Wednesday, July 10, 2024

സ്കൂൾ ഫീസ്

സെമീറേ.. എണീക്കു...  ഡാ എണീക്കടാ.. 

ചേച്ചിയുടെ  സ്വരത്തിൽ ദേഷ്യം പതിയെ കയറി വരുന്നത് ഉറക്കത്തിന്റെ ഹാങ്ങ്‌ ഓവറിലും സമീറിനു മനസിലായി. ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും, എണീറ്റു ബെഡിൽ ഇരിന്നു. 

എന്താ ചേച്ചി... ഉറക്കം മാറാത്ത സ്വരത്തിൽ സമീർ ചോദിച്ചു 

ഡാ നിന്നോട് ഇന്നലെ പറഞ്ഞതല്ലേ... പിള്ളേരെ സ്കൂൾ ഫീസ് അടക്കാൻ പോണമെന്നു .. ഇന്ന് ലാസ്റ്റ് ഡേറ്റ് ആണ് 
സമീർ കണ്ണുയർത്തി ക്ലോക്കിലേക്ക് നോക്കി.. 

അതിനു സമയം ഏഴരയല്ലേ ആയുള്ളൂ.. ഈ വെളുപ്പാൻ കാലത്ത് ഏതു സ്കൂളാ തുറന്നിരിക്കുന്നത്..

സമീർ കണ്ണടച്ച് വീണ്ടും  കിടന്നു. ഇന്നലെ സെക്കന്റ് ഷോക്ക് പോയിട്ട് വന്നു ഉറങ്ങാൻ കിടന്നതാണ്. ഉറങ്ങി മതിയായിട്ടില്ല..

ഇനി എന്നെ ഇങ്ങോട്ട് വരുത്തരുത് .. 

ദേഷ്യത്തിൽ പറഞ്ഞിട്ട് ചേച്ചി അടുക്കളയിലോട്ട് നടന്നു..

മനുഷ്യന് മടുത്തു... എന്തിനും ഏതിനും സമീർ.. ജീവിതം തന്നെ മടുത്തു.. സമീർ ഈർഷ്യയോടെ ഓർത്തു . ഒരു പതിനെട്ടു കാരന്റെ വിധി 
ആടിന് പ്ലാവല കുത്തുന്നത് മുതൽ, റേഷൻ കട, കുഞ്ഞണ്ണന്റെ കട, കറന്റ്‌ ബില്ല്, പിന്നെ  എന്തെല്ലാം ഉണ്ടോ അതെല്ലാം ഞാൻ ഒരുത്തൻ.

നാലുപേരിൽ ഏറ്റവും ഇളയവനായി  പിറന്നത് ഈ പണിയെല്ലാം എടുക്കാനാണെന്നു തോന്നും. 

എളിയവനായി ജനിപ്പിച്ചാലും ഇളയവനായി ആരെയും ജനിപ്പിക്കല്ലേ  പടച്ചോനെ   .. 
സമീർ ഉള്ളുരുകി അറിയാതെ പ്രാർത്ഥിച്ചു പോയി  

ഉറക്കം എന്തായാലും പോയി.  കണ്ണ് തിരുമ്മി " ചേച്ചി ചാ... പറഞ്ഞതു മുഴുമിപ്പിക്കുംമുൻപ്  തൊട്ടുമുൻപിൽ   ഉമ്മ ഇരിന്നു കിഴങ്ങു നുറുക്കുന്നു..

പോയി പല്ല് തേച്ചിട്ടു വാടാ.. എന്ന് പറഞ്ഞു കൈയിലുള്ള പിച്ചാത്തി എടുത്തു ഉമ്മ  എറിയുമോന്ന് ഭയന്ന്  "യ" വിഴുങ്ങി സമീർ ബാത്റൂമിലേക്കു  പോയി..

പല്ല് തേപ്പിനിടയിൽ   സമീറിന്റെ ചിന്ത മുഴുവൻ ചേച്ചി ഇന്നലെ പെട്രോൾ അടിക്കാൻ നൂറു രൂപ  രൂപ തന്നതുകൊണ്ട്, ഇന്ന് പെട്രോൾ സ്വാഹാ.. ഫീസ് അടക്കാൻ ചേച്ചി അളന്നു മുറിച്ചേ കാശ് തരൂ. വർക്കല പോയി വരാനുള്ള പെട്രോൾ വണ്ടിയിൽ ഇല്ലതാനും. 

