Monday, July 6, 2020

"ഇക്കാ കൊറോണ ഇക്കായെ ഒരു സൈക്കോ ആക്കിയല്ലോ " 

അർഷദ് അതു പറഞ്ഞിട്ടു സഫാരി ഹൈപ്പർമാർക്കറ്റിൽ നിന്നു വാങ്ങിയ ദോശ മാവിന്റെ പ്ളാസ്റ്റിക് കവറിലെ ഡിഷ്‌ വാഷിന്റെ പത സിങ്കിലെ ടാപ്പ് തുറന്നു കഴുകി കളഞ്ഞു. സത്യം പറഞ്ഞാൽ ഇതൽപ്പം കൂടുതല്ലേ എന്നെനിക്കും തോന്നാറുണ്ട്. എന്നാലും എന്റെ അശ്രദ്ധ കൊണ്ടു എനിക്കോ മറ്റുള്ളവർക്കോ കോവിഡ് ബാധിക്കരുതെന്ന ഒരു നിർബന്ധം എനിക്കുണ്ടായിരുന്നു.

കുറച്ചു കാലമേ ആയുള്ളൂ അർഷദ് (ഉമ്മയുടെ ഇളയ സഹോദരിയുടെ മകൻ)കൂടെ കൂടിയിട്ട്. ജോലിതേടി വിസിറ്റിൽ എത്തിയ അവൻ ഷാർജയിൽ എൻ്റെ കൂടെ എത്തുന്നതിനു മുൻപ് ദേരയിലെ പത്തു പന്ത്രണ്ടു പേർ താമസിച്ചിരുന്ന ഒരു ഫ്ലാറ്റിൽ ആയിരുന്നു. ദേരയിൽ കോവിഡ് രൂക്ഷമായ സമയത്തായിരുന്നു അത്. ഫ്ളാറ്റിലെ ഒറ്റക്കുള്ള ജീവിതം വിരസവും ഒറ്റപ്പെടൽ  ബുദ്ധിമുട്ടുമായി തുടങ്ങിയപ്പോൾ അവനെ കൂടെ കൂട്ടി. ദേരയിൽ ആയതുകൊണ്ട് ചെറിയൊരു പേടി ഇല്ലാതിരുന്നില്ല .

വന്ന അന്ന് തന്നെ എൻ്റെ പ്രവർത്തികൾ അവനെ ഞെട്ടിച്ചു. അവൻ കൊണ്ട് വന്ന അവൻ്റെ വസ്ത്രങ്ങൾ മൂന്ന് ദിവസം വണ്ടിയിൽ തന്നെ വെപ്പിച്ചു, കൊറോണ ഉണ്ടെങ്കിൽ താനെ ഇല്ലാതായി കൊള്ളട്ടെ എന്ന് കരുതി. വന്ന ഉടനെ ഡെറ്റോൾ ഒഴിച്ച വെള്ളത്തിൽ കുളിക്കാൻ പറഞ്ഞു. ഇട്ടുകൊണ്ട് വന്ന ഡ്രസ്സ് അപ്പോൾ തന്നെ കഴുകിയിടാൻ പറഞ്ഞു.  കൊണ്ടുവരുന്നതിന് മുൻപ് ഫ്ലാറ്റിൽ രണ്ടു ആഴ്ചയായി ആർകെങ്കിലും ചുമ പനി എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചറിഞ്ഞിരിന്നു. കുളി കഴിഞ്ഞു എൻ്റെ വസ്ത്രങ്ങൾ ആണ് അവൻ ധരിച്ചത്; അടുത്ത മൂന്ന് ദിവസം വരെ. ബാച്ചിലർ ഫ്ലാറ്റിൽ താമസിച്ചിരുന്ന, അവന്റെ കണ്ണുകളിൽ "ഇത്രയൊക്കെ വേണോ" എന്നൊരു നോട്ടം എപ്പോഴും തങ്ങി നിന്നിരുന്നു.

