പുറത്തെ പട്ടികളുടെ കുര കേട്ടിട്ടാണ് ഞാൻ അടുക്കള വാതിൽക്കലേക്ക് വന്നത്. അപ്പോഴാണ് അവൾ പട്ടികളുടെ കുര കേട്ടഭാഗത്തേക്കു, മതിലിനു അപ്പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടത്. എന്റെ അനക്കം കേട്ടപ്പോൾ തിരിഞ്ഞൊന്നു നോക്കി. ആ കണ്ണുകളിലെ ദൈന്യഭാവത്തിൽ നിന്ന് എന്തോ സംഭവിച്ചു എനിക്ക് മനസിലായി. ഞാൻ വേഗത്തിൽ മതിലിനടുത്തേക്കു നടന്നു. പട്ടികളുടെ ബഹളത്തിനിടയിൽ പൂച്ചകുട്ടിയുടെ നേർത്ത കരച്ചിൽ ഞാൻ കേട്ടു. പടർപ്പുകൾ വളർന്നു നിൽക്കുന്നതിനിടയിൽ രണ്ടു പട്ടികൾക്കിടയിൽ അവൻ കിടക്കുന്നു . ദയനീയമായി വിളിച്ചുകൊണ്ട്. എന്നെ കണ്ട പട്ടികൾ കുറച്ചു മാറി നിന്നു; കിട്ടിയ ഇരയെ നഷ്പ്പെടാൻ അവർ പെട്ടന്ന് തയ്യാറായില്ല. ഞാൻ അടുത്ത കണ്ട ഒരു മടൽ എടുത്തു, രണ്ടടി അടിച്ചപ്പോൾ അവ ഓടിപ്പോയി.
ഒരാൾപൊക്കമുള്ള മതിൽ കഷ്ടപ്പെട്ട് ഞാൻ ഇറങ്ങി പടർപ്പുകൾക്കിടയിൽ കിടന്ന അവനെ പതിയെ തൊട്ടു. പെട്ടന്നവൻ ഒന്ന് ചീറിയെങ്കിലും അവന്റെ പച്ചയും നീലയും കണ്ണുകളിൽ നിന്ന് ദയനീയഭാവം മാറിയിരുന്നില്ല. ഭാഗ്യം മുറിവുകൾ ഒന്നും പറ്റിയിട്ടില്ല. പട്ടികളുടെ കടി കൊണ്ടിട്ടില്ല. ഞാൻ അവനെ എടുത്തു മതിലിൽ വെച്ചു വീണ്ടും കഷ്ടപ്പെട്ട് ഇപ്പുറത്തേക്കു ഇറങ്ങി. അവന്റെ ശ്വാസോശ്വാസം ദ്രുതഗതിയിൽ ആയിരുന്നു. പട്ടികൾക്കിടയിൽ പെട്ട അവൻ പേടിച്ചു പോയിരിക്കാമെന്നു ഞാൻ ഊഹിച്ചു. ഞാൻ മുറ്റത്തു കിടത്തി. അവൻ ഒന്ന് എണീറ്റ് നിൽക്കാൻ ഒരു ശ്രമം നടത്തി . പക്ഷെ വീണു പോയി.
അവൾ മകന്റെ ചുറ്റും കിടന്നു നടക്കാൻ തുടങ്ങി. ഇടക്കിടെ എന്റെ ദേഹത്ത് വന്നു ഉരുമ്മി നിന്നു. മകനെ രക്ഷിച്ചതിലുള്ള നന്ദി സൂചകമാവാം എന്നെനിക്കു തോന്നി . അവന്റെ വയറുകൾ ക്രമാതീതമായി ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു . ഞാൻ അവനെ കൈകൊണ്ടു ഉയർത്തി നോക്കി ഒരു മുറിവും കണ്ടെത്താനായില്ല. പട്ടികളുടെ ആക്രമണത്തിന്റെ ഷോക്കിൽ നിന്ന് മോചിതനാവാൻ കുറച്ചു സമയമെടുക്കുമെന്നു എനിക്ക് തോന്നി.