ബസി പോകേണ്ടി വരുമോ?? ച്ചെയ്.. ബൈക്ക് വച്ചിട്ട് ബസിലോ.. എന്റെ പട്ടി പോകും.. എന്തെങ്കിലും വഴി തെളിഞ്ഞു വരാതിരിക്കില്ല.. അവൻ സ്വയം ആശ്വസിച്ചു.

ചിന്താവിഷ്ടനായി മുറിയിലേക്ക് നടന്നു. ചായ കുടിക്കുന്നതിനിടയിൽ ആരെ വിളിക്കണം, അല്ല പൊളക്കണം എന്ന ചിന്തയിൽ ഫോൺ എടുത്തു ഡയൽ ചെയ്തു.. 4332 വേണ്ടാ ഹിലാൽ വേണ്ടാ കഴിഞ്ഞ ആഴ്ച അവന്റെ കടയിൽ നിന്നു പൈസ അടിച്ചുമാറ്റി കൊല്ലത്തുപോയപ്പോൾ ബിരിയാണി കഴിച്ചത് വള്ളി പുള്ളി വിടാതെ മമ്മൂട്ടി മാമാടുത്തു അവൻ പറഞ്ഞത് അതുപോലെ മാമ ഉമ്മാടുത്തു പറഞ്ഞതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല.. 2859... ശാകുട്ടൻ.. കഴിഞ്ഞ ആഴ്ച അവന്റെ വൺവേ ലൈൻ മീരയെ കാണാൻ നാവായികുളത്തു പോകാൻ പെട്രോൾ പമ്പ് കാണുമ്പോഴാക്കെ പെട്രോൾ  അടുപ്പിച്ചതാണ്..  വേണ്ടാ..
പിന്നെ..  ഷർട്ട്‌ മാറി പാന്റ് എടുത്തു കേറ്റി മുടിയൊന്നു കൈയൊണ്ട് ഒതുക്കി ,

ചേച്ചി പൈസയെട്.. സമീർ വിളിച്ചു പറഞ്ഞു.

ഡേയ് മൊത്തം 5000 രൂപയുണ്ട്.. 50 ന്റെ ഒരു കെട്ടെടുത്തു സമീറിന്റെ കൈയിൽ കൊടുത്തു. പച്ചമണം മാറാത്ത ഒരു കെട്ടു നോട്ട്.. ഇന്നലെ ബാങ്കിൽ പോയപ്പോൾ എടുത്തതാവണം. അതുകൊണ്ട് 100രൂപയുടെ പെട്രോൾ കിട്ടി.
പൈസ സൂക്ഷിച്ചു വെയ്യേ.. ഇതും  വെച്ചോണ്ട് കളിക്കാനൊന്നും പോവല്ലേ..

  ചേച്ചിയുടെ രണ്ടുമക്കൾ, ഇക്കാടെ ഒരാൾ അങ്ങനെ മൂന്നുപേരുടെ ഫീസാണ്.
" ബാക്കിയുള്ളത് ഇങ്ങു കൊണ്ട് വരണം.. ചേച്ചി വീണ്ടും പറഞ്ഞു..

ബാക്കിയാ... സമീർ ചേച്ചിയെ അർത്ഥഗർഭമായി നോക്കി.

അല്ലടാ ഫൈൻ ആയൊന്നു ഒരു സംശയമുണ്ട്.. അതുകൊണ്ട് കുറച്ചധികമുണ്ട്. ചേച്ചി അവന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി  പറഞ്ഞു. ചെറിയൊരു ലഡു മനസ്സിൽ പൊട്ടി.

അവൻ തന്റെ ചുവന്ന യമഹ 100 cc ബൈക്കിൽ കേറിയിരുന്നു, ഇക്ക ഗൾഫിൽ പോയതുകൊണ്ട് കിട്ടിയതാണിവൻ .  പെട്രോൾ ടാങ്ക്  ഒന്ന് കുലുക്കി നോക്കി. അടിത്തട്ടിൽ എവിടെയോ ചെറിയൊരു അനക്കം  വന്നില്ലേ.. അവൻ ആശ്വസിച്ചു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, ഇന്നിനി ആരെയും വിളിക്കണ്ടന്ന് കണക്ക് കൂട്ടി നേരെ വെട്ടൂരേക്ക്.