ശരിക്കും അവൻ ഞെട്ടിയത് അടുത്ത ദിവസം സൂപ്പർ മാർക്കറ്റിൽ പോയപ്പോഴാണ്.  തൊട്ടടുത്തുള്ള ഒന്നിലും പോകാതെ, സഫാരിയിൽ ആണ് ഞാൻ പോയിരുന്നത്. അവിടെ പോകാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന് ഗവണ്മെന്റ് ടെംപറേച്ചർ എടുക്കണമെന്ന് പറയുന്നതിന് മുൻപ് തന്നെ അവർ അത് തുടങ്ങിയിരുന്നു.

ഫ്ലാറ്റിൽ നിന്ന് നിന്ന് ഇറങ്ങുംമുന്പ് , മാസ്ക് ഇട്ടു ( ശരിയായ രീതിയിൽ തന്നെ മൂക്കും വായും ശരിയായി മറച്ചുകൊണ്ട് തന്നെ) ഗ്ലവ്സ് ഇട്ടു  ലിഫ്റ്റിലേക്കു കേറും. ലിഫ്റ്റ് അമർത്താൻ ഒരു ചെറിയ ടിഷ്യു പേപ്പർ എടുത്തു കൈയിൽ കരുതിയിരിക്കും. അത് വെച്ച് ലിഫ്റ്റ് ബട്ടൺ അമർത്തുന്നു. പിന്നീട് അത് ഡസ്റ്റ്  ബിന്നിൽ ഇട്ടിട്ട് കാറിൽ കയറുന്നു. ഫ്ലാറ്റിനു പുറത്തിറങ്ങികഴിഞ്ഞാൽ പിന്നെടു ഒരു കാരണവശാലും മുഖത്തിന്റെ ഒരു ഭാഗത്തും കൈകൊണ്ടും ഞാൻ തൊടില്ല. അവനെ തൊടാനും സമ്മതിക്കില്ല. ഇനി അഥവാ അത്ര അത്യാവശ്യമാണെങ്കിൽ വണ്ടിയിൽ കരുതിയിരിക്കുന്ന സാനിട്ടയിസർ കൊണ്ട് കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും കൈകൾ ക്ളീൻ ചെയ്യിപ്പിച്ചതിനു ശേഷമാണ് അവൻ്റെ സ്വന്തം മുഖത്തു തൊടാൻപോലും അനുവദിച്ചിരുന്നത് .  പ്രായത്തിൽ നല്ല വിത്യാസം ഉള്ളതുകൊണ്ടാവും അവൻ അതൊക്കെ ഒരു നോട്ടത്തിലൂടെ ഒതുക്കി. സത്യം പറഞ്ഞാൽ ,മാസ്ക് ഇട്ടു കഴിഞ്ഞാൽ അപ്പോൾ മുതൽ എൻ്റെ മൂക്ക് ചൊറിയാൻ തുടങ്ങും. ഇത്രയും ക്ഷമ എൻ്റെ ജീവിതത്തിൽ ഒരിടത്തും ഞാൻ കാണിച്ചിട്ടില്ല.