ഞാൻ അവനെ എടുത്തു വർക്ക് ഏരിയയിലെ അവരുടെ കിടപ്പ് സ്ഥലത്തേക്ക് എടുത്തു വെച്ചു . ഒരു കാര്ഡ്ബോർഡിൽ ഞങളുടെ കുറെ പഴയ തുണികൊണ്ട് അവർക്കു വേണ്ടി നേരെത്തെ തന്നെ ഒരു ബെഡ് ഉണ്ടാക്കിയിരുന്നു. ഞാൻ പതുക്കെ അവനെ അതിലേക്കു എടുത്തു കിടത്തി. അവൻ ഒന്ന് ഞരങ്ങി. ഞാൻ അവന്റെ മൂർദ്ധാവിൽ തലോടി. അപ്പോഴും ശ്വസനത്തിന്റെ വേഗത കുറഞ്ഞിരുന്നില്ല.
ന്താ ഉപ്പാ പൂച്ചഞ്ഞിനു ന്തു റ്റി ? ഇളയ മകളാണ് ... കൂടെ മൂത്തവളും ഉണ്ട്
മരിച്ചു പോവോ പ്പാ ? മൂത്തവൾ ചോദിച്ചു ...
അറിയില്ല മോളെ ... പട്ടികൾ ഓടിച്ചതാ . ഞാൻ പറഞ്ഞു
നിക്ക് നിന്റെ മോനെ നോക്കി ടഡീ ? മൂത്തവൾ ദേഷ്യത്തോടെ തള്ള പൂച്ചയോടു കയർത്തു . അവൾ എന്നെയും നോക്കിയിരിപ്പാണ്. ആ കണ്ണുകളിൽ നൊമ്പരം ഞാനറിഞ്ഞു .
അവന്റെ കുഞ്ഞി കണ്ണുകൾ തള്ള പൂച്ചയെ പരതുന്നുവെന്നു എനിക്ക് തോന്നി .
ഇനി ഇക്ക മാറി നിന്നോ തള്ള പൂച്ച നോക്കികോളും . പിന്നിൽ നിന്ന ഭാര്യ പറഞ്ഞു. അത് ശരിയാണെന്നു എനിക്കും തോന്നി. ഞാൻ എണീറ്റ് അകത്തേക്ക് നടന്നു.
പുതിയ വീട്ടിലേക്ക് മാറിയ അന്നാണ് അവളെ കാണുന്നത്. അടുക്കള വാതിൽക്കൽ തുറന്നപ്പോൾ വലിയൊരു വയറുമായി , അതിനൊക്കാത്ത കുഞ്ഞി മുഖവുമായി ഒരു പൂച്ച
ഡീ ഈ പൂച്ച ഗർഭിണിയെന്നാ തോന്നുന്നത് . ഞാൻ ഭാര്യയോട് പറഞ്ഞു
ഇപ്പൊ മനുഷ്യന്മാര് ആവുന്നത് നോക്കി മതിയാക്കിയിട്ട് പൂച്ചയും പട്ടിയുമൊക്കെ പ്രെഗ്നന്റ് ആവുന്നതും നോക്കി നടക്കുവാണോ ??
അവൾ ചിരിയോടെ പറഞ്ഞു . പൂച്ചയുടെ ഗർഭവും നോക്കി നിൽക്കാതെ എന്നെ വന്നൊന്നു ഇതൊക്കെ അറേഞ്ച് ചെയ്യാൻ സഹായിക്ക് . അവൾ സ്വരത്തിലെ നീരസം ഞാൻ തിരിച്ചറിഞ്ഞു .
അന്ന് രാത്രി ഭക്ഷണം കഴിഞ്ഞപ്പോഴാണ് എനിക്കാ പൂച്ചയുടെ ഓർമ വന്നത് . ഞാൻ കുറച്ചു ചോറു മീൻ കറിയിൽ കുഴച്ചു അതുമായി അടുക്കള വാതിൽക്കലേക്ക് നടന്നു.
ബിസ്.. ബിസ്.. ഞാൻ പൂച്ചയെ വിളിച്ചു .
പെട്ടന്ന് മ്യാവൂ .. എന്ന് വിളിച്ചു കൊണ്ടവൾ വീടിന്റെ തൊട്ടടുത്തുള്ള ഉപയോഗിക്കാത്ത പുറത്തെ മുറിയിൽ നിന്ന് എന്റെ അടുത്തേക്ക് വന്നു. ഓഹോ അപ്പൊ ഞങ്ങൾ വരുന്നതിനു മുൻപേ ഇവിടെത്തെ താമസക്കാരാണ് അല്ലേ ഞാൻ മനസ്സിലോർത്തു .
പിന്നെ അതൊരു സ്ഥിരമായി . രാവിലെയും ഉച്ചക്കും രാത്രിയുമെല്ലാം ഞങ്ങൾ അവൾക്ക് ഭക്ഷണം കൊടുത്തു . പതുക്കെ പതുക്കെ അവൾ ഞങൾ എല്ലാവരുമായിട്ട് അടുത്തു. സ്നേഹം കൂടുമ്പോഴെക്കെ അവൾ എന്റെ കാലിൽ വന്നു മുട്ടിയുരുമ്മി നിന്നു. മക്കൾക്ക് വളരെ സന്തോഷമായി. അവർ അവളെ ഒരംഗമായി , അവരുടെ കളികൂട്ടുകാരിയായി കണ്ടു.
പിന്നീട് പെട്ടന്ന് കുറച്ചു ദിവസത്തേക്ക് അവളെ കാണാതായി . കുറച്ചു ദിവസങ്ങൾ കഴിഞ്ഞവൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.
ഡീ ഇവളെ വയറൊക്കെ കുറഞ്ഞല്ലോ ?? അപ്പൊ ഇവള് ഗർഭിണി അല്ലായിരുന്നാ ഞാൻ വീണ്ടും ഭാര്യയോട് ചോദിച്ചു
ഇത്രയും ദിവസും പൂച്ച വയറു കുറക്കാനുള്ള വല്ല ഡയറ്റ് എടുത്തതാവും . അത് ചിലപ്പോ പ്രസവിച്ചു കാണും... ഭാര്യ പറഞ്ഞു നിർത്തി
അല്ലാ പ്രസവിച്ചെങ്കിൽ കുഞ്ഞെവിടെ ?ഞാൻ ചോദിച്ചു .
കുറച്ചു ദിവസം അതൊരു ഉത്തരമില്ലാത്ത ചോദ്യമായി തന്നെ ഉള്ളിൽ കിടന്നു . പതിവ് പോലെ മൂന്നുനേരവും ഭക്ഷണം കഴിക്കാൻ വരുന്നു. പക്ഷെ പഴയതുപോലെ കൂടുതൽ സമയം ഞങ്ങളുമായി ചിലവഴിക്കുന്നില്ല .
ഒന്ന് രണ്ടു ആഴ്ചകൾക്കിപ്പുറം ഒരു ദിവസം ഉച്ചക്ക് അവൾക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോൾ രണ്ടു കുഞ്ഞിക്കണ്ണുകൾ , ഒന്ന് പച്ചയും മറ്റേതു നീലയുമായി പുറത്തെ മുറിയുടെ വാതിൽക്കൽ ഒരു കുഞ്ഞിപ്പൂച്ച. ഞാൻ ഒന്ന് അനങ്ങിയതും അവൻ ഒരു മിന്നായം പോലെ അകത്തേക്ക് വലിഞ്ഞു .
നിന്റെ കുഞ്ഞാ .. മൂത്ത മോൾ സ്നേഹത്തോടെ ചോദിച്ചു . ഉപ്പാ കുറച്ചു അധികം ചോറ് കൊടുത്തോ. കുഞ്ഞിന് പാല് കൊടുക്കണ്ടേ ?? എട്ടു വയസുകാരി വലിയ വിവരക്കാരിയെപോലെ പറഞ്ഞു ..
എന്നാ അങ്ങനെ ആയിക്കോട്ടെ .. ഞാൻ പറഞ്ഞു
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവനെയും കൊണ്ടവൾ വരവ് തുടങ്ങി . ഞങ്ങളിൽ ആരെയെങ്കിലും കണ്ടാൽ അവൻ പുറത്തമുറിയിലേക്ക് പായും. ആദ്യമൊക്കെ പേടിയോടെ ഞങ്ങളെ അവൻ കണ്ടിരുന്നുവെങ്കിലും പതുക്കെ അത് മാറാൻ തുടങ്ങി . തള്ള പൂച്ചയെ തലോടുമെങ്കിലും അവനെ ഞങ്ങൾ തൊട്ടില്ല. പേടി പൂർണമായി മാറട്ടെ എന്ന് കരുതി. തള്ളപ്പൂച്ച ഞങ്ങളെ കാണിക്കാനെന്നവണ്ണം അവളുടെ വാല് അനക്കി അവനെ കളിപ്പിച്ചു . കളിച്ചു ക്ഷീണിച്ചപ്പോൾ തള്ളയുടെ പാൽ അധികാരത്തോടെ കുടിച്ചു .
ആഴ്‌ചകൾ പിന്നിട്ടു . ഒരു ദിവസം രാത്രി ഞങ്ങൾ ഭക്ഷണം കഴിക്കാൻ വൈകി. അപ്പോഴതാ പിന്നിൽ മ്യാവൂ .. എന്ന വിളി
ങേ .. പൂച്ച വീട്ടിന്റെ ഉള്ളിൽ കയറിയിരിക്കുന്നു. എനിക്ക് പെട്ടന്ന് ദേഷ്യവും വന്നു .
നീ എന്തിനാ ഉള്ളിൽ കയറിയത് ? നിനക്കു ഭക്ഷണം ഭക്ഷണം പുറത്തു കൊണ്ട് തരില്ലേ ?? ഞാൻ അതിനെ പുറത്തു കൊണ്ടാക്കി . നിനക്ക് ഇന്ന് ഇവിടുന്നു ഫുഡില്ല . ഞാൻ പറഞ്ഞു
ങ്ങനെ പറയല്ലേ ഉപ്പാ .. വിശന്നിട്ട് കേറീതാവും .. അത് കിച്ചണിൽ പോയില്ലല്ലോ നമ്മടെ അടുത്തല്ലേ വന്നത് ? മൂത്തമകൾ സങ്കടത്തോടെ പറഞ്ഞു .
ശരിയാണ് ഇന്നേവരെ അവൾ ഞങ്ങളുടെ അടുക്കളയിൽ കേറിയിട്ടില്ല. സാധാരണ പൂച്ചകളെപോലെ മോഷണസ്വഭാവം ഇല്ല എന്നത് ഞങ്ങൾ നേരെത്തെ മനസിലാക്കിയതാണ് .
അന്ന് ഭക്ഷണം കൊടുക്കാൻ വേണ്ടി വിളിച്ചപ്പോൾ അവൾ വന്നില്ല. എന്തോ പറയാനുള്ള ഭാവത്തിൽ എന്റെ കണ്ണുകളിൽ നോക്കി. കുഞ്ഞു കഴിക്കുന്നതും നോക്കിയവൾ ഇരുന്നു . അടുത്ത കുറച്ചു ദിവസം അവൾ വന്നതേയില്ല. ഒരു പൂച്ചക്ക് എത്ര പിണക്കമോ ??
മീൻ തല ഇട്ടു നോക്കി ..ചിക്കൻ പീസിട്ടു നോക്കി ..ഉണക്കമീനും നോക്കി.. നോ രക്ഷ.
എനിക്ക് പോലും ഇത്ര പിണക്കം വരാറില്ല .. ഈ പൂച്ച കൊള്ളാല്ലോ ? ഭാര്യ പറഞ്ഞു
പിന്നെയെപ്പൊഴോ പിണക്കം മാറി അവൾ കഴിച്ചു തുടങ്ങി . വേനൽ മഴ തകർത്തു പെയ്യാൻ തുടങ്ങി ഒപ്പം കൊടുങ്കാറ്റും .. പുറത്തെ മുറിയിൽ മഴ ഇരച്ചു കയറി . അന്നവൾക്കും മകനും വേണ്ടി ഞങ്ങൾ കിടക്ക തയ്യാറാക്കി . വലിയൊരു കാർഡ്ബോർഡിൽ പഴയ തുണിയൊക്കെ വെച്ച് ഒരു ബെഡ്. മഴ തീർന്നുവെങ്കിലും അവർ അവിടെ തന്നെ കിടന്നു .
ആ കുഞ്ഞിന് എന്തേലും പറ്റുമോ ഉപ്പാ മകളാണ് .അവൾക്ക് വല്യ വിഷയമായിട്ടുണ്ട് .. ചിലപ്പോൾ പേടിയുടെ ഷോക്കിൽ മാറുമ്പോൾ ശരിയാമായിരിക്കും. ഒന്ന് പോയി നോക്കാം
ഞാൻ എണീറ്റ് അങ്ങോട്ട് നടന്നു. തള്ള പൂച്ച കുഞ്ഞി ന്റെ അടുത്തിരിക്കുന്നു. കുഞ്ഞു കണ്ണ് തുറന്നു കിടക്കുന്നു. ഇപ്പോൾ ദ്രുതഗതയിലുള്ള ശ്വാസോശ്വാസമില്ല.
അടുത്ത് എത്തിയപ്പോൾ ഒരു സംശയം . അത് മരിച്ചോ ? ഡീ ഒന്നിങ്ങോട്ട് വന്നേ
പൂച്ചക്കുഞ്ഞിനെ അനക്കമില്ല . ഭാര്യ വന്നു അതിന്റെ വയറിൽ പതുക്കെ അമർത്തി . അവൻ അനങ്ങിയില്ല.
ഇതു മരിച്ചു ... അവളുടെ സ്വരത്തിലെ സങ്കടം ഞാൻ തിരിച്ചറിഞ്ഞു .
ഇല്ലാ അതിന്റെ വയറു ചെറുതായി അനങ്ങുന്നുണ്ട് ? ഞാൻ പറഞ്ഞു . എന്തായലും കുറച്ചൂടെ നോക്കട്ടെ . ഞാൻ പ്രതീക്ഷ കൈവിടാതെ പറഞ്ഞു .
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസിലായി . അവന്റെ ആത്മാവ് അവനെ വിട്ടകന്നുവെന്നു. ഒന്ന് മറിയാത്തപോലെ തള്ളപ്പൂച്ച അപ്പോഴും അവന്റെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരംഗത്തെപോലെ കരുതിയവൻ പോയിരിക്കുന്നു. ഞങ്ങൾക്ക് വല്ലാത്ത വിഷമം തോന്നി .
കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള വശത്തുള്ള തെങ്ങിന് അടുത്ത് അവനു വേണ്ടി ഒരു കുഴിയെടുത്തു , അവന്റെ മേൽ മണ്ണിട്ട് മൂടി.
രാത്രി ... ചെറിയൊരു മഴ പെയ്തു തോർന്നു . ഞാൻ വാതിൽ തുറന്നു നോക്കി അവളെ അവിടെയൊന്നും കാണാനുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫ്രിഡ്ജ് തുറന്നു ഒരു ചെറിയ മീനെടുത്തു ഞാൻ അവളെ വിളിച്ചു
ബിസ് ബിസ് ... അപ്പോഴേക്കും അവൾ എവിടെന്നോ വന്നു. ഞാൻ ആ മീൻ അവളുടെ പാത്രത്തിൽ ഇട്ടു. സാധാരണ മീനിടുമ്പോൾ പെട്ടന്ന് തന്നെ എടുത്തു കഴിക്കുന്നവളാണ് . കുഞ്ഞിപൂച്ച മിക്കപ്പോഴും തള്ള പൂച്ചയുടെ വായിൽ നിന്ന് തട്ടി പറിക്കാറാണ് പതിവ്. അതൊരു രസമുള്ള കാഴ്ച്ചയാണ്. അവസാനം മീനിന്റെ നല്ല പങ്കവന് കിട്ടിയിട്ടുണ്ടാവും. മനപ്പൂർവം തോറ്റുകൊടുക്കുന്നതാണെന്നു മിക്കപ്പോഴും തോന്നിയിട്ടുണ്ട് . ഇന്നവൾ ധൃതി കാണിച്ചില്ല . പകരം മീനവൾ എടുത്തു കൊണ്ട് തൊട്ടടുത്തുള്ള ചാക്കിന്റെ അടിയിൽ കൊണ്ട് വെച്ചു , പിന്നീടവൾ ഒരു പ്രതേക രീതിയിൽ വിളിക്കാൻ തുടങ്ങി . മ്യാ.... വൂ എന്നിട്ടവൾ ചുറ്റുവട്ടത്തൊക്കെ അങ്ങനെ വിളിച്ചുകൊണ്ടവൾ നടക്കാൻ തുടങ്ങി . ഇടക്കവൾ വിളി നിർത്തി ചെവി കൂർപ്പിക്കും . അവന്റെ ശബ്ദം കേൾക്കുന്നുണ്ടോ ? വീണ്ടും വിളിക്കാൻ തുടങ്ങാൻ തുടങ്ങും ...
ഇനി അവൻ വരില്ല .. ഞാൻ പറഞ്ഞു ..
എന്നെ ദയനീയമായി നോക്കിയിട്ടവൾ വീണ്ടുമവൾ നടക്കാൻ തുടങ്ങി. മനസിലൊരു സങ്കടം മുട്ടിയപ്പോൾ ഞാൻ അകത്തേക്ക് നടന്നു . അപ്പോഴും അവളുടെ വിളി നിലച്ചിരുന്നില്ല...
No comments:
Post a Comment