വെട്ടൂർ ജംഗ്ഷൻ എത്തി.. ഓട്ടോ സ്റ്റാൻഡ് കടക്കുമ്പോൾ " അളിയോ "
ബൈക്ക് നിർത്തി തിരിഞ്ഞു നോക്കുമ്പോൾ വളീത്  കുട്ടനാണ്..

എവിടെടാ  രാവിലെ..  
കഴിഞ്ഞ ആഴ്ച കുട്ടന്റെ കൂടെ കൂടിയപ്പോൾതാൻ ഓഫർ ചെയ്ത പാർട്ടി സമീറിന് പെട്ടന്ന് ഓർമ വന്നു. ബൈക്കിൽ നിന്നറങ്ങാതെ, കാല് ഒരു വശത്തു ചരിച്ചു കുത്തി, അളിയാ മരുമകളെ ഫീസ് അടക്കാൻ സ്കൂൾ വരെ ഒന്ന് പോണം..

അപ്പോഴാണ് തള്ളി നിൽക്കുന്ന സമീറിന്റെ പാന്റിന്റെ പോക്കറ്റിൽ കുട്ടന്റെ കണ്ണുടക്കിയത്. 50 ന്റെ ഒരു കെട്ടു നോട്ടു പതിയെ തലയെത്തിച്ചു പുറത്തോട്ട് നോക്കുന്നത് കണ്ട കുട്ടന്റെ ചെറിയ കണ്ണുകൾ വികസിച്ചു.

അളിയാ കായി ഒരുപാടുണ്ടെന്നു തോന്നുന്നു.. പോക്കറ്റിൽ നിന്നു കണ്ണ് മാറ്റാതെ കുട്ടൻ ചോദിച്ചു..
അളിയാ പിള്ളേരെ രണ്ടു മാസത്തെ ഫീസാണ്..
ഇത്രയും പൈസയാ... കുട്ടൻ അശ്ചര്യപ്പെട്ടു. അളിയാ MOM ഇൽ ഒരാളിന് ഇത്ര അപ്പോൾ മൂന്നു പേർക്ക് ഇത്ര. കുട്ടൻ ഒരു ഓളകണക്കു കൂട്ടി..

അളിയാ നിന്റെയിൽ ഇപ്പോൾ എത്രയുണ്ട്‌? 

അയ്യായിരം ...

കുട്ടൻ കണ്ണുകൾ മേലോട്ട് ഉയർത്തി  വീണ്ടും കണക്കു കൂട്ടാൻ തുടങ്ങി..

അളിയാ സമീറെ അന്നുപോയ പോക്കാണ് .. പിറകിൽ നിന്നു സിജാഹ്  കൂടെ അനസുമുണ്ട് .
 
സിജാഹും അനസും താനും  സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ്. തന്റെ എല്ലാ കന്നംതിരിവും അറിയുന്നവർ .

എന്തോ ഉണ്ടല്ലോ?? സിജാഹ് രണ്ടു പേരെയും നോക്കി ചോദിച്ചു.

അത് പിന്നെ അളിയാ.. സമീർ എന്ത് പറയണമെന്നറിയാതെ  തപ്പുന്നതിനിടയിൽ
അളിയാ കുട്ടാ സമീറിന്റെ പോക്കറ്റിൽ കാശു.. അനസ്  പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു...
നീ ആകാശത്തു നോക്കിയതിയതിന്റെ പൊരുൾ ഇപ്പോഴല്ലേ പിടി കിട്ടിയത്.. കാക്ക മലന്നു പറന്നോന്നു  നോക്കിയതല്ലേ.. ചിരി ഒട്ടും കുറക്കാതെ സിജാഹ് പറഞ്ഞു..
ഡേയ് അവന്റെ മരുമക്കക്ക സ്കൂൾ ഫീസ് അടക്കാനുള്ള പൈസേടാ..
കുട്ടൻ പറഞ്ഞു..
എന്നാലും ഇത്രയും പൈസ.. കുട്ടൻ വീണ്ടും ആകാശത്തേക്ക് നോക്കി തല ചൊറിഞ്ഞു..
അളിയാ നീ ഓരോരുത്തരുടെ ഫീസൊന്നു പറഞ്ഞാണ്.. ഞാൻ കൂട്ടി നോക്കട്ട്... 
സിജാഹ്.. വിരലുകൾ ഉയർത്തി കണക്കുകൂട്ടാൻ തയ്യാറായി നിന്നു 

നില്ലിടാ... ആട്ടോയിൽ പേനയൊണ്ട്.. കുട്ടൻ ഓട്ടോയുടെ അടുത്തേക്ക് നടന്നു... 
സിജാഹ് റോഡിൽ കിടന്ന ഒരു ചാർമിനാറിന്റെ കവെറെടുത്തു കീറി, കുട്ടൻ കൊണ്ടുവന്ന പേനഎടുത്തു, സമീറിന്റെ മുഖത്ത് നോക്കി

അളിയന്മാരെ കൃത്യമായ ഫീസ് എനിക്കറിഞ്ഞൂടാ എന്നാലും ഒരു ഉദ്ദേശം പറയാം.. 
സമീർ ഒരു ഉദ്ദേശം വെച്ച് പറഞ്ഞു തുടങ്ങി.. സിജാഹ് കൂട്ടി തുടങ്ങി.. 

പണ്ട് ശിഷ്ടം കൂട്ടിയില്ലെങ്കിൽ സാറിനെന്തെകിലും നഷ്ടമുണ്ടോ എന്ന് കണക്കു സാറിനോട് ചോദിച്ച സിജാഹിന്റെ കൂട്ടലിൽ കുട്ടനും അനസിനും  സമീറിനും അത്ര വിശ്വാസമില്ലായിരുന്നു.. എങ്കിലും ഒരു തർക്കത്തിന് അവർ മുതിർന്നില്ല.
അളിയന്മാരെ ബാലൻസ് ഒരു 1255 രൂപ കാണും...
 
സിജാഹ് മീശയിൽ ഒന്നും തടവിയിട്ടു പറഞ്ഞു...

ങേ.. ചേച്ചിക്ക് തെറ്റിയോ? അസംഭവ്യം...  സമീർ മനസ്സിൽ പറഞ്ഞു..

പോടാ അത്രയും എന്തായാലും വരില്ല.. സമീർ തർക്കിച്ചു 
കൂടിപ്പോയാൽ ബാക്കി ഒരു നൂറു രൂപ..  അതിനപ്പുറം കൂടാൻ ഒരു സാധ്യതയുമില്ല...

അളിയാ  ഞാനൊന്നു കൂട്ടട്ടെ.. കുട്ടൻ സിജാഹിന്റെ കൈയിൽ നിന്ന് സിഗിരറ്റ് കവർ വാങ്ങി കണ്ണോടിച്ചു. ഒപ്പം ഇടത്തെ കൈവിരലുകൾ അടയുകയുകയും നിവരുകയും ചെയ്തുകൊണ്ടിരുന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ കുട്ടന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.  അതൊരു പൊട്ടിച്ചിരിയായി മാറാൻ അധികസമയമെടുത്തില്ല 
മന്നവാ... നീ ഇത്രയും കൃത്യമായി കൂട്ടുമെന്ന് ഞാൻ കരുതിയില്ല. 
കുട്ടൻ സിജാഹിന്റെ തോളിൽ തട്ടി.. 
അളിയാ നിന്റെ ഐഡിയഒക്കെ കൈയിൽ ഇരിക്കട്ടെ.. തനിപ്പിടിത്തം നടക്കൂല്ല അളിയാ... സമീറിനെ നോക്കി അനസ്  പറഞ്ഞു... 
അപ്പൊ ഇന്നത്തേക്ക് ഓട്ടോ ഒതുക്കാം.. കുട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.
അളിയാ വണ്ടിയിൽ പെട്രോൾ കുറവാണ്.. വർക്കല എത്തുമോന്നു ഉറപ്പില്ല.. സമീർ പറഞ്ഞു 
അതിനെന്തിടാ.. നീ വണ്ടി ഒതുക്കി ഇവിടെയെവിടെയെങ്കിലും വെയ്.. നമുക്ക് ഓട്ടോയിൽ പോകാം..
സിജാഹം അനസും  അപ്പോഴേക്കും കുട്ടന്റെ ഓട്ടോയിൽ കയറികഴിഞ്ഞിരുന്നു..
സമീർ ബൈക്ക് ഓട്ടോ സ്റ്റാൻഡിനടുത്തെ പോസ്റ്റിനോട് ചേർത്തുവെച്ചു.
നീ വണ്ടി വിടളിയാ... ആദ്യം MoM സ്കൂളിൽ.. ബാക്കി പിന്നെ... 
സമീർ വണ്ടിയുടെ  ചാവി താക്കോൽ പാന്റിന്റെ പോക്കറ്റിലോട്ട് വെച്ചപ്പോൾ അമ്പതിന്റെ നോട്ട്കെട്ടു  പുറത്തോട്ട് ചാടുമോ എന്ന് തോന്നി 

