മൊബൈൽ ഫോണിൻ്റെ റിങ് കേട്ടാണ് ഞാൻ ഉണർന്നത്. . ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ ചാർജ് ചെയ്യാൻ വെച്ചിരിക്കുന്ന ഫോൺ കൈയെത്തി എടുത്തു ഡിസ്പ്ലേയിലേക്ക് നോക്കി. വാപ്പയാണ്.
ഹലോ അസ്സലാമു അലൈകും..
വ അലൈക്കുമുസ്സലാം ..
നീയെന്നാ ഇങ്ങോട്ട് വരുന്നത് ? വാപ്പ ചോദിച്ചു
എന്താ വാപ്പ... എന്തേലും അത്യാവശ്യമുണ്ടോ ?
ഞാൻ തിരികെ ചോദിച്ചു .
ഇല്ലടാ .. നിനക്കൊരു ഒരു കത്ത് വന്നിട്ടുണ്ട് .
കത്തോ .. എനിക്ക് ആശ്ചര്യം തോന്നി. എനിക്കൊരു കത്തു വന്നിട്ട് ഒരു വ്യാഴവട്ടമെങ്കിലും ആയിക്കാണും.
ടാ ബാങ്കിന്ന് ആണെന്നു തോന്നുന്നു. ഇംഗ്ലീഷിൽ ആണ് .. വാപ്പ പറഞ്ഞു
ബാങ്കിന്നോ ?? നാട്ടിലെ ഒരു ബാങ്കുമായിട്ടും ഒരിടപാടും എനിക്ക് എല്ല. ആകെയുള്ള ഒരു എൻ ആർ ഐ അക്കൗണ്ട് ആണ് .. അതിലാണെങ്കിൽ മിനിമം ബാലൻസ് കൂടുതലൊന്നുമില്ലതാനും
ചിലപ്പോൾ എടിഎം കാർഡിന്റെ വല്ലോം ആയിരിക്കും. വാപ്പ പറഞ്ഞു.
ഞാൻ ഞായരാഴ്ച അങ്ങോട്ട് വരാം വാപ്പ.. ഞാൻ പറഞ്ഞു നിർത്തി ..
ഒകെ എന്നാ ... വെക്കട്ടെ വാപ്പാ ഞാൻ ഫോൺ വെച്ചു. സമയം അഞ്ചു കഴിഞ്ഞിരിക്കുന്നു.
"ചായ ഇടട്ടെ" .. ഭാര്യയുടെ ഉമ്മയാണ്. എന്റെ ശബ്ദം കേട്ടു ചോദിച്ചതാണ്. ഉം.. മൂളിക്കൊണ്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴും ചിന്ത മുഴുവൻ വാപ്പ പറഞ്ഞ കത്തായിരുന്നു. ബാങ്കിന്ന് കത്തയക്കാൻ ഒരു സാധ്യതയും കാണുന്നില്ല. കുറച്ചു കഴിഞ്ഞു ഭാര്യയെ എടുക്കാൻ പാലോട് പോകണം. ജോലി കഴിഞ്ഞു അവിടെ എത്തുമ്പോൾ നേരം ഇരുണ്ടുകഴിഞ്ഞിരിക്കും. പാലോട് നിന്നും ഇരുവശവും കാട് നിറഞ്ഞ റോഡിൽ സീതയെ കൊന്ന വളവ് കഴിഞ്ഞു വേണം മൈലമൂടു എത്താൻ. ഏഴു മണിക്ക് ലാസ്റ്റ് ബസ്. അത് കിട്ടിയില്ലെങ്കിൽ പിന്നെ ബുദ്ധിമുട്ടാണ്. ഒരു ഭർത്താവെന്ന നിലയിൽ ഉത്തരവാദിത്തമാണല്ലോ ജോലിക്കാരിയായ ഭാര്യയെ സെയ്ഫ് ആയി വീട്ടിൽ എത്തിക്കുക എന്നത്.
അഞ്ചാറു കിലോമീറ്റർ താണ്ടി രാവിലെയും വൈകിട്ടും ഞാൻ ആകുന്ന ഭർത്താവ് എന്റെ ഉത്തരവാദിത്തം പൂർണമായും നിറവേറ്റികൊണ്ടിരിന്നു.
ഡീ എനിക്കൊരു കത്ത് വന്നെന്നു. വാപ്പ വിളിച്ചു പറഞ്ഞു..
പാലോട് ബസ് സ്റ്റോപ്പിൽ നിന്നു അവളെയും പിക്ക് ചെയ്തു ഇരുവശവും മരങ്ങൾ നിറഞ്ഞ, ജാമ്പാവാന്റെ കാലത്ത് എപ്പോഴോ ഇട്ട ടാർറോഡിലൂടെ കുലുങ്ങി കുലുങ്ങി പോകുന്ന ബൈക്കിൽ, വീഴാതിരിക്കാൻ മുറക്കിപിടിച്ചിരിക്കുന്ന അവളോട് ഞാൻ പറഞ്ഞു.
കത്തോ .... ആരായക്കാൻ? അവൾ ചോദിച്ചു.
ബാങ്കിനെന്നാ വാപ്പ പറഞ്ഞത്.. ഞാൻ പറഞ്ഞു നിർത്തി.
പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ പറഞ്ഞു. " ശരിയായിരുക്കും. ബാങ്കിന്ന് വരാൻ സാധ്യതയുണ്ട്. കുറച്ചു ദിവസം മുൻപല്ലേ നിന്റെ പേഴ്സ് കളഞ്ഞു പോയത്. എടിഎം കാർഡ് ബ്ലോക്ക് ചെയ്യാൻ വിളിച്ചു ബാങ്കി പറഞ്ഞില്ലായിരുന്നോ. അതിന്റെ വല്ലോമായിരിക്കും..
ശരിയാണ് അതിനുള്ള ഒരു സാധ്യത ഉണ്ട്. ഞാൻ ഊഹിച്ചു.
അതെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പതി വ്പോലെ അവളെയും കൊണ്ടാക്കി തിരിച്ചു വന്നു വീട്ടിൽ എത്തിയപ്പോൾ പോക്കറ്റിൽ പേഴ്സ് ഇല്ല. ആകെ പേഴ്സ് എടുത്തത് പെട്രോൾ അടിക്കാൻ മാത്രമാണ്. ആദ്യത്തെ പരിഭ്രമത്തിന് ശേഷം, നേരെ വണ്ടി പെട്രോൾ പമ്പിലേക്ക് വിട്ടു. പെട്രോൾ അടിച്ച ചേച്ചിയോട് കാര്യം പറഞ്ഞപ്പോൾ, അകത്തു സാറിന്റെ ഓഫീസിൽ ക്യാമറയുണ്ട്. അവിടെ പോയി ചെക്ക് ചെയ്തു നോക്കാൻ പറഞ്ഞു.
അകത്തു കയറി മാനേജറിനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം അപ്പോൾ തന്നെ സി സി ടി വി റെക്കോർഡ് ചെക്ക് ചെയ്തു . പക്ഷെ അതിലൊന്നും എന്റെ പേഴ്സ് പോയത് കണ്ടെത്താൻ കഴിഞ്ഞില്ല.
നിരാശനായി, പോയ വഴിയൊക്കെ അരിച്ചു പെറുക്കിയെങ്കിലും നോ രക്ഷ.. പേഴ്സ് കിട്ടിയില്ല. വലിയ നിരാശയൊന്നും വേണ്ടെന്നു എനിക്ക് പിന്നീട് തോന്നി. പെട്രോൾ അടിച്ചതിന്റെ ബാക്കി ഒരു മുന്നൂറ് രൂപ, ഒരു എടിഎം കാർഡ് പിന്നെ ആധാറിന്റെയും ലൈസെൻസിന്റെയും കോപ്പികൾ, പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ ഇത്രയുമായിരുന്നു അതിലെ ജംഗമവസ്തുക്കൾ.