സൂപ്പർ മാർക്കറ്റിൽ എത്തിയാൽ , കൈ ഒന്നുകൂടി സാനിറ്റൈസറിൽ മുക്കി വണ്ടിയിൽ നിന്നിറങ്ങുന്നു. ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നു നേരെത്തെ മൊബൈൽ നോട്പാഡിൽ കുറിച്ചതുനോക്കി ട്രോളിയിൽ വെക്കുന്നു. പിന്നെ ഒരു കാര്യം , ഒരു ആഴ്ചക്കുള്ള സാധനങ്ങൾ ആണ് വാങ്ങാറ്. പരമാവധി കുറഞ്ഞ സമയം മാത്രം അവിടെ ചെലവാക്കുന്നു.
മീനോ ഇറച്ചിയോ വാങ്ങാൻ ഉദ്ദേശിച്ചാൽ , ആദ്യം അത് കട്ട് ചെയ്യാൻ കൊടുത്തിട്ടു ബാക്കി സാധനങ്ങൾ എടുക്കുന്നു. ഇനി ആ ഭാഗത്തു തിരക്കുണ്ടെങ്കിൽ തല്ക്കാലം അത് വേണ്ടന്നു വെക്കുന്നു. കുക്ക് ചെയ്ത ഒരു ഫുഡും വാങ്ങില്ല. ഇനി അഥവാ വാങ്ങിയാൽ ഫ്ലാറ്റിൽ എത്തിയിട്ട് നല്ലപോലെ ചൂടാക്കുന്നു. ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങി കഴിഞ്ഞാൽ , ക്യാഷ് കൗണ്ടറിൽ സാമൂഹ്യ അകലം പാലിച്ചു ക്യാഷ് പേ ചെയ്യുന്നു. ( കാർഡ് കൊടുക്കുന്നു ). ഒന്ന് രണ്ടു തവണ അർഷദ് തൊട്ടടുത്ത കസ്റ്റമറിനോട് കുറച്ചു ചേർന്ന് നിന്നതിനു ഞാൻ സംസാരിച്ചപ്പോൾ അവന്റെ പഴയ നോട്ടം ഞാൻ കണ്ടില്ലന്നു നടിച്ചു. കാർഡ് തിരിച്ചു കിട്ടിയാൽ കൗണ്ടറിൽ ഇരിക്കുന്ന സാനിട്ടയ്‌സറിൽ കാർഡിനെ നന്നായി ഒന്ന് കുളിപ്പിച്ച് പഴ്സിൽ കയറ്റുന്നു. മിക്കപ്പോഴും, വൈ ഫൈ ഉണ്ടെങ്കിൽ കോൺടാക്ട് ലെസ്സ് പേമെന്റ് ആയിരിക്കും.

കാറിന്റെ ഡിക്കിയിൽ സാധനങ്ങൾ വെച്ചതിനു ശേഷം , കാറിൽ കയറി ഒന്നുകൂടി കൈകൾ സാനിറ്റൈസറിൽ മുക്കുന്നു.  തിരിച്ചു വണ്ടിയിൽ നിന്നറങ്ങി ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ , അലക്ഷ്യമായി മാസ്ക് വെച്ച്, തോളിൽ കൈയിട്ട് നടന്നു പോകുന്ന പാകിസ്താനിയെയും ബംഗാളിയെയും തെല്ലൊരു ദേഷ്യത്തോടെ ഇവനൊക്കെ ഇതിവിടെ പടർത്തിയെ അടങ്ങൂ എന്ന് ചിന്തിച്ചു, ചിലപ്പോഴക്കെ അർഷദിനോടു പറഞ്ഞും ഫ്ലാറ്റിലേക്ക് നടക്കും.

ഫ്ലാറ്റിന്റെ വാതിൽക്കൽ ചെരിപ്പ് അഴിച്ചു വെച്ച് ( ഉള്ളിലോട്ട് കയറ്റാറില്ല ) , വളരെ ശ്രദ്ധിച്ചു മാസ്ക് ചെവിയുടെ ഭാഗത്തുള്ള അതിന്റെ വള്ളിയിൽ മാത്രം പിടിച്ചു ഒരു കവറിൽ ഇടുന്നു, കൂടെ ഗ്ലാവ്‌സും. അതിനുശേഷം  അകത്തേക്ക് കയറുന്നു. വാതിലിനടുത്തു വെച്ചിട്ടുള്ള സാനിറ്റൈസർ  എടുത്തു വീണ്ടും കൈ അതിൽ മുക്കുന്നു. ഇനിയാണ് അടുത്ത യുദ്ധം. കൊണ്ട് വന്നിട്ടുള്ള സാധനങ്ങൾ  വെജിറ്റബ്ൾസും ഫ്രൂട്ട്‌സും സോഡാപ്പൊടിയിട്ട ( ബൈ കാർബണേറ്റ് സോഡാ) വെള്ളത്തിൽ കുറച്ചു മണിക്കൂറുകൾ മുക്കി വെക്കുന്നു. ( ബൈ കാർബണേറ്റ് സോഡാ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് ഒരു പഠനവും വന്നിട്ടില്ല. പക്ഷെ അതിലുള്ള വിഷ മാലിന്യങ്ങളെ നശിപ്പിക്കും). അതിനു ശേഷം കഴുകി വൃത്തിയാക്കി ഫ്രഡ്ജിൽ സൂകിഷിക്കുന്നു.ഇറച്ചിയും മീനും വേറൊരു കവറിലാക്കി ഫ്രീസറിൽ പ്രതേക ഭാഗത്തു സൂക്ഷിക്കും.  എടുത്തു ഉപയോഗിക്കുമ്പോൾ  വേറൊരു കട്ടിങ്‌ പ്ലേറ്റിൽ വെച്ച് മുറിക്കുന്നു. ആദ്യമായാണ് വേറെവേറെ കട്ടിങ്പ്ലേറ്റുകൾ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് പാക്കിൽ വരുന്ന സാധനങ്ങൾ ഡിഷ് വാഷിട്ടു കഴുകും . ഇനി പേപ്പർ പാക്കിൽ വരുന്നത് മൂന്ന് ദിവസം വരെ പ്രതേക സ്ഥലത്തു സൂക്ഷിക്കും.