"പന്നിയെല്ലാമേ... പൈസ സൂക്ഷിരിടാ... സിജാഹ് സമീറിനെ നോക്കി പറഞ്ഞു 
വേണമെങ്കിൽ ഞാൻ വെക്കാം.. സിജാഹ് ഉദാരാമതിയായി.. 

വേണ്ടളിയാ... സമീർ 

അളിയാ സിഗിരറ്റ് വല്ലതും.. സമീർ 

ഇന്ന് നീ  വിൽസേ  വലിക്കൂ .. കുട്ടൻ വണ്ടി നിർത്തി.. കലാമിക്കാടെ കടയിൽ നിന്ന് വിൽസിന്റെ ഒരു പാക്കറ്റ്  സിഗരറ്റ് വാങ്ങി , വലിച്ചു മരിക്കിന്റാ .. സമീറിന്റെ മടിയിലോട്ട് ഇട്ടു . ക്വിക്കർ അടിച്ചു ഓട്ടോ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു .
 
അളിയാ നമുക്ക് കാട്ടിലെ അബുനെ കൂടി വിളിച്ചാലോ ഒരു കമ്പനിക്കു  ... അനസിന്റെ  വക അഭിപ്രായം . 
വേണ്ട... അവൻ ഉത്തമനല്ല .. പിന്നോട്ട് തലയൊന്നു തിരിച്ചു കുട്ടൻ സ്വതസിദ്ധ ശൈലിയിൽ പറഞ്ഞു . നാട്ടിലെ അല്ലറ ചില്ലറ തരികിടയായി നടക്കുന്ന നാലുപേരുടെയും  സുഹൃത്താണ് കാട്ടിലെ അബു . 

ഓട്ടോ വർക്കല എത്താറായപ്പോൾ ,  അളിയാ ....ഞാൻ രാവിലെ ഒന്നും കഴിച്ചില്ലായിരുന്നു. സിജാഹ് . സുപ്രഭാതത്തിന്നു  ഓരോ മസാല ദോശ അടിച്ചാലോ . 
വർക്കലയിലെ ഏക വെജിറ്റേറിയൻ റെസ്റ്റോറന്റ്ആണ് സുപ്രഭാതം . തമിഴ് രുചിയുള്ള അവിടെത്തെ ഭക്ഷണങ്ങൾ കടുത്ത നോൺ വെജികൾക്കും ഇഷ്ടമായിരുന്നു  , പ്രേതേകിച്ചും മസാല ദോശ കൂടെയാ വടയും സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് തരുന്ന ആവി പറക്കുന്ന ചായയും .. 

വീട്ടിൽ നിന്ന് കഴിച്ചെങ്കിലും സമീറിനെയും മസാല ദോശ മോഹിപ്പിച്ചു .  പെട്ടന്ന്  പടച്ചോനെ ഇതിൽ നിന്ന് കാശ് എടുക്കേണ്ടി വരുമോ ?  എന്ന ചിന്ത സമീറിന്റെ നെഞ്ചു പിടപ്പിച്ചു .

പിന്നെന്ത് ...  വണ്ടി നേരെ സുപ്രഭാത്തിലോട്ട് വിടാം .. കുട്ടൻ പറഞ്ഞു 
അളിയന്മാരെ ഒരു കാര്യം ചെയാം .. ഇപ്പോ നിങ്ങളു കാശ് എടു... ഫീസ് അടച്ചിന്റെ ബാക്കി മൊത്തം നമുക്ക് അടിച്ചുപൊളിക്കാം . ഈ പൈസ ഞാൻ അപ്പൊ തരാം .. സമീർ പറഞ്ഞു നിർത്തി . 

അത് പിന്നെ എൻ്റെ കൈയിൽ ആകെ പതിനഞ്ചു രൂപയെ ഉള്ളൂ .. സിജാഹ് 
എന്റെയിൽ ഒരു മുപ്പത് കാണും .. രാവിലെ ഒരോട്ടം പോലും പോയില്ല . കുട്ടൻ

ഞാൻ ഒരു ഇരുപതിടാം .. അനസ് 
 
മസാലദോശയും  ചായയും കൂടി ഒരാളിന് പതിനഞ്ചു   രൂപ  .നാലുപേർക്ക്  പേർക്കും കൂടി  അറുപതു  .. സമീർ പെട്ടന്ന് കണക്കു കൂട്ടി പറഞ്ഞു . 

ഫീസ് അടച്ചാ ബാക്കി എടുക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ ... സമീർ വീണ്ടും 

എന്നാ അങ്ങനെ ആവട്ടെ .. കുട്ടൻ . 
മസാല ദോശയും ചൂട് ചായയും കുടിച്ചു സുപ്രഭാതത്തിന്നു ഇറങ്ങുമ്പോൾ റാഹത്തായി അളിയാ .. കുട്ടൻ വയറു തടവിക്കൊണ്ട് പറഞ്ഞു . 

ഇനി ഫീസ് അടിച്ചട്ടുവേണം ..  ബാക്കി 
ബാക്കിക്ക് അളിയാ കല്ലമ്പലത്തു പോണോ  വർക്കല മതിയോ ?  നുരഞ്ഞു പൊങ്ങുന്ന പതയിൽ, അരിച്ചിറങ്ങുന്ന എസിയുടെ തണുപ്പിൽ അരണ്ട വെളിച്ചത്തു .. കുട്ടൻ ഒരു നിമിഷം സ്വപ്നലോകത്തേക്ക് പറന്നു . 

വണ്ടി MoM സ്കൂളിൽ എത്തി . 
ഉം .. എന്താ .. ഗേറ്റിനു മുൻപിൽ സെക്യൂരിറ്റി തടഞ്ഞു . 
ഫീസ് അടക്കാൻ .. സമീർ പറഞ്ഞു .. 
നിന്നൊയൊന്നും കണ്ടാൽ പറയില്ലല്ലോടാ ഫീസ് അടക്കാനെന്ന് .. സെക്യൂരിറ്റിയുടെ വക ഒരു കൊട്ട് 

എന്തൊന്നിടാ  .. ഫീസ് അടക്കാൻ പിന്നെ ടൈയും കെട്ടി വരാണോടാ മൈ.. 
സിജാഹിന് ദേഷ്യം വന്നു 
സെക്യൂരിറ്റി ഒന്ന് പതറി . അയാൾ ഓട്ടോ സ്കൂളിലോട്ട് കയറ്റി വിട്ടു .

അണ്ണാ സ്കൂളിന്റെ ഓഫീസ് , ഫീസ് അടക്കാൻ ..  ആദ്യം കണ്ട ബിൽഡിങ്ങിൽ നിന്ന ആളിനോട് സമീർ ചോദിച്ചു 

ദാ ആ കാണുന്നതാണ് ഓഫീസ് . അവിടെ ചെന്ന് പറഞ്ഞാ മതി . അയാൾ കുറച്ചപ്പുറച്ചുള്ള വേറൊരു കെട്ടിടം ചൂണ്ടി പറഞ്ഞു . 

മൂവരും കൂടി അങ്ങോട്ട് വെച്ചടിച്ചു . 
ഫീസടക്കാൻ ... സമീർ അവിടെയിരുന്നു  എഴുത്തുകൊണ്ടിരുന്ന പെൺകുട്ടിയോട്  സമീർ ചോദിച്ചു 

ഇതിന്റെ അങ്ങേയറ്റം കാഷ്യർ ഉണ്ട് . അവിടെ അടച്ചാ മതി . മുഖമുയർത്താതെ അവൾ പറഞ്ഞു 

അവർ അങ്ങോട്ട് നടന്നു . കൂട്ടിലിട്ട തത്തയെ പോലെ ഒറ്റക്കൊരു കമ്പിക്കൂട്ടിൽ  ഒരാൾ ഇരിന്നു ക്യാഷ് എണ്ണുന്നു . 
ഫീസ് അടക്കാൻ .. സമീർ മുരടനക്കി .. 
എന്താ പേര് , ക്ലാസ്  ഇതൊക്കെ ഈ പേപ്പറിൽ എഴുതി കൊണ്ടുവാ ... 

സമീർ മൂന്നുപേരുടെയും  പേരും ക്ലാസും എഴുതി കൊടുത്തു . 

ദാ അവിടെ ഇരിക്ക് ഇപ്പൊ വിളിക്കാം  .. അയാൾ അടുത്ത് കണ്ട കസേരകളിലേക്കു ചൂണ്ടി പറഞ്ഞു . 

ചേച്ചിയുടെ മൂത്തയാളുടെ പേര് വിളിച്ചു . മൊത്തം 1750 .. കാഷ്യർ വിളിച്ചു പറഞ്ഞു . 
സമീർ കാശ് എണ്ണി  തിട്ടപ്പെടുത്തി കൊടുത്തു . 

അളിയാ നീ പറഞ്ഞ ഫീസിനേക്കാളും കുറവെന്ന് തോന്നുന്നല്ലോ .. സിജാഹ് പോക്കെറ്റിൽ കിടന്ന സിഗരറ്റ് കവർ എടുത്തു നിവർത്തി . നീ പറഞ്ഞത് 1435 ആണ്. അതിൽ തന്നെ നൂറിൽ കൂടുതൽ ബാലൻസ് ഉണ്ട് .. സിജാഹ് സന്തോഷത്തോടെ പറഞ്ഞു . 
കാഷ്യർ രണ്ടാമത്തെ ആളിന്റെ  പേര് വിളിച്ചു . മൊത്തം 1270  . സമീർ വീണ്ടും കാശെടുത്തു എണ്ണി കൊടുത്തു .. 
അളിയാ ഇതിലും 50 കൂടുതലാണ് നീ പറഞ്ഞത് ..   വീണ്ടും സിജാഹ് ... 
അളിയാ ഇന്ന് നമ്മ പൊളിക്കും .. ആറ്റിങ്ങ വിട്ടാലോ .. 
ചേച്ചിക്ക് എന്തോ മിസ്റ്റേക്ക് പറ്റി ഉറപ്പാണ്  .. സമീർ മനസിൽ പറഞ്ഞു .

ഇനിയുള്ളത് ഇക്കാടെ മോന്റെ ഫീസ് മാത്രമാണ് . അവന്റെ എന്തായാലും ഒരു 1500നു  അപ്പുറം വരില്ല .. ബാക്കി എന്തായാലും കുറച്ചു പൈസ ഉണ്ടാവും , എന്തായാലും സിജാഹ് പറഞ്ഞ അത്രയുമില്ലെങ്കിലും ..

താൻ എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും നടക്കണ്ട . ഇവിടെ നില്ലു .   ഞാൻ ഇപ്പോൾ തന്നെ അടുത്ത ആളിൻറെ പറയാം. ഒരു ദയ ചെയ്യുന്ന മട്ടിൽ കാഷ്യർ പറഞ്ഞു .