ബാങ്കിൽ വിളിച്ചു എടിഎം കാർഡ് ബ്ലോക്ക് ചെയ്യാൻ പറഞ്ഞു. ഞാൻ പുതിയ പേഴ്സ് വാങ്ങി മേൽ പറഞ്ഞതെല്ലാം എടിഎം ഒഴികെ ബാക്കിയെല്ലാം പതിവുപോലെ അതിൽ സ്ഥാനം പിടിച്ചു. ഓർമയുടെ താഴ്‌വാരത്തിൽ എവിടെയോ പഴയ പേഴ്സ് പോയി മറഞ്ഞു.
എന്തായാലും സൺഡേ വീട്ടിലൊന്നും പോണം. ഞാൻ പറഞ്ഞു.
എന്നാ ഞങ്ങളും വരാം.. അവൾ പിന്നിൽ നിന്നും മൊഴിഞ്ഞു
വേണ്ടാ പെട്രോളിനൊക്കെ ഇപ്പോൾ എന്താ വിലയാ... ഞാൻ ബൈക്കിലാ പോണത്.. ഞാൻ പറഞ്ഞു.
നിരാശ നിറഞ്ഞ അവളുടെ മുഖം റിയർ വ്യൂ മിററിലൂടെ ഇരുളിന്റെ മൂടപടത്തിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല.
ഞായറാഴ്ച. നനുത്ത പ്രഭാതത്തിൽ സൂര്യകിരണങ്ങൾ ഭൂമിയിൽ പതിയും മുൻപേ ഭാര്യ വീട്ടിൽ നിന്നും തിരിച്ചു. 45 കിലോമീറ്ററോളം ദൂരമുണ്ട് റാത്തിക്കൽ എത്താൻ. കഴിഞ്ഞ കുറച്ചു കാലമായി ഭാര്യ വീട്ടിൽ ആണ് താമസം. പ്രവാസം വിട്ടു പുതിയ ബിസിനസ് സംരംഭമായ "കോഴി കൃഷി" തുടങ്ങിയതിൽ പിന്നെ. അതായിരുന്നു എളുപ്പം പോയി വരാനും മറ്റും. ആഴ്ചയിലോ മറ്റൊ വീട്ടിലേക്ക് പോകും.
" ങ്ങാഹ് നീ രാവിലെ തന്നെ എത്തിയാ.. വാപ്പ കണ്ട ഉടനെ ചോദിച്ചു.
നിന്റെ ബിസിനസ് ഒക്കെ എങ്ങനെ ഉണ്ട്? തീരെ ഇഷ്ടമില്ലാത്ത സ്വരത്തിൽ വാപ്പ ചോദിച്ചു. ഡാ അതൊന്നും നിനക്ക് പറ്റിയ പണിയല്ല.. നിനക്ക് തിരിച്ചു ഗൾഫി പൊക്കൂടെ.. അതിന്റെ ബാക്കി എന്നോണം വാപ്പ ചോദിച്ചു.
വാപ്പാ കത്തെവിടെ? വാപ്പയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ ചോദിച്ചു.
വാപ്പ അലമാരയുടെ ഡ്രായർ തുറന്നു കത്തെടുത്തു എന്റെ നേരെ നീട്ടി.
ഇതു ഇൻലാൻഡ് ആണല്ലോ? അത്ഭുതത്തോടെ ഞാൻ പറഞ്ഞു. ഒരു ഇൻലാൻഡ് കണ്ട കാലം മറന്നു. ഞാൻ "To" അഡ്രെസ്സ് ന്റെ ഭാഗത്തു കാക്ക കോറിയിട്ട ഇംഗ്ലീഷിൽ എന്റെ പേരും അഡ്രസ്സും
തിരിച്ചു നോക്കിയപ്പോൾ " From" ന്റെ സ്ഥാനത്ത് "ദിവാകരൻ ലക്ഷ്മി നിലയം പാലോട്" ഇത്രമാത്രം
ഇൻലാൻഡ് തുറന്നപ്പോൾ
തീരെ ഭംഗിയില്ലാത്ത കൈപ്പടയിൽ
"പ്രിയപ്പെട്ട സുഹൃത്തെ
താങ്കളുടെ പേഴ്സ് എന്റെ കൈയിൽ കിട്ടിയിട്ടുണ്ട്. നേരിട്ട് വന്നു കൈപ്പറ്റണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു"
പിന്നെട് തേരട്ട ചുരുണ്ടു കിടക്കുന്നപോലെ ഒരൊപ്പും. ഒരു ഫോൺ നമ്പർ എങ്കിലും വെക്കാമായിരുന്നു. ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ പിന്നീട് അനല്പമായ സന്തോഷം തോന്നി. ഇക്കാലത്തും ഇത്രയും സത്യസന്ധനായ വ്യക്തിയോ. ഒരല്പം ബഹുമാനവും. അയാളെ പെട്ടന്ന് തന്നെ കാണണമെന്ന് എനിക്ക് തോന്നി. പേഴ്സ് തിരിച്ചു കിട്ടുന്നതിൽ അല്ല. മറിച്ചു അയാൾ കാണിച്ച ആത്മാർത്ഥത..
ഞാൻ വാപ്പയോടു കാര്യം പറഞ്ഞു.
അല്ലേലും നിനിക്ക് പണ്ടേ ശ്രദ്ധ ഒത്തി കുറവാ.. വാപ്പ പറഞ്ഞു. നീ നാളെയല്ലേ പോകൂ...
നാളെയെ പോകൂ.. ഞാൻ പറഞ്ഞു.
പിറ്റേ പ്രഭാതത്തിൽ ഞാൻ തിരിച്ചു, സത്യസന്ധനായ ആ വ്യക്തിയെ കണ്ടു മനസ് നിറഞ്ഞൊന്നു അഭിനന്ദിക്കാൻ.
പാലോട് എത്തി. പരിചയമുള്ള ഒരു വർക്ക് ഷോപ്പിൽ ആ പേരും അഡ്രെസും ചോദിച്ചു. ആദ്യം അവർക്ക് മനസിലായില്ല. ഞാൻ സംഭവം മൊത്തം അവരോടു പറഞ്ഞു.
എന്റെ അറിവിൽ മൂന്ന് ദിവാകരൻ മാരാണ് ഉള്ളത്. ഒരാൾ ആയുർവേദ ഡോക്ടർ ആണ് പക്ഷെ വീട്ടുപേര് എനിക്കറിയില്ല. രണ്ടാമത്തെ ആൾ ഇപ്പോൾ നാട്ടിൽ ഇല്ല. ഗൾഫിലോ മറ്റൊ ആണ്. പിന്നെ മൂന്നാമത്തെ ആള്. അയാൾ ആവാൻ ഒരു വഴിയുമില്ല. അവൻ ആളൊരു തരികിടയാണ്. എപ്പോഴും ഫിറ്റാ... മറ്റുള്ളവരെ ഊമ്പിച്ചു കള്ള് കുടിക്കാൻ വേണ്ടി മാത്രം ഒരു ജന്മം. വർക്ക് ഷോപ്പ് ഉടമ പറഞ്ഞു നിർത്തി.
എന്തായാലും ആ ഡോക്ടറെ ഒന്ന് കണ്ടു നോക്ക്. അയാൾ ആവാൻ വഴിയുണ്ട്. ഇവിടുന്ന് നേരെ ഒരു 200 മീറ്റർ പോയ വലതു ഭാഗത്തു ഒരു ക്ലിനിക് കാണാം. അവിടെ കാണും ഡോക്ടർ.
ഇറങ്ങുപ്പോൾ അയാൾ പറഞ്ഞു.
ഞാൻ ബൈക്കോടിച്ചു ക്ലിനിക്കിൽ എത്തി. നേരം രാവിലെ പതിനൊന്നു മണി ആയതിനാൽ തീരെ തിരക്കുണ്ടായിരിന്നില്ല. ഡോക്ടറെ കണ്ടു കാര്യം പറഞ്ഞപ്പോൾ "ഇതു ഞാൻ അല്ല. എന്ന് മറുപടി. പിന്നെ മറ്റേ ദിവാകരൻ ആകാനുള്ള സാധ്യതയും ഇല്ല.
അതെന്താ ഡോക്ടർ അങ്ങനെ? വർക്ക് ഷോപ്പ് ഉടമ പറഞ്ഞത് മനസ്സിൽ വെച്ചുകൊണ്ട് ചോദിച്ചു.
അവനിവിടെ എല്ലാ ദിവസവും വൈകിട്ട് ഒരു അഞ്ചു മണിയാവുമ്പം വരും. ഒരു പെഗിനുള്ള പൈസക്ക്. ചിലപ്പോഴൊക്കെ ഞാൻ കൊടുക്കും. പട്ടാളത്തിൽ നല്ല ജോലി ഉണ്ടായിരുന്നതാ.. കയ്യിലിരിപ്പ് കൊണ്ട് പോയതാ..
പേഷ്യൻസ് ഒന്നും ഇല്ലാത്തതു കൊണ്ട്, കത്തി വെക്കാൻ ഒരാളെ കിട്ടിയപ്പോൾ കഥ പറയാനുള്ള മൂഡിലാണ് ഡോക്ടറെന്ന് എനിക്ക് തോന്നി.
അതെങ്ങെനെയാ അയാടെ ജോലി പോയത്? ചെറിയൊരു ആകാംഷയോടെ ഞാൻ ചോദിച്ചു.
കള്ള് കുടിച്ചു മേജറെ അടിച്ചതാ... അവിടെന്നു കോർട്ട് മാർഷ്യൽ ഒക്കെ കഴിഞ്ഞു നാട്ടിൽ വന്നപ്പോ കെ എസ് ആർ ടി സിയിൽ ജോലി കിട്ടിയതാണ്.
എന്നിട്ടോ? തികട്ടി വന്ന ആകാംഷയിൽ ഞാൻ വീണ്ടും
ഒരു ദിവസം തിരുവനന്തപുരം ഡിപ്പോയിന്നു ഒരു ബസും അടിച്ചു മാറ്റി പുള്ളി മുങ്ങി. പിന്നെ പൊങ്ങിയത് പെരിന്തൽമണ്ണയിൽ. വണ്ടീടെ ഡീസൽ തീർന്നപ്പോ.
അതോടെ ആ പണിയും പോയി. ഉണ്ടായിരുന്ന വീടും വസ്തുമൊക്ക വിറ്റു കുടിച്ചു കുടിച്ചു ഇപ്പൊ മറ്റുള്ളവരുടെ മുൻപിൽ തെണ്ടലാ.. കുടിക്കാൻ..
എന്തായാലും അവൻ ആവാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല.
എന്റെ പ്രതീക്ഷ മങ്ങി. ഓക്കേ ഡോക്ടർ ഞാൻ യാത്ര പറഞ്ഞു ഇറങ്ങി. എന്തായാലും വൈകിട്ട് ഇങ്ങോട്ട് വാ.നമുക്ക് നോക്കാം. കുന്തം പോയാൽ കുടത്തിലും തപ്പണമല്ലോ..
വൈകുന്നേരം വരാമെന്നു പറഞ്ഞു ഞാൻ ഇറങ്ങി.
ഒരു നാലര ആയപ്പോൾ ഞാൻ വീണ്ടും ഡോക്ടറെ കാണാൻ വീണ്ടും എത്തി. രണ്ടു മൂന്നു പേർ ഡോക്ടറെ കാണാൻ അപ്പോഴുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ പുറത്തെ കസേര ചൂണ്ടി
"അവിടെ ഇരിക്ക്.. ഞാൻ ഇതൊന്നു കഴിയട്ടെ...അയാൾ വരാറാവുന്നേ ഉള്ളൂ. ഡോക്ർ പറഞ്ഞു. മണിക്കൂർ ഇഴഞ്ഞു നീങ്ങി. ആറു മണി ആയിട്ടും ദിവാകരൻ വന്നില്ല.
പേഷ്യൻസ് ഒക്കെ കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്കു വന്നിട്ട് പറഞ്ഞു. ഇന്ന് വേറെ എവിടെന്നോ കള്ള് കുടിക്കാനുള്ള വക ഒത്തിട്ടുണ്ട്..
എന്തായാലും ഒരു അര മണിക്കൂർ കൂടി നോക്കാം ഞാൻ പ്രതീക്ഷ കൈ വിടാതെ പറഞ്ഞു.
ആറര ആയല്ലോ. ഞാൻ ക്ലിനിക് ക്ലോസ്ചെയ്യാൻ പോവാ. തന്റെ ഒറ്റമുറി ക്ലിനിക് ഷട്ടർ ഇടാൻ പോവുകയാണെന്നു ഡോക്ടർ പ്രഖ്യാപിച്ചു.
പെട്ടന്ന് തിരിഞ്ഞു എന്നെ നോക്കിയിട്ട്.. "നിങ്ങൾക്ക് ഭാഗ്യം ഉണ്ട് കേട്ടാ. ദിവാകരൻ വരുന്നുണ്ട്. ദോ കണ്ടോ ആവരുന്നതാണ് ദിവാകരൻ." ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു
ദൂരേന്നു ഒരാൾ താളത്മകമായി ആടി ആടി വരുന്നു. ഒരു മെല്ലിച്ച രൂപം. അടുത്തെത്തിയപ്പോൾ മുഖം കുറച്ചുകൂടി വ്യക്തമായി. കുഴിഞ്ഞ കവിളുകൾ, ഷേവ് ചെയ്യാതെ തോന്നിയ പോലെ വളർന്നിറങ്ങിയ താടി. കള്ളിന്റെ കറ പറ്റിപ്പിടിച്ചു ചെമ്മണ്ണിന്റെ നിറം കലർന്ന നരച്ച മീശ. ഒട്ടുമുക്കാലും കഷണ്ടി നിറഞ്ഞ നരവീണ തലമുടിയും തോളിൽ ഒരു തോർത്ത്. പക്ഷെ മുഖത്ത് ഒരു ചിരിയുണ്ട്. ലോകത്തോട് മൊത്തം പുച്ഛമാണെന്ന മട്ടിലുള്ള ഒരു ചിരി
കൈയിലെ എരിഞ്ഞു തീരാറായ ബീഡികുറ്റി ദൂരേക്ക് വലിച്ചെറിഞ്ഞു ദിവാകരൻ ചോദിച്ചു
"വൈദ്യരേ. ഇന്നെങ്കിലും മരുന്നിനുള്ള പൈസ ഇല്ലാന്ന് പറയരുത്. ഒന്നുമില്ലേലും നമ്മുടെ രണ്ടു പേരുടെയും പേര് ഒന്നല്ലേ"
അല്ല ഇതാരാ... എന്നെ കണ്ടപ്പോൾ ഒരു ലോഡ് പുച്ഛം എനിക്ക് വാരി വിതറിയിട്ട് ഡോക്ടറോട് ചോദിച്ചു.
നിന്റെ കൈയിൽ ഇയാളുടെ പേഴ്സ് കിട്ടിയിരുന്നോ ദിവാകരാ? എന്നെ ചൂണ്ടി ഡോക്ടർ ചോദിച്ചു
ങ്ഹാ.. അപ്പൊ കത്ത് കിട്ടിയായിരുന്നോ..
എന്നിട്ട് മടിയിൽ നിന്നു എന്റെ പേഴ്സ് വലിച്ചെടുത്തു. ഇതല്ലേ സാധനം?