ഇതെല്ലാം കഴിഞ്ഞു വിസ്തരിച്ചു ഒരു കുളി. അതിനുമുൻപ് ഇട്ടിരുന്ന വസ്ത്രങ്ങൾ അപ്പോൾ തന്നെ ഡിറ്റർജെന്റ് ഉപയോഗിച്ച് കഴുകുന്നു.

ചിലപ്പോഴെങ്കിലും റെസ്റ്റോറന്റിൽ നിന്ന് ഫുഡ് ഓർഡർ ചെയ്താൽ, അത് നന്നായി ചൂടാക്കിയാണ് ഉപയോഗിക്കുക. കൊണ്ടുവരുന്ന കവർ അപ്പോൾ തന്നെ വേസ്റ്റ് ബാസ്കറ്റിൽ.

ശരിക്കും ഒരു ഹൈജീനിക്ക് സൈക്കോഎന്ന്  മറ്റുള്ളവർക്ക് തോന്നാം. ഗൾഫിലെ ഒരു ബാച്ചലർ അക്കമഡേഷനിൽ ഇതിൽ പലതും ചെയ്യാനേ പറ്റില്ല. പക്ഷേ തുടർച്ചയായ എൻ്റെ കൊറോണ വായനകൾ  എന്നെ അങ്ങനെ ആക്കി തീർത്തു ..
.

നാട്ടിൽ എത്തിയപ്പോൾ തോന്നി തുടങ്ങി ഞാൻ അല്പം ഓവർ ആണോ എന്ന്. ശരിക്കു മാസ്ക് പോലും  ആരും ഉപയോഗിക്കുന്നില്ല. നേതാക്കൾ പോലും സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തി വെച്ചിട്ടാണ് സംസാരിക്കുന്നത്. താടിയിലൂടെയാണോ കൊറോണ കയറുന്നതു എന്ന് തോന്നിപ്പോയി.  കടകളിൽ നിയമം പാലിക്കുന്നു എന്ന് കാണിക്കാൻ സാനിറ്റൈസർ വെച്ചിട്ടുണ്ട്. ചിലത് ഒഴിഞ്ഞ കുപ്പികളാണ്. വരുന്ന ആരും അതെടുത്തു ഉപയോഗിക്കുന്നതായി കണ്ടില്ല. ആരും ഒരു അകലവും പാലിക്കുന്നില്ല. വീട്ടുകാരോട് പറഞ്ഞു പുറത്തു നിന്ന് വരുന്നവരോട് ഒരു അകലവും മാസ്കും ഇട്ടു സംസാരിക്കാൻ. തലകുലുക്കി സമ്മതിക്കുമെന്നല്ലാതെ അതൊക്കെ ശരിക്കു പ്രാവർത്തികമാകുന്നുണ്ടോ എന്ന് സംശയമാണ് . ഇത്രക്കൊക്കെ വേണോ എന്നൊരു സംശയം പല കണ്ണുകളിലും കണ്ടു .. എന്തിനേറെ പറയുന്നു പരിചയമില്ലാത്ത വീട്ടിൽ പോയപ്പോൾ എനിക്ക് തന്നെ മാസ്ക് ഇട്ട് സംസാരിക്കാൻ ഒരു മടി തോന്നി.

കുറച്ചധികം  ശ്രദ്ധിക്കുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല. അവൻ പതുക്കെ നമ്മളിലേക്ക് പടരുകയാണ്. നമ്മൾ അല്പം ശ്രദ്ധിച്ചാൽ ജീവിതം ഒരുപാടു മനോഹരമാകും, മുമ്പത്തേക്കാൾ ...












ശരിക്കും

യൂ എ ഇ യിൽ കോവിഡ്ന്റെ രൂക്ഷത കൂടിയപ്പോൾ തന്നെ, ഷാർജയിലെ ഒരു ഫ്ലാറ്റിലേക്ക് ഞാൻ മാറിയിരുന്നു. ആദ്യത്തെ ഒരു മാസം ഒറ്റക്കായിരുന്നു. ചൈനയിൽ കോവിഡ് തുടങ്ങിയപ്പോൾ തന്നെ അതിന്റെ വ്യാപന ഭീകരതയെ കുറിച്ചറിഞ്ഞിരിന്നു. അതുകൊണ്ടു തന്നെ ചില മുൻകരുതലുകൾ അപ്പോഴേ എടുത്തു തുടങ്ങിയിരുന്നു. ജനുവരിയിൽ ജോലി നഷ്ടപ്പെട്ടശേഷം, ചെറിയൊരു കമ്പനിയുടെ വർക്കിംഗ് പാർട്ണർ ആയി ചില പ്രാരംഭ നടപടികൾ തുടങ്ങിയിരുന്നു അപ്പോൾ. എന്നെ സംബന്ധിച്ച് അതൊരു സന്തോഷകരമായ ഒരു കാര്യമായിരുന്നു അത്. പക്ഷെ കോറോണയുടെ സാനിധ്യം എല്ലാം നശിപ്പിച്ചു. ബർദുബൈയിൽ നിന്ന് ഷാർജയിലെ റോളയിലെ ഒരു ബന്ധുവിന്റെ ഫ്ലാറ്റിലേക്ക് മാറി. ലോക്ക് ഡൌൺ മൂലം വിമാനയാത്രയ്ക്ക് നിരോധനം ഉണ്ടായിരുന്നതിനാൽ നാട്ടിലായിരുന്ന ബന്ധുവിന് തിരിച്ചു വരാൻ കഴിഞ്ഞിരുന്നില്ല.

പകർച്ചവ്യാധിയുടെ ഈ സമയത്തു , ഒറ്റക്കൊരു ഫ്ലാറ്റിൽ നില്ക്കാൻ പറ്റിയത് ഭാഗ്യമായി തോന്നി അപ്പോൾ. പ്രേതെകിച്ചു ഒരു പണിയുമില്ല. ഉറക്കം എണീക്കുക, കൊറോണ സംബന്ധമായ വാർത്തകൾ വള്ളിപുള്ളി വിടാതെ വായിക്കുക , ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്യുക. ഇതായിരുന്നു പ്രധാന പണി. അത്യാവശ്യത്തിനു മാത്രത്തിനു മാത്രം പുറത്തിറങ്ങുക. പക്ഷെ നാളുകൾ കഴിയുന്തോറും ഒറ്റക്കുള്ള താമസം എത്രമാത്രം വിരസവും ബുദ്ധിമുട്ടുമാണെന്നും അപ്പോഴേക്കും മനസിലായിത്തുടങ്ങിയിരുന്നു. അങ്ങനെ ജോലി തേടി വന്ന ഉമ്മയുടെ സഹോദരിയുടെ മകൻ അർഷാദിനെ കൂടെ കൂട്ടുന്നത്.












No comments: