വൈകുന്നേരമാണ് ബദ്റു എന്നെ വിളിക്കുന്നത്. സത്യത്തിൽ ബദ്റുവിന്റെ കാൾ ആണെന്ന് എനിക്കാദ്യം മനസിലായില്ല. ഇളയ മകളോട് കിന്നാരം പറഞ്ഞു, മഴ ആസ്വദിച്ചു ചൂടുള്ള സുലൈമാനി പയ്യെ ഊതി ഊതി കുടിച്ചു കൊണ്ടിരിന്ന ആ വൈകുന്നേരം.ദുബായിലെ ജൂലൈയിലെ കനത്ത ചൂടിൽ നിന്നു രക്ഷപെട്ടു നാട്ടിൽ എത്തിയിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ.
ഫോണെടുത്തു ചെവിയിൽ വെയ്ക്കുമ്പോൾ ആർദ്രമായ ഒരു പുരുഷ സ്വരം
ഹലോ.. ആരാണ്?
ഡാ നിനക്കെന്നെ മനസിലായില്ലേ?
മറുതലക്കൽ ആർദ്രതക്ക് ഒട്ടും കുറവില്ലാതെ തന്നെ അടുത്ത ചോദ്യം.
നല്ല പരിചയമുള്ള സ്വരം. ഒരുപാട് കേട്ടു പരിചയിച്ച സ്വരം. പക്ഷെ പെട്ടന്ന് കിട്ടുന്നില്ല.
ഡാ ഞാനാടാ ബദ്റു.
ബദ്റു എത്ര കാലമായിടാ കണ്ടിട്ട്. നീ ഇപ്പോൾ എവിടെയാ?
ഞങ്ങൾ ഒരുമിച്ചായിരുന്നു ഗൾഫിൽ എത്തിയ തുടക്കകാലത്തിൽ. ഒരേ കമ്പനിയിൽ ഞാൻ ലോജിസ്റ്റിക്സിലും അവൻ സെയിൽസിലും. താമസവും ഒരുമിച്ചു. രണ്ടുപേരും അവിവാഹിതർ. ഞാൻ ദുബായിൽ എത്തുന്നതിനു രണ്ടു വർഷം മുൻപേ എത്തിയതാണവൻ. ലൈസെൻസും കമ്പനി വണ്ടിയും. വെള്ളിയാഴ്ചകളിലെ കറക്കവും വായിനോട്ടവും അവനൊപ്പമായിരുന്നു. ഏകദേശം നാല് വർഷം ഒരുമിച്ചു. പിന്നീട് വിവാഹം കഴിഞ്ഞു ഭാര്യമാർ ഗൾഫിൽ എത്തും വരെ.
എന്താടാ മിണ്ടാതെ നിൽക്കുന്നത്? മറന്നു അല്ലെ? അവന്റെ ചോദ്യമാണ് എന്നെ ഓർമകളിൽ നിന്നു ഉണർത്തിയത്.
ഇല്ലെടാ പെട്ടന്ന് പഴയ കാര്യങ്ങളൊക്കെ ഓർത്തു പോയി.. അതാ ഞാൻ പറഞ്ഞു.
അതേടാ അതൊക്കെ ഒരു കാലം. അവന്റെ സ്വരത്തിൽ ഒരു നനവ് പടർന്നോ എന്ന് ഞാൻ സംശയിച്ചു.
എന്ത് പറ്റിയെടാ? ഞാൻ ചോദിച്ചു
ഒന്ന് മില്ലടാ.. അവൻ പറഞ്ഞു
ഒരു വെക്കേഷൻ കഴിഞ്ഞു വന്നു,
പെട്ടന്നു ഒരു ദിവസം ജോലി റിസൈൻ ചെയ്തു നാട്ടിലേക്ക് പോയതാണവൻ. ചോദിച്ചപ്പോൾ ഭാര്യക്കു സുഖമില്ല എന്ന് മാത്രം പറഞ്ഞു. അതിനു ശേഷം കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല.
അല്ലാ ഞാൻ നാട്ടിൽ എത്തിയെന്നു നീ എങ്ങനെയാ അറിഞ്ഞത്? ഞാൻ ചോദിച്ചു
അത് നിന്റെ എഫ് ബി നോക്കിയാ പോരെ.. അവൻ ചെറിയ ആക്കിയ ചിരിയിൽ പറഞ്ഞു. പിന്നെ നിന്റെ നമ്പർ.... അത് നിന്റെ പഴയ നമ്പർ ആവുമെന്ന് എനിക്കുറപ്പിണ്ടായിരുന്നു.
അത് ശരിയാണ്.. കഴിഞ്ഞു പത്തു പതിനഞ്ചു കൊല്ലമായി ഞാൻ നാട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന നമ്പർ ആണ്.
പിന്നെ എന്തൊക്കെയുണ്ടടാ വിശേഷം?
ഭാര്യയുടെ അസുഖം ഒക്കെ മാറിയോ?
സുഖാടാ.. അവൾക്കും....
കുട്ടികൾ?
ഞാൻ ചോദിച്ചു.. ഒരു നിമിഷം നിശബ്ദത.
ഞങ്ങൾക്ക് കുട്ടികൾ ആയില്ലടാ.. ആ സ്വരത്തിലെ വല്ലായ്മ ഞാൻ തിരിച്ചറിഞ്ഞു.
സോറിടാ ഞാൻ...
അത് കുഴപ്പമില്ല.. നിന്റെ മക്കളുടെ ഫോട്ടോ എപ്പോഴും ഞങ്ങൾ എഫ്ബിയിൽ കാണാറുണ്ട്.. ക്യൂട്ട് പ്രിൻസസ്സ്...
മ്മ്... ഞാൻ മൂളി...
നിന്നെയൊന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്... ഇങ്ങോട്ടൊക്കെ വരുന്നുണ്ടോ?
ബദ്റു ചോദിച്ചു.
സത്യത്തിൽ വന്നതിനു ശേഷം എവിടെയും പോയിരുന്നില്ല. മക്കളുമായി കളിയും വീട്ടുകാരുമായി കൊച്ചു വർത്തമാനവും പറഞ്ഞു അങ്ങനെ ഒരാഴ്ച എത്ര പെട്ടന്നാണ് പോയത്. നാല് വയസു വരെ മൂത്തവൾ കൂടെയുണ്ടായിരുന്നു. ഇപ്പോൾ അവൾക്കു എട്ടു വയസു. ഇളയവൾക്ക് നാലും. അവളുടെ കൂടെ ഒരുപാട് സമയം നിൽക്കാൻ പറ്റിയിട്ടില്ല.
സ്നേഹം വരുമ്പോൾ അവളുടെ ഒരു വിളിയുണ്ട്.. ഉപ്പായിയേ... അത് കേൾക്കുമ്പോൾ നെഞ്ചിലേക്ക് എന്തോ അലയടിച്ചു വരും സ്നേഹവും വാത്സല്യവുമൊക്കെ ചേർന്ന് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന്..
ഞാൻ വരാമിടാ... വന്നിട്ട് കുറച്ചു ദിവസമല്ലേ ആയിള്ളൂ. ഞാൻ പറഞ്ഞു.
അതല്ലടാ... നീ പറ്റുമെങ്കിൽ ഈ ആഴ്ച തന്നെ വാ...
അവന്റെ സ്വരത്തിലെ നിർബന്ധം ഞാൻ തിരിച്ചറിഞ്ഞു.
ലൈസയും പറഞ്ഞു.... അവൻ പറഞ്ഞു നിർത്തി.
സ്വരത്തിൽ വീണ്ടും ഒരു നനവുണ്ടോ. ഞാൻ സംശയിച്ചു.
ഞാൻ രണ്ടു ദിവസത്തിനുള്ളിൽ വരാമിടാ.. ഞാൻ ഉറപ്പു പറഞ്ഞു.
ഡാ എന്തെങ്കിലും പ്രശ്നമുണ്ടങ്കി പറയ്. നമുക്ക് ശരിയാക്കാം.. ഞാൻ വീണ്ടും ചോദിച്ചു.
ഒന്നുമില്ലടാ... നീ വരുവല്ലേ അപ്പൊ പറയാം ബാക്കി കാര്യങ്ങൾ... ഈ നമ്പറിൽ വാട്ട്സാപ്പ് ഇല്ലേ.. ഞാൻ ഇതിൽ ലൊക്കേഷൻ മാപ് അയക്കാം...
ഉണ്ട്..
എന്നാ വെക്കട്ടെ... അവൻ ഫോൺ കട്ട് ചെയ്തു.
അവനു എന്തോ വിഷമം ഉള്ളതുപോലെ... എനിക്കങ്ങനെ തോന്നി.
ലൈസെൻസ് കിട്ടിയപ്പോൾ എന്നെ സെയിൽസിൽ നിർബന്ധിച്ചു ഇറക്കിയവനാണ്. എന്ത് മാത്രം ആക്റ്റീവ് ആയിരുന്നു അവൻ. എന്തിനും ഏതിനും അവനു ഒരു സൊല്യൂഷൻ ഉണ്ടാവും. പാതി ഇൻട്രോവെർട്ട് ആയ എനിക്ക് പറ്റിയ പണിയല്ലന്ന് പലവട്ടം പറഞ്ഞിട്ടും പിരിക്കേറ്റി എന്നെയും അവന്റെ ഫീൽഡിൽ ഇറക്കി. സെയിൽസിൽ അവനായിരുന്നു എന്റെ ഗുരു. ഞാൻ ഇന്നും ആ ഫീൽഡിൽ തന്നെ തുടരുന്നു.
പെട്ടന്ന് ലൈസയെ ഓർമ വന്നു. അവന്റെ ഭാര്യ. അവന്റെ വിവാഹമായിരുന്നു ആദ്യം കഴിഞ്ഞത്. കല്യാണം കഴിഞ്ഞ വന്ന ആദ്യനാളുകളിൽ അവന്റെ വിരഹം നേരിട്ട് കണ്ടവനാണ് ഞാൻ. അവന്റെ വീട്ടുകാർക്ക് വലിയ താല്പര്യമുണ്ടായിരുന്ന ബന്ധമല്ലായിരുന്നു അത്. ഒരു വെക്കേഷൻ സമയത്തു നാട്ടിൽ വെച്ചു ലൈസയെ കാണുകയായിരുന്നു അവൻ. കണ്ടമാത്രയിൽ ഇഷ്ടപ്പെട്ടു. അപ്പോഴേ വീട്ടിൽ പറഞ്ഞു.
മരിച്ചുപോയ അദ്രുമാനിക്കാടെ മോളാ... മാമ പറഞ്ഞു.. ആകെയാ പത്തു സെന്റ്റും ആ ചെറിയ വീടും.. അതല്ലാതെ പിന്നെന്താ ഉള്ളത്... അതൊന്നും നമുക്ക് ശരിയാവില്ല മോനെ.. ഉമ്മയും പിന്താങ്ങി.
എനിക്ക് അവളെ മതി.. ബദ്റു നിർബന്ധം പിടിച്ചു..
അതിനു അവിടെ പോയി ആര് പെണ്ണ് ചോദിക്കും? ഞാനൊന്നും പോവൂല്ല.. മാമ പറഞ്ഞു.
ആരും ചോദിക്കണ്ട... എന്റെ മോനു വേണ്ടി ഞാൻ ചോദിച്ചോളാം.. മൊയിനു ഇളയാപ്പ പറഞ്ഞു.
വാപ്പയുടെ അനുജൻ... വാപ്പാക്ക്പോലും ഇളയാപ്പാനെ പേടിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെയാണ് അവരുടെ കല്യാണം കഴിഞ്ഞത്. കല്യാണം കഴിഞ്ഞു വന്ന അവന്റെ കുറുകലും വിരഹം ഒളിപ്പിച്ച ഫോൺ സംഭാഷണങ്ങളുമാണ് എന്നെയും ഒരു കല്യാണം കഴിക്കാൻ ആഗ്രഹിപ്പിച്ചത്.
ചില ദിവസങ്ങളിൽ ഉറങ്ങാതെ കിടക്കുമ്പോൾ അവൻ അവളെ കുറിച്ച് പറയും. വിവാഹം കഴിഞ്ഞു ആദ്യനാളുകളിലെ യാത്രകളെ കുറിച്ച്, അവളുടെ പ്രണയത്തെ കുറിച്ച്...
കൃത്യം മൂന്നു മാസം കഴിഞ്ഞപ്പോൾ അവളെ അവൻ ദുബായിലേക്ക് കൊണ്ട് വന്നു. കമ്പനി തന്നെ ഫ്ലാറ്റ് കൊടുത്തു.
ഞാനും അവനും കൂടിയാണ് ഒരു വെള്ളിയാഴ്ച അവന്റെ ഫ്ലാറ്റ് സെറ്റ് ചെയ്തത്.
ലുലുവിൽ നിന്നു ഒന്നിലധികം പിങ്ക് ബെഡ്ഷീറ്റുകൾ എടുക്കുന്ന അവനോടു
ഡാ വേറെ വല്ല കളറും കൂടി നോക്കെടാ..
ഇല്ലടാ ലൈസക്ക് ഇഷ്ടം പിങ്കാടാ.. നാണം ഒളിപ്പിച്ച ചിരിയിൽ അവൻ പറഞ്ഞു.
ലൈസ വരുന്നതിന്റെ തലേന്ന്, ഒരു വ്യാഴാഴ്ച അവനോടപ്പം ഞാൻ ആ ഫ്ലാറ്റിൽ പോകുമ്പോൾ വിഷമം തോന്നി, നല്ലൊരു റൂം മേറ്റ് നഷ്ടപ്പെടുന്നതിന്റെ. പക്ഷെ അവന്റെ മുഖം സന്തോഷത്താൽ പൂത്തുലഞ്ഞു നിന്നിരുന്നു.
ഡാ നീ ഖിസൈസിലെ ലുലുവിൽ നിന്നു കുറച്ചധികം മുല്ലപ്പൂവും കൂടി വാങ്ങേണെടാ...
ഓ... ഇതെല്ലാം ക്‌ളീഷേ ആണല്ലോടാ... ഒന്ന് മാറ്റി പിടിയടെ... ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
അതല്ലടാ.. ലൈസക്ക് മുല്ലപ്പൂ ഭയങ്കര ഇഷ്ടമാടാ അതാ...
പിന്നേ... മുല്ലപ്പൂ ഏതു പെണ്ണിനാ ഇഷ്ടമല്ലാത്തത്. ഞാൻ തിരിച്ചു പറഞ്ഞു..
അളിയാ കട്ടിലിനൊക്കെ ബലമുണ്ടല്ലോ? പിന്നേ ആവേശം, ആക്രാന്തം..രണ്ടും വേണ്ടാ.. ഇനി എപ്പോഴും കൂടെയുണ്ടല്ലോ.. മനസിൽ അസൂയ ഒളിപ്പിച്ചു ഞാൻ കളിയാക്കി പറഞ്ഞു
നാളെ രാത്രി ഇവിടുന്ന് ഫുഡ്.. അവൻ പറഞ്ഞു.
ഉം...ഉം ... ഞാൻ തലയാട്ടി. ഈ വിളിയിലെ ആത്മാർത്ഥത ഞാൻ തിരിച്ചറിയുന്നു. ഞാൻ ഇറങ്ങുമ്പോൾ പറഞ്ഞു.
പിറ്റേന്ന് രാത്രി ഞാൻ അവരുടെ ഫ്ലാറ്റിൽ പോയില്ല. മാംസാറിലെ ഒഴിഞ്ഞു കിടന്ന ബെഞ്ചിൽ ഇരിക്കുമ്പോൾ അവന്റെ കാൾ.
നീയെന്താ വരാത്തെ??
ഇല്ലടാ നിങ്ങൾ അടിച്ചുപൊളിച്ചോ. ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല... ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഡാ ലൈസ പറഞ്ഞിട്ടാ ഞാൻ വിളിക്കുന്നത്.. നീ വന്നേ...
നിർബന്ധം കൂടിയപ്പോൾ നഹദായിലെ അവന്റെ ഫ്ലാറ്റിൽ പോയി. പോയില്ലായിരുന്നെകിൽ അതൊരു നഷ്ടമായിരുന്നെന്നു പിന്നീട് എനിക്ക് തോന്നി.
ഞാൻ ചെല്ലുമ്പോൾ അവർ രണ്ടുപേരും എന്നെ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു. ബദ്റു എന്തുകൊണ്ടാണ് ലൈസയെ തന്നെ മതിയെന്ന് പറഞ്ഞതെന്നു അദ്യക്കാഴ്ചയിൽ തന്നെ എനിക്ക് മനസ്സിലായി. മനോഹരിയായിരുന്നു ലൈസ. ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഇറങ്ങാൻ നേരം ബീഫ് വരട്ടിയത്, പലതരം അച്ചാറുകൾ, പിന്നെയും എന്തൊക്കയോ ലൈസ എനിക്ക് പൊതിഞ്ഞു തന്നു.
പിന്നെയുള്ള എല്ലാ വെള്ളയാഴ്ചകളും അവരോടൊപ്പമായിരുന്നു എന്റെ ഉച്ച ഭക്ഷണം... സൗന്ദര്യം മാത്രമല്ല കൈപ്പുണ്യവും ഒരുപാടുള്ളവളാണ് ലൈസയെന്നു എനിക്ക് ബോധ്യമായി.
നീ ഭാഗ്യവാനാടാ... ലൈസ കേൾക്കാതെ ഞാൻ ബദ്റുവിനോട് പറഞ്ഞു.
അപ്പോൾ അവൻ അഭിമാനപുളകിതനാകുന്നത് ഞാൻ കണ്ടു..
അടുത്ത വെക്കേഷനു എന്റെ വിവാഹവും കഴിഞ്ഞു. കുറച്ചു കാലം കഴിഞ്ഞു എന്റെ ഭാര്യയും ദുബൈയിൽ എത്തിയപ്പോൾ പിന്നേ അവധിദിനങ്ങൾ ഞങ്ങൾ ഒരുമിച്ചായി കറക്കം.
എന്താ ഇത്ര ആലോചന ?? പിറകിൽ തട്ടിയിട്ട് ഭാര്യ ചോദിച്ചു...
ബദ്റു വിളിച്ചായിരുന്നു.. ഞാൻ പറഞ്ഞു
ലൈസാടെ ... അവൾ ചോദിച്ചു
ഇപ്പൊ എവിടെയാ ? അന്ന് അവർ വെക്കേഷൻ പോണേതിന് മുൻപ് കണ്ടതാ.. എന്തോ അസുഖമെന്നൊക്കെ പറഞ്ഞായിരുന്നല്ലോ? അതൊക്കെ മാറിയോ??
ഭാര്യ ചോദിച്ചു...
മാറിയില്ലാന്ന് തോന്നുന്നു.. കുട്ടികൾ ഒന്നും ആയില്ല. എന്നോട് ഒന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു... എന്തോ വിഷമം ഉള്ളതു പോലെ...
ഞാൻ പറഞ്ഞു..
നമുക്ക് ഒരുമിച്ചു പോയാലോ?
ഞാൻ അവളോട് ചോദിച്ചു..
അത് വേണ്ടാ... നമ്മള് കുട്ടികൾ ആയിട്ടൊക്കെ ചെല്ലുമ്പോൾ അത് ചിലപ്പോ.. അത് ശരിയാവില്ല.. ഒറ്റയ്ക്ക് പോവുന്നതാവും നല്ലത്.. അവൾ പറഞ്ഞു.
ആദ്യം കാറിൽ പോകാമെന്നു കരുതി. ഒറ്റക്ക് അത്രയും ദൂരം ഡ്രൈവ് ചെയ്യാൻ തോന്നിയില്ല. പിന്നീട് യാത്ര ട്രെയിനിൽ ആക്കാമെന്നു കരുതി. ഒരു സെക്കന്റ് ക്ലാസ്സ് സ്ലീപ്പർ കോച്ച് ബുക്ക് ചെയ്തു.
ബാക്ക് പാക്കിൽ അത്യാവശ്യം വേണ്ട സാധങ്ങൾ എടുത്തു വെച്ചു , ഞാൻ രാത്രിയുള്ള കണ്ണൂർ എക്സ്പ്രസിൽ യാത്ര തിരിച്ചു. ഉറക്കം വരാതെ വിന്ഡോ പൊക്കി വെച്ചു പുറത്തേക്കു നോക്കിയിരുന്നു. തണുത്ത കാറ്റ് എന്റെ മുഖത്തെക്കു അടിച്ചു കൊണ്ടിരുന്നു
എന്തിനായിരിക്കാം ബദ്റു വിളിച്ചത്. സാമ്പത്തികമായി എന്തേലും പ്രശ്നമാണോ? ഇനി വേറെ എന്തെങ്കിലും..
ചിന്തകളുടെ ലോകത്തു നിന്നും നിദ്ര എപ്പോഴോ എന്നെ പിടിച്ചു കൊണ്ടുപോയി.
പ്രഭാതത്തിലെ, ഏതോ സ്റ്റേഷനിൽ ട്രെയിൻ നിന്നപ്പോൾ
കാപ്പിയെ... കാപ്പി.... വിളികൾ എന്നെ ഉണരാൻ നിർബന്ധിതനാക്കി.
ഞാൻ പുറത്തേക്കു നോക്കി.. ഇനി രണ്ടു സ്റ്റേഷൻ അപ്പുറം ബദ്റുവിന്റെ നാടാണ്. ഒരു തവണ പോയിട്ടുണ്ട്. എന്നെ നോക്കി ചിരിക്കുന്ന കാപ്പിക്കാരനിൽ നിന്നു ആവി പറക്കുന്ന ഒരു കാപ്പി വാങ്ങി, പുറത്തേക്കു നോക്കി ഇരുന്നു. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. ദലങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന മഞ്ഞിൻ കണങ്ങൾ പ്രഭാതസൂര്യരശ്മികളേറ്റ് തിളങ്ങാൻ തുടങ്ങിയിരുന്നു.
സ്റ്റേഷനിൽ ബദ്റു ഉണ്ടാവുമെന്ന് കരുതി. പക്ഷെ പ്രതീക്ഷ തെറ്റി. ഞാൻ ഫോണിൽ വിളിച്ചു.
ഡാ നീ സ്റ്റേഷനിൽ വന്നില്ലേ?
ഇല്ലടാ വരണമെന്ന് കരുതിയതാണ്.. അപ്പൊ ഇവിടെ ചെറിയൊരു പ്രശ്നം. ഞാൻ നിനക്ക് ലൊക്കേഷൻ അയച്ചിട്ടുണ്ട്. ഓട്ടോകാരനോട് പറഞ്ഞാ മതി...
കഷ്ടിച്ച് 3 കിലോമീറ്ററെ ഉണ്ടാവൂ.. നിനക്കറിയ്യാലോ...
അവൻ പറഞ്ഞു നിർത്തി...
ഞാൻ സ്റ്റേഷനു പുറത്ത് നിന്നു ഒരു ഓട്ടോ പിടിച്ചു, അവൻ അയച്ച അഡ്രസ് പറഞ്ഞു കൊടുത്തു.
അപ്പോഴേക്കും വെയിൽ വെച്ചിരുന്നുവെങ്കിലും അന്തരീക്ഷത്തിൽ തണുപ്പ് മാറിയിരുന്നില്ല.
മെയിൻ റോഡു പിന്നിട്ടു നാട്ടു വഴിയും കടന്നു അവൻ അയച്ച ലൊക്കേഷനിൽ ഓട്ടോ നിന്നു..
കുമ്മായം അടർന്നു പോയ ചെറിയൊരു ചുറ്റു മതിലും ഒരു ഗേറ്റും അതിനകത്തു ദീർഘകാലമായി പണി തീരാത്ത ഒരു വീടും.
ഹേയ്.. ബദ്റുവിന്റെ വീട് ഇതല്ലല്ലോ.. ഞാൻ പെട്ടന്ന് മനസിലോർത്തു.
ഞാൻ ഓട്ടോകാരാനു കാശ് കൊടുത്തു ഗേറ്റ് തുറന്നു.
പെട്ടന്ന് വീട്ടിൽ നിന്നു ഒരാൾ ഇറങ്ങി വന്നു. ബദ്റു...
.. സോറിഡാ ... സ്റ്റേഷനിൽ വരാൻ പറ്റിയില്ല.
ഞാൻ അവനെ അടിമുടി നോക്കി. തലയിൽ നര കേറിയിരിക്കുന്നു. മാത്രമല്ല നെറ്റിയുടെ രണ്ടു ഭാഗത്തു നിന്നു മുടി കുറെ പോയിരിക്കുന്നു . ഗൾഫിൽ നിൽക്കുമ്പോൾ അവന്റെ ആകെ ടെൻഷൻ ഈ മുടിയുടെ രണ്ടു ഭാഗത്തുമുള്ള പോക്കായിരുന്നു....
മീശയിലും താടിയിലുമുണ്ട് നര. യൗവനത്തിൽ നിന്നു മധ്യവയസ്കനിലേക്കുള്ള പരിണാമം.
പർച്ചേസ് മാനേജർസിനെ വീഴ്ത്തിയിരുന്ന അവന്റെ മനോഹരമായ ചിരിയിലും പ്രായം ബാധിച്ചുവെന്ന് എനിക്ക് തോന്നി.
യാത്ര എങ്ങനെ ഉണ്ടായിരുന്നു?
അവൻ ചോദിച്ചു...
അല്ലടാ എന്താ പ്രശ്നം?
ഞാൻ ചോദിച്ചു...
ഒന്നുമില്ലടാ.. കുറേകാലമായില്ലേ കണ്ടിട്ട്.. അതുകൊണ്ട് വരാൻ പറഞ്ഞത്..
അവൻ വിളറിയ ചിരിയോടെ പറഞ്ഞു
ലൈസ.. എവിടെ?
അകത്തുണ്ട്.. നീ വാ കേറ് .. ഇരിക്ക്.. സിമന്റ് മാത്രം തേച്ച സിറ്റൗട്ടിൽ കിടന്ന പ്ലാസ്റ്റിക് കസേര ചൂണ്ടി അവൻ പറഞ്ഞു
ഞാനിപ്പോ വരാം... അവൻ അകത്തേക്ക് പോയി..
ബാക്ക്പാക്കു തറയിൽ വെച്ചു ഞാൻ ആ കസേരയിൽ ഇരിന്നു.
പഴുത്ത മാവിലകളും ഉണങ്ങിയ മുസാണ്ടൻ പൂവുകളും മുറ്റത്തു വീണു കിടക്കുന്നു. തലേന്ന് പെയ്ത മഴയുടെ ഈർപ്പം മണ്ണിൽ നിന്നു വിട്ടു മാറിയിരുന്നില്ല.
ഡാ ചായ.. കൈയിൽ രണ്ടു കപ്പ് ചായയുമായി ബദ്റു. സത്യത്തിൽ അവനോടൊപ്പം ഞാൻ ലൈസയെയും പ്രതീക്ഷിച്ചിരുന്നു. പക്ഷെ അസ്ഥാനത്തായി. ഞാൻ ചോദിച്ചില്ല.
ചായ എങ്ങനെ? അവൻ ചോദിച്ചു.. നീ ഇട്ടതാണോ ഞാൻ ചോദിച്ചു അത്രപോരാ...
നീ ഇപ്പൊ ഇവിടെയാണോ താമസം?
അതേടാ.
അപ്പൊ പണ്ട് വന്ന വീട്..
അത് തറവാട് അല്ലേടാ... അവിടെ അനിയനും ഭാര്യയും മക്കളും ഉമ്മയും. ഇവിടെ അടുത്ത് തന്നെ.
ഇതു നിനക്കോർമ്മയില്ലേ? ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ വാങ്ങിയ വസ്തു...
അതെ എനിക്കോർമ്മയുണ്ട്. അവൻ സ്വന്തമായി വാങ്ങിയ വസ്തു. അതിൽ പണിതു കൊണ്ടിരിക്കുന്ന വീടും. ആ വീട് പൂർത്തിയാവും മുൻപാണ് അവൻ ഗൾഫ് വിട്ടത്. എല്ലാം മാസവും ഇൻസെന്റീവ് അവൻ എങ്ങനെയെങ്കിലും ടാർഗറ്റ് അച്ചീവ് ചെയ്തവൻ ഒപ്പിക്കും. ജൂലൈയിലെ ചൂടൊന്നും അവനൊരു പ്രശ്നമല്ലായിരുന്നു. അവന്റെ സ്വപ്നമായിരുന്നു ആ ഭവനം.
നീ വെച്ച വീടാണോ ഇതു? ഇതെന്താ പൂർത്തിയാക്കാത്തത്? ലൈസയുടെ അസുഖം മാറിയോ?
ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ കുമിഞ്ഞു കൂടി. പക്ഷെ ചോദിച്ചാൽ അവനെന്തെങ്കിലും വിഷമമാകുമെന്ന് കരുതി അവ എന്റെ ഉള്ളിൽ തന്നെ തറച്ചു നിന്നു.
ഞങ്ങളെ തഴുകി ഒരു ഇളം തെന്നൽ കടന്നു വന്നു . കൂടെ ഹൃദ്യമായ മുല്ലപ്പൂ ഗന്ധവും....
ഞാൻ ചുറ്റ് വട്ടത്തു നോക്കി പൂത്ത ഒരു മുല്ല പോലുമില്ല.... പക്ഷെ മുല്ല പൂവിന്റെ സുഗന്ധം അവിടെ നിറഞ്ഞു നിന്നിരുന്നു.
പഴയ പരുപാടി ഇപ്പോഴും വീട്ടില്ലേടാ.. എന്ന മട്ടിൽ ഞാൻ അവനെ നോക്കി..
നിനക്ക് ലൈസയെ കാണണ്ടേ. അവൻ ചോദിച്ചു.
അവൻ എണീറ്റ് അകത്തേക്ക് നടന്നു. പിറകെ ഞാനും
മുല്ലപ്പൂവിന്റെ മണം കൂടി കൂടി വന്നു..
അവൻ ആ മുറിയിലേക്ക് കയറി. കൊതുക് വല വിരിച്ച കട്ടിലിനു ചുറ്റും മുല്ലപ്പൂ മാലകൾ തൂക്കിയിരിക്കുന്നു. മണിയറയിൽ കയറിയ പ്രതീതി. കട്ടിലിന്റെ ക്രാസിയിൽ തലയിണയിൽ ചാരി ഒരാൾ കിടക്കുന്നു.
ലൈസ... ഞാൻ ഒരു നിമിഷം ഞെട്ടി..
ബദ്റുവിന്റെ ലൈസ..
കണ്ണുകൾ കുഴിഞ്ഞു, കവിളുകൾ ഒട്ടി... തലമുടി കൂടുതലും ഇല്ലാത്തതു പോലെ..
പക്ഷെ ആ ചിരി മാത്രം പോയിട്ടില്ല.. അന്നത്തെ അതെ ചിരി..
എനിക്ക് തൊണ്ടയിൽ ശ്വാസം മുട്ടി നിൽക്കുന്നപോലെ തോന്നി...
എന്താ ഇക്കാ... മിണ്ടാതെ നിൽക്കുന്നെ?
ലൈസയുടെ ചോദ്യത്തിനുള്ള ഉത്തരം ഒരു നിമിഷം പുറത്തേക്കു വന്നില്ല
അത്.. ഞാൻ പെട്ടന്ന് വിക്കി..
എനിക്ക് മനസിലാവും ആദ്യം കാണുന്ന ആർക്കും ഇങ്ങനെയാ ഇക്ക.
ലൈസ സാധാരണയെന്ന പോലെ പറഞ്ഞു..
ബദ്റു ഒരു കസേര എടുത്തു എന്റെ മുന്നിൽ നീക്കിയിട്ടു. ഞാൻ അതിൽ ഇരിന്നു..
ഞാനാ പറഞ്ഞത്... ഇക്കയെ വരാൻ പറയാൻ... അവൾ ബദ്റുവിനെ നോക്കി
എന്ത് പറയണമെന്ന് അറിയാതെ ഞാൻ അപ്പോഴും വാക്കുകൾക്ക് തപ്പുകയായിരുന്നു.
നാക്കിനു വല്ലോം പറ്റിയോ ഇക്കാ.. ചിരിയോടെ ലൈസ വീണ്ടും ചോദിച്ചു.
ഞാൻ.. അത്.. എന്ത് പറയണമെന്ന് അറിയാതെ ഞാൻ വീണ്ടും വിക്കി
സെന്റി ആണേൽ വേണ്ടാ ഇക്ക... ഞങ്ങൾ ഇതു കുറെ കണ്ടതാ... ലൈസ ബദ്റുവിനെ നോക്കി പറഞ്ഞു.
അവൾ കുറച്ചു കൂടി ഉയർന്നു ഇരിക്കാൻ ശ്രമിച്ചപ്പോൾ ബദ്റു അവളെ പൊക്കി ഇരുത്തി.
ഇതാണ് ഇക്കാ പ്രശ്നം.. ഒന്ന് തിരിയണമെങ്കിലും ഒരാളിന്റെ സഹായം വേണം.. അവൾ വീണ്ടും പറഞ്ഞു. പിന്നേ ഇടക്കിടെ ഒരു വൃത്തികെട്ട വേദന വരും.. അതൊത്തിരി കടുപ്പമാണ്... ഇന്ന് രാവിലെയും വന്നായിരുന്നു.
അവൾ പ്രസരിപ്പിനൊട്ടും കുറവില്ലാതെ പറഞ്ഞു.
ഡോക്ടർ എന്താ പറഞ്ഞത്?
അവസാനം ഞാൻ ചോദിച്ചു.
ബദ്റു മിണ്ടിയില്ല. ഡോക്ടർ എന്ത് പറയാൻ അല്ലെ ഇക്കാ.. പിന്നേ ഡോക്ടർ അള്ളാഹു ഒന്നും അല്ലല്ലോ..
ചിരി വിടാതെ ലൈസ അത് പറഞ്ഞുവെങ്കിലും ബദ്റുവിന്റെ കണ്ണുകൾ പെയ്യാൻ വെമ്പി നിൽക്കുന്ന മാനം പോലെ തോന്നി..
നീ ഒന്നും കഴിച്ചില്ലല്ലോ.. ഞാൻ ഇങ്ങോട്ട് എടുത്തു കൊണ്ടുവരാം.. എന്ന് പറഞ്ഞു ബദ്റു ധൃതിയിൽ പുറത്തേക്ക് നടന്നു
ഇതാണ് ഇക്ക എന്റെ വിഷമം...
പെട്ടന്ന് തൊണ്ട ഇടറികൊണ്ട് ലൈസ പറഞ്ഞു.
എന്റെ അസുഖവും വേദനയുമെല്ലാം സഹിക്കാം.. ഇക്കാക്കടെ ഈ വിഷമം കാണുമ്പോൾ.... എനിക്ക് സഹിക്കാൻ പറ്റിണില്ല..
എന്റെ വാപ്പ മരിക്കുമ്പോ ഒമ്പത് വയസായിരുന്നു എനിക്ക്. വാപ്പാടെ ലാളനയോ സ്നേഹമോ ഞാൻ അറിഞ്ഞിട്ടില്ല. പിന്നേ ഞാൻ അതൊക്കെ അറിയുന്നത് എനിക്കെന്റെ ഇക്കാക്കയെ കിട്ടിയതിനു ശേഷമാണ്. ഒരു ഭർത്താവല്ലാ.. എന്റെ വാപ്പ ആയിട്ടാ എനിക്ക് തോന്നുന്നത്.
അവളുടെ നയനങ്ങൾ നിറഞ്ഞു തുടങ്ങിയിരുന്നു.
ഇടറിയ സ്വരത്തിൽ ലൈസ പറഞ്ഞു..
പത്തു വർഷത്തിന് മേലെയാവുന്നു ഞാൻ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട്. പക്ഷെ ഞാൻ ഒരു രോഗിയാണെന്നു എനിക്ക് തോന്നിയിട്ടില്ല. എന്റെ ഇക്കാക്ക കൂടെയുള്ളപ്പോൾ.
കഴിഞ്ഞ തവണ പോയപ്പോൾ ഡോക്ടർ ഇക്കാക്കയെ മാറ്റി നിർത്തി എന്തോ പറഞ്ഞു.. അതിനു ശേഷം ഇക്കാക്ക വല്ലാത്ത വേദന അനുഭവിക്കുന്നുവെന്ന് എനിക്ക് തോന്നി. ചിലപ്പോ ഡോക്ടർ പറഞ്ഞുകാണും എന്റെ സമയമായെന്നു.
മരിക്കാൻ എനിക്ക് പേടിയൊന്നുമില്ല. ഗൂഗിളിൽ തപ്പിയപ്പോൾ അത് നേരെത്തെ എനിക്ക് തിരിഞ്ഞതാണ്. പക്ഷെ ഇക്കാക്കടെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല.. ഒഴുകി ഇറങ്ങിയ കണ്ണുനീരിൽ ലജ്ജ ഒളിപ്പിച്ച ചെറു ചിരിയോടെ ലൈസ പറഞ്ഞു.
നിങ്ങടെ കാര്യം എപ്പോഴും പറയും.. നിങ്ങൾ ഒരുമിച്ചുള്ള ബാച്ചിലർ ലൈഫ് ഒക്കെ.. നിങ്ങ നാട്ടി വന്നപ്പോൾ ഞാനാ നിർബന്ധിച്ചു വിളിപ്പിച്ചത്. ഇക്കാക്കടെ മൂഡ് ഒക്കെ മാറാൻ..
അവൾ കണ്ണ് തുടച്ചു.. ഇനി ഇതു കണ്ടിട്ട് വേണം അടുത്ത സങ്കടം ഞാൻ കാണാൻ..
അവൾ പെട്ടന്ന് ഉന്മേഷവതിയായി.
അല്ല.. മക്കളെയും കെട്ട്യോളെയും എന്താ കൊണ്ട് വരാതിരുന്നത്... അത് മോശമായിപ്പോയി. പിള്ളേരൊക്കെ കാണാൻ കൊതിയുണ്ടായിരുന്നു. അവൾ കൃത്രിമ ഗൗരവത്തിൽ പറഞ്ഞു.
ഞങ്ങൾ ഒരുമിച്ചു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു. പഴയ ഓർമ്മകൾ പങ്കുവെച്ചു. ലൈസ കുറെ ചിരിച്ചു. അവൻ അവളെ സിറ്റൗട്ടിൽ കൊണ്ടിരുത്തി. പിന്നെയും കുറെനേരം ഞങ്ങൾ സംസാരിച്ചു.
ഇവിടെ ആരും സഹായത്തിനുനൊന്നും വരാറില്ലേ? ഞാൻ ചോദിച്ചു..
അപ്പുറത്തുള്ള ആമിനാത്ത വരും... അവര് വന്നു മുറ്റവും അടിച്ചുവാരി ഡ്രസ്സ്‌ഒക്കെ വാഷ് വചെയ്തു പോവും. ചിലപ്പോഴൊക്കെ ഫുഡ് ഉണ്ടാക്കാനും സഹായിക്കും.
പിന്നേ ലൈസക്ക് ഞാൻ ഉണ്ടാക്കുന്നതാ കൂടുതലിഷ്ടം. അത് പറഞ്ഞു ഇടങ്കണ്ണിട്ടു അവൻ ലൈസയെ നോക്കി.
അവളൊന്നു പുഞ്ചിരിച്ചു..
ഉമ്മയൊക്കൊയോ? ഞാൻ ചോദിച്ചു
എല്ലാരും വരുമിടാ... വന്നാ സെന്റിയാ..
ഇവൾക്കാണേൽ അത് തീരെ പറ്റൂല്ലാ..
ബദ്റു പറഞ്ഞു
കുറേനേരം ഇരുന്നപ്പോൾ ലൈസ കിടക്കണമെന്ന് പറഞ്ഞു.. അവൻ അവളെ റൂമിലേക്ക് എടുത്തുകൊണ്ടു പോയി..
അവരുടെ പ്രണയത്തിനു ഒട്ടും കുറവില്ലെന്നു എനിക്ക് തോന്നി. അവരുടെ വാക്കുകളിൽ, നോട്ടത്തിൽ, ചിരിയിൽ, ആ വീട് മൊത്തം നിറഞ്ഞു നിന്നിരുന്നു..
വൈകുന്നേരം യാത്ര പറയുമ്പോൾ
പോയിട്ട് അവരെയെല്ലാം കൂട്ടിട്ട് വരണേ ഇക്കാ.. കുറച്ചു ദിവസം നിന്നിട്ടേ പോകാവൂ.
ലൈസ പറഞ്ഞു. ഞാൻ തലയാട്ടി.
അനിയനെ വിളിച്ചാൽ വണ്ടിയിൽ സ്റ്റേഷനിൽ നിന്നെ അവൻ ഡ്രോപ്പ് ചെയ്യും. ബദ്റു പറഞ്ഞു
വേണ്ടെടാ.. ഇവിടുന്ന് ബസില്ലേ.. അതിൽ പൂവാം.. കുറേകാലമായി ബസിലൊക്കെ കേറിയിട്ട് ഞാൻ പറഞ്ഞു
ഇനി അധികകാലമൊന്നും ഇല്ലടാ അവളീ ലോകത്തു.. കൂടിപ്പോയാൽ ഒരു മൂന്നു മാസം.. ഡോക്ടർ കഴിഞ്ഞ തവണ പറഞ്ഞു.. അവൻ കരഞ്ഞേക്കുമെന്ന് എനിക്ക് തോന്നി.
ഞാൻ അവന്റെ തോളിൽ തട്ടി.. ആശ്വസിപ്പിക്കാൻ വാക്കുകൾക്ക് വേണ്ടി ഞാൻ പരതി.
ആ തണുത്ത കാറ്റ് വീണ്ടും ഞങ്ങളെ തഴുകി കടന്നു പോയി... മുല്ലപ്പൂവിന്റെ സുഗന്ധം അവിടെ നിറഞ്ഞു.. അവരുടെ പ്രണയത്തിന്റെ ഗന്ധം.....
No comments:
Post a Comment