എന്നെ നോക്കി ദിവാകരൻ ചോദിച്ചു.
അതെ ഇതു തന്നെ.. ഞാൻ പറഞ്ഞു
എല്ലാം ഉണ്ടോന്നു നോക്കിയേ?
ഞാൻ പേഴ്സ് വാങ്ങി നോക്കി. എല്ലാം ഉണ്ട്, അതിൽ ഉണ്ടായിരുന്ന ക്യാഷ് ഒഴികെ.
ക്യാഷ് ഇല്ല.. ബാക്കി എല്ലാം ഉണ്ട്.
എന്റെയിൽ കിട്ടുമ്പോഴും പൈസ ഇല്ലായിരുന്നു. പുച്ഛത്തിനൊട്ടും കുറവില്ലാതെ ദിവാകരൻ പറഞ്ഞു.
എന്നാലും ദിവാകരാ നീ ഇത്ര നല്ലവനായിരുന്നോ? കളഞ്ഞു കിട്ടിയ പേഴ്സിന്റെ ഉടമയെ കത്തെഴുതി വിവരം അറിയിക്കുക. എന്തൊരു മനസാടാ നിന്റേതു.നമ്മളാരും ഇതു തിരിച്ചറഞ്ഞില്ലല്ലോടാ.. ഡോക്ടറിന്റെ സ്വരത്തിൽ കുറ്റബോധം അലിഞ്ഞിറങ്ങി.
ആ പേഴ്സ് ഇങ്ങു തന്നേ ഒരു കാര്യം പറയാനുണ്ട്. ദിവാകരൻ
അതെന്താ.. പേഴ്സ് അയാളുടെ കൈൽ കൊടുത്തിട്ട് ഞാൻ ചോദിച്ചു.
അതെ.. ഈ പേഴ്സ് തിരിച്ചു കിട്ടണമെങ്കിൽ എനിക്ക് 500 രൂപ തരണം.
ങേ.. ഞാൻ ഞെട്ടി.. ആദ്യമായിട്ടാണ് കളഞ്ഞു കിട്ടിയ പേഴ്സിന്റെ ഉടമയെ കത്തെഴുതി വരുത്തിയിട്ട് തിരിച്ചു കൊടുക്കാൻ ഇങ്ങനെ വില പേശുന്ന ഒരാളെ കാണുന്നത്.
അതുവരെ ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവുമിക്കെ ഒരു നിമിഷംകൊണ്ട് ചോർന്നൊലിച്ചു പോയി. പകരം ദേഷ്യം അവിടെ കുടിയേറി.
എനിക്ക് പേഴ്സ് വേണ്ട.. അത് നിങ്ങള് തന്നേ എടുത്തോ... ഞാൻ പറഞ്ഞു
എന്നാ ഒരു 300... ദിവാകരൻ ഒന്ന് അയഞ്ഞു.
അഞ്ചു പൈസ ഞാൻ തരില്ല. അതിലൊരു 300 ഉണ്ടായിരുന്നു. അത് എടുത്തില്ലേ.. അതുമതി..
എന്നാ ഒരു 100 എങ്കിലും താടെ... ദിവാകരൻ കെഞ്ചി.
അയാളുടെ ദയനീയ ഭാവം കണ്ടു ഞാൻ ഒരു 100 രൂപ എടുത്തു കൊടുത്തു.
അത് കിട്ടിയ ഉടനെ പേഴ്സ് എടുത്തു തന്നിട്ട് ഒരു ആക്കിയ ചിരിയും സമ്മാനിച്ചു ദിവാകരൻ റോഡിലേക്ക് നടന്നു.
ഡോക്ടരുടെ മനസ്സിൽ നിന്നു അപ്പോൾ കുറ്റബോധം നടന്നിറങ്ങി ദിവാകരനോടൊപ്പം റോഡിലേക്ക് കയറി കഴിഞ്ഞിരുന്നു.
No comments:
Post a Comment