ഏകയായി അവൾ അവിടേക്ക് വന്നു . എൻെറ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ചു കത്തി . ആദ്യം കണ്ടതിൽ പിന്നെ ആദ്യമായിട്ടായിരുന്നു ഞാൻ അവളോട് സംസാരിക്കുന്നത് .
കൂട്ടുകാരി എവിടെ ? എൻ്റെ ആദ്യചോദ്യം തന്നെ അതായിരുന്നു .
" ഇന്ന് വന്നിട്ടില്ല എന്താണന്ന് അറിയില്ല " ചിരിച്ച കൊണ്ടവൾ മറുപടി പറഞ്ഞു
എനിക്കൊരു ...കാര്യം പറയാനുണ്ട് ... ഇടറിയ വാക്കുകളിൽ ഞാൻ പറഞ്ഞൊപ്പിച്ചു .
അതെന്താണെന്നു എനിക്കറിയാമെന്ന ഭാവത്തിൽ അവൾ തലയൊന്നു ചലിപ്പിച്ചു ..
ഒരു നിമിഷം ഞാൻ നിശബ്ദനായി. അതെ പ്രണയത്തിൻെറ ഭാഷ അത് ഹൃദയത്തിൻെറ ഭാഷയാണ് നിശബ്ദ ഭാഷ .
ഇഷ്ടമാണെന്നു പറയാനാണ് മനസ്സിൽ തോന്നിയതെങ്കിലും "ഫോൺ നമ്പർ ഒന്ന് തരാമോ ? എന്നാണ് പുറത്തു വന്നത്
ഒരു നിമിഷത്തിനു ശേഷം അവൾ പറഞ്ഞു ... തരാം പക്ഷെ എപ്പോഴും വിളിക്കരുത് . അച്ഛനാവും ഫോണെടുക്കുക . എന്നെ കൊണ്ട് എടിപ്പിക്കില്ല .
എന്നിട്ടവൾ നോട്ട്ബുക്കിൽ നിന്നൊരു പേപ്പർ കീറിയെടുത്തു നമ്പർ എഴുതി തന്നു . സ്വർഗം കിട്ടിയ സന്തോഷത്തിൽ ഞാൻ അത് പോക്കറ്റിൽ ഇട്ടു . കുറച്ചധികം നിമിഷങ്ങൾ .അവളുടെ ബസ് ഇപ്പോഴൊന്നും വരരുതേയെന്നു മനസ് പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു .
പിന്നീടുള്ള കുറേകാലം പ്രണയത്തിൻെറ ദിനങ്ങൾ ആയിരുന്നു . ഞാൻ കൂടുതൽ ദർപ്പണസ്ഥനായി . പ്രകൃതിയിലെ സകലത്തിനോടും എനിക്കൊരു ഇഷ്ടം തോന്നി തുടങ്ങി .
അങ്ങനെ ഒരുനാൾ ഫോൺ വിളിക്കിടയിൽ ഞാൻ പറഞ്ഞു . " എനിക്ക് നിന്നെ കാണണം .
" അതിനെന്താ ബസ് സ്റ്റോപ്പിൽ വന്നാൽ കാണാമല്ലോ ?
അവൾ പറഞ്ഞു .
അത് ശരിയാവില്ല നിൻറെയാ കൂതറ കൂട്ടുകാരി കൂടെ കാണും .
അവൾ പാവമാ സത്യായിട്ടും . അവൾ കൂട്ടുകാരിയെ പിന്തുണച്ചു
അത് വേണ്ട .. നമ്മൾ രണ്ടുപേരും മാത്രമായിട്ട് .
അവൾ ഒരു നിമിഷം ഒന്നും മിണ്ടിയില്ല .
എന്നാ പറയ് എവിടെ വെച്ച് കാണൂന്നു ? അവൾ ചോദിച്ചു ...