2300 രൂപ  ..... കാഷ്യർ പറഞ്ഞു .  
ഒരു വെള്ളിടി വെട്ടി സമീറിന്റെ ഉള്ളിൽ  . പ്രതീക്ഷിച്ചതിലും കൂടുതൽ . സമീർ ക്യാഷ് എടുത്തു എണ്ണാൻ തുടങ്ങി .  50 ന്റെ കെട്ടിലെ ബാലൻസും കാഷ്യർ ഓരോ തവണ തന്ന ബാലൻസും .. എല്ലാം കൂടി കൂട്ടിയാലും അഞ്ചു രൂപ കുറവ്. 
അതെ .. അഞ്ചു രൂപ കുറവുണ്ട് . നാളെ കൊണ്ട് തന്നാൽ മതിയോ .. സമീർ ശബ്ദം താഴ്ത്തി ക്യാഷ്യരോട്‌ ചോദിച്ചു .. 
അത് പറ്റില്ല . ദിവസവും അക്കൗണ്ട്സ് ക്ലോസ് ചെയ്യണം. കറക്റ്റ് കണക്കു കൊടുത്തില്ലേൽ എൻ്റെ കയ്യിന്നു കട്ട് ചെയ്യും ... അയാൾ പുരികം ചുളിച്ചു .
 
ഒരു കാര്യം തൻ്റെ കൂട്ടുകാരല്ലേ ആ ഇരിക്കുന്നത് അഞ്ചു രൂപയല്ലേ... അവരോടു ചോദിക്കു . കാഷ്യർ സൊലൂഷ്യൻ കണ്ടെത്തി കൊടുത്തു . 

സമീർ തിരിഞ്ഞു സിജാഹിനെയും കുട്ടനെയും അനസിനെയും തിരിഞ്ഞു നോക്കി .. എന്തെല്ലാം മോഹങ്ങളായിരുന്നു. എന്തായാലും അവരാ സംസാരമൊന്നും കേട്ടില്ലെന്നു അവരുടെ മുഖം കണ്ടാൽ മനസിലാകും 

എന്താ ? .. എന്ന ചോദ്യഭാവത്തിൽ  അനസ് തലയൊന്നു ഇളക്കി . 

അളിയാ ഒരു അഞ്ചു രൂപ ..... കുറവുണ്ട്  സമീർ അവരുടെ അടുത്തെത്തി പതുക്കെ പറഞ്ഞു .  
ഓ ബാലൻസ് ഇല്ലായിരിക്കും ... സിജാഹ് പറഞ്ഞു .... 
കുട്ടാ ആ അഞ്ചു രൂപ ഇല്ലേ  മസാല ദോശ കഴിച്ചതിന്റെ ബാക്കി .. അതൂടെ കൊടളിയാ .. മൊത്തം കൂടെ സമീർ തിരിച്ചുതരുമല്ലോ ... ഇതു കൂടി അടച്ചു കഴിഞ്ഞാൽ . 
അതല്ലളിയാ .. പൈസ തികഞ്ഞില്ല ..  സമീർ വിക്കി .. 
സിജാഹിന്റെയും കുട്ടന്റേയും അനസിന്റെയും മുഖങ്ങൾ രക്തശൂന്യമായി .. ഒരു നിമിഷം അവർ നിശബ്ദരായി . 

പന്നിയല്ലാമേ .... ഇതൂടെ  കൊണ്ട് കൊട് .. അണപൊട്ടിയ കോപം  കടിച്ചു പിടിച്ചു, പോക്കറ്റിൽ നിന്ന് അഞ്ചു രൂപയെടുത്തു കുട്ടൻ സമീറിന്റെ കൈയിൽ വെച്ചുകൊടുത്തു .. 

 ദേഷ്യവും സങ്കടവും അടക്കാനാവാതെ സിജാഹ് , സ്കൂളെന്നോ ഓഫീസെന്നോ ഓർക്കാതെ 

എടാ മൈ......  നീ ഒരു കോപ്പിലെ പുള്ളയായിട്ട് വരും ...    എന്ന് പറഞ്ഞതും 
തേഞ്ഞു വള്ളിപൊട്ടാറായ ചെരിപ്പെടുത്തു സമീറിന്റെ നേരെ എറിഞ്ഞതും ഒരുമിച്ചായിരിന്നു   
ആ അലർച്ച കേട്ടു  സ്കൂൾ കെട്ടിടം ഒന്ന് ആടിയോയെന്നു സമീറിന് തോന്നി .. 

പറന്നു വന്ന ചെരിപ്പു തൻ്റെ കൃത്യനിഷ്ഠയുള്ള ജോലിക്കു, തനിക്കു കിട്ടിയ അവാർഡ് പോലെ പെൺകുട്ടിയുടെ ടേബിളിൽ വിശ്രമിച്ചു .. 



 









 


















.













No comments: