എനിക്ക് വയ്യ വാപ്പാ ഇവിടെ നിക്കാൻ .... എത്ര കൊല്ലമായി ഇവിടെ ജോലി ചെയ്യുന്നു .. എനിക്ക് മാത്രം ഒരു പുരോഗതിയുമില്ല ... എൻ്റെ അതെ പോസ്റ്റിലുള്ളവർക്ക് നാലായിരം ദിർഹം ശമ്പളവും മൂവായിരം ഹൌസ് അലവൻസും ... എനിക്കിപ്പോഴും 1800 മാത്രം .....
എൻ്റെ വാക്കുകളിൽ സാലറി കൂടാത്തതിന്റെ നിരാശമാത്രമല്ല , കല്യാണം കഴിഞ്ഞു കൂടുതൽ കാലം ഭാര്യയുമായി ഒരുമിച്ചു നിൽക്കാത്തതിന്റെ വിരഹത്തിന്റെ നൊമ്പരവും നിറഞ്ഞു നിന്നിരുന്നു.
ഞാൻ ഇങ്ങനെ പറയുമ്പോൾ " മോനെ നിന്റെ കല്യാണം ഇപ്പൊ കഴിഞ്ഞതേ ഉള്ളൂ . എങ്ങേനെലും അവിടെ പിടിച്ചു നിക്ക് . നമുക്ക് വേറെ വരുമാനമില്ല" .. ഇങ്ങനെ പറയുന്ന ഒരു വാപ്പ ആയിരുന്നു എന്റെ മനസ്സിൽ
പക്ഷെ " നിനക്കവിടെ അത്ര ബുദ്ധിമുട്ടാണെൽ നീയിങ് വാ ... പടച്ചോൻ തന്ന ആരോഗ്യമുണ്ടല്ലോ ..... നമുക്കിവിടെ എന്തെങ്കിലും ചെയ്തു ജീവിക്കാം . വാപ്പയുടെ വാക്കുകൾ എനിക്ക് അദ്ഭുതമായിരുന്നു . സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമായിരുന്നു അത്, എന്നിട്ട്പോലും വാപ്പ എന്റെ മനസ് വായിച്ചപോലെ പറഞ്ഞു .
എന്റെ ധൈര്യമായിരുന്നു വാപ്പ. സങ്കടവും വിഷമവും വാപ്പയോടു പറയുമ്പോൾ വാപ്പ പറയുന്ന ഒരു വാക്കുണ്ട് .. എനിക്കറിയാമിടാ ... നീ ധൈര്യമായി ഇരി ... ഞാൻ ഇതൊക്കെ എത്ര കഴിഞ്ഞതാ .
അതെ ജീവിതത്തിന്റെ എല്ലാ വശങ്ങളും കടന്നുപോയ ഒരാളാണ് എന്റെ വാപ്പ. വളരെ ചെറുപ്പത്തിലേ വാപ്പയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ " ആറു വയസിൽ" ജോലി ചെയ്യാൻ തുടങ്ങിയതാണ് വാപ്പ . കഷ്ടപ്പാടിന്റെ വിഷമങ്ങൾക്കിടയിലും സ്വന്തം കുടുംബത്തിന്റ സുഖത്തിനു പ്രാധാന്യം നൽകി.
ഗൾഫിൽ വന്നു, അത്യാവശ്യം വരുമാനം ആയപ്പോൾ ഞാൻ വാപ്പയോട് പറഞ്ഞു " വാപ്പ ഇനി പള്ളിയിലേക്ക് പോകണ്ട .. വാപ്പാക്ക് കിട്ടുന്ന 5000 കൂടി ഞാൻ അധികം അയച്ചു തരാം ... മോനെ എന്റെ ആറാമത്തെ വയസു മുതൽ ആ കടലിനോടു മല്ലടിച്ചു തുടങ്ങിയ ജീവിതമാണ് എൻ്റെ... പടച്ചോൻ ആരോഗ്യം നിലനിർത്തുന്ന കാലം വരെ ഞാൻ അദ്ധ്വാനിക്കും . പിന്നെ ഈ പള്ളിയിലെ പണി അത് എനിക്കെന്റെ റബ്ബ്മായി അടുക്കാനുള്ള മാർഗം കൂടിയാണ് "
ആരോഗ്യം അനുവദിക്കുന്നവരെ വാപ്പ ആ ജോലി തുടർന്നു. അതിരാവിലെ നാലു മണിക്ക് തുടങ്ങുന്നു വാപ്പയുടെ ജീവിതം. തഹജ്ജുദ് നിസ്കരിച്ചു കഴിഞ്ഞു എത്ര മഴയാണെങ്കിലും , തണുപ്പാണെങ്കിലും പള്ളിയിൽ പോകുമായിരുന്നു വാപ്പ. വാപ്പയുടെ വാങ്ക് കേട്ടാണ് റാത്തിക്കലുള്ള ഓരോരുത്തരും ഉറക്കമെണീറ്റിരുന്നത് . സുബ്ഹി കഴിഞ്ഞാൽ കുറച്ചുനേരം ഖുർആൻ പാരായണം . പിന്നീട് ദുഹാ നിസ്കാരം .. അങ്ങനെ പോകുന്നു വാപ്പയുടെ ഒരു ദിവസത്തെ ജീവിതചര്യ. പള്ളിയിൽ ഓരോ ജോലിയും വളരെ സന്തോഷത്തോടെയാണ് വാപ്പ ചെയ്തിരുന്നത് . അത് വാങ്ക് കൊടുക്കുന്നത് മുതൽ ജമാഅത്തിന് ഇമാം നിൽക്കുന്നതും പള്ളി വൃത്തിയാക്കുന്നത് വരെ .
എന്ത് കാര്യത്തിലും കൃത്യനിഷ്ടയും അച്ചടക്കവും വാപ്പയുടെ മുഖമുദ്രയായിരുന്നു. അത് ചെയ്യുന്ന ജോലിആയാലും , സാമ്പത്തിക അച്ചടക്കം ആയാലും ( എനിക്ക് തീരെ ഇല്ലാതിരുന്നത് ) ധരിക്കുന്ന വസ്ത്രമായാലും . സാമ്പത്തിക അച്ചടക്കം വാപ്പയെ കണ്ടു പഠിക്കണം . മുപ്പത്തി അഞ്ചു വർഷം മുൻപ് പ്രവാസം നിർത്തിയതാണ് വാപ്പ ,അതിനുശേഷം എന്റെ വിദ്യാഭാസം , എൻ്റെ സഹോദരിമാരുടെ വിവാഹം, രണ്ടുപേർക്കും വീട് വെച്ച് കൊടുത്ത് മുതൽ, ബന്ധുക്കൾക്ക് സഹായിച്ചതൊക്കെയും നാട്ടിൽ നിന്ന് കൊണ്ടാണ് .
കുട്ടിക്കാലത്ത് ഞാൻ വാപ്പയെ ഓർക്കുന്നത് പ്രവാസിയായാണ്. വർഷത്തിൽ ഒരു മാസം ലീവിന് വരുന്ന വാപ്പ. പാന്റും ഷർട്ടും ഇൻ ഷർട്ട് ചെയ്തു റെയ്ബാൻ ഗ്ലാസ്സവെച്ചു എയർപോർട്ടിൽ നിന്ന് കൂട്ടികൊണ്ടു വരുന്ന വാപ്പയെ. റോത്മാൻസ് സിഗരറ്റ്ൻറെയും ബ്രൂ ത്തിന്റെയും സമ്മിശ്രഗന്ധം ... അതൊരു വല്ലാത്ത മണമാണ്. ഓർമയിലെ സുഗന്ധം. ഞാൻ ഗൾഫിൽ വന്നപ്പോഴോ അതിനു മുൻപോ ശേഷമോ അങ്ങനെയൊരു ഗന്ധം ഞാൻ അനുഭവിച്ചിട്ടില്ല. പിന്നീട് നാട്ടിൽ പലവജ്ഞന കട, തൊണ്ടു കയറു,കൊപ്ര ഇവയുടെ ബിസിനസ്സ് , ബിസ്‌ക്കറ്റിന്റെ ഡിസ്‌ട്രിബൂഷൻ, ബസ് അങ്ങനെ എന്തെല്ലാം . ഒന്നിനും ഒരു കുറവുമില്ലാത്ത കാലം . ജീവിതത്തിലെ മനോഹരമായ കാലം.