സത്യത്തിൽ ഞാൻ അങ്ങനെ പറഞ്ഞെങ്കിലും എനിക്കും വ്യക്ത്യമായ ഒരു ധാരണ ഇല്ലായിരുന്നു എങ്ങനെ നമ്മൾ രണ്ടുപേരും മാത്രമായിട്ട് കാണുമെന്ന്. വർക്കലയുള്ള ഏതെങ്കിലും കൂൾബാറിൽ കയറി ഡ്രിങ്ക്‌സും നുണഞ്ഞു സൊള്ളാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു. ഉണ്ടായാൽ തന്നെ അവൾ വരില്ലെന്ന് എനിക്കയറിയാമായിരുന്നു .
കൂൾ ബാർ , പാപനാശം ,ക്ലിഫ് ഇതൊക്കെയാണ് മാർഗങ്ങൾ . ഒരു നിമിഷം ഞാൻ ആലോചിച്ചു .
"ഞാനൊന്നു പറയട്ടെ" . അവൾ പറഞ്ഞു അതെ അടുത്ത ഞായറാഴ്ച വീട്ടിൽ വൈകിട്ട് ആരും ഉണ്ടാവില്ല . അച്ഛനും അമ്മച്ചിയും രേവുവുമെല്ലാം ഒരിടം പോവുന്നുണ്ട് . ഞാനും പോവേണ്ടതാ . വീട്ടിൽ അമ്മൂമ്മ മാത്രമേ ഉണ്ടാവൂ .. പരീക്ഷ അടുത്ത് വരുന്നോണ്ട് എന്തേലും പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു ഞാൻ പോണില്ല . അന്ന് വന്നാൽ കാണാം , ഒരു കണ്ടീഷൻ പെട്ടന്ന് തിരിച്ചു പോണം ....എനിക്ക് പേടിയാ.... അവൾ പറഞ്ഞു നിർത്തി .
അത് പറഞ്ഞപ്പോൾ തന്നെ അവളുടെ പേടിയുടെ കിതപ്പ് ഫോണിൻെറ മറുതലക്കൽ നിന്ന് ഞാൻ അറിഞ്ഞു . അടുത്ത ഞായറാഴ്ചക്കു ഒരു യുഗത്തിൻെറ ദൈർഘ്യമുണ്ടന്നു ഞാൻ തോന്നി .
അങ്ങനെ കാത്തിരുന്ന ആ ഞായറാഴ്ച എത്തി . അടുത്ത പ്രശ്നം എങ്ങനെ പോകും ?? എൻ്റെ വീട്ടിൽ നിന്ന് ഏകദേശം ഏഴെട്ട് കിലോമീറ്റർ ഉണ്ട് അവളുടെ വീട്ടിലേക്ക് . എനിക്കാണെങ്കിൽ ബൈക്കും ഇല്ല . ആ വൈകുന്നേരം നമ്മുടെ സ്നേഹത്തിനു കുട പിടിക്കാനെന്ന മട്ടിൽ ഒരാളെത്തി . എൻ്റെ ജേഷ്ഠ സഹോദരന് തുല്യനായ ഒരു സുഹൃത്ത് . ഞാൻ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ
" ഡേയ് എന്റെ ബൈക്ക് എടുത്തോ പെട്രോൾ ഇല്ലാ കേട്ടാ അടിക്കാമെങ്കിൽ എടുത്തോണ്ട് പോ ... "
അടിക്കാം ഇക്ക .. സന്തോഷം അടക്കാനാവാതെ ഞാൻ പറഞ്ഞു . സമയം സന്ധ്യയോടടുക്കുന്നു . ഞാൻ ബൈക്ക് വാങ്ങി സ്റ്റാർട്ട് ചെയ്തു .അപ്പോൾ " അനിയാ വെട്ടൂരോട്ടണങ്കിൽ എന്ന് ഒന്ന് ഇറക്കിട അവിടെ ... ഇതേതു കുരിശെന്നമട്ടിൽ തിരിഞ്ഞു നോക്കി.
ശരിക്കും കുരിശായിട്ടുള്ള എനിക്ക് പരിചയമുള്ള ഒരാൾ. കേറ് ഇക്ക ഞാൻ പറഞ്ഞു . വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു. എൻ്റെ ധൃതിയും ബൈക്ക് ഓടിക്കാനുള്ള പരിചയകുറവും കൂടി ഒരുമിച്ചു ചേർന്നപ്പോൾ വണ്ടിയുടെ ടയർ ഒന്ന് പൊങ്ങി .
പിന്നിലെ കുരിശ് എന്നെ മുറുക്കി ഒരു പിടിത്തം . കൊല്ലാൻ കൊണ്ടുപോണാടാ അനിയാ "
അല്ലാ(ഹു) എന്റെ ബൈക്ക് ... ബൈക്ക് തന്നെ ഇക്കാടെ രോദനം പിന്നിൽ നിന്ന് കേട്ടെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല .വെട്ടൂരെത്തി . പിന്നിലുള്ള ആളിനെ അവിടെ ഇറക്കി " അനിയാ ജീവൻ ഇപ്പോഴാണിടാ തിരിച്ചി കിട്ടിയത് .
വർക്കല എത്തി പെട്രോൾ അടിച്ചു , റീന ബേക്കറിയിൽ കയറി നിറയെ ചോക്ലേറ്റ്സും വാങ്ങി ഞാൻ എൻ്റെ എന്റെ പ്രണയിനിയുടെ വീട്ടിലേക്ക് തിരിച്ചു . മുൻപ് ഒന്നു രണ്ടു വട്ടം അത് വഴി പോയിട്ടുണ്ട് . വീടറിയാൻ .
ആകാശത്തെ ചുവപ്പ് മാഞ്ഞിരുന്നു . സന്ധ്യാദീപത്തിനുള്ള നേരമായി . ഞാൻ അവളുടെ വീട്ടിൻെറ മുൻവശത്ത് എത്തി . ഉള്ളിൽ ഭയത്തിൻെറ പെരുമ്പറ മുഴങ്ങി . എന്റെ ഹൃദയമിടിപ്പ് എനിക്ക് വ്യക്തമായി കേൾക്കാം .
വേറെ യാരുടെയെയോ\ വീട്ടിൽ വന്നിട്ട് മാറിപോയതാണെന്ന മട്ടിൽ ചോദിക്കാം എന്ന ഭാവത്തിൽ ഗേറ്റ് തുറന്നു .
പാവാടയും ഉടുപ്പും കൈയിൽ സന്ധ്യാവന്ദനത്തിന്റെ ദീപവുമേന്തി അതാ അവൾ . ദീപം ദീപം .. മെല്ലെ ഉരുവിട്ടുകൊണ്ടവൾ നിലവിളക്കു മുൻവശത്തേക്ക് വയ്ക്കുമ്പോൾ ആണ് അവളെന്നെ കണ്ടത് . ( ദീപം ദീപം ... എന്ന് പറഞ്ഞവൾ എന്നെ കണ്ടയുടനെ പ്രേതം പ്രേതം എന്ന് പേടിച്ചു പറഞ്ഞന്നാണ് എൻ്റെ കൂട്ടുകാരുടെ വാമൊഴി )
പേടികൊണ്ടു രണ്ടുപേർക്കും ഒന്നും മിണ്ടാനായില്ല . " വേഗം പൊക്കോ ... അച്ഛനൊക്കെ വരാറായി . ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു . ശരിക്കും എനിക്കും നല്ല പേടിയുണ്ടായിരുന്നു.
ആരാ കുട്ടീ പുറത്തു ?? ആരുമില്ല അമ്മൂമ്മേ ..
അന്തിസമയത്ത് പെങ്കുട്ട്യോൾ പുറത്ത നിക്കുന്നത് അത്ര നന്നല്ല . അകത്തു നിന്ന് അമ്മൂമ്മ വീണ്ടും .
വിറ പടർന്ന അവളുടെ കൈകളിലേക്ക് ഞാൻ വാങ്ങിയ ചോക്കലേറ്റ്സ് കൊടുത്തിട്ട് ഒരു നിമിഷം ഒന്ന് നോക്കിയിട്ട് കുറച്ചപ്പുറത്തു വെച്ചിരുന്ന ബൈക്കിൻെറ അടുത്തേക്ക് നടന്നു . നേരം ഇരുട്ടിയിരുന്നു .
സാവധാനം വണ്ടിയെടുത്തു വീട്ടിലേക്ക് തിരിക്കുമ്പോൾ എൻ്റെ മനസ്സിൽ ഒരു കഥ മെനയുകയായിരുന്നു . എൻ്റെ കൂട്ടുകാരും ബൈക്ക് തന്ന ഇക്കയുമെല്ലാം എന്തായെന്ന് ചോദിക്കും . വെറുതെ അവിടം വരെ പോയന്ന് പറഞ്ഞാൽ അവരെന്നെ കൊല്ലും . ആ കളിയാക്കലുകൾ അസഹനീയമായിരിക്കും .
ഞാൻ എൻ്റെ തിരിച്ചത്തി . ബൈക്ക് തിരിച്ചേൽപ്പിച്ചു . വണ്ടി കിട്ടിയ ഉടനെ "ഈ ഓടിപ്പാണെന്നു ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തരില്ലായിരുന്നു അനിയാ .. ഭാഗ്യം ഒന്നും പറ്റിയില്ല". അയാൾ നെടിവീർപ്പിട്ടു .
ഹിലാലേ മമ്മദിന്റെ വാപ്പ മരിച്ചു .... പിന്നിൽ അമ്പു . മമ്മദ് പ്രായം കൊണ്ട് നമ്മുടെ അനിയനായ സുഹൃത്താണ് . അന്നത്തെ യുവാക്കളായ നമ്മൾ നാട്ടിൽ മരണമൊക്കെ നടക്കുമ്പോൾ ചില കാര്യങ്ങളൊക്കെ ചെയ്യാറുണ്ട് . ഖബറിന് വേണ്ടിയുള്ള മണ്ണ് കൊണ്ട് പള്ളിയിൽ ഇടുക, മരണ വീട്ടിലെ ചില്ലറ സഹായങ്ങൾ അങ്ങനെ പലതും . നമുക്ക് ശേഷമുള്ളവരും ഇപ്പോഴും അതൊക്കെ തുടർന്ന് ചെയ്യുന്നു , ഒരു പക്ഷെ നമ്മളെക്കാൾ ഭംഗിയായി ...
മരണം നടന്നതിനാൽ അന്ന് വീട്ടിൽ കയറാൻ അല്പം വൈകിയാലും പ്രശ്‌നമില്ല. ഞാനും അമ്പുവും ടാറിട്ട റോഡിൽ ഇരിക്കുകയാണ് . കൂടെ മറ്റു ചില കൂട്ടുകാരും
"അല്ല നീ പോയ കാര്യം എന്തായി " അമ്പു ചോദിച്ചു .
ഒരു നിമിഷം ഒന്നു പതറി ഞാൻ . ഇരുട്ടായതിൽ എന്റെ മുഖം വ്യകത്മായി അമ്പു കാണുന്നുണ്ടായിരുന്നില്ല . അത് പിന്നെ ... കൺഠ ശുദ്ധി വരുത്തി ഞാൻ പറഞ്ഞു തുടങ്ങി ; കുറച്ചു നാൾ മുൻപ് കൃത്യമായി പറഞ്ഞാൽ അവൾ പറഞ്ഞ ആ ദിവസം മുതൽ ഞാൻ കണ്ട ഒരു സ്വപ്നമുണ്ട് . ഇപ്പോഴും സ്വപ്നമായി തന്നെ അവശേഷിക്കുന്ന ഒന്ന് . ഞാൻ അത് അവരുടെ മുൻപിലേക്ക് നിവർത്തി വെച്ചു .
പുറത്തെ വായുവിന് മരണത്തിൻറെ ഗന്ധമുണ്ടായിരുന്നുവെങ്കിലും എൻ്റെ മനസ് നിറയെ പ്രണയമായിരുന്നു . ഞാൻ പറഞ്ഞു തുടങ്ങി ...
ഞാൻ അവളുടെ വീട്ടിലെത്തി . സന്ധ്യാദീപവുമായി അവളെൻറെ മുൻപിൽ എന്നെ കണ്ടപ്പോൾ അവളൊന്നു ഞെട്ടിയെങ്കിലും, കാത്തിരിക്കുന്ന പ്രണയിതാവിൻ്റെ വരവിൻെറ സന്തോഷം അവളുടെ മുഖത്തു നിറഞ്ഞു നിന്നിരുന്നു . പതിവിലും സുന്ദരിയായിരുന്നു അവൾ. ചൂടിയ മുല്ലപ്പൂവിന്റെ മണം അവിടെയാകെ നിറഞ്ഞു നിന്ന് . അവൾ എന്നെയും പിടിച്ചുകൊണ്ട് ചരൽ പാകിയ , വെളിച്ചം അധികം കടന്നു വരാത്ത പിന്മുറ്റത്തേക്ക് നടന്നു . അവളുടെ നനുത്ത സ്പർശം എന്നെ പ്രണയപരവശനാക്കി . ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരുവൾ എന്റെ പ്രണയപൂർവ്വം എൻ്റെ കൈ പിടിച്ചു നടക്കുന്നത്. ഞങ്ങൾ ആ മുറ്റത്തു ഇരുന്നു . ചെമ്പകവും ജമന്തിയും പൂത്തു നിന്ന മുറ്റത്തു ഒരു നിമിഷം ഞങ്ങൾ പരസ്പരം നോക്കി ഇരിന്നു . അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം ചുവന്നിരുന്നതു ഞാൻ കണ്ടു . എൻ്റെ കണ്ണുകളെ നേരിടാനാവാതെ അവൾ ഇരുട്ടിലേക്ക് തല താഴ്ത്തി ഇരുന്നു
അപ്പോഴാണ് " അച്ചൂ എവിടെയാ നീ ? അകത്തു മുത്തശ്ശിയുടെ വിളി . ഇ പ്പോ വരാവേ .. അതെ മുത്തശ്ശി കിടപ്പിലാ എന്ന് പറഞ്ഞുകൊണ്ടവൾ വീട്ടിലേക്ക് പോയി . കുറച്ചു കഴിഞ്ഞപ്പോൾ അവൾ തിരിച്ചു വന്നു. അവരിപ്പോ വരും കേട്ടാ .. അപ്പോഴേക്കും ഞാൻ എൻ്റെ കൈയിലിരുന്ന ചോക്ലേറ്സ്ൻറെ അവൾക്ക് നീട്ടി
ന്താ ഇതു ?? അവൾ ചോദിച്ചു. നിനക്ഷ്ടപെട്ട ചോക്ലേറ്സ് .. ഞാൻ പറഞ്ഞു പിന്നീട് ഞാൻ അവളോട് ഒരു ചുംബനം ചോദിക്കുന്നതും അവളുടെ ദുർബലമായ എതിർപ്പിന്റെ മറികടക്കുന്നതുമെല്ലാം ഞാൻ ഒരു തിരക്കഥാകൃത്തിൻറെ ലാഘവത്തോടെ പറഞ്ഞു ഫലിപ്പിച്ചു .
ചില കൂട്ടുകാർ അതങ്ങു പൂർണമായി വിശ്വസിച്ചില്ല . പക്ഷെ അമ്പു അവൻ അതെല്ലാം പൂർണമായും വിശ്വസിച്ചു . പറഞ്ഞ കഥയുടെ സുഖം ആസ്വദിച്ചുകൊണ്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു ...
( പിൽക്കാലത്ത് എനിക്കൊരു കുറ്റബോധം തോന്നി . എന്റെ പ്രണയാതുരമായ ഒരു സ്വപ്നം ഒരു യഥാർത്ഥ സംഭവം ആന്നെന്ന് അവൻ വിശ്വസിച്ചതിൽ. കാരണം നമ്മുക്ക് എളുപ്പം പറ്റിക്കാൻ പറ്റുന്നത് നമ്മളെ ഏറ്റവും അധികവും വിശ്വസിക്കുന്നവരെയാണ് . അതുകൊണ്ടു തന്നെ ഈ പ്രണയത്തിലെ ആ ഭാഗം വെറും എന്റെ ഭാവനയാണെന്നു ഞാൻ പിന്നീട് അവനോടു പറഞ്ഞു )
No comments:
Post a Comment