പിന്നെയെപ്പൊഴോ , ജീവിതത്തിൽ കാലിടറി . ബിസിനസ്സുകൾ എല്ലാം പൊളിഞ്ഞു . അപ്പോഴും വാപ്പയുടെ മനസ് ഇളകിയില്ല. ഉമ്മയുടെ അസുഖം . മറ്റു ചില പ്രശ്നങ്ങൾ. ജീവിത്തിലെ മുകൾത്തട്ടിൽ നിന്നും താഴോട്ടുള്ള യാത്ര. വാപ്പയുടെ മനസു തളർന്നില്ല. പതറിയില്ല. പടച്ചോന്റെ പരീക്ഷണമാണെന്നു മാത്രം വിശ്വസിച്ചു . എല്ലാം സൃഷ്ട്ടാവിൽ സമർപ്പിച്ചു പള്ളിയിലെ "മുഅദ്ദിൻ" ജോലിയിലെ സന്തോഷം തിരിച്ചറിഞ്ഞു. ഖുർആനിൽ സമർപ്പിച്ചു.
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിയാതെ വളർന്ന ഞാൻ, മിക്കപ്പോഴും ജീവിതത്തിൽ മുന്നോട്ട് പോവാതെ പകച്ചു നിന്നപ്പോൾ , മുന്നിലെ വെളിച്ചം വാപ്പയായിരുന്നു . ഒരു ചെറുചിരിയോടെ എന്നെ ആശ്വസിപ്പിച്ചു .
ഞാൻ വാപ്പയെ സ്നേഹിച്ചു തുടങ്ങുന്നത് വളരെ വൈകിയാണ് , ഒരുപക്ഷെ ഞാൻ ഒരു പിതാവായപ്പോൾ ആയിരിക്കാം . തെറ്റ് ചെയ്‌താൽ നല്ല അടികിട്ടിമായിരുന്നു വാപ്പാടെ അടുത്തുന്നു; കുട്ടിക്കാലത്തു. സ്നേഹമുണ്ട്, പക്ഷെ അതിലൊരു പേടിയുണ്ടായിരുന്നു. എന്തും പറഞ്ഞിരുന്നത് ഉമ്മയോടായിരുന്നു. ഉമ്മ മക്കളുടെ ഭാഗത്തായിരുന്നു.വാപ്പയോടു കലഹിച്ചെങ്കിലും, കാര്യങ്ങൾ പറഞ്ഞു സാധിച്ചു തന്നിരിന്നു ഉമ്മ.
കാലം കുറെ മുന്നോട്ട് പോയപ്പോൾ , പ്രായം കുറെ കൂടിയപ്പോൾ, എന്റെ ഏറ്റവും നല്ല സുഹൃത്തായി വാപ്പ. പേടി മാറി, ആ ഉള്ളിലെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. എൻ്റെ പ്രവാസത്തിനിടയിലെ അവധി ദിനങ്ങൾക്കിടയിൽ നാട്ടിലെത്തുമ്പോൾ രാത്രി ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഒരുമിച്ചു സംസാരിച്ചിരുന്നു. പഴയ കഥകൾ പറഞ്ഞു. വാപ്പയുടെ ജീവിതം പറഞ്ഞു, നാടിൻ്റെ ചരിത്രം പറഞ്ഞു...
ആയിടക്കാണ്, എന്റെ ഉറ്റസുഹൃത്തിന്റെ വാപ്പ മരിക്കുന്നതു. ഞങ്ങൾ അന്ന് പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ ആയിരുന്നു. സന്തോഷം പെട്ടന്ന് ദുഖത്തിന് വഴിമാറി. മസ്കറ്റ് എയർപോർട്ടിൽ അവനെ യാത്രയയക്കാൻ ഡ്രൈവ് ചെയ്യുമ്പോൾ , മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു.
കുട്ടിക്കാലത്തു ഒരു രാജകുമാരനെ പോലെ എന്നെ വളർത്തിയ മാതാപിതാക്കൾ പ്രായമാകുമ്പോൾ അവരോടപ്പം ചിലവഴിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്ത് ജീവിതം . അന്ന് മുതൽ ചിന്തിച്ചു തുടങ്ങിയതാണ് നാട്ടിൽ എങ്ങനെയെങ്കിലും സെറ്റിൽ ചെയ്യണമെന്ന് . ബാങ്ക് ബാലൻസ് ഇല്ല. കുഴപ്പമില്ലാത്ത ജോലി ആയിരുന്നുവെങ്കിലും എന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മ ബാങ്ക് ബാലൻസ് എല്ലായിപ്പോഴും "0 " ത്തിൽ തുടർന്ന് . ഒരിക്കൽ വാപ്പ എന്നോട് എന്റെ സാലറി എത്ര എന്ന് ചോദിച്ചില്ല. ഇത്ര അയക്കണമെന്ന് ശഠിച്ചില്ല .
ഉർവശി ഉപകാരം എന്നപോലെ " അപ്പോഴാണ് എന്റെ ജോലി പോയത് " വേറൊന്നും ആലോചിച്ചില്ല നാട്ടിൽ പോയി എന്തെങ്കിലും ചെറിയ ബിസിനസ്സ് ചെയ്തു വാപ്പയുടെയും ഉമ്മയുടെയും കൂടെ ജീവിക്കണമെന്ന് തോന്നി.
സ്വന്തമായി വീടില്ല , പൈസ ഇല്ല രണ്ടു കുട്ടികൾ ആണ് . ഇതൊന്നും ആലോചിച്ചില്ല. കുറച്ചു കാലം നാട്ടിൽ നിന്ന് ചെയ്ത ബിസിനസ്സ് നഷ്ടമായപ്പോൾ വീണ്ടും പ്രവാസിയായി. വീണ്ടും കുറച്ചു കാലം ഗൾഫിൽ വീണ്ടും ജോലി പോയി . വീണ്ടും ചില ബിസിനസ്സകൾ പരീക്ഷിച്ചു . വാടക വീട്ടിൽ നിൽക്കുമ്പോഴും വാപ്പയും ഉമ്മയും അടുത്തുണ്ടല്ലോ എന്ന സന്തോഷമായിരുന്നു മനസ്സിൽ .... പക്ഷെ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല.
അശനിപാതം പോലെ , വാപ്പയുടെ അസുഖം . മനസ്സിലെ സ്വാകാര്യ സന്തോഷമായിരുന്നു വാപ്പയുടെ ആരോഗ്യം. 72 വയസ്സായിട്ടും ഷുഗറില്ല, കൊളസ്ട്രോളില്ല, ബി പി അങ്ങനെ പറയത്തക്ക രോഗങ്ങൾ ഒന്നും വാപ്പാക്ക് ഇല്ല . പക്ഷെ അത് മാത്രമല്ല അസുഖമെന്ന ഞാൻ തിരിച്ചറിഞ്ഞു .
ഇടക്കിടെ വാപ്പ പറയുമായിരുന്നു. " ഡാ എന്തെങ്കിലും ചെയ്ത കാലി അപ്പോ നീരു വരും "
അത് ഇത്രയും പ്രായമായില്ലെ ... അതിൻ്റെ താവും ... ഞാൻ പറഞ്ഞു.
വാപ്പാക്ക് ഇടക്കിടെ സുഖമില്ലാതാവുന്നു . ബോധക്ഷയമുണ്ടാവുന്നു. ഓർമ്മ ശരിയാവുന്നില്ല.കുറച്ചു മാസങ്ങൾക്ക് മുൻപാണ് മൂത്താപ്പ (വാപ്പയുടെ ജേഷ്‌ഠൻ ) മരണപ്പെടുന്നത്. അതിന്റെ മാനസികവിഷമമാകാം വാപ്പയെ മറവിയുടെ കയത്തിലേക്ക് തള്ളിയിടുന്നതെന്നു എനിക്ക് തോന്നി. മാനസിക രോഗ വിദഗ്ദ്ധനെ കാണിച്ചു. ന്യൂറോളജിസ്ട്നെ കാണിച്ചു , ഇ എൻ ടി ഡോക്ടറെ കാണിച്ചു . രോഗം മാത്രം മാറിയില്ല. അവസാനം ഒരു വീഴ്ചയിൽ , ശരീരം ടെസ്റ്റ് ചെയ്തു . അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് . ഒരിക്കലും തിരിച്ചു വരാനാകാത്തവിധം വാപ്പയെ രോഗം കീഴ്പ്പെടുത്തിയിരിക്കുന്നുവെന്നു .
മൂന്നുമാസം മാസം മാത്രമാണ് വാപ്പയുടെ ആയുസെന്നു കേട്ടപ്പോൾ ഞെഞ്ചൊന്നു കാളി. തികട്ടി വന്ന സങ്കടം ഉള്ളിലൊതുക്കി . അവസാനം ഒന്ന് കരയണമെന്നു തോന്നിയപ്പോൾ ആശുപത്രിയിലെ ടോയ്‌ലെറ്റിലെ ടാപ്പ് തുറന്നു നെഞ്ചിലെ ഭാരം കുറക്കുമ്പോഴും ആശ്വസിച്ചു . ഏയ് അങ്ങനെ ആവില്ല ആയുസ് നിശ്ചയിക്കാൻ ഡോക്ടർ ദൈവമൊന്നുമല്ലോല്ലോ ..
അപ്പോഴും പാതി അബോധവസ്ഥയിൽ ഡോക്ടറിന്റെ കൺസൾട്ടിങ് റൂമിന്റെ പുറത്തിരുന്ന വാപ്പ എന്നോട് ചോദിച്ചു
" എത്ര ദിവസിമിടാ എനിക്ക് ഡോക്ടർ പറഞ്ഞത് ? എന്തോ മുൻകൂട്ടി അറിഞ്ഞപോലെ വാപ്പ ചോദിച്ചു
"അങ്ങനെ ഒന്നും പറഞ്ഞില്ല വാപ്പ . ജീവിതകാലം മൊത്തം മരുന്നുകഴിക്കണമെന്നു ഡോക്ടർ പറഞ്ഞു . അതീ ആള്ക്കാരു ഷുഗറിനും കൊളസ്ട്രോളിനുമൊക്കെ മരുന്ന് കഴിക്കുന്നില്ലേ" മുഖത്ത് നോക്കാതെ ഞാൻ
പറഞ്ഞു.
ധൈര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നു ആളല്ല എന്റെ വാപ്പ. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ആരോഗ്യമൊന്നു മെച്ചപ്പെട്ടപ്പോൾ വാപ്പയെ
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു .
ഡോക്ടർ പറഞ്ഞു " രോഗ പരിപാലനം ഉണ്ടെങ്കിൽ ആയുസ് കുറച്ചു കൂടി നീണ്ടുപോ കാം.
കൃത്യമായ പരിചരണം കൊണ്ടാകാം മൂന്നുമാസം ആകാറായപ്പോൾ , പതിവുപോലെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയപ്പോൾ " മൂന്ന് മുതൽ ആറ് മാസം വരെ " എന്ന് പറഞ്ഞു.
എനിക്ക് സന്തോഷമായി .. ആറ് പന്ത്രണ്ട് ആവുമായരിക്കും. പക്ഷേ സാമ്പത്തികമായി ഞാൻ ആകെ തകർന്നിരുന്നു. കടങ്ങൾ പെരുകി വരുന്നൂ. ദുരഭിമാനം ആരുടെ മുന്നിലും കൈ നീട്ടാൻ അനുവദിച്ചില്ല. പക്ഷേ മനസറിയുന്ന എൻ്റെ ബാല്യകാല കൂട്ടുകാർ എന്നെ സഹായിച്ചിരുന്നു. പിന്നെ ഞാൻ പോലും അറിയാതെ മറ്റു ചിലരും.
വീണ്ടും പ്രവാസിയാകൻ മനസ്സ് പറഞ്ഞു. വാപ്പയെ ഈ അവസരത്തിൽ പിരിയുന്നത് വല്ലാത്ത വേദനയായിരുന്നു. ഇനി ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞില്ലങ്കിലോ? മനസ്സിൽ ആരോ മന്ത്രിക്കുന്നത് പോലെ തോന്നി. പക്ഷേ പോകാതെ പറ്റില്ലല്ലോ. മനസ്സില്ലാമനസ്സോടെ അങ്ങനെ വീണ്ടും വിമാനം കയറി. വാപ്പയോട് യാത്ര വളരെ പെട്ടെന്ന് പറഞ്ഞിറങ്ങി.
പോയിട്ട് വാടാ. എനിക്കറിയാം നിൻ്റെ അവസ്ഥ .. ഞാൻ ദുആ ചെയ്യാം "
വേറൊന്നും പറയാതെ ഞാൻ വേഗം ഇറങ്ങി. ജോലി ചെയ്യുന്ന കമ്പനിയിൽ ഒറ്റ കാര്യമേ ആവശ്യപ്പെട്ടുള്ളൂ.. വാപ്പക്ക് എന്തെങ്കിലും പറ്റിയാൽ നാട്ടിൽ പോകണം.
ഞാനീ അറബി നാട്ടിലെത്തി ഒരു മാസം പിന്നിടും മുൻപ്, ഒരിക്കലും കാണാനാകാത്ത വിധം എൻ്റെ പ്രിയപ്പെട്ട പിതാവ് എന്നെ വിട്ടുപോയി.
ഒരുപാട് സ്വപ്നങ്ങൾ നെയ്തിരുന്നു എന്നെക്കൊണ്ട് , എൻ്റെ പ്രിയപപെട്ട വാപ്പ.. പക്ഷേ എനിക്കൊന്നിനും ആയില്ല, വാപ്പ ആഗ്രഹിച്ച ഞാൻ ഒന്നുമായില്ല. എനിക്കൊന്നും കഴിഞ്ഞില്ല.
ഈ ലോകം വിട്ടുപോകുന്നതിന് മൂന്ന് ദിവസം മുൻപ്, ഇളയ സഹോദരിയോട് എന്നെ കാണണമെന്ന് പറഞ്ഞു. വീഡിയോ കോളിൽ ഒരു നിമിഷം എന്നെ ഒന്ന് കണ്ടൂ, സംസാരിച്ചില്ല. എൻ്റെ ഉള്ളൂ പിടഞ്ഞു. ഞാൻ കോൾ കട്ട് ചെയ്തു. നെഞ്ച് പൊട്ടിപോകുമെന്ന് തോന്നി. നിസ്കാര പായയിൽ മനമുരുകി പ്രാർത്ഥിച്ചു.
അവസാന നിമിഷങ്ങൾ കാണാൻ എന്നെ കൊണ്ടാവില്ലായിരുന്നു. അതുകൊണ്ട് തന്നെ പടച്ചവൻ അത് കാണിച്ചില്ല. ഭാര്യയുടെ വാക്കുകൾ മുറിഞ്ഞ മെസ്സേജ് കണ്ടപ്പോഴേ ഞാൻ ഊഹിച്ചു. ഇനി ഒരിക്കലും എൻ്റെ വാപ്പ എന്നെ കാണില്ലാന്ന്. എൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ , എൻ്റെ വിഷമങ്ങളിൽ ഒന്നിനും കൂടെ ഉണ്ടാവില്ലെന്ന്.
കബർ അടക്കുംമുൻപ് എനിക്കെത്താനായില്ല. ഒരു ദിനം പിന്നിട്ടിരുന്ന് നാട്ടിൽ എത്തിയപ്പോൾ. വാപ്പയുടെ ഖബറിൻ്റെ അരികിൽ എത്തുമ്പോൾ എനിക്ക് തോന്നി. ഇവിടെ എവിടെയോ എൻ്റെ പ്രിപ്പെട്ട വാപ്പ നിൽപ്പുണ്ടെന്ന്..
വേർപാടിൻ്റെ വേദന അത് വളരെ വലുതാണ്, എഴുതിയാലോ, പറഞ്ഞാലോ ആർക്കോ മനസ്സിലാവില്ല. ലോകത്ത് ദിവസവും എത്രയോപേർ മരിക്കുന്നു. അറിയുന്നവരും അല്ലാത്തവരും. മനസ്സിൽ എവിടെയൊക്കെയോ ചിലതൊക്കെ സ്പർശിചേക്കാം. പക്ഷേ ജീവിതത്തിൽ ആദ്യമായി നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ, ഇനി ഒിക്കലും ഇല്ലാന്ന് ഓർക്കുമ്പോൾ അതിലെ വേദന പറഞ്ഞറിയിക്കാൻ ആവില്ല.
എവിടേക്കെങ്ങിലും പുറപ്പെട്ടാൽ , എത്തിയോന്ന് അറിയാൻ മണിക്കൂർ ഇടവിട്ട് വിളിക്കാൻ, ഫോൺ വിളിക്കുമ്പോൾ, സ്വരത്തിൽ ചെറിയൊരു മാറ്റം വന്നാൽ " എന്ത് പറ്റിയിടാ സുഖമില്ലേ ?
നേരം വൈകി പുറപ്പെട്ടാൽ " നിന്നോട് പലവട്ടം പറഞ്ഞിട്ടില്ലേ അവളെയും മക്കളെയും കൊണ്ട് സന്ധ്യക്ക് ശേഷം പോവരുതെന്ന്..
എന്നൊക്കെ പറയാനും ചോദിക്കാനും എനിക്കിനി എൻ്റെ വാപ്പയില്ല.
ഞാൻ അനാഥനായി.
എൻ്റെ ധൈര്യം, വഴികാട്ടി, ഇതെല്ലാം എനിക്ക് നഷ്ടപ്പെട്ടു.
ഞാൻ നല്ലൊരു മകനാണെന്ന് ചോദിച്ചാൽ ആണെന്ന് പറയാൻ ഞാൻ യോഗ്യനല്ല. കുറച്ചുകൂടി ആകാമായിരുന്നു. വാപ്പ ആഗ്രഹിച്ചതുപോലെ പലതും ചെയ്യാമായിരുന്നു.
ഓർമകൾ മാത്രം ബാക്കിയായി, സ്വന്തം ജീവിതം കൊണ്ടെന്നെ പാഠങ്ങൾ പഠിപ്പിച്ച, എൻ്റെ വാപ്പ പോയ്മറഞ്ഞു.
നാളെ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ച് കൂട്ടേണമെ നാഥാ ....ആമീൻ
No comments:
Post a Comment